Nilambur by Election Campaign Final Day File
Kerala

വോട്ടർമാരിൽ കൂടുതൽ ഹിന്ദുക്കൾ, ജയിച്ചവർ കൂടുതൽ മുസ്ലിം സ്ഥാനാ‍ർത്ഥികൾ, മതത്തിനുപ്പറം രാഷ്ട്രീയം പറയുന്ന മണ്ഡലം, നിലമ്പൂരി​ന്റെ പ്രത്യേകതകൾ അറിയാം

മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ 2011 ലെ ജനസംഖ്യാപ്രകാരമുള്ള കണക്കെടുത്താൽ ഹിന്ദുഭൂരിപക്ഷപ്രദേശമാണ് നിലമ്പൂർ മണ്ഡലം. മൊത്തെ വോട്ടർമാരിൽ 45 ശതമാനത്തിലേറെ ഹിന്ദുക്കളാണ്. 43 ശതമാനത്തോളം മുസ്ലിംവിഭാ​ഗത്തിൽപ്പെട്ടവരും 11 ശതമാനത്തോളം ക്രൈസ്തവ വിഭാ​ഗത്തിൽപ്പെട്ടവരുമാണ്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ നിറഞ്ഞുനിന്നത് നിലമ്പൂരാണ്. ചരിത്രത്തിൽ തന്നെ നിലമ്പൂരിന് ഏറെ പ്രധാന്യമുള്ള പ്രദേശമാണ്. എന്നാൽ, രാഷ്ട്രീയ വിവാദങ്ങളാണ് ആ പ്രദേശത്തെ കുറച്ചുനാളുകളായി ചർച്ചാവിഷയമാക്കിയത്. നേരത്തെ തന്നെ അവിടുത്തെ എം എൽ എ ആയിരുന്ന പി വി അൻവറെതിരായ ആരോപണങ്ങളാണ് വിവാദങ്ങൾക്കടിസ്ഥാനമായതെങ്കിൽ പൊടുന്നെ കാറ്റ് മാറി വീശി. ഭരണകക്ഷി എം എൽ എ ആയ അൻവർ, സർക്കാരിനെതിരെ പ്രത്യേകിച്ച് പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണങ്ങളുമായി എത്തി. ഒരുകാലത്ത് പിതൃതുല്യനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയി അദ്ദേഹത്തി​ന്റെ പോർമുഖം. പിണറായിസം അവസാനിപ്പിക്കുകയാണ് ത​ന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം എം എൽ എ സ്ഥാനം രാജിവെച്ചു. അവസാനം തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു. യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് യു ഡി എഫുമായി തെറ്റി. സതീശനിസവും പിണറായിസവും ഒരുപോലെ അപകടകരമാണെന്ന് പ്രഖ്യാപിച്ചു അദ്ദേഹം മാധ്യമങ്ങളുടെ അരങ്ങ് നിറഞ്ഞു.

ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് തീരുമാനവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങൾ മാറിയെങ്കിലും ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി വിവാദങ്ങൾ യു ഡി എഫിനെ വിടാതെ പിന്തുടർന്നു. ഇടഞ്ഞുനിന്ന അൻവറിനെ കാണാൻ രാത്രിയിലെത്തിയ രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ, തെരഞ്ഞെടുപ്പ് കാലത്തെ വാഹന പരിശോധനയുടെ പേരിലുള്ള കോൺ​ഗ്രസ് പ്രതിഷേധം, തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ മുൻ ഡി സി സി പ്രസിഡ​ന്റും കഴിഞ്ഞ തവണ സ്ഥാനാർത്ഥിയുമായിരുന്ന പ്രകാശി​ന്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകാത്തിന് കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പതിവ് തെറ്റിക്കാതെ നൽകിയ നിഷേധാത്മക മറുപടി എന്നിവയൊക്കെ തെരഞ്ഞെടുപ്പ് വിവാദങ്ങളുടെ വീര്യം വർദ്ധിപ്പിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിലും ശശിതരൂരിന്റെ അസാന്നിദ്ധ്യം വിവാദങ്ങൾ അവസാനിപ്പിക്കാതെ തുടരുന്നതിന് കാരണമായി.

ഇതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല, ആർ എസ് എസ്സുമായുള്ള അടിയന്തരവാസ്ഥക്കാലത്തെ ബന്ധത്തെ കുറിച്ച് പറഞ്ഞ് പുതിയ വിവാദത്തിന് വഴിയൊരുക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അദ്ദേഹം പറഞ്ഞതിൽ നിന്നും രക്ഷപ്പെടാൻ അവസാന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രം​ഗത്തിറങ്ങി. ചരിത്രം പറഞ്ഞും പുസ്തകങ്ങൾ ഉദ്ധരിച്ചും ആർ എസ് എസ് കോൺ​ഗ്രസ് ബന്ധത്തെ ഊട്ടിയുറപ്പിച്ച അദ്ദേഹം തങ്ങൾക്ക് ആർ എസ് എസ്സുമായി ഒരു കാലത്തും കൂട്ടില്ലെന്ന് പറഞ്ഞു. ഇങ്ങനെ വിവാദ​ങ്ങളിലൂടെ കടന്നുപോയതയാണ് കഴിഞ്ഞ ദിവസങ്ങൾ

നിലമ്പൂ‍ർ മണ്ഡലം ഈ വിവാദത്തി​ന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, ശ്രദ്ധേയമാകുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് നിലമ്പൂർ. വയനാട് ലോകസഭാ മണ്ഡലത്തിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലം. വയനാട് ലോകസഭാ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന എന്ന ലോകസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ കോൺ​ഗ്രസിനൊപ്പമായിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണയായി അത് എൽ ഡി എഫിനൊപ്പമാണ്. ദീർഘകാലം കോൺ​ഗ്രസി​ന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂ‍‍രിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളായി ആശാവഹമായിരുന്നില്ല കോൺ​ഗ്രസി​ന്റെ സ്ഥിതി. 20011 ൽ ആര്യാടൻ മുഹമ്മദി​ന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2016ലും 2021 ലും കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു. ഇതായിരുന്നു സ്ഥിതി.

മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ 2011 ലെ ജനസംഖ്യാപ്രകാരമുള്ള കണക്കെടുത്താൽ ഹിന്ദുഭൂരിപക്ഷപ്രദേശമാണ് നിലമ്പൂർ മണ്ഡലം. മൊത്തെ വോട്ടർമാരിൽ 45 ശതമാനത്തിലേറെ ഹിന്ദുക്കളാണ്. 43 ശതമാനത്തോളം മുസ്ലിംവിഭാ​ഗത്തിൽപ്പെട്ടവരും 11 ശതമാനത്തോളം ക്രൈസ്തവ വിഭാ​ഗത്തിൽപ്പെട്ടവരുമാണ്. 2008 ലെ മണ്ഡല പുനർനി‍ർണ്ണയം വരെ യു ഡി എഫി​ന്റെ ശക്തമായ മണ്ഡലമായിരുന്നു ഇത്. എന്നാൽ, അതിന് ശേഷം ആ ​സ്ഥിതിക്ക് മാറ്റം വന്നു. 1965 ൽ നിലവിൽ വന്ന മണ്ഡലം 1977ൽ പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. ഈ പ്രദേശങ്ങളിൽ പൊതുവിൽ മുസ്ലിം ലീ​ഗിന് മുൻതൂക്കം കൂടുതലായിരുന്നു.

നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളും ന​ഗരസഭയും ചേർത്തായിരുന്നു 2008ലെ മണ്ഡല പുനർനിർണ്ണയം. വോട്ടർമാരുടെ എണ്ണത്തിൽ കൂടുതൽ ഹിന്ദു വിഭാ​ഗത്തിൽപ്പെട്ടവരാണെങ്കിലും ഈ മണ്ഡലത്തിൽ നിന്ന് ഒരു തവണ ഒഴികെ ജയിച്ചതെല്ലാം മുസ്ലിം സ്ഥാനാർത്ഥികളാണ്. നിലമ്പൂർ മതത്തിനപ്പുറം രാഷ്ട്രീയം പറയുന്ന മണ്ഡലമാണെന്ന് ഓരോ തെരഞ്ഞെടുപ്പിലും അവ‍ർ ഊട്ടിയുറപ്പിച്ചു.

കേരളത്തിൽ ഒരു നിയമസഭാ​ഗം വെടിയേറ്റ് മരിച്ചത് നിലമ്പൂരിലാണ്. നിലമ്പൂരിലെ ആദ്യ എം എൽ എ ആയിരുന്ന സി പി എം നേതാവ് കെ കുഞ്ഞാലിയാണ് വെടിയേറ്റ് മരിച്ചത്. എം എൽ എ ആയിരിക്കെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ജയിച്ചു. കുഞ്ഞാലി വെടിയേറ്റ് മരിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ പ്രതിയാക്കി. പിന്നീട് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. കുഞ്ഞാലി ജയിച്ച രണ്ട് തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച് തോറ്റത് ആര്യാടനായിരുന്നു. ഇതേ ആര്യാടൻ പത്ത് വ‍ർഷത്തിന് ശേഷം ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിലമ്പൂരിൽ മത്സരിച്ചു ജയിച്ചു.

1980ൽ കോൺ​ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഒരു വിഭാ​ഗം ഇടതുമുന്നണിക്കൊപ്പം ചേർന്നു മത്സരിച്ചു. അന്ന് സി. ഹരിദാസ് എന്ന ഇടതുമുന്നണി സ്ഥാനാർത്ഥി ജയിച്ചു. അദ്ദേഹം പത്ത് ദിവസം കഴിഞ്ഞപ്പോൾ എം എൽ എ സ്ഥാനം രാജിവച്ചു. അങ്ങനെ കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം എം എൽ എ ആയിരുന്ന വ്യക്തി എന്ന റെക്കോഡ് അദ്ദേഹത്തിനായി. 1980 ലെ ഇടതുമുന്നണി സർക്കാരിൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് എം എൽ എ ആകാനായിരുന്നു ഹരിദാസ് എം എൽ എ സ്ഥാനം രാജിവച്ചത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരിക്കും നിലമ്പൂർ. ഇപ്പോഴത്തേത് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ്.

ഇരുമുന്നണിയുടെ ഭാ​ഗമായി മത്സരിച്ച് കോൺ​ഗ്രസ് നേതാവ് ജയിച്ച മണ്ഡലമാണ് നിലമ്പൂർ. ആര്യാടൻ മുഹമ്മദ് . മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്ന് എട്ട് തവണ ഒരുകോൺ​ഗ്രസ് നേതാവ് ജയിച്ച മണ്ഡലം. അതിൽ ആറ് തവണയും തുടർച്ചയായ ജയം എന്നതും നിലമ്പൂരിന് മാത്രം അവകാശപ്പെട്ടതാണ്. മലപ്പുറം ജില്ല രൂപീകരണത്തെ എതിർത്ത നേതാവ് അതേ ജില്ലയിലെ മണ്ഡലത്തിൽ നിന്ന് അതിന് ശേഷവും ജയിച്ചു എന്ന പ്രത്യതകയും ആര്യാടൻ മുഹമ്മദിനും നിലമ്പൂരിനുമുണ്ട്.

അറുപത് വ‍ർഷത്തെ ചരിത്രത്തിനിടയിൽ ആറ് പേരാണ് ഈ മണ്ഡലത്തിൽ സി പി എം ചിഹ്നത്തിൽ മത്സരിച്ചിട്ടുള്ളത്. ഇടതുമുന്നണി സ്ഥാനാ‍ർത്ഥികൾ ആറ് തവണ വിജയിച്ചിട്ടുണ്ടെങ്കിലും ആദ്യ രണ്ട് തവണ കഴിഞ്ഞാൽ പിന്നെ ജയിച്ച നാല് തവണയും സി പി എം ചിഹ്നത്തിലായിരുന്നില്ല.

നിലമ്പൂർ മണ്ഡലം കോൺ​ഗ്രസിന് വേണ്ടി ആദ്യമായി പിടിച്ചെടുത്തത് കോൺ​ഗ്രസ് നേതാവായിരുന്ന എം പി ​ഗം​ഗാധരനാണ്. ഉപതെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും തുടർച്ചയായി അദ്ദേഹം അവിടെ നിന്ന് വിജയിച്ചു. പിന്നീട്, അദ്ദേഹം ആ മണ്ഡലത്തിലേക്ക് മത്സരിക്കാനായി എത്തിയിട്ടില്ല. എന്നാൽ, പൊന്നാനിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായിരിക്കെ പ്രായപൂർത്തിയാകും മുമ്പ് മകളുടെ വിവാഹം നടത്തിയെന്ന കേസിൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

ഇപ്പോൾ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് സംഭവിച്ചതും വിവാദങ്ങളിലൂടെയാണ്. രണ്ട് തവണ സി പി എം സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും ഏകദേശം മുപ്പത് വ‍ർഷത്തിന് ശേഷം നിലമ്പൂർ മണ്ഡലം പിടിച്ചെടുക്കകയും നിലനിർത്തുകയും ചെയ്ത പി വി അൻവർ എം എൽ എ യുടെ രാജിയാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. എം എൽ എ സ്ഥാനം രാജിവെച്ച അദ്ദേഹത്തിനെ പ്രതിപക്ഷം ആദ്യം ഒപ്പം നിന്നുവെങ്കിലും പിന്നീട് കൈയ്യൊഴിയുകയാണ് ഉണ്ടായത്. ഇതോടെ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച അൻവ‍റും മത്സരരം​ഗത്തെത്തി. ഇതിന് മുമ്പുള്ള സംഭവങ്ങളിലൊക്കെ രാജിവച്ച ആളുടെ പിന്തുണ എതിർപക്ഷത്തിനുണ്ടാകും. അല്ലെങ്കിൽ രാജിവച്ച ആളെ എതിർപക്ഷം പിന്തുണച്ച് സ്ഥാനാർത്ഥിയാക്കും ഇത്തരം വിവാദരാജികളിൽ പൊതുവിൽ കണ്ടുവന്ന രീതിക്കും ഈ തെരഞ്ഞെടുപ്പ് മാറ്റം ഉണ്ടാക്കി.

More Hindus among voters, most winners are Muslim candidates, a constituency where politics is more important than religion, know the special features of Nilambur constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT