തിരുവനന്തപുരം: ജന്തര്‍മന്തറിലെ വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവന നടത്തിയ ആര്‍എസ്എസ് പ്രചാരകന്‍ ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി എസ്എഫ്‌ഐയും എഐഎസ്എഫും. ടിജി മോഹന്‍ദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പരാതിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിനുമാണ് എഐഎസ്എഫ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് എഐഎസ്എഫിന്റെ പരാതി.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസിന്റെ വാക്കുകള്‍.
ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം ഒരു സാധാരണ രാഷ്ട്രീയ അഭിപ്രായപ്രകടനമായി കാണാനാവില്ലെന്ന് എസ്എഫ്‌ഐ പരാതിയില്‍ പറയുന്നു. പ്രതിഷേധിക്കുന്ന പൗരന്മാരെ കൂട്ടത്തോടെ കൊലപ്പെടുത്തണമെന്നും ഗുരുതരമായി പരിക്കേല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സംസ്ഥാന ശക്തി ഉപയോഗിച്ച് വെടിവെപ്പ് നടത്തണമെന്നും, അതിലൂടെ നിരവധി പേര്‍ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും പരസ്യമായി പറയുന്നത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യജീവനെ അപമാനിക്കുന്നതും സമൂഹത്തില്‍ ഭീതിയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ അതീവ അപകടകരമായ പ്രസ്താവനയാണെന്നും എസ്എഫ്‌ഐ പരാതിയില്‍ പറയുന്നു.വിഡിയോ പ്രചരിച്ചതിന് പിന്നാലെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായി പരാമര്‍ശങ്ങള്‍ നടത്തിയ മോഹന്‍ദാസിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നി്ന്ന് ഉയര്‍ന്നിരുന്നു.
അതേസമയം, ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി മോഹന്‍ദാസ് രംഗത്തെത്തി. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെ ഉള്ളതെന്നാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വിഡിയോയില്‍ മോഹന്‍ദാസ് പറയുന്നത്. 'ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെണ്‍കുട്ടികളുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയില്‍ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് ഒരു സ്ത്രീ പറഞ്ഞതായാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വര്‍ഗ ബഹുജന ഗുണ്ട ഗുണ്ടന്‍മാരെല്ലാം ഈ പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനിടയ്ക്ക് ആരെങ്കിലും ചത്ത് കഴിഞ്ഞാല്‍ രക്തസാക്ഷിയായി', - എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ വാക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates