എംഎന്‍ ഗോവിന്ദന്‍ നായന്‍ നായരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട്  
News+

''ഒന്നുകില്‍ നിങ്ങള്‍ക്കെന്നെ രക്ഷപ്പെടാന്‍ സഹായിക്കാം, അല്ലെങ്കില്‍ പൊലീസില്‍ പിടിച്ചു കൊടുക്കാം''

എംഎന്‍ ഗോവിന്ദന്‍ നായരുടെ 42-ാം ചരമ വാര്‍ഷിക ദിനമാണ് നവംബര്‍ 27

ബൈജു ചന്ദ്രൻ

ഒരുപാട് ഒരുപാട് ആയാസപ്പെട്ടാണ് ആ നട്ടപ്പാതിരാ നേരത്ത്, ആശുപത്രിയുടെ കൂറ്റന്‍ മതിലില്‍ തപ്പിപ്പിടിച്ചുകയറി എങ്ങനെയൊക്കെയോ മുകളിലെത്തി അപ്പുറത്തേക്ക് തന്നത്താന്‍ എടുത്തെറിഞ്ഞത്. ഒരു നിമിഷം പോലും കളയാതെ വീണിടത്തു നിന്നെഴുന്നേറ്റ് പാഞ്ഞോടി, നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ രണ്ടു സഖാക്കള്‍ മാത്രം കാത്തുനില്‍പ്പുണ്ട്.

'കാറൊന്നും വന്നിട്ടില്ല സകാവേ' ഒരു നിമിഷം ഹൃദയം നിന്നുപോകുന്നതുപോലെ തോന്നി.

ഇനിയെന്തു ചെയ്യും? ആലോചിക്കാന്‍ നേരമില്ല. ഓടാം. ശരീരത്തെ ഒട്ടും ആയാസപ്പെടുത്തരുതെന്നും ആകാവുന്നിടത്തോളം പൂര്‍ണവിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതൊന്നും അപ്പോള്‍ മനസ്സിലുണ്ടായിരുന്നില്ല. എത്രയും വേഗം ഈ പ്രദേശത്തുനിന്നും രക്ഷപെടണം എന്ന ഒരേയൊരു ചിന്ത മാത്രം. കൊടും കൂരിരുളിനെ കീറിമുറിച്ചുകൊണ്ട് ആ വിപ്ലവകാരി അതിവേഗത്തില്‍ മുന്നോട്ടോടിക്കൊണ്ടേയിരുന്നു......

പിസി ജോഷി ജനറൽ സെക്രട്ടറിയായിരിക്കെ കേരളം സന്ദർശിച്ചപ്പോൾ. സമീപം പിആര്‍ നമ്പ്യാര്‍, ഇരിക്കുന്നത് ഇഎംഎസ്

വര്‍ഷം 1949. അതിനൊരു വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നയപരിപാടികളെയും പ്രവര്‍ത്തനശൈലിയെയുമെല്ലാം മാറ്റിമറിച്ച നിര്‍ണ്ണായകമായ ചില സംഭവവികാസങ്ങള്‍ ഉണ്ടായത്. ആ രാഷ്ട്രീയ ഉരുള്‍പൊട്ടലിന്റെ പേര് കല്‍ക്കട്ടാ തീസീസ് എന്നായിരുന്നു.

1948 ഫെബ്രുവരിയില്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് പിസി ജോഷിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയശേഷം ബിടി രണദിവെയെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. റെനഗേഡ്' ആയി പ്രഖ്യാപിച്ചുകൊണ്ട് ജോഷിയെ പാര്‍ട്ടിയില്‍നിന്നുതന്നെ നിഷ്‌കാസനം ചെയ്തു. നെഹ്‌റു ഗവണ്‍മെന്റിനെതിരെ വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള രണദിവേയുടെ തീസിസ് പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. രാജ്യവ്യാപകമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഗ്യം ലഭിച്ചവര്‍ ഒളിവു ജീവിതത്തിലേക്ക് കൂപ്പുകുത്തി.

എംഎന്‍, യുവത്വകാലത്തെ ചിത്രം

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ പുന്നപ്ര വയലാര്‍ കേസില്‍ രണ്ടാംപ്രതിയായി ജയിലില്‍ കിടക്കുകയായിരുന്നു. തിരുവിതാകൂറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് എമ്മെന്‍ ജയില്‍ വിമോചിതനാകുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയ എമ്മെന്‍ നേരെ ഇറങ്ങിച്ചെന്നത് തിരഞ്ഞെടുപ്പ് രംഗത്തേക്കാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ടിവി തോമസ്, എന്‍ ശ്രീകണ്ഠന്‍ നായര്‍, പിടി പുന്നൂസ്, കെആര്‍ ഗൗരി, ടികെ ദിവാകരന്‍ തുടങ്ങിയ സകലരും പരാജയപ്പെട്ടു. 'സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പേരില്‍ ഏത് കുറ്റിച്ചൂലിനെ നിറുത്തിയാലും ജയിക്കും 'എന്ന പട്ടം താണുപിള്ളയുടെ പ്രസ്താവനയെ ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും അടങ്ങുന്ന ഇടതുപക്ഷത്തെ മുഖ്യശത്രുക്കളായി പ്രഖ്യാപിച്ച സ്റ്റേറ്റ് കോണ്‍ഗ്രസ്സ്, അല്പനാളുകള്‍ക്ക് മുമ്പുവരെ സര്‍ സിപിയുടെ കിങ്കരന്‍മാരായി പ്രവര്‍ത്തിച്ചിരുന്ന എന്‍എസ്എസിന്റെ മന്നത്ത് പത്മനാഭ പിള്ള, എസ്എന്‍ഡിപിയുടെ ആര്‍ ശങ്കര്‍, മുസ്ലീം ലീഗിന്റെ പികെ കുഞ്ഞ് തുടങ്ങിയവരെ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. അവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിച്ച് നിയമസഭാംഗങ്ങളാക്കുകയും ചെയ്തു.

തിരുവിതാംകൂറില്‍ പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടിഎം വര്‍ഗ്ഗീസ്, സി കേശവന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന്റെ പതിനൊന്നാം ദിവസം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്തു തടങ്കലിലടച്ചു. അക്കൂട്ടത്തില്‍ ഒന്നാമത്തെ പേരുകാരനായിരുന്നു എംഎന്‍ ഗോവിന്ദന്‍ നായര്‍.

ടി വി തോമസ് കെ ആര്‍ ഗൗരിയമ്മ

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് എമ്മെനെ പാര്‍പ്പിച്ചിരുന്നത്. ടിവി തോമസും ആര്‍ സുഗതനും കെആര്‍ ഗൗരിയുമടക്കമുള്ള മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളും എമ്മെന്റെ ഒപ്പം അവിടുത്തെ തടവുകാരായിരുന്നു. എമ്മെന്‍ തന്നെയായിരുന്നു ജയിലിലെ പാര്‍ട്ടി സെക്രട്ടറിയും. എങ്ങനെയെങ്കിലും ജയിലില്‍ നിന്ന് പുറത്തിറങ്ങി പാര്‍ട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന ഒരൊറ്റ വിചാരമേ അപ്പോള്‍ എമ്മെന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. കമ്മ്യൂണിസ്റ്റുകാരനെ പേപ്പട്ടിയെപ്പോലെ കരുതി വേട്ടയാടിയിരുന്ന ആ നാളുകളില്‍ അതെങ്ങനെ സാധ്യമാകും എന്ന് ഒരുപിടിയുമുണ്ടായിരുന്നില്ല. ആദ്യം ജയിലില്‍ നിന്ന് ഒന്നു പുറത്തിറങ്ങണമല്ലോ. പിന്നെയല്ലേ, പാര്‍ട്ടി പ്രവര്‍ത്തനം?

ആ സമയത്ത് എമ്മെന് തുടര്‍ച്ചയായ ചുമ പിടികൂടി. ഒപ്പം കടുത്ത പനിയും. ജയിലിലെ ചികിത്സ കൊണ്ടൊന്നും മാറുന്നില്ല. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാര്യമായ പരിശോധനകള്‍ നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ക്കൊരു സംശയം. വിട്ടുമാറാത്ത ഈ ചുമ പ്ലൂറസി എന്ന രോഗത്തിന്റെ ലക്ഷണമാണോ, അതോ മാരകരോഗമായ ക്ഷയമാണോ എന്നുള്ളതായിരുന്നു അത്. അധികം വൈകാതെ തന്നെ എമ്മെനെ നാഗര്‍ കോവിലിലുള്ള ടിബി സാനട്ടോറിയത്തിലേക്ക് മാറ്റാനുള്ള നടപടി കൈക്കൊണ്ടു. കടുത്ത പൊലീസ് ബന്തവസ്സോടുകൂടിയാണ് എമ്മെനെ അവിടെ പാര്‍പ്പിച്ചത്. കാവലിനുവേണ്ടി പ്രത്യേകമായൊരു താല്‍ക്കാലിക പൊലീസ് ഔട്ട്പോസ്റ്റു തന്നെ സാനട്ടോറിയത്തില്‍ സ്ഥാപിച്ചു.

സാനട്ടോറിയത്തില്‍ നിന്നു ലഭിച്ച കൃത്യമായ ചികിത്സയും ഫലപ്രദമായ മരുന്നുകളും നല്ല ഭക്ഷണവും ചിട്ടയായ ജീവിതവുമെല്ലാം കൂടി എമ്മെന്റെ ആരോഗ്യം നന്നായി മെച്ചപ്പെടാന്‍ സഹായിച്ചു. പക്ഷെ അപ്പോഴും എമ്മെന്റെ മനസ്സ് സദാ വേവലാതിപ്പെടുകയായിരുന്നു. വളരെക്കാലത്തെ കഠിന പ്രയത്‌നവും അശ്രാന്ത പരിശ്രമവും കൊണ്ടാണ് തിരുവിതാംകൂറില്‍ സാമാന്യം സ്വാധീന ശക്തിയുള്ള രാഷ്ട്രീയ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തതും, ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകള്‍ക്ക് ബദലായി കൊല്ലം കേന്ദ്രീകരിച്ച് ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുത്തതും. പാര്‍ട്ടിയുടെ തെറ്റായ നയസമീപനവും കരുത്തരായ നേതാക്കന്മാരുടെ അഭാവവും കാരണം അതെല്ലാം അതിവേഗം തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന വിവരം പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷികളില്‍ നിന്ന് രഹസ്യമായി എമ്മെന്‍ അറിയുന്നുണ്ടായിരുന്നു.

ആര്‍. ശങ്കര്‍, പട്ടം താണുപിള്ള, പി.ടി. ചാക്കോ എന്നിവര്‍

എത്രയോ പേര്‍ ജീവനും കുടുംബവുമെല്ലാം ത്യജിച്ചു കൊണ്ട് പാടുപെട്ടുണ്ടാക്കിയ പ്രസ്ഥാനം തകര്‍ന്നുപോകാന്‍ അനുവദിക്കില്ലെന്ന് എമ്മെന്‍ മനസ്സാ പ്രതിജ്ഞയെടുത്തു. മാത്രമല്ല ഈ മാരകരോഗം പിടിപെട്ട തനിക്ക് ഇനിയെത്രനാള്‍ ജീവിതമുണ്ടാകുമെന്നുറപ്പില്ല. ശേഷിച്ച ആയുഷ്‌കാലം മുഴുവനും പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞു വെയ്ക്കണം. അതുകൊണ്ട് എത്ര സാഹസികമായിട്ടായാലും ജയിലില്‍ നിന്നു പുറത്തുചാടി പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണമെന്ന് എമ്മെന്‍ നിശ്ചയിച്ചു. അതെങ്ങനെ സാധ്യമാകും എന്ന ആലോചനകളായിരുന്നു പീന്നീട്.

ആശുപത്രിയില്‍ എമ്മെന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കു വിധേയനായിട്ടാണ് കഴിഞ്ഞിരുന്നത്. മുഴുവന്‍ സമയവും പൂര്‍ണ്ണ ബന്തവസ്സില്‍ അടച്ചിട്ട മുറിയില്‍ കഴിയേണ്ടി വന്നു. ചികിത്സയുടെ ഭാഗമായി കാറ്റും വെളിച്ചവും കൊള്ളാനായി പുറത്തിറങ്ങുന്ന സമയത്തുപോലും ഇരുവശങ്ങളിലും പൊലീസുകാരുണ്ടാകും. അക്കാര്യത്തെ സംബന്ധിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടൊന്നും ഒരു വിശേഷവുമില്ലെന്നുകണ്ടപ്പോള്‍ എമ്മെന്‍ അറ്റകൈയായ ആയുധം പുറത്തെടുത്തു. നിരാഹാരസമരം. എംഎന്‍ ഗോവിന്ദന്‍ നായരെപ്പോലെ വലിയൊരു താരപരിവേഷമുള്ള രാഷ്ടീയനേതാവ്, അതുമാത്രമല്ല തങ്ങള്‍ ഒരുപാട് പ്രയാസപ്പെട്ട് മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഒരു മഹാരോഗി - അങ്ങനെയൊരാളെ വീണ്ടും അപകടാവസ്ഥയിലേക്ക് പറഞ്ഞയയ്ക്കുന്നതിലെ റിസ്‌ക് ബോദ്ധ്യപ്പെട്ട അധികൃതര്‍ ഒടുവില്‍ എമ്മെന് സാനട്ടോറിയത്തിനുള്ളില്‍ ആവശ്യത്തിന് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാമെന്നു തീരുമാനിച്ചു. അപ്പോഴേക്കും തന്റെ സൗഹൃദം കവിഞ്ഞൊഴുകുന്ന പെരുമാറ്റംകൊണ്ടും ആരെയും വീഴ്ത്തുന്ന ചിരി കൊണ്ടും പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയുമൊക്കെ എമ്മെന്‍ കയ്യിലെടുത്തിരുന്നു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപെടുന്നതിനെക്കുറിച്ചുള്ള ആലോചനകളായിരുന്നു എമ്മെന്റെ മനസ്സു നിറയെ അപ്പോഴും.

ജയിലില്‍ നിന്ന് പുറത്തുകടന്നാല്‍ മാത്രം പോരല്ലോ, ഈ പ്രദേശത്തുനിന്നുതന്നെ രക്ഷപ്പെട്ട് ഒരു സുരക്ഷിത സ്ഥാനത്ത് അഭയം പ്രാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. ഇവിടെ നിന്ന് വളരെപ്പെട്ടെന്നുതന്നെ അകലെ എവിടേയ്‌ക്കെങ്കിലും എത്തിച്ചേരാനായി ഒരു വാഹനം വേണം.

രാപകലുകള്‍ നീണ്ട ആലോചനകള്‍ക്കുശേഷം ഒടുവില്‍ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. എത്രയും പെട്ടെന്നുതന്നെ ഇവിടെ നിന്നും രക്ഷപെടണം. അതിനടിയന്തരമായി വേണ്ടത് കുറച്ചു പണമാണ്.

പിടി പുന്നൂസ്

അന്ന് സാനട്ടോറിയത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരുടെ കൂട്ടത്തില്‍ എമ്മെന് വളരെ അടുപ്പമുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. കൊല്ലത്തെ പേരുകേട്ട ഒരു സമ്പന്ന ഈഴവ കുടുംബത്തിലെ അംഗമായ പഴവിള ശ്രീധരന്‍. എമ്മെന്‍ പഴവിളയോട് നൂറ്റമ്പതു രൂപ കടമായി ചോദിച്ചു. ചോദിക്കേണ്ട താമസം എന്താണ് ഇത്ര അത്യാവശ്യമെന്നുപോലും തിരക്കാതെ പഴവിള പണമെടുത്തു കൊടുത്തു. 'എന്നാല്‍ എനിക്കൊരു വാച്ചും കൂടിയിരിക്കട്ടെ' എന്നുപറഞ്ഞുകൊണ്ട് എമ്മെന്‍ പഴവിളയുടെ കയ്യില്‍ കെട്ടിയിരുന്ന വാച്ചഴിച്ചു വാങ്ങി സ്വന്തം കയ്യില്‍ കെട്ടി. ഇനിയിപ്പോള്‍ രക്ഷപെടേണ്ട ദിവസം നിശ്ചയിച്ചാല്‍ മാത്രം മതി. അതിനുള്ള വഴികളെ കുറിച്ചായി പിന്നെയുള്ള ചിന്തകള്‍ മുഴുവനും.

പെട്ടെന്നൊരു ദിവസം എമ്മെന്റെ വയറിന് അസുഖം പിടിപെട്ടു. വല്ലാത്തൊരു ദഹനക്കേട്. കൂടെക്കൂടെ കക്കൂസില്‍ പോകണം. സന്ധ്യ കഴിയുമ്പോഴാണ് അസുഖം കൂടുന്നത്. ആശുപത്രിയുടെ വിശാലമായ വെളിമ്പറമ്പിലെ ഒരൊഴിഞ്ഞ കോണിലേക്ക് കയ്യിലൊരു മൊന്തയില്‍ വെള്ളവുമായി ആവശ്യം സാധിക്കാന്‍ വേണ്ടി പോകുമ്പോഴൊക്കെ ഒപ്പം പൊലീസുകാരും ഉണ്ടാകും. അവര്‍ കൂടെ വേണമെന്ന് എമ്മെനായിരുന്നു വലിയ നിര്‍ബന്ധം. ദിവസവും ഇതു പലതവണയാവര്‍ത്തിച്ചു. കുറെയങ്ങോട്ട് ചെന്നിട്ടും അസുഖത്തിന് യാതൊരു കുറവുമില്ല. എന്നുതന്നെയല്ല, പറമ്പില്‍ പോകുന്നതിന്റെ തവണ കൂടാനും തുടങ്ങി. വെളിക്കിരിക്കുന്നതിനെടുക്കുന്ന സമയവും നീണ്ടു. ഇതു കുറെയായപ്പോള്‍ പൊലീസുകാര്‍ക്കാകെ മടുപ്പ് തോന്നിത്തുടങ്ങി. പക്ഷെ കൂടെച്ചെല്ലാതെ എമ്മെന്‍ സമ്മതിക്കുകയുമില്ല. എന്നാല്‍ പൊലീസുകാര്‍ക്കാകട്ടെ തടവുപുള്ളിയില്‍ പൂര്‍ണ്ണവിശ്വാസമായിരുന്നു. ഒടുവിലൊടുവിലായപ്പോള്‍ കൂടെച്ചെല്ലണമെന്ന് തടവുകാരന്‍ നിര്‍ബന്ധിച്ചാലും 'ഞങ്ങളിവിടിരുന്നോളാം സാറ് പോയേച്ചു വാ' എന്ന് പൊലീസുകാര്‍ പറയാന്‍ തുടങ്ങി.

അതിനിടെ മാര്‍ത്താണ്ഡം എന്ന സ്ഥലത്തുള്ള ഒരു പാര്‍ട്ടി അനുഭാവിയുമായി എമ്മെന്‍ കത്തുവഴി ബന്ധപ്പെട്ടിരുന്നു. ഇന്ന ദിവസം രാത്രിയില്‍ ഒരു ടാക്‌സി കാറില്‍ സാനട്ടോറിയത്തിന് പുറത്തുള്ള ഒരു പ്രത്യേക സ്ഥലത്ത് കാത്തു നില്‍ക്കണമെന്ന് എമ്മെന്‍ അയാളെ ശട്ടം കെട്ടി.

സിപി രാമസ്വാമി അയ്യർ

നിശ്ചിത ദിവസം പാതിരാനേരമായപ്പോള്‍ എമ്മെന്‍ പതിവുപോലെ ഒരു മൊന്ത വെള്ളവുമെടുത്തുകൊണ്ട് പറമ്പിലേക്ക് പോയി. പൊലീസുകാരുള്‍പ്പെടെ എല്ലാവരും പൂണ്ട ഉറക്കത്തിലായിരുന്നു അപ്പോള്‍. വളരെ ആയാസപ്പെട്ടുകൊണ്ട് ജയിലിന്റെ കോമ്പൗണ്ട് മതില് ചാടിക്കടന്ന എമ്മെന്‍ കത്തില്‍ പറഞ്ഞിരുന്ന സ്ഥാനത്തുചെന്നപ്പോള്‍ നേരത്തെ പറഞ്ഞേല്‍പ്പിച്ചതു പോലെ കാറൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല. പകരം രണ്ടു സഖാക്കള്‍ മാത്രം കാത്തു നില്‍പ്പുണ്ട്. ആദ്യമൊന്നു നടുങ്ങിപ്പോയി. പക്ഷെ അക്കാര്യമൊന്നും ചിന്തിച്ചു നില്‍ക്കാന്‍ അപ്പോള്‍ നേരമുണ്ടായിരുന്നില്ല. പ്രാണനും കയ്യില്‍പ്പിടിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നു പിന്നെ. മൈലുകളോളം നിറുത്താതെ ഓടിയാണ് അവരൊരു സുരക്ഷിത സ്ഥാനത്തെത്തിച്ചേര്‍ന്നത്. മാരക വ്യാധിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട, പൂര്‍ണ വിശ്രമവും അതിനുപുറമെ കൃത്യമായ ഇടവേളകളില്‍ മരുന്നും പോഷകസമൃദ്ധമായ ഭക്ഷണവും ഡോക്ടര്‍മാര്‍ കര്‍ശനമായി വിധിച്ചിരുന്ന മഹാരോഗിയാണ് ഒരോട്ടപ്പന്തയത്തിലെന്നവണ്ണം അന്നാ പാതിരാനേരത്ത് ദീര്‍ഘദൂരം ഓടിയതെന്നോര്‍ക്കണം.

ഒരു പ്രകാരത്തില്‍ കാറ് അന്നു വരാതിരുന്നത് നന്നായി എന്നു പിന്നീട് എമ്മെനു തോന്നി. കാരണം ടാക്‌സിയിലാണ് രക്ഷപ്പെട്ടിരുന്നതെങ്കില്‍, അതെവിടെ നിന്നു പിടിച്ചതാണെന്നും ആരാണേര്‍പ്പെടുത്തിക്കൊടുത്തതെന്നുമൊക്കെ തിരക്കിപ്പോയി ഒടുക്കം എമ്മെന്റെ അഭയസങ്കേതം കണ്ടുപിടിക്കാന്‍ പൊലീസിന് സാധിച്ചേനെ.

സാമാന്യം നല്ല വേഗത്തിലോടുകയും ഇടയ്ക്ക് എവിടെയെങ്കിലുമൊക്കെ നിന്ന് കിതപ്പകറ്റുകയും ചെയ്ത് ചെയ്ത്, ഏതാണ്ട് നേരം വെളുക്കുന്നതിന് മുന്‍പുതന്നെ എമ്മെന്‍ തക്കലയിലുള്ള ഒരു രഹസ്യ സങ്കേതത്തിലെത്തിച്ചേര്‍ന്നു. കുറച്ചു ദിവസങ്ങള്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. പിന്നെ ഒരു ടാക്‌സിയില്‍ കൊല്ലത്തേക്ക് തിരിച്ചു. ഒരു കുരുമുളക് കച്ചവടക്കാരന്റെ വേഷത്തിലുള്ള ആ യാത്ര കൊല്ലത്തെ ഒരു പഴയ പരിചയക്കാരനെക്കണ്ട് ഷെല്‍ട്ടര്‍ സംഘടിപ്പിക്കാനായിരുന്നു. നെടുമങ്ങാട് എത്തുമ്പോഴേക്കും നേരം പുലരാറായിരുന്നു. കാര്‍ അവിടുന്ന് നേരെ വിതുരയിലേക്ക് വിടാന്‍ പറഞ്ഞു. വിതുരയിലെ ഒരു കവലയില്‍ ചെന്നിറങ്ങിയ ശേഷം കാറ് പറഞ്ഞുവിട്ടു. ടാക്‌സിക്കാരന് കാശുകൊടുത്തുകഴിഞ്ഞപ്പോള്‍ കയ്യിലവശേഷിച്ചത് ആകെ അഞ്ചു രൂപയാണ്.

ചുറ്റുപാടും ഒന്നു കണ്ണോടിച്ചപ്പോള്‍ ഒരു ചായക്കട തുറന്നിരിക്കുന്നതുകണ്ടു. അതിന്റെ ചായ്പ്പിലായി ഒരു മുറുക്കാന്‍ കടയുമുണ്ട്. എമ്മെന്‍ നേരെ അങ്ങോട്ടേക്ക് ചെന്ന് നന്നായൊന്നു മുറുക്കി. നാലു കാശാണ് മുറുക്കാന്റെ വില. കൈവശമുണ്ടായിരുന്ന അഞ്ചു രൂപായുടെ നോട്ടെടുത്തുകൊടുത്തപ്പോള്‍ അല്‍പ്പം മുഷിഞ്ഞ മട്ടില്‍ ''ചില്ലറയില്ലെ''ന്ന് കടക്കാരന്‍ പറഞ്ഞു. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അവിടെ മാറിനില്‍ക്കുകയായിരുന്ന ഒരാള്‍ 'കാശ് ഞാന്‍ കൊടുത്തോളാ'മെന്ന് പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു. അയാള്‍ കടക്കാരന് കാശുകൊടുക്കുന്ന നേരത്ത്, അവിടെ തൂക്കിയിട്ടിരുന്ന തലേദിവസത്തെ കേരള കൗമുദി പത്രത്തിലേക്ക് എമ്മെന്റെ ശ്രദ്ധ പോയി. പത്രത്തിന്റെ ഒന്നാം പേജിലെ വലിയ തലക്കെട്ടു കണ്ട് എമ്മെന്റെ കണ്ണു തള്ളിപ്പോയി.

'നാഗര്‍ കോവില്‍ സാനട്ടോറിയത്തില്‍ നിന്ന് എംഎന്‍ ഗോവിന്ദന്‍ നായരൊഴികെ മറ്റാരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടോ?' എന്ന് നിയമസഭയില്‍ ചിദംബരനാഥ നാടാര്‍ ചോദിച്ച ചോദ്യമാണ് കേരളകൗമുദി തലക്കെട്ടാക്കിയത്. ആ സാഹസിക യാത്രയില്‍ എമ്മെന്‍ ആദ്യമായി പരിഭ്രമിച്ചുപോയത് ആ ഒരു നിമിഷത്തിലായിരുന്നു.

ഒന്നുകില്‍ നിങ്ങള്‍ക്കെന്നെ ഇവിടെനിന്നു രക്ഷപ്പെടാന്‍ സഹായിക്കാം.അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ പൊലീസില്‍ പിടിച്ചു കൊടുക്കാം

ഒരു പരിചയവുമില്ലാത്ത തനിക്കുവേണ്ടി പരപരാ വെളുത്തുവരുന്ന ഈ നേരത്ത് പണം ചെലവാക്കാന്‍ സ്വമേധയാ തയ്യാറായ ആ മനുഷ്യനെയും വിളിച്ചുകൊണ്ട് എമ്മെന്‍ അല്‍പ്പം ദൂരെ മാറിനിന്നു. തന്നെയിങ്ങനെ സഹായിക്കാനുള്ള കാരണമെന്താണെന്ന് എമ്മെന്‍ ചോദിച്ചു.

'അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഞാന്‍ ഒരു സാമാന്യ മര്യാദ കാണിച്ചുവെന്നേയുള്ളൂ' എന്നായിരുന്നു അയാളുടെ മറുപടി.

'എന്നാല്‍ നിങ്ങളെനിക്ക് ഒരു സഹായം കൂടി ചെയ്യണം'

എന്താണ് ഇനി ചെയ്യേണ്ടതെന്ന് ശങ്കിച്ച് അയാള്‍ അങ്ങനെ നില്‍ക്കുമ്പോള്‍ എമ്മെന്‍ പറഞ്ഞു.

'എന്നെ മനസ്സിലായോ? ഞാന്‍ എംഎന്‍ ഗോവിന്ദന്‍ നായരാണ്.'

'അയ്യോ!' ഇതു കേട്ടപ്പോള്‍ പരിഭ്രാന്തനായി ആ മനുഷ്യന്‍ ഉറക്കെ വിളിച്ചുപോയി.

അയാളുടെ തോളത്തുപിടിച്ചൊന്നു സമാധാനിപ്പിച്ചിട്ട് എമ്മെന്‍ തുടര്‍ന്നു.

'ഒന്നുകില്‍ നിങ്ങള്‍ക്കെന്നെ ഇവിടെനിന്നു രക്ഷപ്പെടാന്‍ സഹായിക്കാം.അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ പൊലീസില്‍ പിടിച്ചു കൊടുക്കാം. ഞാന്‍ നിങ്ങളെ പൂര്‍ണമായും വിശ്വസിച്ചുകൊണ്ടു പറയുകയാണ്. ഇന്നു പകല്‍ നേരം എനിക്കൊന്നു കഴിഞ്ഞുകൂടാന്‍ സൗകര്യമുണ്ടാക്കിത്തരണം. ഞങ്ങളുടെ പാര്‍ട്ടിക്കാരെ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ എന്റെയടുത്തേക്ക് കൂട്ടിക്കൊണ്ടു വരികയും വേണം.'

അയാള്‍ സമ്മതിച്ചു. പക്ഷെ ആ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകരെ ആരെയും അയാള്‍ക്ക് നേരിട്ടു പരിചയമുണ്ടായിരുന്നില്ല. എമ്മെന്‍ കടയില്‍ നിന്ന് ഒരു ചെറിയ കടലാസും പെന്‍സിലും വാങ്ങിച്ച് ഒരു കത്തെഴുതി ആ മനുഷ്യന്റെ കയ്യില്‍ കൊടുത്തു. അവിടുത്തെ ഒരു പാര്‍ട്ടി സഖാവിന്റെ പേരു പറഞ്ഞിട്ട് അയാള്‍ക്ക് ആ കുറിപ്പ് കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു. അതു കിട്ടിയ ആ സഖാവ് ഒട്ടും വൈകാതെ, എമ്മെന്‍ ഒളിച്ചുമാറി നിന്നിരുന്ന ആ സ്ഥലത്തുചെന്ന് ഒപ്പം കൂട്ടിക്കൊണ്ടുപോയി.

സാനട്ടോറിയത്തില്‍ അന്നു പുലര്‍ച്ചെ ബീറ്റിനിറങ്ങിയ ഡ്യൂട്ടി പൊലീസുകാരന്‍ നേരേ എമ്മെന്‍ കിടക്കുന്ന സെല്ലില്‍ ചെന്നുനോക്കി. ദേഹാസകലം മൂടിപ്പുതച്ചുകൊണ്ട് ആളവിടെ കിടപ്പുണ്ട്. അയാള്‍ സമാധാനത്തോടെ മടങ്ങിപ്പോയി. നേരം പുലര്‍ന്ന് ഒരുപാട് ചെന്നിട്ടും എമ്മെന്‍ ഉറക്കമെഴുന്നേല്‍ക്കാത്തതെന്തുകൊണ്ടാണെന്ന് തിരക്കി മുറിയില്‍ ചെന്നു പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലാകുന്നത് - പുതപ്പിനകത്തുണ്ടായിരുന്നത് ഒരു മനുഷ്യനല്ല, രണ്ടു തലയണകള്‍ ചേര്‍ത്തടുക്കിവെച്ചതായിരുന്നുവെന്ന്. പൊലീസുകാര്‍ പരിഭ്രാന്തരായി പറമ്പിലേക്ക് ഓടിച്ചെന്നു നോക്കി.

അവിടെ ഒരു മൊന്ത വെള്ളം മാത്രം ഭദ്രമായിരിപ്പുണ്ട്.

Baiju Chandran writes about a significant chapter in M.N. Govindan Nair's life regarding his escape from Nagercoil jai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' 37 വെട്ടുകൾ, ഇറച്ചിക്കടയിൽ പോലും ഇത്ര ക്രൂരമായി വെട്ടില്ല, കുഞ്ഞിന്റെ മുറിയിലേക്ക് രക്തം തെറിച്ചു'; ധനരാജിൻറെ കൊലപാതകത്തിൽ കോടതി

കോഴിക്കോട് ആയുഷ് മിഷനിൽ വൻ അവസരം; കുക്ക് മുതൽ സൈക്കോളജിസ്റ്റ് വരെ ഒഴിവുകൾ, നവംബർ 30 വരെ അപേക്ഷിക്കാം

'അനു നല്ല നടിയല്ലേ, ഇതും ചെയ്ത് കാണിച്ചു കൊടുക്ക്'; ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

'പന്ത് ചുരണ്ടി ചതിച്ചത് ഓസീസ് ടീമിലെ എല്ലാവരും ചേര്‍ന്ന്'!

സ്വകാര്യ വാഹനങ്ങളില്‍ ജാതിപ്പേരോ, ചിഹ്നങ്ങളോ വേണ്ട; നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍