അരവിന്ദൻ കെ.എസ്. മംഗലം എഴുതിയ കവിത ദൈവം സാത്താനോടു ചെയ്തത്|Malayalam poem Aravindan K.S. Mangalam Samakalika Malayalam Weekly
Malayalam Weekly

ദൈവം സാത്താനോടു ചെയ്തത്

അരവിന്ദൻ കെ.എസ്. മംഗലം എഴുതിയ കവിത

അരവിന്ദൻ കെ.എസ്. മംഗലം

മനുഷ്യനന്മയ്ക്കായി

ഒരിക്കൽ, തന്റെ പുത്രനെ

ഭൂമിയിലേക്കയച്ചു, ദൈവം.

ലോകത്തിന്റെ പാപഭാരം ചുമന്ന്

അവൻ ഗാഗുൽത്തയിൽ ബലിയായി

തന്റെ പ്രിയപുത്രന്

ക്രൂശുമരണം വിധിച്ച മനുഷ്യരെ

ദൈവം അന്നേ നോട്ടമിട്ടിരുന്നു.

അങ്ങനെയിരിക്കവെയാണ്

തന്നെ പലതരത്തിൽ

വെല്ലുവിളിക്കുകയും

കഷ്ടപ്പെടുത്തുകയും ചെയ്യുന്ന

സാത്താനെത്തേടി

ദൈവം ഇറങ്ങിത്തിരിച്ചത്.

യുദ്ധവും തീരാവ്യാധികളും

ചോരയും കണ്ണീരും വിതച്ചുകൊണ്ട്

ഭൂമിയെത്തപിപ്പിക്കുന്ന

സാത്താന്റെ വിക്രിയകൾ

ദൈവത്തെപ്പഴിക്കാൻ

മനുഷ്യരെ പ്രേരിപ്പിക്കുകയും

ചെയ്തിരുന്നു.

ഒരിക്കൽ

ഉറക്കത്തിലാണ്ടുപോയ സാത്താനെ

സ്വർഗരാജ്യത്തിന്റേയും

നരകത്തിന്റേയും

മദ്ധ്യത്തിൽ വെച്ച് ദൈവം കണ്ടെത്തുകയും

അവനെ ഒരു ഭ്രൂണമായി പരിണമിപ്പിച്ച്

ഒരു മനുഷ്യസ്ത്രീയുടെ ഗർഭപാത്രത്തിൽ

നിക്ഷേപിക്കുകയും ചെയ്തു

ഒരു ജർമൻ കുടിയേറ്റക്കാരനായിരുന്നു

സാത്താൻ ജന്മത്തിന്റെ

പിതൃത്വം ഏറ്റുവാങ്ങിയത്

മറ്റൊരു മറിയം നാമധാരിയായ

സ്‌കോട്ടിഷ് വംശജ

അവന്റെ മാതാവുമായി.

ദൈവപുത്രൻ കാലിത്തൊഴുത്തിലായിരുന്നെങ്കിൽ

കുട്ടി സാത്താൻ

സമ്പന്നതയുടെ മടിത്തട്ടിലേക്കാണ്

പിറവികൊണ്ടത്.

(അവൻ ആരെന്ന് സ്വയം അറിയാതിരിക്കാൻ

അവന്റെ ബോധമണ്ഡലത്തിൽ

ദൈവം ചില സൂത്രപ്പണികൾ

ഒപ്പിച്ചുവച്ചിരുന്നെങ്കിലും

ദൈവം ഉറങ്ങുന്ന ചില സമയങ്ങളിൽ

കൊമ്പും വാലുമുള്ള

ഒരു ഭീകരസത്വത്തിന്റെ നീൾനഖമുനകൾ

അവനറിയാതെ

അവനിൽ തിടം വച്ചു നിന്നു)

അവൻ ഭൂമിയിൽ

അല്ലലില്ലാതെ വളർന്ന്

സുഖത്തിന്റെ ഏഴാം സ്വർഗത്തിലേക്ക്

ചുവടുകൾ വച്ചു

ദൈവം എന്നും അവനെ

നിരീക്ഷിച്ചുകൊണ്ടിരുന്നു.

നന്മയുള്ളവരും തിന്മചെയ്യുന്നവരുമായ

മനുഷ്യരെയാകമാനം

ചക്രവ്യൂഹത്തിൽപ്പെടുത്തി

നട്ടം തിരിക്കുന്ന ചെകുത്താൻ

ഭൂമിയിൽ സമാധാനം വിതയ്ക്കാൻ

പിറവികൊണ്ടവനാണ് താൻ

എന്ന് സ്വയം ഊറ്റം കൊണ്ടു.

ഭരണം കുട്ടിച്ചോറാക്കുമെന്ന്

ദീർഘദർശനം ചെയ്ത കുറേപ്പേർചേർന്ന്

ഭരണസാരഥ്യം അവനു ചാർത്തിക്കൊടുത്തു.

മറ്റാരും കാണാത്ത കൊമ്പും

അസ്ത്രമുനയുള്ള വാലും

അവന്റെ സ്വത്വത്തെ വെളിപ്പെടുത്തി

ഇടയ്ക്കിടെ മുറുമുറുത്തു.

സമാധാനം സമാധാനം എന്ന് ഉച്ചത്തിൽവിളിക്കയും

ഉള്ളിൽ പകയുടേയും

കാലുഷ്യത്തിന്റേയും തീക്കൂടൊരുക്കുകയും ചെയ്ത സാത്താൻ

ലോകമെങ്ങും തന്റെ ചൂണ്ടുവിരൽത്തുമ്പിൽ

അടക്കിനിർത്തണമെന്നു മോഹിച്ചെങ്കിലും

അവന്റെ ജല്പനങ്ങൾക്ക് ആരും

ചെവി കൊടുക്കാതായി.

ജനം അവനെ രഹസ്യമായി

ഭ്രാന്തൻ എന്നു വിളിച്ചു.

ഒടുവിൽ അവർ ഒന്നു തീരുമാനിച്ചു.

ലോകസമാധാനത്തിന് ഭീഷണിയായ

ഭരണാധിപന്

‘സമാധാനധ്വംസകപട്ടം’ നൽകി

ആദരിക്കുക

‘ഒരു നൊബേൽ പുരസ്കാരവും

ഇതിനു മുന്നിൽ വരരുത് ‘

കണ്ണീരും ചോരയും കട്ടപിടിച്ചു കിടന്ന

തീമുനമ്പുകളിലും

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും

അലമുറയുയർന്ന അഭയാർത്ഥി പാളയങ്ങളിലും

സിന്ദൂരച്ഛവിപുരണ്ടു ചിതറിയ

ലോകകണ്ടകന്മാർക്കിടയിലും

സാത്താൻ പിന്നേയും അവസരങ്ങൾക്കായി

കാതുകൂർപ്പിച്ചു കാത്തിരുന്നു...

Daivam sathanodu cheythathu Malayalam poem written by Aravindan K.S. Mangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഭയല്ല മേയറെ തീരുമാനിച്ചത്; വിജയത്തിന്റെ ശോഭ കെടുത്തരുത്: മുഹമ്മദ് ഷിയാസ്

ദീപ്തി ആഗ്രഹിച്ചതില്‍ തെറ്റില്ല, പ്രയാസം സ്വാഭാവികം; പാര്‍ട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാല്‍

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്

കെ എസ് ശബരിനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

ബിരിയാണി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം കഴിച്ചത് എന്തെന്ന് അറിയാമോ?; സ്വിഗ്ഗി റിപ്പോര്‍ട്ട് ഇങ്ങനെ

SCROLL FOR NEXT