പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം, നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി, അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം നഷ്ടപ്പെടൽ. പകരം കിട്ടിയ ഡി സി സി പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞടുപ്പ് കഴിയുംവരെ മാത്രം ആയുസ്സ്, പിന്നെ കെ പി സി സി ജനറൽസെക്രട്ടറി. ഇങ്ങനെ കയറ്റിറക്കങ്ങളിലൂടെയാണ് ആര്യാടൻ ഷൗക്കത്ത് എന്ന കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടിയ, വീട്ടുകാരുടെയും നാട്ടുകാരുടെയും ബാപ്പൂട്ടി പക്ഷേ, ആര്യാടൻ ഷൗക്കത്തായി സംസ്ഥാന രാഷ്ട്രീയത്തിൽ കാൽവെയ്ക്കാനുള്ള ഒന്നാം പാഠം വിലാപമായി അവസാനിച്ചു. വിലാപങ്ങൾക്കപ്പുറം ഒരു വിജയം കാണാവുമോയെന്ന ചോദ്യത്തിന് ഒമ്പത് വർഷത്തിനിപ്പുറം പരീക്ഷണത്തിനൊരുങ്ങുകയാണ് ഷൗക്കത്ത്. ഇതിനുള്ള കാരണക്കാരനായത് ആദ്യമത്സരത്തിൽ ഷൗക്കത്തിനെ തോൽപ്പിച്ച പി വി അൻവറും.
കോൺഗ്രസിലെ മുതിർന്ന നേതാവും ട്രേഡ് യൂണിയൻ സംഘാടകനും മുൻമന്ത്രിയും ഏകദേശം മൂന്ന് ദശകത്തോളം നിലമ്പൂർ എം എൽ എയുമായിരുന്ന പരേതനായ ആര്യാടൻ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ് അറുപതുകാരനായ ആര്യാടൻ ഷൗക്കത്ത്. വീട്ടിലെ രാഷ്ട്രീയ ചർച്ചകളും പിതാവിന്റെ രാഷ്ട്രീയ ഇടപെടലുകളും കണ്ടുവളർന്ന ഷൗക്കത്തിന് രാഷ്ട്രീയത്തിന് വേറൊരു സ്കൂളോ പാഠപുസ്തകമോ ആവശ്യമായിരുന്നില്ല. കെ എസ് യു വിലൂടെയാണ് ആര്യാടൻ ഷൗക്കത്ത് രാഷ്ട്രീയത്തിൽ സജീമാകുന്നത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെ എസ് യു പാനലിൽ മത്സരിച്ച് സ്കൂൾ ലീഡറായി. കോളജ് വിദ്യാഭ്യാസ കാലത്ത് കെ എസ് യു താലൂക്ക് സെക്രട്ടറി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ സ്വന്തം എന്ന് തന്നെ പറയാവുന്ന കേരള ദേശീയവേദിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് ഷൗക്കത്ത് ആദ്യ തെരഞ്ഞെുപ്പ് മത്സരത്തിനിറങ്ങിയത്. 2021 ൽ വി വി പ്രകാശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡി സി സി പ്രസിഡന്റായി. പിന്നീട് കെ പി സി സി ജനറൽ സെക്രട്ടറിമാരിലൊരാളായി.
തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു ഷൗക്കത്തിന്റെ ആദ്യ അങ്കം. 2005ൽ ഭരണത്തിലിരിക്കുന്ന കോൺഗ്രസിനെതിരെ ജനവികാരം ആഞ്ഞു വീശുന്ന കാലമായിരുന്നു അത്. 2004 ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി പോലും ജയിച്ചില്ല. മന്ത്രിയായ ശേഷം നിയമസഭയിലേക്ക് മത്സരിച്ച കെ. മുരളീധരൻ കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വടക്കാഞ്ചേരിയിൽ സി പി എമ്മിലെ എ സി മൊയ്തീനോട് തോറ്റു. ഈ തോൽവിയെ തുടർന്ന് കേരളത്തിൽ മന്ത്രിസഭ മൊത്തമായി അഴിച്ചു പണിതു. എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഈ സമയത്താണ് തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത്. കേരളത്തിലൊട്ടാകെ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഈ സാഹചര്യത്തിലാണ് നിലമ്പൂർ പഞ്ചായത്ത് യു ഡി എഫ് ജയിക്കുന്നത്. സി പി എമ്മിന്റെ സിറ്റിങ് വാർഡിൽ മത്സരിച്ച ഷൗക്കത്ത് അട്ടിമറി വിജയം നേടി. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റായി. അതിന് ശേഷം നിലമ്പൂർ നഗരസഭ രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും ആര്യാടൻ ഷൗക്കത്തായിരുന്നു. നിലമ്പൂർ പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡന്റും നിലമ്പൂർ നഗരസഭയുടെ ആദ്യ ചെയർമാനും എന്ന നേട്ടവും ഷൗക്കത്തിനായി.
നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും നഗരസഭ ചെയർമാൻ എന്ന നിലയിലും ആര്യാടൻ ഷൗക്കത്ത് നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിനകത്തും പുറത്തും നിലമ്പൂർ മോഡൽ എന്നൊരു മാതൃക ചർച്ചയായി. പഞ്ചായത്ത് പ്രസിഡന്റായിരിക്കേ 'ജ്യോതിര്‍ഗമയ' പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാംക്ലാസ് പ്രാഥമികവിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റി. ഈ പദ്ധതിക്ക് ദേശീയ സാക്ഷരതാമിഷന്റ പുരസ്‌കാരം ലഭിച്ചു. നഗരസഭ ആയ ശേഷം ബാലസൗഹൃദ പദ്ധതിയിലൂടെ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ പേരിൽ നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി യൂനിസെഫ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമൂഹികക്ഷേമ പദ്ധതിക്ക് ലേണിങ് സിറ്റി പദവി നല്‍കി യുനെസ്‌കോ ആദരിച്ചു. സ്ത്രീധനരഹിത ഗ്രാമം, നാല്‍പ്പതു വയസ്സുവരെയുള്ളവര്‍ക്കെല്ലാം പത്താംക്ലാസ് യോഗ്യത നേടിക്കൊടുത്ത സമീക്ഷ, ആയിരം വീട്, ആദിവാസി, ദലിത് സമൂഹത്തിന് വേണ്ടി നടപ്പാക്കിയ ഒപ്പത്തിനൊപ്പം, വിശപ്പുരഹിത ഗ്രാമം, സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതോപാധി കണ്ടെത്താൻ ആരഭിച്ച വഴി കാട്ടി, സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് അധ്യാപകരെ എത്തിച്ച സദ്ഗമയ തുടങ്ങിയ പദ്ധതികള്‍ നിലമ്പൂരിന് മറ്റൊരു മുഖം നൽകുന്നതിന് കാരണമായി.
രാഷ്ട്രീയത്തിൽ മാത്രമല്ല, കലാരംഗത്തും ആര്യാടൻ ഷൗക്കത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. സിനിമാരംഗത്ത് വാണിജ്യ സിനിമകൾക്ക് പിന്നാലെ പോകാതെ കലാമേന്മയുള്ള സിനിമകളിലേക്കായിരുന്നു ഷൗക്കത്തിന്റെ താൽപ്പര്യം.നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, കഥാകൃത്ത് എന്നീ മേഖലകളിലും ഷൗക്കത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്തി. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന ടി വി ചന്ദ്രനുമായി ചേർന്നായിരുന്നു ആദ്യ ചിത്രമായ പാഠം ഒന്ന് ഒരു വിലാപം പുറത്തുവന്നത്. ഇത് മുസ്ലിം സമുദായത്തിലെ യാഥാസ്ഥികരുടെ എതിർപ്പ് ഷൗക്കത്തിനെതിരെ ഉയരുന്നതിന് കാരണമായി.സിനിമകളിലൂടെ സാമൂഹികവിഷയങ്ങൾ മുന്നോട്ട് വച്ചതിലൂടെ യാഥാസ്ഥിക മുസ്ലിം മത നേതാക്കളുടെയും മതസംഘടനകളുടെയും വിമർശനങ്ങൾക്ക് ഇരയായി. പൊതുവിൽ മുസ്ലീം ലീഗ് മുതൽ ജമാ അത്തെ ഇസ്ലാമി വരെയുള്ള മുസ്ലിം സംഘടനകളുമായി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയിലുള്ള എതിർപ്പിന് പുറമെ, ഈ സിനിമകളും ആര്യാടൻ ഷൗക്കത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുമൊക്കെ എതിർപ്പിന്റെ ശക്തി കൂട്ടിയിരുന്നു.
പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമ റിലീസ് ചെയ്തത് 2003 ലായിരുന്നു . ഇതിന് പിന്നാലെ വിവാദങ്ങൾ കത്തിപ്പടരുകയും ചെയ്ത ശേഷമാണ് 2005 ൽ ഷൗക്കത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എതിർപ്പുകളെ മറികടന്ന് സിപി എം സിറ്റിങ് സീറ്റിൽ ജയിച്ചു കയറി. പാഠം ഒന്ന് ഒരുവിലാപത്തിന്റെ തിരക്കഥയും നിർമ്മാണവും ആര്യാടൻ ഷൗക്കത്തായിരുന്നു. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഈ സിനിമ മികച്ച നടിക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന അവാർഡും, മികച്ച നടിക്കും, മികച്ച കുടുംബക്ഷേമ ചിത്രത്തിനുമുള്ള ദേശീയ അവാർഡും അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 2005 ൽ ഷൗക്കത്ത് കഥയും തിരക്കഥയുമെഴുതി നിർമ്മിച്ച് ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. പിന്നീട് ടി വി ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിന് കഥയെഴുതുകയും നിർമ്മിക്കുകയും ചെയ്തു. അവസാനമായി ആര്യാടൻ ഷൗക്കത്ത് നിർമ്മാണവും രചനയും നിർവ്വഹിച്ച സിനിമ സിദ്ധാർത്ഥ് ശിവയുടെ വർത്തമാനം ആണ്. സിനിമാ രംഗത്ത് മാത്രമല്ല, കെപിസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെ നാടകവും മറ്റ് സർഗാത്മകകലകളുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കലാജാഥകളും നടത്തി.
സി പി എമ്മിനെ വെട്ടിലാക്കിയ ചരിത്രവും ഷൗക്കത്തിനുണ്ട്. സി പി എം ജനറൽ സെക്രട്ടറിയായിരിക്കുന്ന എം എ ബേബി കേന്ദ്രകമ്മിറ്റിയംഗവും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന കാലത്താണ് ഷൗക്കത്ത് സി പി എമ്മുകാരെ കൊണ്ട് ബേബിയെ തടയുന്നതിന് വഴിയൊരുക്കിയത്. ഷൗക്കത്ത് നിലമ്പൂർ നഗരസഭ അധ്യക്ഷനും ബേബി വിദ്യാഭ്യാസ മന്ത്രിയുമായിരിക്കുന്ന സമയം. സി പി എമ്മിനുള്ളിൽ വിഭാഗീയതയുടെ കനലെരിയും കാലം. ഷൗക്കത്ത് സംഘടിപ്പിക്കുന്ന സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനകനായി നഗരസഭാ അധ്യക്ഷനായ ഷൗക്കത്ത് മന്ത്രി എം എ ബേബിയെ ക്ഷണിക്കുന്നു. മന്ത്രിയായ ബേബി വരാമെന്ന് സമ്മതിക്കുന്നു.
പ്രാദേശികതലത്തിൽ സി പി എമ്മും ഷൗക്കത്തും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന നഗരസഭ. ബേബി പരിപാടിയിൽ പങ്കെടുക്കരുതെന്ന് സി പി എം പ്രാദേശിക ഘടകം ആവശ്യപ്പെട്ടു. അത് നിരാകരിച്ച് ബേബി സ്ഥലത്തെത്തി. പാർട്ടി ഓഫീസിൽ പോയ ശേഷം അവിടെ നിന്ന് പരിപാടിക്ക് പോകാനിറങ്ങിയ ബേബിയെ സി പി എം പ്രാദേശിക തലത്തിലുള്ള ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി തടയാൻ ശ്രമിച്ചു. എന്നാൽ, ബേബി ആ പരിപാടിയിൽ പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ച് മടങ്ങി. പിന്നാലെ, പ്രതിഷേധിച്ചവർക്കെതിരെ പാർട്ടി നടപടി വന്നു. അവരിൽ ചിലർ പിന്നീട് കോൺഗ്രസിൽ ചേരുകയും ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണാധികാരി എന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും പൊതുവിൽ അംഗീകാരം നേടിയെടുക്കുന്നതിന് സാധിച്ചുവെങ്കിലും നാട്ടിൽ ഷൗക്കത്തിന് പലപ്പോഴും തടസ്സം സൃഷ്ടിച്ചത് രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാരമായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന പ്രതിച്ഛായയിൽ നിന്നും ഇന്നും പുറത്തുവരാനാകാത്ത രാഷ്ട്രീയ പ്രവർത്തകനാണ് ഷൗക്കത്ത്. കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് നിലമ്പൂർ രാഷ്ട്രീയത്തിൽ ആര്യാടൻ പടർന്ന പന്തലിച്ച ആൽമരമാണ്. ഇപ്പോഴും ആ തണലിൽ തന്നെയാണ് അവിടെ കോൺഗ്രസ് പാർട്ടി പോലും. ട്രേഡ് യൂണിയൻ നേതാവും എം എൽ എയും മന്ത്രിയുമൊക്കെയായിരുന്ന ആര്യാടൻ മുഹമ്മദിനുണ്ടായിരുന്ന അധികാരത്തിന്റെ നിഴലിലാണ് കോൺഗ്രസ് പ്രവർത്തകർ പൊതുവിൽ, ഷൗക്കത്തിനെ കണ്ടിരുന്നതെന്നതും യാഥാർത്ഥ്യമാണ്.
കോൺഗ്രസിൽ മലപ്പുറം ജില്ലയിൽ, പ്രത്യേകിച്ച് നിലമ്പൂരിൽ നിലനിൽക്കുന്ന ഉൾപ്പോരിൽ ഷൗക്കത്തിന് അനുകൂലമായും എതിരായും നിലപാടുള്ളവരുണ്ട്. ഇപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് (Nilambur by election) പ്രഖ്യാപനം വന്നപ്പോൾ പോലും ഷൗക്കത്തിനൊപ്പം ഡിസി സി പ്രസിഡന്റും യുവനേതാവുമായ വി എസ് ജോയിയുടെ പേരും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ തവണ വി വി പ്രകാശ് മത്സരിക്കുകയും അൻവറിന്റെ ഭൂരിപക്ഷം കുറയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ഉപതെരഞ്ഞടുപ്പിൽ രണ്ടാം മത്സരത്തിന് അങ്കത്തിനിറങ്ങുമ്പോൾ ജയിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അതിലുപരി നിലമ്പൂരിലും കോൺഗ്രസിലും തന്റെ നിലയുറപ്പിക്കുക എന്നത് കൂടെയുണ്ട് ഷൗക്കത്തിന്റെ അജണ്ടയിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates