വിനയനെക്കുറിച്ച് ബാബു പി രമേഷ് എഴുതുന്നു 
News+

സീരിയസ്സായി അയാള്‍ നാടകം കളിക്കുകയാണ്!

ബാബു പി. രമേഷ്

ചെന്നൈ - ചിദംബരം ഡ്രൈവിങ് ട്രിപ്പിനിടയില്‍ പോണ്ടിച്ചേരിയില്‍ തങ്ങിയ രണ്ടു ദിവസങ്ങളിലൊന്നില്‍ അരൊബിന്ദോ ആശ്രമത്തിന്റെ ആസ്ഥാനമായ ആരോവില്‍ സന്ദര്‍ശിച്ച ശേഷം പോണ്ടിച്ചേരിയിലേക്ക് മടങ്ങും വഴിയാണ് റോഡരികിലെ 'ആദിശക്തി' എന്ന ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. ഒരു സ്ഥാപനത്തിന്റെ ബോര്‍ഡ് എന്നൊന്നും തോന്നുന്നത്ര വിശദമോ വലുതോ അല്ലായിരുന്നു അതെങ്കിലും, അടച്ചിരുന്ന ഗേറ്റും അതിനു പുറകില്‍ സന്ധ്യാസമയത്തെ ഇരുണ്ട പച്ചപ്പില്‍ പുതഞ്ഞു കിടക്കുന്ന ക്യാംപസും കണ്ടപ്പോള്‍ 'ഇതു തന്നെയല്ലേ വിനയന്റെ 'ആദിശക്തി' എന്ന സംശയമാണ് പെട്ടെന്ന് മനസ്സില്‍ മിന്നി വന്നത്.

പോണ്ടിച്ചേരിക്കടുത്തുള്ള 'ആദിശക്തി'യുടെ ഡയക്ടറാണ് വിനയന്‍ എന്ന മുന്നറിവുള്ളതുകൊണ്ടും, ബോര്‍ഡിനു പുറകിലുള്ള ഉള്ളിലെ കരിമരപ്പച്ചയുടെ ആഴത്തിലേക്ക് നീണ്ടു കിടക്കുന്ന ക്യാംപസിന് തൃശൂരിലെ ഡോ. ജോണ്‍ മത്തായി സെന്റര്‍ എന്ന സ്‌കൂള്‍ ഓഫ് ഡ്രാമയോട് ഏതാണ്ടൊരു ഛായ തോന്നിയതിനാലും എന്റെ സംശയം ഒന്നു സ്ഥിരികരിച്ചാലോ എന്ന ചിന്തയിലാണ്, അല്പം മടിയോടെയാണെങ്കിലും 'നമുക്ക് ഇവിടെയൊന്ന് ഇത്തിരി നേരം നിര്‍ത്തിയാലോ' എന്ന് നീതയോട് ചോദിക്കുന്നത്.

'ഞാന്‍ പറയാറില്ലേ മത്തായി സെന്റര്‍ കാലത്ത് ഡ്രാമാ സ്‌കൂളില്‍ ഉണ്ടായിരുന്ന വിനയനെപ്പറ്റി. സാറാ ജോസഫിന്റെ മകന്‍. വിനയന്റെ ട്രൂപ്പിന്റെ പേരും 'ആദിശക്തി'യെന്നാണ്. വെറുതെ ഒന്ന് കയറി അന്വേഷിച്ചാലോ?'.

സഹയാത്രികയുടെ പ്രതികരണം അനുകൂലമാണെന്നു കണ്ടപ്പോള്‍ 'വിനയന് എന്നെ ഓര്‍മ്മയുണ്ടാവുമോ എന്ന് ഉറപ്പൊന്നുമില്ല, എങ്കിലും അങ്ങോട്ട് പരിചയപ്പെടുത്തി നോക്കാം' എന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുമ്പോള്‍ 'വ്യത്യസ്തനായ ബാലനെപ്പോലെ' പഴയ ചങ്ങാതി എന്നെ തിരിച്ചറിയാതിരുന്നാല്‍ നീതയുടെ മുമ്പില്‍ ചമ്മേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനുള്ള വ്യഗ്രതയായിരുന്നു എനിക്ക്.

ആദിശക്തി തിയറ്റര്‍

വിനയനും ഞാനും ഒരിക്കലും അത്ര അടുത്ത സുഹൃത്തുക്കളായിരുന്നില്ല എന്നതിനാല്‍ അയാള്‍ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അത്ര പ്രശ്‌നമാക്കേണ്ടതില്ല എന്ന് ഞാന്‍ മനസ്സില്‍ എന്നോടു തന്നെയും പറഞ്ഞുറപ്പിക്കുന്നതിനിടയില്‍ 'നമ്മുടെ ഈ ട്രിപ്പ് പ്രത്യേകിച്ചൊരു പ്ലാനും ഇല്ലാതെയുള്ളതല്ലേ. കുറച്ചു നേരം ഇവിടെ നിര്‍ത്തി ഈ സ്ഥാപനമൊക്കെ ഒന്നു കാണുന്നത് എത്രയായാലും ഒരു പുതിയ അനുഭവമാവില്ലേ?' എന്ന നീതയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ കാറ് നേരെ ആദിശക്തിയുടെ ക്യാംപസിലേയ്ക്ക് ഓടിച്ചു കയറ്റി ഗേറ്റിനു സമീപം പാര്‍ക്ക് ചെയ്തു.

'സാര്‍; ഗേറ്റ് പെട്ടെന്ന് തന്നെ അടയ്ക്കണേ. അല്ലെങ്കില്‍ പട്ടി പുറത്തേയ്ക്ക് പോകും' എന്ന് ക്യാംപസിനകത്തു നിന്ന് ഗേറ്റിലേയ്ക്ക് നടന്നു വരുന്ന ചെറുപ്പക്കാരി തമിഴില്‍ വിളിച്ചു പറഞ്ഞു. ഗേറ്റ് അടക്കുമ്പോഴേയ്ക്കും ഞങ്ങള്‍ക്കടുത്തെത്തിയ അവര്‍ ഒറ്റനോട്ടത്തില്‍ തന്നെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന ഒരു ഓഫീസ് ജീവനക്കാരിയാണെന്ന് വ്യക്തമായിരുന്നു.

'ഇവിടെയാണോ വിനയന്‍ വര്‍ക്ക് ചെയ്യുന്നത്' എന്ന എന്റെ ചോദ്യത്തിന് 'അതേ. ഡയറക്ടര്‍ സാര്‍ തിയറ്ററില്‍ നാളത്തെ പരിപാടിയുടെ തിരക്കിലാണ്' എന്നായിരുന്നു മറുപടി.

അപ്പോള്‍ ഊഹം തെറ്റിയിട്ടില്ല. ഇതു തന്നെയാണ് വിനയന്റെ താവളം. തിരക്കില്‍ വീട്ടിലേയ്ക്ക് പോകുന്ന ജീവനക്കാരിയേയും മറികടന്ന് മുന്നോട്ട് ചെന്ന് ആദ്യം കണ്ട ആളോട് ഡയറക്ടറെ കാണാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോള്‍, 'ചോദിച്ചു നോക്കാം, നാളത്തെ പ്രീമിയറിന്റെ തിരക്കിലായതിനാല്‍ കാണാന്‍ പറ്റുമോ എന്ന് ഉറപ്പില്ല' എന്നായിരുന്നു മറുപടി. തിയറ്ററില്‍ എം. എഫ്. എ കഴിഞ്ഞ് നാടകത്തില്‍ ഗവേഷണം നടത്തുന്ന ഒരു കാസര്‍കോടുകാരനായിരുന്നു അയാള്‍. 'ആരാണ് എന്നാണ് വിനയന്‍ സാറിനോട് പറയേണ്ടത്' എന്ന ചോദ്യത്തിന് 'ഞങ്ങള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഒരേ സമയം ഉണ്ടായിരുന്നവരാണ്' എന്ന് മറുപടി നല്‍കി.

പിന്നീട് ഏതാനും നിമിഷങ്ങള്‍ക്കകം വിനയന്‍ വരും വരെ ഞങ്ങള്‍ ആ പരിസരമാകെ പെട്ടെന്നൊന്നു നടന്നു കണ്ടു. അവിടവിടെയായി പതിഞ്ഞ വൈദ്യുതി വെളിച്ചവുമായി ചിതറിക്കിടന്നിരുന്ന വീടുകള്‍ ഫാക്കല്‍റ്റികളുടേയും സ്റ്റാഫിന്റെയും ക്വാര്‍ട്ടേര്‍സുകളായിരിക്കാം. വഴിയരികരില്‍ കണ്ട ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ വിനയന്റെ ജീവിതപങ്കാളി നിമ്മി റാഫേലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവരുടെ 'ഊര്‍മ്മിള' എന്ന പ്രൊഡക്ഷന്‍ രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ച് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.

വിനയന്‍

അപ്പോഴേയ്ക്കും 'ആരാ? മനസ്സിലായില്ല' എന്ന മുഖത്തോടെ വന്ന വിനയനോട്, 'വിനയന് എന്നെ ഓര്‍മ്മ കാണില്ല, മത്തായിയില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നു. ഞാന്‍ എക്കണോമിക്സിനായിരുന്നു' എന്നു പറഞ്ഞു. പിന്നെ അടയാള മോതിരങ്ങള്‍ കാണിക്കും പോലെ അന്നത്തെ ചില പൊതു ചങ്ങാതിമാരുടെ പേരുകളും പറഞ്ഞു. ഇത്രയുമായപ്പോള്‍ 'ങ്ഹാ..ഇപ്പോള്‍ ഒരു നേരിയ ഓര്‍മ്മയുണ്ട്' എന്നായി വിനയന്‍. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ നാടകാവതരണം കഴിഞ്ഞ് ഏറ്റവും ഹ്രസ്വമായി ഞാന്‍ വിനയനെ കണ്ടപ്പോഴും ഈ 'നേരിയ ഓര്‍മ്മ' പ്രയോഗം അയാള്‍ നടത്തിയിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തു.

ഞങ്ങള്‍ വെറുതെ ഒന്നു കയറിയതാണെന്നും പ്രത്യേകിച്ച് യാതൊരു ഉദ്ദേശ്യവുമില്ലെന്നും പെട്ടെന്നു തന്നെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ 'അങ്ങനെയാണെങ്കില്‍ നാളത്തെ എന്റെ പ്രീമിയര്‍ കാണാന്‍ വരൂ. രാത്രി ഏഴരയോടെ എത്തിയാല്‍ മതി' എന്ന സ്‌നേഹപൂര്‍ണ്ണമായ ക്ഷണം കിട്ടി. പിറ്റേ ദിവസം ചിദംബരത്തേയ്ക്ക് പോവാനായിരുന്നു ഞങ്ങളുടെ പ്ലാനെങ്കിലും ഒരു നാടകത്തിന്റെയും അത് ഒരുക്കിയ സ്ഥാപനത്തിന്റെയും ഡയറക്ടര്‍ തന്നെ നേരിട്ട് പ്രീമിയറിനു വേണ്ടി ക്ഷണിച്ചപ്പോള്‍, ചിദംബരം യാത്ര ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ അപ്പോള്‍ അവിടെ വെച്ച് തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതില്‍ പിന്നെ, അടുത്ത ദിവസം രാത്രി, ഒരിക്കല്‍ കൂടി, 'ആദിശക്തി'യില്‍ ചെന്ന് അതിഗംഭീരമായി സജ്ജീകരിച്ച അവിടത്തെ തിയറ്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ അവതരിപ്പിച്ച 'എ വുമന്‍ ഓര്‍ നോട്ട് ടു ബി' എന്ന വിനയന്‍ പ്രൊഡക്ഷന്‍ കാണുകയും ചെയ്തു. രാത്രി കുറച്ചു വൈകിയതിനാലും, പോണ്ടിച്ചേരിയില്‍ തിരിച്ചെത്തി ബീച്ച് റോഡിലൂടെ ഒരു വട്ടം കൂടി നടക്കാന്‍ മോഹമുണ്ടായിരുന്നതിനാലും നാടകാവതരണത്തിനു ശേഷമുള്ള ഡിസ്‌കഷനു വേണ്ടിയോ, വിനയനെ ഒന്നു കൂടി കണ്ട് പരിചയം. ഊട്ടിയുറപ്പിച്ച് യാത്ര പറയാനോ നില്‍ക്കാതെ 'ആദിശക്തി'യില്‍ നിന്നിറങ്ങുമ്പോള്‍ മൂന്നര ദശാബ്ദത്തോളമപ്പുറത്തെ വിനയന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് സ്വാഭാവികം മാത്രം.

1990-92 കാലത്ത് കലിക്കറ്റ് സര്‍വ്വകലാശാലയുടെ തൃശൂരിലെ ക്യാംപസ് ആയ ഡോ: ജോണ്‍ മത്തായി സെന്ററില്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഞാന്‍ വിനയനെ കാണുന്നതും പരിചയപ്പെടുന്നതും. അതേ ക്യാംപസില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു, വിനയന്‍ അന്ന്. അയാള്‍ ഒരിക്കലും ഞങ്ങളോട് അങ്ങനെ പരിചയപ്പെടുത്തിയിട്ടില്ലെങ്കിലും എഴുത്തുകാരി സാറാ ജോസഫിന്റെ മകനാണ് വിനയനെന്ന കാര്യം ആളെ പരിചയപ്പെടുന്നതിന് മുമ്പേ തന്നെ ഞാന്‍ അറിഞ്ഞ കാര്യമായിരുന്നു.

വല്ലപ്പോഴും വഴിയരികില്‍ വെച്ച് കാണുമ്പോള്‍ മറ്റു പൊതു കൂട്ടുകാര്‍ക്കൊപ്പമുള്ള ലഘു സംഭാഷണങ്ങള്‍ക്കപ്പുറം നീളാത്തതായിരുന്നു ഞങ്ങളുടെ സൗഹൃദം. എങ്കിലും വിനയന്റെ ആഹ്‌ളാദഭരിതമായ സാന്നിധ്യവും പ്രത്യേക രീതിയിലുള്ള ഉറച്ച ശബ്ദത്തിലുള്ള സംഭാഷണങ്ങളും, അയാള്‍ എപ്പോഴും പാടി നടന്നിരുന്ന 'ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന...' എന്ന വയലാറിന്റെ ഗാനവുമൊക്കെ ഞങ്ങളുടെ സാമ്പത്തിക ശാസ്ത്ര പഠനത്തിന് ഹൃദ്യമായ ഒരു പശ്ചാത്തലമൊരുക്കിയിരുന്നു. ചില പ്രത്യേകതകളൊക്കെയുള്ള ഒരു 'സന്തോഷക്കുട്ടന്‍' എന്നതിലപ്പുറം വിനയന്റെ പ്രതിഛായ ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നത് മഹാകവി കുട്ടമത്തിന്റെ 'ബാലഗോപാലന്‍' എന്ന നൃത്ത നാടകം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അവതരിക്കപ്പെട്ടപ്പോഴായിരുന്നു. ആ നാടകത്തിലെ പ്രധാന കഥാപാത്രമായ കൃഷ്ണന്റെ വേഷത്തില്‍, മാറില്‍ വനമാലയുമണിഞ്ഞ് പുല്ലാങ്കുഴലും കയ്യിലേന്തി 'കിട്ടിയല്ലോ നെയ്ക്കുടം.....' എന്നൊക്കെപ്പാടി മത്തായി സെന്ററിന്റെ പൂമുഖത്തിനഭിമുഖമായുള്ള തുറന്ന സ്റ്റേജില്‍ വിനയന്‍ അരങ്ങു തകര്‍ത്തപ്പോള്‍ ഡ്രാമാ സ്‌കൂളിലെ കഴിവുറ്റ ആക്ടിങ് വിദ്യാര്‍ത്ഥികളുടെ ലിസ്റ്റില്‍ അന്നു തന്നെ ഞാന്‍ വിനയനെയും എഴുതിയിട്ടു. അതില്‍ പിന്നെ, മറ്റു പല വിനയന്‍ നാടകങ്ങളും കാണാനും, അവതരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ നടത്തിയിരുന്ന ഡിസ്‌കഷന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും കഴിഞ്ഞതോടെ വിനയനെന്ന ഭാവിയിലെ സിനിമാ നായകനെ തുടക്കത്തില്‍ തന്നെ പരിചയപ്പെടാന്‍ പറ്റിയല്ലോ എന്ന സ്വകാര്യമായ അഹങ്കാരവും മനസ്സില്‍ മൊട്ടിട്ടു തുടങ്ങിയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച് മലയാള സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന കുക്കു പരമേശ്വരന്‍, പ്രേംകുമാര്‍, പി. ബാലചന്ദ്രന്‍, ശ്യാമപ്രസാദ് എന്നിവരുടെ മാതൃകകള്‍ മനസ്സില്‍ ഉള്ളതിനാലാണ് സിനിമ തന്നെയായിരിക്കും വിനയന്റെ ഭാവി തട്ടകം എന്ന് ഞാന്‍ സ്വയം ഉറപ്പിക്കാനുള്ള കാരണം. അവസാന വര്‍ഷത്തെ ഫൈനല്‍ പ്രൊഡക്ഷനായ 'വോയ്‌സെക് ' എന്ന നാടകത്തിലെ വിനയന്റെ അനിതരമായ പ്രകടനം കൂടി കണ്ടപ്പോള്‍ ആ വിശ്വാസം എന്തായാലും ഒരിക്കല്‍ യാഥാര്‍ത്ഥ്യമാവും എന്നതില്‍ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. പക്ഷെ, സിനിമയിലേക്ക് ഒരിക്കലും ചേക്കേറാതെ നാടകത്തെ തന്നെ നിരന്തരം പ്രണയിച്ച് നാടകക്കാരനായി തന്നെ തുടരാനായിരുന്നു വിനയന്റെ ആഗ്രഹവും നിയോഗവും എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

വിനയന്‍ അമ്മ സാറാ ജോസഫിനൊപ്പം

സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് മുന്നേറിയ ഒരു കുട്ടിയുടേയും അതിന് ഉറച്ച പിന്തുണയേകിയ ഒരമ്മയുടെയും വിജയകഥയാണ് വിനയന്റേത്. ഷോലെ സിനിമ കണ്ട് തിരിച്ചുവന്ന് ചേച്ചി ഗീതയെ ഗബ്ബര്‍സിങായി സങ്കല്‍പിച്ച് ഇടിച്ചു നിരപ്പാക്കിയ തന്റെ ഏക ആണ്‍ സന്തതിയെക്കുറിച്ച് സാറാ ജോസഫ് 'ആരു നീ?' എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ കുറിച്ചിട്ടിട്ടുണ്ട്. മകന് അഭിനയത്തോടുള്ള അഭിനിവേശം കുഞ്ഞുന്നാളിലെ തന്നെ അച്ഛനമ്മമാര്‍ കണ്ടറിഞ്ഞിരുന്നുവെങ്കിലും, പ്രീഡിഗ്രിക്കു ശേഷം താന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് അഭിനയം പഠിക്കുകയാണെന്ന് വിനയന്‍ പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും ബന്ധുക്കള്‍ക്കുമൊന്നും അതത്ര അഭിലഷണീയമായ കാര്യമായി തോന്നിയില്ല. നാടകാഭിനയം പഠിച്ചതുകൊണ്ട് ജീവിതത്തില്‍ രക്ഷപ്പെട്ടു പോകാന്‍ പറ്റില്ലെന്ന ഉറ്റവരുടെ ഉറച്ച വിശ്വാസത്തിനിടയിലും മകന്റെ മനസ്സും കഴിവും അഭിനയലോകത്താണെന്ന് തിരിച്ചറിഞ്ഞ സാറട്ടീച്ചറുടെ കട്ട സപ്പോര്‍ട്ട് ഒന്നു മാത്രമാണ് അന്ന് വിനയനെ സ്വന്തം മേഖലയിലേയ്ക്ക് സധൈര്യം കാല്‍വെയ്ക്കാന്‍ സഹായിച്ചത്. അക്കാലങ്ങളില്‍ ഏകമകന്റെ 'ഭാവി നശിപ്പിക്കാന്‍ മടിയില്ലാത്ത' ഒരമ്മയായി ബന്ധുക്കള്‍ക്കിടയില്‍ താന്‍ മുദ്രകുത്തപ്പെട്ടുവെന്ന് സാറാ ജോസഫ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുപോലെത്തന്നെ, മക്കളെ ഡോക്ടറോ എന്‍ജിനീയറോ ആക്കി അവരുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്ന സഹപ്രവര്‍ത്തകര്‍ക്കിടയിലും അന്നൊക്കെ അവരുടെ ഇമേജ്, ഉപകാരമില്ലാത്ത കോഴ്സിന് പഠിക്കാന്‍ മകനെ അനുവദിച്ച 'വിഡ്ഢിയായ അമ്മ'യുടേതായിരുന്നു!

പക്ഷെ, കാല്‍ നൂറ്റാണ്ടിനു ശേഷം മകന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനുള്ള തന്റെ അന്നത്തെ തീരുമാനത്തെപ്പറ്റി ആ അമ്മ എഴുതിയത് ഇങ്ങനെയാണ്:

'കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടവും അഭിരുചിയുമുള്ള വിഷയം പഠിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പുസ്തകം, സംഗീതം, നാടകം, സിനിമ, വര ഇതിനോടൊക്കെയാണ് വിനയന് താത്പര്യം. പ്രത്യേകിച്ചും തിയേറ്ററിനോട്. എന്റെ വിശ്വാസം തെറ്റിയിട്ടില്ല എന്നതിന് തെളിവ് എന്റെ മകന്റെ ഇന്നുള്ള സന്തോഷവും സംതൃപ്തിയും അഭിമാനവുമാണ്. അവന് സ്വതന്ത്രമായി അവന്റെ അന്വേഷണങ്ങളില്‍ മുഴുകാന്‍ കഴിയുന്നു. സര്‍ഗ്ഗപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ അവസരങ്ങളുണ്ടാകുന്നു. അവന്‍ സന്തുഷ്ടനാണ്. അതാണെന്റെയും സന്തോഷം'

(ആരു നീ? - സാറാ ജോസഫ്)

കുട്ടികളുടെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന രക്ഷിതാക്കള്‍ക്കും മക്കളുടെ സ്വപ്നങ്ങള്‍, അവരുടെ ശോഭനമായ ഭാവിയെക്കരുതി തല്ലിക്കൊഴിക്കുന്നവര്‍ക്കും ഒരു പോലെ ഉള്ളറിവ് നല്‍കുന്നതാണ് സ്വന്തം മകനെ അവനിഷ്ടപ്പെട്ട, അവന്റെ അഭിരുചിക്കനുസരിച്ച വഴിയില്‍ വളരാന്‍ വിട്ട ഈ അമ്മയുടെ കഥ. മക്കളുടെ നന്മയെ മുന്‍നിര്‍ത്തി ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള ഉദ്യോഗത്തിലേയ്ക്ക് അവരെ ചെന്നെത്തിക്കാനായി, അവരുടെ ഇഷ്ടങ്ങളെയും കഴിവുകളെയും പരിഗണിക്കാതെ 'വളര്‍ത്തി വലുതാക്കുന്ന' രക്ഷിതാക്കള്‍ക്ക് ഇപ്പോഴും യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ സമൂഹത്തില്‍ ഇന്നും ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്.

നിമ്മി റാഫേല്‍ ഊര്‍മിളയായി

മത്തായി സെന്ററിലെ പഠനകാലത്ത് ഒരിക്കല്‍ ഒരു സൗഹൃദ സംഭാഷണത്തിനിടയ്ക്ക് വിനയന്‍ കുടഞ്ഞിട്ട ചില ചോദ്യങ്ങള്‍ ഇന്നലെ നടന്ന പോലെ എന്റെ മനസ്സിലുണ്ട്. 'സ്‌നേഹം നിറഞ്ഞ കുടുംബം, സന്തോഷകരമായ വിവാഹജീവിതം എന്ന വലിയ വലിയ കാര്യങ്ങള്‍ പറയുന്ന നിങ്ങളാരെങ്കിലും വീട്ടില്‍ സ്വയം ഭക്ഷണം പാചകം ചെയ്യാറുണ്ടോ? മുറ്റമടിച്ചു വാരാറുണ്ടോ? തുണി അലക്കാറുണ്ടോ?'

1990 ന്റെ തുടക്ക കാലത്ത് വിനയന്‍ ചോദിച്ച ആ ചോദ്യങ്ങള്‍ എന്നെപ്പോലെയുള്ള ഒട്ടുമിക്ക 'ആണ്‍കുട്ടി'കള്‍ക്കും തികച്ചും അപരിചിതങ്ങളായിരുന്നു. യാഥാസ്ഥിതിക കുടുംബങ്ങളിലെ ലിംഗാധിഷ്ഠിത തൊഴില്‍ വിഭജനരീതി ശീലിച്ചു വളര്‍ന്നു വന്ന എന്നെപ്പോലുള്ളവര്‍ ആദ്യം ഓര്‍ത്തത് തന്നെ 'ഇതെന്തു ചോദ്യങ്ങളാണ്' എന്നായിരുന്നു. പിന്നെ സ്വയം സമാധാനിച്ചു, മാനുഷിയുടെയൊക്കെ നേതൃത്വത്തിലുള്ള സാറട്ടീച്ചറുടെ മകനല്ലേ. ഇത്തരം പുതുമയുള്ള ചോദ്യങ്ങള്‍ സ്വാഭാവികം!

പക്ഷെ കടുത്ത പെണ്‍പക്ഷ മനോഭാവം വിനയന്റെ കൂടെ അന്നേ ഉണ്ടായിരുന്നുവെന്നും അത് പിന്നീട് പൂര്‍വ്വോത്തരം ശക്തിയോടെ തുടര്‍ന്നുവെന്നും ഞാനറിയാതെ തന്നെ ഞാന്‍ ക്രമേണ മനസ്സിലാക്കിയിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാടക സംഘത്തോടൊപ്പം അയാള്‍ കേരളം മുഴുവന്‍ കറങ്ങിയ കാര്യവും പത്തൊമ്പതാമത്തെ വയസ്സില്‍ തന്നെ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു നാടക സംഘം രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത വിവരവുമൊക്കെ ഞാന്‍ പിന്നീട് അറിഞ്ഞെടുത്ത കാര്യങ്ങളായിരുന്നു. വീട്ടുപണികള്‍ ആഹ്‌ളാദപൂര്‍വ്വം ചെയ്ത് ചുറ്റും സ്‌നേഹം പരത്താനുള്ള വിനയന്റെ പ്രത്യേക കഴിവിനെപ്പറ്റി വിനയന്റെ അമ്മ തന്നെ എഴുതിയ താഴെ പറയുന്ന വരികള്‍ വളരെക്കാലത്തിനു ശേഷം വായിച്ചപ്പോള്‍ അന്നത്തെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിനയന്‍ സര്‍വഥാ യോഗ്യനായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

'വീട്ടിലെത്തിയാല്‍ അയാളുടെ ആദ്യത്തെ പണി ഒരു 'സമഗ്രമാറ്റം' വരുത്തുക എന്നതായിരിക്കും. വീട്ടുസാധനങ്ങളുടെ സ്ഥാനം മാറ്റുന്നു, അടിച്ചുവാരുന്നു, തുടയ്ക്കുന്നു. വലിച്ചു വാരിയിട്ടിരിക്കുന്ന എന്റെ എഴുത്തുമേശയില്‍ കൈ വെയ്ക്കുന്നു. ആ ഒതുക്കലും വൃത്തിയാക്കലും ഏതാണ്ട് രാത്രി വരെ തുടരും. എല്ലാം കഴിയുമ്പോള്‍ വീട് മനോഹരമായിരിക്കും എന്ന് തീര്‍ച്ച. പതിഞ്ഞ ശബ്ദത്തില്‍ ഏതെങ്കിലും പാട്ടുവെച്ച് മങ്ങിയ വെളിച്ചമുള്ള വിളക്കുകള്‍ മാത്രം കത്തിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പുകച്ച്, വീടിനെ മായാലോകമാക്കുന്ന ഒരു വിദ്യ വിനയന് അറിയാം.'

(ആരു നീ? - സാറാ ജോസഫ്)

മത്തായി സെന്ററിലെ പഠനം കഴിഞ്ഞ് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം വിനയന്റെ ട്രൂപ്പിന്റെ 'ഊര്‍മ്മിള' എന്ന പ്രൊഡക്ഷന്‍ ഡല്‍ഹിയില്‍ വെച്ചു കണ്ടപ്പോള്‍ വിനയനിപ്പോഴും സ്ത്രീപക്ഷ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി സജീവമാണല്ലൊ എന്ന് ഞാന്‍ ആഹ്‌ളാദത്തോടെ തിരിച്ചറിഞ്ഞു. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനയന്‍ ചോദിച്ച ചോദ്യങ്ങളൊക്കെ വളരെ സാമൂഹ്യ പ്രസക്തിയുള്ളവയായിരുന്നുവെന്ന് ഇക്കാലത്തിനകം ഞാനും മനസ്സിലാക്കി കഴിഞ്ഞിരുന്നു. നിമ്മി റാഫേല്‍ സംവിധാനം ചെയ്തവതരിപ്പിച്ച ആ പ്രൊഡക്ഷനില്‍ 'ഊര്‍മ്മിള'യുടെ വിചാരങ്ങളിലൂടെ സ്വന്തം കാര്യങ്ങള്‍ പോലും തീരുമാനിച്ച് നടപ്പിലാക്കാന്‍ സ്ത്രീകളെ അനുവദിക്കാത്ത സമൂഹത്തിലെ ആണ്‍മേല്‍ക്കോയ്മയെ പച്ചയ്ക്ക് തുറന്നു കാണിക്കാനും ചോദ്യം ചെയ്യാനുമായിരുന്നു 'ടീം ആദിശക്തി' ശ്രമിച്ചത്. ആ നാടകത്തില്‍ വളരെ പ്രധാന്യമുള്ള ഒരു വേഷത്തില്‍ അഭിനയിച്ച വിനയന്റെ മനസ്സും ശരീരവും സമര്‍പ്പിച്ച അഭിനയവും 'ഊര്‍മ്മിള' ഉയര്‍ത്തിയ സ്ത്രീപക്ഷ വിചാരങ്ങളുമൊക്കെ അന്നത്തെപ്പോലെ ഇന്നും വിനയന്‍ സ്ത്രീമനസ്സുകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നതിനുള്ള സാക്ഷിപത്രങ്ങളായിരുന്നു.

'ആദിശക്തി'യില്‍ വെച്ച് ഞങ്ങള്‍ കണ്ട വിനയന്‍ എഴുതി സംവിധാനം ചെയ്ത 'എ വിമന്‍ ഓര്‍ നോട്ട് ടു ബി'യിലും പെണ്‍മനസ്സിലൂടെയാണ് വിനയന്‍ നമ്മളെ നടത്തിക്കൊണ്ടുപോകുന്നത്. ഷെക്‌സ്പിയറിന്റെ ഹാംലറ്റിന്റെ കഥയെ വളരെ വിദഗ്ദമായി ഒരു പെണ്‍പക്ഷ ചട്ടുകം കൊണ്ട് അകം പുറം തിരിച്ചിട്ട് തയ്യാറാക്കിയ ഈ നാടകത്തില്‍ അമ്മയുടെ മരണത്തിനുത്തരവാദിയായവരെ വകവരുത്തി പ്രതികാരം ചെയ്യുന്നത് ഒരു പെണ്‍കുട്ടിയാണെങ്കില്‍ എങ്ങനായിരിക്കും അത് സമൂഹത്തില്‍ വിലയിരുത്തപ്പെടുക എന്ന പ്രമേയത്തെ അതിന്റെ എല്ലാ സങ്കീര്‍ണ്ണ അര്‍ത്ഥതലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏറ്റവും ശക്തമായി വിനയന്‍ അവതരിപ്പിക്കുമ്പോള്‍ ഇത്രമേല്‍ സ്ത്രീപക്ഷവാദം ഇയാളില്‍ എങ്ങനെ നിറഞ്ഞുവെന്ന് നമ്മള്‍ അത്ഭുതം കൂറും.

സ്ത്രീ എന്ന 'ആദിശക്തിയുടെ' കരുത്തു തന്നെയാണ് തന്റെ മുഴുവന്‍ ജീവിതത്തിലും ശക്തിയും ഊര്‍ജ്ജവും പകര്‍ന്നു തന്നത് എന്നാണ് വിനയന്റെ പക്ഷം. തന്റെ നാളിതു വരെയുള്ള ജീവിതത്തിന് അര്‍ത്ഥവും ഉദ്ദേശ്യവും കാമ്പും നല്‍കിയത് 'മൂന്നു പെണ്ണുങ്ങളായിരുന്നു' എന്നാണ് മറ കൂടാതെ, മടി കൂടാതെ 'സാമൂഹ്യ പാഠത്തിന്' വേണ്ടി പിന്നീട് സംസാരിച്ചപ്പോള്‍ വിനയന്‍ എന്നോട് പറഞ്ഞത്.

വിനയനും നിമ്മിയും അരങ്ങില്‍

ആദ്യം മുതല്‍ തന്നെ അമ്മ തന്നെയായിരുന്നു വിനയന്റെ നാടക മോഹങ്ങള്‍ക്ക് താങ്ങും തുണയും വഴികാട്ടിയും. അമ്മയോടുള്ള ആ അടുപ്പം അമ്മയെപ്പിരിഞ്ഞ് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഒട്ടും കുറയാതെ വിനയനോടൊപ്പം തന്നെയുണ്ട്.

'ലോകത്തെവിടെയായിരുന്നാലും വിനയന്‍ ദിവസവും എന്നെ വിളിച്ചിരിക്കും' എന്ന് അഭിമാനപൂര്‍വ്വം സാറട്ടീച്ചര്‍ സാക്ഷ്യപ്പെടുത്തിയ കാര്യം ഒരു ഫോണ്‍ സംഭാഷണത്തിനിടയില്‍ ഞാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ 'അത് ശര്യാട്ടാ, അമ്മേനെ ഞാന്‍ വിളിച്ചില്ലെങ്കില്‍ അത് നെറ്റ്വര്‍ക്ക് കിട്ടാത്ത വല്ലേടത്തുമൊക്കെ ആയോണ്ടായിരിക്കും' എന്ന് തൃശൂര്‍ച്ചുവയുള്ള മലയാളത്തില്‍ വിനയനും ശരിവെച്ചു തന്നു. ദൂരം കൊണ്ട് വേര്‍പിരിക്കപ്പെട്ട എത്ര അമ്മമാര്‍ക്കും മക്കള്‍ക്കും ഇത്തരത്തില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ പറ്റും?

അമ്മയെന്നതിലുപരി സാറാ ജോസഫ് എന്ന എഴുത്തുകാരിയോടും വിനയന്‍ നിരന്തരം സമ്പര്‍ക്കത്തിലിരുന്നു കൊണ്ടേയിരുന്നു എന്നതിന്റെ തെളിവുകളാണ് പല കാലങ്ങളിലായി അമ്മയുടെ സൃഷ്ടികളെ അധികരിച്ച് വിനയന്‍ ചെയ്ത പ്രൊഡക്ഷനുകള്‍. 'ഭൂമിരാക്ഷസം' എന്ന സാറാ ജോസഫിന്റെ കഥയെ അധികരിച്ചു ചെയ്ത ഏറെ വിജയകരമായ പ്രൊഡക്ഷനായ 'ഭൂമി'യടക്കമുള്ള ഈ പങ്കാളിത്ത സൃഷ്ടികളൊക്കെത്തന്നെ ആ അമ്മയും മകനും ഒരു പോലെ വിശ്വസിക്കുന്ന സ്ത്രീപക്ഷ വിചാരങ്ങള്‍ പങ്കുവെക്കുന്നവയായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠന ശേഷം കഷ്ടിച്ച് ഒരു വര്‍ഷത്തിനു ശേഷം വീണാപാണി ചാവ്‌ള എന്ന തിയേറ്റര്‍ പ്രതിഭയുടെ സ്വപ്ന പദ്ധതിയായ 'ആദിശക്തി' ലബോറട്ടി ഫോര്‍ തിയേറ്റര്‍ ആര്‍ട് റിസര്‍ച്ചില്‍ ചെന്നെത്തിയ വിനയന് അവരുടെ ശിക്ഷണവും മമതയുമൊക്കെ മറ്റൊരമ്മയുടെ കരുതലും തണലുമാണ് നല്‍കിയതെന്ന് അയാളോര്‍ക്കുന്നു. കാല്‍നൂറ്റാണ്ടിലധികം വീണാപാണിക്കൊപ്പം നാടക ഗവേഷണങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും കൂടിയാട്ടത്തെയും കളരിപ്പയറ്റിനെയുമൊക്കെപ്പറ്റിയുള്ള പഠനങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ചു ജീവിച്ചതില്‍ നിന്ന് നേടിയ ഉള്‍ക്കാഴ്ചകളാണ് 2019 ല്‍ വീണാപാണിയുടെ വിയോഗത്തിനു ശേഷം ആദിശക്തിയെ മുന്നോട്ടു കൊണ്ടു പോകാനുള്ള ചുക്കാന്‍ ഏറ്റെടുക്കാന്‍ 'വിനയകുമാര്‍ കെ.ജെ' എന്ന തന്നെ പ്രാപ്തനാക്കിയത് എന്ന് വിനയന്‍ ഉറച്ചു വിശ്വസിക്കുന്നു.

വീണാപാണി ചാവ്‌ള

ജീവിതത്തിലും നാടകത്തിലും സഹയാത്രികയായ 'ആദിശക്തി'യിലെ കരുത്തുറ്റ കലാകാരി നിമ്മി റാഫേലാണ് തന്നെ താനാക്കിയ മൂന്നാമത്തെ സ്ത്രീശക്തി എന്നു വിനയന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ 'എന്റെ വിജയത്തിന്റെ പ്രധാന കാരണം ''ജീവിതപങ്കാളിയെന്ന നോ നോണ്‍സെന്‍സ് ലേഡിയാണ്' എന്ന വിഖ്യാത നോവലിസ്റ്റ് സ്റ്റീഫന്‍ കിങിന്റെ വരികളാണ് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞത്. 'ഊര്‍മ്മിള'യിലും 'എ വിമന്‍ ഓര്‍ നോട്ട് ടു ബി'യിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്ത്രീപക്ഷ ചിന്തകള്‍ പ്രേക്ഷകര്‍ക്കുള്ളില്‍ അസ്വസ്ഥതയുടെ വിത്തുകളായി പാകിയിട്ട നിമ്മി റാഫേലിന്റെ പെണ്‍കരുത്തിനു പുറകിലെ പുരുഷശക്തിയെയും നമ്മള്‍ തിരിച്ചറിയുക വിനയന്റെ ഈ സാക്ഷ്യത്തില്‍ നിന്നു തന്നെയാണ്!

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കൂടെ അഭിനയവും നാടകവും പഠിച്ചവര്‍ പലരും സിനിമയുടെ മായിക ലോകത്തേക്കും വിദേശ സര്‍വ്വകലാശാലകളിലേയ്ക്കുമൊക്കെ പറിച്ചു നട്ടപ്പോള്‍ ഇപ്പോഴും നാട്ടിന്‍ പുറത്തിന്റെ മുഖഛായ നഷ്ടപ്പെടാത്ത, പോണ്ടിച്ചേരിയുടെ പ്രാന്ത പ്രദേശത്തുള്ള ആദിശക്തിയില്‍ നാടകത്തിനായി മാത്രം മൂന്നു പതിറ്റാണ്ടിലധികമായി ഒതുങ്ങിക്കൂടിയയാളാണ് വിനയന്‍. എവിടെയും തങ്ങാതെ, ഒരിടത്തും പച്ചപിടിക്കാതെ ഉരുണ്ടു കൊണ്ടേയിരിക്കുന്ന കലാലോകത്തെ വെറുമൊരു ഭാഗ്യാന്വേഷിയല്ല വിനയനെന്നും, മറിച്ച് ക്ഷമയോടെ, സംതൃപ്തിയോടെ, അഭിമാനത്തോടെ സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നാടകതപസ്യ തുടരുന്ന കര്‍മ്മയോഗിയാണെന്നും സ്വന്തം ജീവിതം കൊണ്ട് അയാള്‍ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.

ആള്‍ക്കൂട്ടത്തില്‍ നിന്നകന്നു മാറി കലാസപര്യ ചെയ്യുന്നതിനിടയിലും അംഗീകാരങ്ങളും അവസരങ്ങളും നിറയെ വിനയനെ തേടി വന്നിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വീണാപാണി ചാവ്‌ളയ്‌ക്കൊപ്പം ഇംപ്രഷന്‍സ് ഓഫ് ഭീമ, ഗണപതി, ബൃഹന്നള, ദ ടെന്‍ത്ത് ഹെഡ് തുടങ്ങിയ പ്രൊഡക്ഷനുകളുമായി ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി സ്റ്റേജുകളില്‍ നിറഞ്ഞാടാന്‍ ഭാഗ്യം ലഭിച്ച വിനയന്, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടേതടക്കം പല ഉന്നത പഠന, ഗവേഷണ അവസരങ്ങളും അംരേഷ് പുരി സമ്മാനമടക്കമുള്ള അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.

സിനിമയല്ല താന്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തന രംഗമെങ്കിലും സിനിമാരംഗത്തെ പല പ്രതിഭകളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് വിനയന്‍. മലയാള സിനിമയിലെയും ബോളിവുഡിലേയും തെലുങ്ക് സിനിമയിലേയുമൊക്കെ പ്രതിഭാധനരായ പല സംവിധായകരും നടന്മാരുമൊക്കെ അവരവരുടെ മേഖലകളില്‍ കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും നേടാന്‍ 'ആദിശക്തി'യില്‍ വന്നെത്തുന്നത് ഈയിടെയായി ഒരു പതിവായിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നു മാത്രം ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, റീമാ കല്ലിങ്കല്‍, ജോജു ജോര്‍ജ്ജ്, മഹേഷ് നാരായണന്‍, ദര്‍ശനാ രാജേന്ദ്രന്‍, റോഷന്‍ മാത്യു, സരിന്‍, പാര്‍വ്വതി തിരുവോത്ത്, ദിവ്യ പിള്ള എന്നിങ്ങനെ ഇടയ്ക്ക് ആദിശക്തിയില്‍ വന്ന് വിനയന്റെ അതിഥ്യവും അറിവും അറിഞ്ഞു മടങ്ങുന്നവരുടെ ലിസ്റ്റ് വളരെ വലുതാണ്.

ജീവിത വിജയത്തിനായി നെട്ടോട്ടമോടാതെ തന്നെ വിനയനെ നേടിയെത്തുന്ന അംഗീകാരങ്ങളും അവസരങ്ങളും സൗഹൃദങ്ങളും കാണുമ്പോള്‍ പ്രിയ സുഹൃത്തും കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവിയുമായ ഡോ. സാജു തുരുത്തില്‍ ഒരിക്കലെന്നോട് പങ്കുവെച്ച 'ഇരുമ്പുണ്ട സിദ്ധാന്ത'മാണ് മനസ്സിലെത്തിയത്.

'മോനെ, ഏതു പണിയെടുത്താലും അത് നന്നായി ചെയ്യുക. അതിന്റെ ഫലം കിട്ടും. സ്വര്‍ണ്ണക്കട്ടയുണ്ടാക്കിയാലും നന്നായി ഉണ്ടാക്കിയില്ലെങ്കില്‍ ഒരാളും തിരിഞ്ഞു നോക്കില്ല. ഇരുമ്പുണ്ടയാണുണ്ടാക്കുന്നതെങ്കിലും അത് ഏറ്റവും നന്നായി ചെയ്താല്‍ മേടിക്കാന്‍ അമേരിക്കയില്‍ നിന്നു വരെ ആളെത്തും!' എന്ന സ്വന്തം അമ്മയുടെ വാക്കുകളാണ് ചിത്രകലയില്‍ ഉറച്ചു നിന്ന് ഏറ്റവും ശ്രദ്ധയോടെ കലയും കാലക്ഷേപവും ഒരുമിച്ച് വിജയപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ സഹായിച്ചതെന്നും ആ 'ഇരുമ്പുണ്ട സിദ്ധാന്ത'മായിരുന്നു പിന്നീടുള്ള തന്റെ ജീവിതത്തിന്റെ വഴിവിളക്കെന്നുമാണ് സാജുവിന്റെ സാക്ഷ്യം.

അന്നുതൊട്ടിന്നോളം സ്വയം തിരഞ്ഞെടുത്ത മേഖലകളില്‍ ആത്മാര്‍പ്പണത്തോടെ, ആഹ്‌ളാദത്തോടെ കഠിന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കാണുമ്പോഴൊക്കെ അവരെ 'ഇരുമ്പുണ്ടയുണ്ടാക്കുന്നവരായി' സങ്കല്‍പിക്കുന്ന ഒരു ദുഃശീലം എനിക്ക് വന്നുപെട്ടിട്ടുണ്ട്!

ഇപ്പോഴും ഓരോ പ്രൊഡക്ഷനും വേണ്ടി മാസങ്ങളോളം കഠിന പ്രയത്‌നം ചെയ്ത ശേഷം വിനയനും ആദിശക്തി ടീമും ഇന്ത്യയ്ക്കകത്തും പുറത്തും തങ്ങളുടെ പുതിയ സൃഷ്ടിയുമായി വീണ്ടുമൊരിക്കല്‍ കൂടി പ്രേക്ഷകര്‍ക്കു മുമ്പിലെത്തും. പിന്നീട് വീണ്ടും ആദിശക്തിയിലേക്ക് തിരിച്ചു പോകുന്നത് പുതിയൊരു സൃഷ്ടിക്കു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കും പാകപ്പെടുത്തലുകള്‍ക്കുമായായിരിക്കും.

ഏറ്റവുമൊടുവില്‍ വിനയനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ സാറട്ടീച്ചറുടെ മറ്റൊരു വര്‍ക്കിന്റെ നാടകഭാഷ്യം രചിക്കാനുള്ള പണിപ്പുരയിലാണയാള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അങ്ങനെ സ്വന്തം വഴിയില്‍ 'അമ്മയുടെയും ആദിശക്തിയുടേയും വിനയന്‍' ഇനിയും മുന്നോട്ടു തന്നെ നടക്കുകയാണ്, വിനയപൂര്‍വ്വം ; വിശ്വാസപൂര്‍വ്വം!

Babu P Ramesh column about theatre artist Vinayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല

കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

എന്നെ എങ്ങനെ താക്കീത് ചെയ്യും?; ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത് ഞാന്‍ അല്ല; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍

മോഹൻലാൽ ചിത്രം 'ദൃശ്യം 3'യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം; നിയമനടപടിയുമായി ഉടമ

SCROLL FOR NEXT