മലപ്പുറം: ജില്ലയിലെ മലയോര മേഖലകളിലുള്ള യാത്രക്കാരുടെ ദീർഘകാല ആവശ്യമായ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നത് റെയിൽവേയുടെ പരിഗണനയിൽ. ഷൊർണൂരിൽ മണിക്കൂറുകളോളം നിർത്തിയിടുന്ന ട്രെയിനിന്റെ ഇടവേള പ്രയോജനപ്പെടുത്തി നിലമ്പൂരിലേക്ക് സർവീസ് നടത്താനാണ് ആലോചന. പദ്ധതി യാഥാർഥ്യമായാൽ നിലമ്പൂർ- ഷൊർണൂർ പാതയിൽ പകൽ സമയത്തുള്ള ട്രെയിൻ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഉച്ചയ്ക്ക് 12 മണിയോടെ ഷൊർണൂരിലെത്തുന്ന വേണാട് എക്സ്പ്രസ് വൈകീട്ട് മൂന്നിനാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഈ മൂന്ന് മണിക്കൂർ ഇടവേളയിൽ നിലമ്പൂരിലേക്ക് സർവീസ് നടത്താനാണ് റെയിൽവേ ആലോചിക്കുന്നത്. രാവിലെ 10നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ നിലമ്പൂർ- ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നത് വിദ്യാർഥികൾക്കും ജീവനക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനപ്പെടും.
22 കോച്ചുകളുള്ള ട്രെയിൻ നിർത്തിയിടാൻ ആവശ്യമായ പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതാണ് സർവീസ് നീട്ടുന്നതിന് പ്രധാന തടസം. എന്നാൽ, മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ചുകൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. അടുത്ത മാസം ക്രോസിങ് സ്റ്റേഷൻ പ്രവർത്തന സജ്ജമാകുന്നതോടെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാനാകുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.
ചെറുകര സ്റ്റേഷനിൽ കോട്ടയം എക്സ്പ്രസിനും നിലമ്പൂർ- ഷൊർണൂർ മെമുവിനും സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പട്ടിക്കാട് സ്റ്റേഷനിലെ വെയിറ്റിങ് ഹാൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നഷ്ടം കാരണം നേരത്തേ നിർത്തലാക്കിയ പാർസൽ സർവീസ് പുനരാരംഭിക്കുന്നതും റെയിൽവേ പരിഗണിക്കും. രാജറാണി എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിലും തുടർ നടപടികളുണ്ടാകും.
നിലവിൽ 18 കോച്ചുകൾ ഉൾക്കൊള്ളാൻ കഴിയുന്ന നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം 24 കോച്ചുകൾക്ക് സൗകര്യമൊരുക്കുന്ന വിധത്തിൽ നീട്ടുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്ത് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates