വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലിം ലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മുസ്ലിം ലീഗ് മന്ത്രിമാർ ‘സർവശക്തനായ അല്ലാഹുവിന്റെ’ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സംഘപരിവാർ ആക്രമണം ഭയന്നാണ് ലീഗ് മന്ത്രിമാർ ‘അല്ലാഹുവിന്റെ നാമത്തിൽ’ എന്ന പ്രയോഗം ഒഴിവാക്കിയതെന്നാണ് ഉയരുന്ന വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പിനിടെയും കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിലും ലീഗിനെതിരെ ബിജെപി-സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ വർഗീയ ആക്രമണങ്ങൾ ഉയർന്നിരുന്നു. അതോടൊപ്പം സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ലീഗിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ സമ്മർദ്ദഫലമായാണ് വി ഡ. സതീശൻ മുഖ്യമന്ത്രിയായതെന്നായിരുന്നു പ്രധാന ആരോപണം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ “ഹൈക്കമാൻഡ്” ആയി ചിത്രീകരിച്ച പോസ്റ്ററുകളും ബിജെപി അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘യോഗനാദം’ ത്തിൽ മാറാട് കലാപത്തിനും മലബാർ കലാപത്തിനും പിന്നിൽ മുസ്ലിം ലീഗാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു.
ഇത്തരത്തിലുള്ള വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കൂടുതൽ രാഷ്ട്രീയ വിമർശനങ്ങൾക്കും “ഓഡിറ്റിംഗിനും” വിധേയരാകുമെന്ന ഭയത്താലാണ് ലീഗ് മന്ത്രിമാർ ഇത്തവണ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതെന്നാണ് വിമർശനം. സംഘപരിവാർ ഭയത്തെ തുടർന്ന് മുസ്ലിം ലീഗ് സ്വന്തം സ്വത്വവും വിശ്വാസവും മറന്നുവെന്നാണ് സാംസ്ക്കാരിക പ്രവർത്തകൻ എ.പി. അഹമ്മദ് സമകാലിക മലയാളത്തോട് പറഞ്ഞത്.
“ലീഗ് അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ചരിത്രം കേരളത്തിനുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നാമത്തിൽ പോലും ചില മന്ത്രിമാർ മുമ്പ് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇന്ന് അവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് സംഘപരിവാറിനെയും വർഗീയത മാത്രം പറയുന്ന വെള്ളാപ്പള്ളിയെ പോലുള്ള സാമുദായിക നേതാക്കളെയും ഭയന്നുകൊണ്ടാണ്. യഥാർത്ഥത്തിൽ മുസ്ലിം ലീഗ് അവരുടെ സ്വത്വബോധവും വിശ്വാസവുമാണ് ഇവിടെ അടിയറവ് വെച്ചിരിക്കുന്നത്,” അഹമ്മദ് പറഞ്ഞു.
“വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം ‘യോഗനാദം’യിൽ മുസ്ലിം ലീഗാണ് മാറാട് കലാപത്തിനും മലബാർ കലാപത്തിനും പിന്നിലെന്ന് എഴുതിയിരുന്നു. ചരിത്രബോധമില്ലാതെ വർഗീയത പ്രചരിപ്പിക്കാനാണ് അത്തരമൊരു പരാമർശം നടത്തിയതെന്ന് തോന്നുന്നു. മലബാർ കലാപത്തിൽ മുസ്ലിം ലീഗിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവർ തീകൊണ്ട് കളിക്കുകയായിരുന്നുവെന്ന് മുഹമ്മദ് അലി ജിന്ന പോലും പറഞ്ഞിട്ടുണ്ട്. മാറാട് കലാപത്തിലും മുസ്ലിം ലീഗ് പ്രവർത്തകരേക്കാൾ സിപിഎം പ്രവർത്തകരാണ് പ്രതികളായിരുന്നത്. എന്നാൽ ഇതൊന്നും ചൂണ്ടിക്കാട്ടി മറുപടി പറയാതെ പോകുന്നതാണ് മുസ്ലിം ലീഗിന്റെ തെറ്റ്. സത്യത്തിൽ ഇതിന് മറുപടി പറയാനുള്ള വായനയോ അറിവോ പോലും അവർക്കില്ല,” അഹമ്മദ് ആരോപിച്ചു.
2011-ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന മുസ്ലിം ലീഗ് നേതാക്കളായ പി കെ. കുഞ്ഞാലിക്കുട്ടി, വി കെ. ഇബ്രാഹിം കുഞ്ഞ്, എം കെ. മുനീർ, പി. അബ്ദുൽ റബ്ബ് എന്നിവർ അല്ലാഹുവിന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എം കെ മുനീർ ഒഴികെ ഉള്ള മന്ധ്രിമാർ വെള്ള തൊപ്പിയും ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യ്തത്. ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ഈശ്വരനാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് ‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്തതെന്നാരോപിച്ച് പ്രതിപക്ഷം അന്ന് രംഗത്തെത്തിയിരുന്നു. ഇത് മതേതരത്വത്തിന് വിരുദ്ധമാണെന്ന വിമർശനവും ചില കോണുകളിൽ നിന്ന് ഉയർന്നു.
എന്നാൽ കേരളത്തിൽ അന്ന് ആദ്യമായി ആയിരുന്നില്ല അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. 2006 മെയ് 24-ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഇന്ത്യൻ നാഷണൽ ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളിലെ 11 എംഎൽഎമാർ അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇതിനെതിരെ ബിജെപി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, ‘അല്ലാഹു’ ദൈവത്തിന്റെ അറബി പദമാണെന്നും അതിനാൽ ഇത് ചട്ടവിരുദ്ധമല്ലെന്നുമുള്ള സർക്കാർ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീട് 2006 ജൂലൈ 21-ലെ ഹൈക്കോടതി ഉത്തരവിനെതിരെ ഭാരതീയ ജനത യുവമോർച്ച കേരള യൂണിറ്റ് വൈസ് പ്രസിഡന്റ് മധു പരുമല അപ്പീൽ നൽകിയിരുന്നു.
‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 188-നും മൂന്നാം ഷെഡ്യൂളിനും വിരുദ്ധമാണെന്നും, അംഗങ്ങൾ ‘ദൈവത്തിന്റെ നാമത്തിൽ’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ചെയ്യണമെന്നുമാണ് മധുവിന്റെ വാദം.
എന്നാൽ ഭരണഘടനാപദവിയിലുള്ളവർ ‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ ലംഘനമല്ലെന്ന് സുപ്രീം കോടതി 2007 ൽ കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കി. ‘ദൈവം’ എന്നത് സർവശക്തനെയാണെന്നും അതിനെ ഒരു പേരിൽ മാത്രം ഒതുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ പ്രകാരം, ദൈവനാമത്തിലോ (In the name of God/Eeshwar) അല്ലെങ്കിൽ ദൃഢപ്രതിജ്ഞയായോ (Solemnly affirm) സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. ‘അല്ലാഹു’ ദൈവത്തിന്റെ അറബി പദമാണെന്നതിനാൽ ഇത് ചട്ടവിരുദ്ധമല്ലെന്ന നിയമോപദേശവും അന്ന് സർക്കാരിന് ലഭിച്ചിരുന്നു.
അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രസിദ്ധിക്കുവേണ്ടിയാണെന്ന് മധുവിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ, “ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നതിലൂടെ നിങ്ങൾ തന്നെയും പ്രസിദ്ധി നേടാൻ ശ്രമിക്കുകയാണ് ” എന്ന് ബെഞ്ച് തിരിച്ചടിച്ചിരുന്നു.
“ഒരാൾക്ക് ഇംഗ്ലീഷ് വായിക്കാൻ കഴിയുന്നില്ലെങ്കിൽ സത്യപ്രതിജ്ഞ അയാൾക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. അപ്പോൾ അത് ഭരണഘടനാ ലംഘനമാകുമോ?” എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.
“അല്ലാഹു ദൈവത്തിന്റെ അറബി പദമാണ്. അപ്പോൾ എന്താണ് പ്രശ്നം?” എന്നാണ് ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ചോദിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates