കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രയില്‍ എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി. ചീഫ് സെക്രട്ടറി നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കേരള ഹൈക്കോടതി റദ്ദാക്കി. നടപടിയില്‍ ചീഫ് സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. പരാതിക്കാരനെ ഒപ്പമിരുത്തിക്കൊണ്ടുള്ള സംയുക്ത ഹിയറിങ്ങ് തെറ്റായ നടപടിയാണെന്ന് കോടതി വ്യക്തമാക്കി.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് എഡിജിപി ശ്രീജിത്തിനെതിരെ ഹൈക്കോടതി നടപടി. അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതില്‍ ശ്രീജിത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് നീതിയുക്തമായ നടപടിയല്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരന് പല കാര്യങ്ങളും ഹിയറിങ് അധികാരികളോട് പറയാനുണ്ടാകും. എന്നാല്‍ ആരോപണവിധേയന്റെ സാന്നിധ്യത്തില്‍ ഇത് പറയുക ബുദ്ധിമുട്ടാകും. മാത്രമല്ല, ഹിയറിങ്ങില്‍ എന്തെങ്കിലും തെളിവു ഹാജരാക്കിയാല്‍ അത് എളുപ്പം മറികടക്കാനും ആരോപണ വിധേയന് സാധിക്കുമെന്ന് കോടതി വിലയിരുത്തി.
ചീഫ് സെക്രട്ടറിയുടെ നടപടി പരാതിക്കാരനെ സങ്കടത്തിലാക്കുന്ന തരത്തിലുള്ളതാണ്. പരാതിക്കാരനായ ബിബിന്‍ ഇടമനയ്ക്ക് ആരോപണം തെളിയിക്കാന്‍ ശരിയായ അവസരം നല്‍കിയിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ഉയര്‍ന്ന അച്ചടക്കവും നീതിപൂര്‍വകമായ നടപടിയുമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത്തരമൊരു നടപടിയല്ല ഉണ്ടായിട്ടുള്ളത്. ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ടില്‍ കൃത്യമായ തീയതിപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates