ലോകത്തിലെ ഏറ്റവും കരുത്തേറിയ വ്യോമസേനാ വിഭാഗമുള്ളത് ഏത് രാജ്യത്തിനാണ് ? ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുവിന്റെ പാളയത്തെ കൃത്യമായി തകർക്കാൻ കഴിയുന്ന, കാര്യക്ഷമമായി പ്രവർത്തിക്കുന്ന യുദ്ധ വിമാനങ്ങളെ അടിസ്ഥാനമാക്കി ഒരു കണക്ക് രാജ്യങ്ങളുടെ സൈനിക ശക്തിയെപ്പറ്റി പഠിക്കുന്ന ഗ്ലോബൽ ഫയർ പവർ എന്ന വെബ്സൈറ്റ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. നമുക്ക് ആ പട്ടിക ഒന്ന് പരിശോധിക്കാം.
ഈ പട്ടികയിൽ പത്താം സ്ഥാനത്തുള്ള രാജ്യം ഫ്രാൻസ് ആണ്. 1000 യുദ്ധവിമാനങ്ങൾ ഫ്രാൻസിന് ഉണ്ടെന്നാണ് കണക്കുകൾ. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫൈറ്റർ ജെറ്റുകളും ഇവയിൽ ഉൾപ്പെടും. അവരുടെ പ്രധാനപ്പെട്ട ഫൈറ്റർ ജെറ്റുകൾ ഒന്ന് പരിശോധിക്കാം. ഡസ്സോ റാഫേൽ, മിറാഷ് 2000, എയർ ബസ് എ -330 എം ആർ റ്റി റ്റി, സി -130 ഹെർക്യൂലെസ്, ഇ -3എഫ് എ ഡൗബ്ലു എ സി എസ് എന്നിവയാണ്.
പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ളത് തുർക്കിയാണ്. ആയിരത്തിലധികം യുദ്ധ വിമാനങ്ങളാണ് തുർക്കിക്ക് ഉള്ളത്. അതിൽ മിക്കവയും അത്യാധുനിക സൗകര്യങ്ങൾ ഉള്ളവയാണ്. പൈലറ്റ് ഇല്ലാതെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആളില്ലാ വിമാനങ്ങളും തുർക്കിയുടെ കൈവശമുണ്ട്. നാറ്റോ അംഗമായത് കൊണ്ട് തന്നെ യൂറോപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നതും തുർക്കിയാണ്.
മിഡിൽ ഈസ്റ്റിലും മെഡിറ്ററേനിയൻ പ്രദേശത്തും തുർക്കിയുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. റ്റി എഫ് കാൻ എന്ന ഫൈറ്റർ ജെറ്റ് ആണ് തുർക്കിയുടെ ഏറ്റവും മികച്ച യുദ്ധ വിമാനം. അഞ്ചാം തലമുറയിൽപ്പെട്ട ഇരട്ട എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവയ്ക്ക് ആകാശത്തും കരയിലും ഒരു പോലെ ആക്രമണം നടത്താൻ കഴിയും. ശത്രുക്കളുടെ നീരീക്ഷണ വലയത്തിനു പിടി കൊടുക്കാതെ സഞ്ചരിക്കാൻ കഴിയുമെന്ന പ്രത്യേകത കൂടി ഈ സ്റ്റെല്‍ത്ത് ജെറ്റ് വിമാനങ്ങൾക്ക് ഉണ്ട്.
പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഈജിപ്റ്റിന് 1,093 യുദ്ധ വിമാനങ്ങളുണ്ട്. അമേരിക്കൻ എഫ്-16 വിമാനങ്ങൾ, ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ, റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം ഈജിപ്റ്റ് വ്യോമ സേനയുടെ കരുത്താണ്. രാജ്യത്തിൻറെ പ്രതിരോധ പ്രവർത്തനങ്ങൾക്കും വിവിധ തരത്തിലുള്ള സമാധാന പ്രവർത്തനങ്ങൾക്കുമായാണ് പ്രധാനമായും ഈജിപ്റ്റ് യുദ്ധ വിമാനങ്ങൾ ഉപയോഗിക്കുന്നത്.
പാകിസ്ഥാൻ ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 1,400 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വ്യോമസേനയുടെ പക്കലുണ്ട്. ഇന്ത്യയുടെ വ്യോമശക്തിയുമായി കിടപിടിക്കുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങൾ ആണ് കൂടുതലും. അതിർത്തി സംരക്ഷണവും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായാണ് വിമാനങ്ങൾ ഉപയോഗിക്കുന്നത്.
ഈ പട്ടികയിൽ ആറാം സ്ഥാനത്തുള്ള രാജ്യം ജപ്പാനാണ്. 1443 യുദ്ധവിമാനങ്ങൾ ജപ്പാനുണ്ടെന്നാണ് കണക്കുകൾ. അത്യാധുനിക സംവിധാനങ്ങളുള്ള ഫൈറ്റർ ജെറ്റുകൾ മുതൽ നിരീക്ഷണ വിമാനങ്ങൾ വരെ ഇതിൽ ഉൾപ്പെടും. രാജ്യ സുരക്ഷയ്ക്കും ജപ്പാൻ ഉൾപ്പെടുന്ന വിവിധ മേഖലകളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
അമേരിക്കയുമായി സൈനിക സഹകരണമുള്ള രാജ്യം കൂടിയാണ് ജപ്പാൻ. ആഭ്യന്തരമായി നിർമ്മിച്ച മിത്സുബിഷി എഫ്-2 എന്ന വിവിധ രീതികളിൽ ഉപയോഗിക്കാവുന്ന യുദ്ധവിമാനമാണ് ജപ്പാന്റെ കരുത്ത്. അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് II എന്ന വിമാനവും ജപ്പാന്റെ ശക്തിയാണ്.
ഗ്ലോബൽ ഫയർപവർ 2025 ന്റെ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണ കൊറിയയ്ക്ക് ഏകദേശം 1,600 സൈനിക വിമാനങ്ങളുണ്ട്. വ്യോമ പ്രതിരോധത്തിന് രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രത്യേകിച്ചും ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണികൾ ചെറുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകൾ കൊണ്ട് കരുത്തേറിയതാണ് സൗത്ത് കൊറിയയുടെ വ്യോമ സേന. ദക്ഷിണ കൊറിയയുടെ ആദ്യത്തെ ആഭ്യന്തര നിർമ്മിത യുദ്ധവിമാനമായ കെഎഫ്-21 ആണ് ഏറ്റവും ശക്തമായ അവരുടെ യുദ്ധവിമാനം.
ലിസ്റ്റിൽ നാലാമതാണ് നമ്മുടെ ഇന്ത്യ. 2229 യുദ്ധ വിമാനങ്ങൾ നമുക്ക് ഉണ്ടെന്നാണ് കണക്കുകൾ. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഫൈറ്റർ ജെറ്റുകൾ, ട്രാൻസ്‌പോർട് പ്ലെയിൻ എന്നിവയുൾപ്പെടെ നിരവധി സംവിധാനങ്ങൾ തുടർച്ചയായി നവീകരികരിച്ചു കൊണ്ടിരിക്കുകയാണ്. ഡസ്സോ റാഫേൽ, സുഖോയ് എസ് യു -30എം കെ ഐ, എച്ച് എ എൽ തേജസ്,മിറാജ് 2000 എന്നി കരുത്തുറ്റ യുദ്ധവിമാനങ്ങളാണ് നമുക്കുള്ളത്.
പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 3,300-ലധികം യുദ്ധ വിമാനങ്ങളുണ്ട്. നൂതന ബോംബറുകൾ, ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ എന്നിവയാണ് ചൈനയുടെ വ്യോമ സേനയ്ക്ക് കരുത്ത് പകരുന്നത്. രാജ്യ സുരക്ഷ ഉറപ്പാക്കാനും ആഗോളതലത്തിൽ സൈനിക സ്വാധീനം തെളിയിക്കുകയുമാണ് വ്യോമ സേനയുടെ ലക്ഷ്യം. ചൈനയുടെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് ചെങ്ഡു ജെ-20 (മൈറ്റി ഡ്രാഗൺ). ഇത് രാജ്യത്തിന്റെ ആദ്യത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ്. എഫ് -22 റാപ്റ്റർ, എഫ് -35 ലൈറ്റ്നിംഗ് II പോലുള്ള വിമാനങ്ങളുമായി പോരാടാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
റഷ്യ രണ്ടാം സ്ഥാനത്താണ്, 4,200 വിമാനങ്ങൾ ആണ് അവർക്കുള്ളത്. പ്രാദേശികമായും ആഗോളമായും കരുത്ത് തെളിയിക്കുന്നതിന് ഭാഗമായി നിരവധി ആധുനിക ഫൈറ്റർ ജെറ്റുകളും മികച്ച ബോംബറുകളും റഷ്യൻ വ്യോമസേനയ്ക്കുണ്ട്. ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ അഞ്ചാം തലമുറ സുഖോയ് സു-57, 4.5 തലമുറ സുഖോയ് സു-35എസും റഷ്യയുടെ വജ്രായുധങ്ങളാണ്.
അത്യാധുനിക യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ഫൈറ്റർ ജെറ്റുകൾ, ബോംബറുകൾ, ട്രാൻസ്‌പോർട് പ്ലെയിൻ, രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവ അമേരിക്കയുടെ കൈവശമുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വ്യോമസേനാ വിമാനങ്ങൾ പ്രവർത്തിക്കുന്നത്. ഇവ ഇപ്പോഴും പൂർണ്ണമായി യുദ്ധസജ്ജമാണ്. ഇതാണ് ലോകത്തെ ഏറ്റവും മികച്ച വ്യോമസേനയാക്കി അമേരിക്കയെ മാറ്റുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ എഫ് -35 ലൈറ്റ്നിംഗ് II, എഫ് -22 റാപ്റ്റർ, എഫ് -15EX ഈഗിൾ II, എഫ് /എ -18ഇ /എഫ് സൂപ്പർ ഹോർനെറ്റ് എന്നീ യുദ്ധവിമാനങ്ങളാണ് അമേരിക്കയുടെ ആവനാഴിയിലെ പ്രധാന അമ്പുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates