ടോമിന്‍ ജെ തച്ചങ്കരി/ ഫെയ്സ്ബുക്ക് 
Kerala

കാക്കിക്കുള്ളിലെ കലാകാരന്‍, സിനിമാക്കമ്പക്കാരന്‍..; ടോമിന്‍ തച്ചങ്കരിയുടെ അപൂര്‍വ്വ വഴികള്‍

സര്‍വീസിനപ്പുറം സിനിമയും സംഗീതവും ജനപ്രിയ അനുഭവങ്ങളും നിറഞ്ഞതായിരുന്നു തച്ചങ്കരിയുടെ ജീവിതം.

Author : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലന്‍സ് കോടതി നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. 2003-2007 കാലയളവില്‍ ഐജി ആയിരിക്കെ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസ്, നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ വിധിയിലെത്തിയിരിക്കുന്നത്.

സര്‍വീസിലിരിക്കെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തച്ചങ്കരി, കേവലം ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല. കാക്കിക്കുള്ളില്‍ ഒരു കലാകാരനെയും സിനിമാപ്രേമിയെയും ഒളിപ്പിച്ചുവെച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ശിക്ഷാവിധിയോടെ സര്‍വീസ് ജീവിതത്തിലെ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴും, സര്‍വീസിനപ്പുറം സിനിമയും സംഗീതവും ജനപ്രിയ അനുഭവങ്ങളും നിറഞ്ഞതായിരുന്നു തച്ചങ്കരിയുടെ ജീവിതം.

പാട്ടിന്റെയും സിനിമയുടെയും വഴികള്‍

ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ഭക്തിഗാന രചയിതാവും സംഗീതസംവിധായകനുമായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് തച്ചങ്കരി ഈണം നല്‍കുകയും വരികളെഴുതുകയും ചെയ്തിട്ടുണ്ട്. 'രക്ഷണീയ ദിവ്യബലി', 'ആത്മാവില്‍ നിറയണേ' തുടങ്ങിയ പ്രശസ്തമായ നിരവധി ആല്‍ബങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്. സംഗീതത്തില്‍ മാത്രമല്ല, സിനിമാ നിര്‍മ്മാണത്തിലും വിതരണത്തിലും അദ്ദേഹം സജീവമായിരുന്നു. 1990കളില്‍ റിലീസ് ചെയ്ത മലയാള സിനിമകളുടെ നിര്‍മ്മാണത്തിലും ഓഡിയോ കാസറ്റ് വിതരണ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 'റിയല്‍ മ്യൂസിക്' എന്ന പേരില്‍ സ്വന്തമായി ഒരു ഓഡിയോ കമ്പനിയും അദ്ദേഹത്തിനുണ്ടായിരുന്നു.

കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍

കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായിരുന്ന കാലയളവിലാണ് തച്ചങ്കരി ജനശ്രദ്ധയാകര്‍ഷിച്ച നിരവധി നീക്കങ്ങള്‍ നടത്തിയത്. ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയത് മുതല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ കണ്ടക്ടറായി ജോലി ചെയ്ത് കളക്ഷന്‍ എടുത്തത് വരെയുള്ള സംഭവങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പദവിയിലാണ് ടോമിന്‍ തച്ചങ്കരി സര്‍വീസിലെ ഏറെക്കാലവും ചെലവഴിച്ചത്. സിവില്‍ സപ്ലൈസ് എംഡിയായാണ് ആദ്യ നിയമനം. പിന്നീട് കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിഷിംങ് സൊസൈറ്റി, മാര്‍ക്കറ്റ്‌ഫെഡ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ്, കെഎസ്ആര്‍ടിസി, കെഎഫ്‌സി) എന്നീ സ്ഥാപനങ്ങളിലും സേവനം ചെയ്തു. 2023 ജൂലൈ 31ന് 36 വര്‍ഷം നീണ്ട പൊലീസ് സര്‍വീസിനു ശേഷം വിരമിച്ചപ്പോള്‍ പൊലീസ് വകുപ്പില്‍ തന്നെയുള്ള സംസ്ഥാന മനുഷ്യവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിജിപിയായിരുന്നു.

ജീവിതം മാറ്റിമറിച്ച വിയോഗം

ടോമിന്‍ തച്ചങ്കരിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഭാര്യ അനിതയുടെ വിയോഗമായിരുന്നു. 2019-ല്‍ ക്യാന്‍സര്‍ ബാധിതയായി അവര്‍ മരണപ്പെട്ടു. ഭാര്യയുടെ മരണം അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തി. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, 'വെട്ടിപ്പിടിക്കാന്‍ വേണ്ടി ഓടിയ ഓട്ടത്തിനിടയില്‍ സ്വന്തം കുടുംബത്തെ ശ്രദ്ധിക്കാന്‍ പറ്റിയില്ല' എന്നാണ്.

വ്യക്തിജീവിതം

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കലയന്താനിയിലാണ് ടോമിന്‍ തച്ചങ്കരി ജനിച്ചത്. സ്‌കൂള്‍ പഠനത്തിന് ശേഷം ചങ്ങനാശ്ശേരിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ചെറുപ്പം മുതലേ പഠനത്തിലും സംഗീതത്തിലും ഒരുപോലെ താല്‍പര്യം കാണിച്ചിരുന്നു. 1987ലാണ് അദ്ദേഹം ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ ഉന്നത ബിരുദം നേടിയ അനിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. മേഘ, കാവ്യ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

Former Kerala DGP Tomin J Thachankary Convicted: Music, Movies, and the Multi-Faceted Life Behind the Headlines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ലക്ഷ്മണ, കെജി പ്രേംശങ്കര്‍ ഐപിഎസില്‍ നിന്ന് ജയിലില്‍ എത്തിയവരില്‍ തച്ചങ്കരി മൂന്നാമന്‍; അഴിമതിക്കേസില്‍ ആദ്യം

ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

എഐ ഉപയോഗിച്ച് സമയം ലാഭിക്കാം; ദിവസവും ചെയ്യാവുന്ന 10 കാര്യങ്ങൾ

കോംപാറ്റ് ജു ജുറ്റ്സു ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണവും വെള്ളിയും; ഇന്ത്യയുടെ അഭിമാനമായി മലയാളി സഹോദരിമാർ

യൂത്ത് ലീഗിലെ വിഭാഗീയ നീക്കങ്ങൾക്ക് ‘പാണക്കാട് ഫോർമുല’; മുഈനലി തങ്ങൾ പ്രസിഡന്റായേക്കും