എല്ലാ ചേരുവകളും ചേർത്ത നിർമ്മിച്ച ഒരു സിനിമ കാണുന്നത് പോലെ കേരളീയരുടെ കഴിഞ്ഞ 25 വർഷത്തെ ഉപരിപഠമനമേഖലയിലെ മാറ്റങ്ങളെയും താൽപ്പര്യങ്ങളെയും മുൻഗണനകളെയും കാണാൻ കഴിയും. ഇതിൽ കുതിപ്പിനായുള്ള വലിയ ശ്രമങ്ങളുണ്ട്, ആശയക്കുഴപ്പത്തിന്റെയും അവ്യക്തതയുടെയും കാർമേഘങ്ങളുണ്ട്, പുതിയതെല്ലാം മികച്ചത് എന്ന ബുദ്ധിശൂന്യതയുമുണ്ട്.
ഏതാണ്ട് 2000 മാണ്ടു വരെ പ്രൊഫഷണൽ കോഴ്സ് എന്നത് കേരളത്തിൽ ദന്തഗോപുരം പോലൊരു പ്രയോഗമായിരുന്നു. വിരലിലെണ്ണാവുന്ന എണ്ണം എൻജിനീയറിങ്-മെഡിക്കൽ, ലോ കോളേജുകൾ മാത്രം അടങ്ങുന്നതായിരുന്നു മലയാളികളുടെ പ്രൊഫഷണൽ പഠനമേഖല. ഇവിടങ്ങളിലെ സീറ്റുകൾ മാർക്ക് നേടുന്ന മിടുക്കർക്ക് മാത്രമായുള്ളതാണെന്നും കേരളീയ സമൂഹം ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏറ്റവും ഉയർന്ന മാർക്കുകൾ നേടുന്നവർ മാത്രം ഈ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന പതിവ് ഏറെക്കാലം തുടർന്നു.
മാർക്ക് മാത്രമല്ല മിടുക്കിന്റെ മാനദണ്ഡമെന്ന തിരിച്ചറിവുണ്ടായി കണ്ണുതുറന്നു വരാൻ മലയാളിക്ക് പിന്നെയും ഏറെ സമയം വേണ്ടി വന്നു.സർക്കാർ സ്ഥാപിച്ച്, സർക്കാർ നടത്തി, സർക്കാർ പരീക്ഷ നടത്തിച്ച് പുറത്തിറക്കുന്നതു മാത്രമാണ് ശരിയായ വിദ്യാഭ്യാസ സമ്പ്രദായം എന്നുള്ള കേരളീയ ബോധ്യം മാറ്റിയത് 1991 ലെ ഒരു സംഭവമാണ്.
കേരളത്തിന്റെ എന്നല്ല ഇന്ത്യയിലെ തന്നെ സാമ്പത്തിക-സാമൂഹിക അവസ്ഥകളിലും കാഴ്ചപ്പാടിലും മാറ്റത്തിന്റെ വലിയൊരു കാറ്റിനെ കെട്ടഴിച്ചുവിട്ട സംഭവമായിരുന്നു 1991 ലെ പുത്തൻ സാമ്പത്തികനയം. ആഗോളവൽക്കരണവും, ഉദാരവൽക്കരണവും പതുക്കെപ്പതുക്കെ കളംനിറഞ്ഞതോടെ വിദ്യാഭ്യാസമേഖലയിലും അതിന്റെ ശക്തമായ പ്രതിധ്വനി ഉണ്ടായി.
മികച്ച പ്രൊഫഷണൽ സ്ഥാപനങ്ങൾ സ്ഥാപിച്ച് നടത്തിക്കൊണ്ടു പോകാൻ സർക്കാരിനു പുറത്തുള്ള സംവിധാനങ്ങളും ആവശ്യമാണ് എന്നുള്ള തിരിച്ചറിവുണ്ടായി. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രണ്ടാമത്തെ രാജ്യത്തെ കുട്ടികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാവില്ല എന്ന തിരിച്ചറിവാണ് പുത്തൻസാമ്പത്തിക മാറ്റത്തിലൂടെ ഉണ്ടായത്.
സ്വാശ്രയ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിങ്ങനെ പുത്തൻതലമുറ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വരവ് അങ്ങനെ കേരളത്തിലേക്കുമുണ്ടായി. കച്ചവടതാൽപ്പര്യത്തിനാണ് ഇവർ മുൻഗണന നൽകിയത് എന്നതിനാൽ പരമ്പരാഗത ബി എ, എംഎ കോഴ്സുകൾക്കു പകരം തൊഴിൽ മേഖലയിലേക്കു നേരിട്ടു തുറക്കുന്ന പുതിയ കോഴ്സുകളാണ് ഇത്തരം സ്ഥാപനങ്ങൾ കൂടുതലായും അവതരിപ്പിച്ചത്.
1990 കളുടെ അവസാനം- പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ചേരുന്ന സമയം. മുൻപ് കൂടെപ്പഠിച്ചിരുന്ന ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടി. വിവരങ്ങൾ തിരക്കിയപ്പോൾ അയാൾ ഇപ്പോൾ പഠിക്കുന്ന കോഴ്സിനെപ്പറ്റി പറഞ്ഞു-കോഴ്സിന്റെ പ്രധാന പ്രത്യേകത എന്തെന്നു വെച്ചാൽ ജയിച്ചാലും തോറ്റാലും ജോലി കിട്ടും.
അതെന്തു കോഴ്സ് ? അടക്കിവെക്കാനാകാത്ത കൗതുകത്തോടെ തിരക്കി. മറൈൻ റേഡിയോ അയാൾ പറഞ്ഞു. ലക്ഷത്തിൽ ഒന്നോ രണ്ടോ പേരേ ഈ കോഴ്സ് പാസാകാറുള്ളത്രേ. അവർക്ക് അപ്പോൾ തന്നെ വൻകിട കപ്പൽ കമ്പനികളിൽ ജോലി കിട്ടും.
അപ്പോൾ തോറ്റാൽ ജോലി കിട്ടുന്നതെങ്ങനെ ? സംശയം തീരുന്നില്ല- തോറ്റാൽ ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ അദ്ധ്യാപകനാവാം- സുഹൃത്ത് പറഞ്ഞു. ശരാശരി കേരളീയൻ പരിചിതമല്ലാത്ത പഠനമേഖലകളെ തെരഞ്ഞെടുത്തിരുന്ന തിന്റെ വലിയൊരു ഉദാഹരണമാണിത്.
ഏതാണ്ട് 2010 വരെ കേരളത്തിലെ ഉന്നതപഠനമേഖലയിൽ തലയുയർത്തി നിന്നിരുന്നവയാണ് അദ്ധ്യാപകരെ സൃഷ്ടിക്കുന്ന ബി എഡ്, ടിടിസി കോഴ്സുകൾ. സർക്കാർ-സ്വാശ്രയ മേഖലകളിൽ അദ്ധ്യാപക പരിശീലന സ്ഥാപനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഡിഗ്രിയോ, പ്രീഡിഗ്രിയോ പൂർത്തിയാക്കി ഇത്തരം കോഴ്സുകളിൽ അഡ്മിഷൻ നേടി ജീവിതം കൂട്ടിപ്പിടിക്കുന്നത് സ്വപ്നം കണ്ട നിരവധി തലമുറകൾ കേരളത്തിലുണ്ടായി.
രണ്ടായിരാമാണ്ടിന്റെ ആദ്യപാദം വരെ കാര്യങ്ങൾ ഏറെക്കുറേ മികച്ചതായിരുന്നു. എന്നാൽ വികസിത രാജ്യങ്ങളിലെപ്പോലെ വൻതോതിൽ ജനനനിരക്കു കുറഞ്ഞുവന്നുകൊണ്ടിരുന്ന കേരളത്തിൽ പുതിയ സ്കൂളുകൾ ഉണ്ടാകാൻ പോകുന്നില്ല എന്നും, പഴയ സ്കൂളുകൾ ഒന്നുകിൽ പൂട്ടുകയോ/ഡിവിഷൻ ഫോളിലേക്കു പോകുകയോ ചെയ്യുമെന്നുമുള്ള ഭാവികാലത്തെപ്പറ്റിയുള്ള ദിശാബോധം വലിയൊരു വിഭാഗത്തിനും ഇല്ലാതെ പോയി. അതുകൊണ്ടു തന്നെ ബി എഡും, ടി ടി സി യും കഴിഞ്ഞ് ആശിച്ച സർക്കാർ സ്കൂളിലെ ജോലികിട്ടാതെ ഈ കോഴ്സുകൾ കഴിഞ്ഞ വലിയൊരു വിഭാഗം പ്രതിസന്ധിയിലായി.
സ്വകാര്യ സി ബി എസ് ഇ സ്കൂളുകൾ നിരവധി പേർക്ക് ആശ്രയമായി. എന്നാൽ ഈ സ്ഥാപനങ്ങളിലെ വേതനത്തിലെ കുറവും, പരുക്കൻ ജോലിസാഹചര്യങ്ങളും മനംമടുപ്പിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ അദ്ധ്യാപക പരിശീലന കോഴ്സുകളുടെ മാർക്കറ്റ് ഇടിയാൻ തുടങ്ങി. 2020 ആവുമ്പോഴേക്കും ഗരിമയും, ഡിമാന്റും നഷ്ടപ്പെട്ട് ഈ കോഴ്സുകൾ ഒരു വശത്തായി. പഠിക്കാൻ ആളില്ലാതെ പല സ്ഥാപനങ്ങളും പൂട്ടിക്കെട്ടി.
കഴിഞ്ഞ 25 വർഷത്തിനിടെ എം സി എ പോലെ ഉപരിപഠനമേഖലയിൽ മലയാളികൾ അഡ്മിഷനു വേണ്ടി ഇതുപോലെ മത്സരിച്ച മറ്റൊരു കോഴ്സ് ഉണ്ടാവുമോ എന്നതു സംശയമാണ്. കമ്പ്യൂട്ടർ തരംഗവും, സാധ്യതയുമായി മാറിക്കൊണ്ടിരുന്ന 2005-2010 കാലയളവിൽ സ്വാശ്രയസ്ഥാപനങ്ങൾ എംസിഎയുമായി കൂണുപോലെ മുളച്ചുപൊന്തി.
കോഴ്സു കഴിഞ്ഞിറങ്ങിയവർക്കെല്ലാം നല്ല ജോലികളും കിട്ടി എന്നത് കോഴ്സിന്റെ വില കൂട്ടി. എംസിഎ യുടെ മറ പിടിച്ച് പല സ്ഥാപനങ്ങളും ബി സി എ കോഴ്സും നടത്തി കാശുവാരി.
കേരളത്തിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ രണ്ടാം നവതരംഗം എൻജിനീയറിങ് കോളേജുകളുടെ രൂപത്തിൽ വ്യാപകമായതോടെ എംസിഎ കോഴ്സിന്റെ ശനിദശ തുടങ്ങി. ഒടുവിൽ കമ്പ്യൂട്ടർ സയൻസ് എൻനീയറിങ്ങുമായി പിടിച്ചു നിൽക്കാനാവാതെ എം സി എ കോഴ്സ് കളംവിട്ടു.
എംബിഎ, എംഎസ്ഡബ്ല്യു, എംസിഎ-2010 ആകുമ്പോഴേക്കും ഇത്തരം വമ്പൻ കോഴ്സുകൾ വ്യാപകമായി രംഗപ്രവേശം ചെയ്തതോടെ മലയാളികളുടെ ഉപരിപഠനമേഖല സ്ഫോടനാത്മകമായിരുന്നു.
കഴിവും, താൽപ്പര്യവും, കാര്യപ്രാപ്തിയും ഈ കോഴ്സുകൾ പഠിക്കാൻ ആവശ്യമായിരുന്നുവെങ്കിലും വീട്ടുകാരുടെ അന്തസ്സിനെ മാനിച്ച് താൽപ്പര്യമില്ലാതിരുന്നിട്ടും ഇതിനൊക്കെ പോയിച്ചേർന്ന് നിരവധി പേർ ആശയക്കുഴപ്പത്തിലായി. ഏറ്റവും പ്രൗഡിയോടെ കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ അവതരിച്ച കോഴ്സാണ് എംബിഎ. ഈ കോഴ്സിന് പഠിക്കുന്നത് തന്നെ വലിയ സ്വകാര്യ അഹങ്കാരമായി മലയാളി കണ്ട കാലയളവായിരുന്നു 2005-2010.
എന്നാൽ കൂടുതൽ മികച്ച സ്ഥാപനത്തിൽ ഈ കോഴ്സ് ചെയ്യുന്നതാണ് കൂടുതൽ മികച്ച തൊഴിലുകൾ കൊണ്ടുവരിക എന്നു തെളിഞ്ഞതോടെ ഐ ഐ എം, ഐ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മലയാളികൾ തിരിഞ്ഞു. എം ബി എ കോഴ്സിന് കേരളത്തിൽ പല ഡിമാന്റിൽ നേരിയ കുറവു വന്നിട്ടുണ്ടെങ്കിലും സ്ഥാപനങ്ങൾ ഭൂരിപക്ഷവും ഇപ്പോഴും സജീവമാണ്.
ലോകസൃഷ്ടിക്കൊപ്പം മലയാളിക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് നഴ്സിങ് എന്നൊരു തമാശ ഇപ്പോഴും പ്രചാരത്തിലുണ്ട്. അന്നും ഇന്നും സ്ഥാപനങ്ങളെ നിറയ്ക്കുകയും, സീറ്റു കിട്ടാതെ കുട്ടികൾ കേരളത്തിനു പുറത്തു പോകുകയും ചെയ്യുന്ന കോഴ്സുകളിൽ ഏറ്റവും പ്രധാനം നഴ്സിങ് തന്നെ. കുട്ടികളുടെ എണ്ണത്തിലെ കുറവു മൂലം പഴയ തള്ളൽ ഇല്ല എന്നു മാത്രം.
നഴ്സിങ് പഠിതാക്കളുടെ ലക്ഷ്യം രണ്ടാണ്- ഒന്നുകിൽ വിദേശം, അല്ലെങ്കിൽ ഇവിടുത്തെ സർക്കാർ മേഖല. വിദേശത്തു തന്നെ ഗൾഫ്, യൂറോപ്പ്/ഓസ്ട്രേലിയ എന്നിങ്ങനെ മുൻഗണനാ വ്യത്യാസങ്ങളുണ്ട്. ഒരു തൊഴിൽമേഖല എന്ന നിലയിൽ ഏറ്റവും എളുപ്പത്തിൽ വിദേശത്ത് ജോലി നേടാനാകും എന്നതാണ് നഴ്സിങ്ങിന്റെ മാർക്കറ്റ് ഉയർത്തുന്ന പ്രധാന ഘടകം. മാത്രമല്ല, സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആശുപത്രികൾ ഉയരുന്ന സാഹചര്യവും ഈ മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
സ്വകാര്യമേഖലയിലും പലയിടങ്ങളിലും തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്ന സാഹചര്യം ഇന്നുണ്ട്. എന്തായാലും നഴ്സിങ്ങിന്റെ ഡിമാന്റ് ഇനിയും ഇതുപോലെ തുടരാനാണ് സാധ്യത.
കേരളത്തിൽ സർക്കാർ മേഖലയിൽ മാത്രം എൻജിനിയറിങ് കോളജുകളും മെഡിക്കൽ കോളജുകളും ഉണ്ടായിരുന്ന കാലത്ത് ആ കോഴ്സുകൾ പഠിക്കാനാണ് കേരളത്തിൽ നിന്നുള്ള കുട്ടികൾ പുറത്തേക്ക് പോയിരുന്നത്. എന്നാൽ കേരളത്തിൽ സ്വകാര്യമേഖലയിലും എൻജിനിയറിങ് കോളജുകളും മെഡിക്കൽ കോളജുകളും തുടങ്ങിയതോടെ ആ കാഴ്ചപ്പാടിൽ മാറ്റം വന്നു.
2010 നു ശേഷം കേരളീയരുടെ ഉപരിപഠന കാഴ്ചപ്പാടിലുണ്ടായ പ്രകടമായ മറ്റൊരു മാറ്റമാണ് മറ്റു സംസ്ഥാനങ്ങളിലെ മികച്ച സ്ഥാപനങ്ങളിൽ കുട്ടികളെ അയച്ചു പഠിപ്പിക്കുക എന്നത്. കർണാടകത്തിലും, തമിഴ്നാട്ടിലും, മഹാരാഷ്ട്രയിലുമുള്ള മുൻനിര സ്ഥാപനങ്ങളിൽ പഠിച്ച് മികച്ച നിലയിലെത്തിയ നിരവധി മലയാളി വിദ്യാർത്ഥികളുണ്ട്.
പെൺകുട്ടികളെയും കേരളത്തിനു പുറത്ത് നഴ്സിങ് അല്ലാത്ത സയൻസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ കോഴ്സുകൾക്ക് അയയ്ക്കുന്ന മലയാളിയുടെ ഉപരിപഠനമേഖലയിലെ വേറൊരു പ്രകടമായ മാറ്റം. ബെംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾക്കു പോകുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം അടുത്ത കാലത്തായി വീണ്ടും വർദ്ധക്കുന്നു.
വീട്ടിലൊരു ഡോക്ടർ എന്ന മലയാളിയുടെ അന്തസ് സങ്കൽപ്പം ആകാശത്തോളം ഉയർന്നതിന്റെ ഫലമായിരുന്നു ചൈന, അർമേനിയ,ജോർജിയ, അസൈർബൈജാൻ, യുക്രൈൻ, റഷ്യ എന്നിവിടങ്ങളിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ എംബിബിഎസ്.പഠനയാത്രകൾ.
2015 നും 2020 നും ഇടയ്ക്ക് ഈ ട്രെൻഡ് വലിയതോതിൽ ഉയർന്നു. ബെംഗളുരു വിട്ട് ഒരു കുട്ടിയെ നഴ്സിങ് പഠിപ്പിക്കുന്ന തുകയ്ക്ക് വിദേശത്തയയ്ച്ച് എം ബി ബി എസ് പഠിപ്പിക്കാം എന്നതായിരുന്നു ഇതിലെ ഏറ്റവും വലിയ ആകർഷണം. കുട്ടികളെ വിദേശ രാജ്യങ്ങളിലേക്ക് എം ബി ബി എസിന് കയറ്റിവിടാൻ ഏജൻസികൾ മത്സരിച്ചു. കോഡിഡിന്റെ വരവാണ് ഈ ട്രെൻഡിന് ആദ്യത്തെ വിലങ്ങുതടിയായത്.
വിദേശ എം ബി ബി എസ് കഴിഞ്ഞ് ഇവിടെയെത്തുന്നവർ മെഡിക്കൽ കൗൺസിലിന്റെ കടുപ്പമേറിയ യോഗ്യതാ പരീക്ഷ പാസാവണം എന്നതും തിരിച്ചടിയായി. ചെറിയൊരു ശതമാനം പേർക്കു മാത്രമേ വിദേശ ഡോക്ടർ പഠനം കഴിഞ്ഞ് ഇവിടെയെത്തി മെഡിക്കൽ കൗൺസിലിന്റെ യോഗ്യതാ പരീക്ഷ വിജയകരമായി മറികടക്കാൻ കഴിഞ്ഞിട്ടുള്ളു. നീണ്ടുപോകുന്ന റഷ്യ-യുക്രൈൻ യുദ്ധവും ഈ രംഗത്ത് വലിയ തടസ്സമായി. എന്തായാലും ഈ ട്രെൻഡിന് ഇപ്പോൾ മുൻകാലത്തെ അപേക്ഷിച്ച് ഇടിവാണ്.
നഴ്സിങ് യോഗ്യതയില്ലാത്തവർക്കും ഒരു പാശ്ചാത്യരാജ്യത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാനാകും എന്നതായിരുന്നു കാനഡയിലേക്ക് 2010 നും 2020 നും ഇടയിൽ കേരളത്തിൽ നിന്നുണ്ടായ കുത്തൊഴുക്കിനു പ്രധാന കാരണം. ശരാശരിയോ, അതിൽ താഴെയോ അക്കാദമിക നിലവാരം ഉള്ളവർക്കും ഉപരിപഠനം നടത്താം എന്നു വന്നതോടെ കാനഡയിൽ പഠിക്കാൻ പോയ ഒരു വിദ്യാർത്ഥിയെങ്കിലും ഇല്ലാത്ത ഒരു പഞ്ചായത്ത് വാർഡ് പോലും കേരളത്തിൽ ഇല്ല എന്ന അവസ്ഥയായി.
ആദ്യകാലങ്ങളിൽ ഇങ്ങനെ എത്തപ്പെട്ടവർക്ക് നഗരങ്ങളിലെ തരക്കേടില്ലാത്ത സ്ഥാപനങ്ങളിൽ പഠിക്കാനായെങ്കിലും, 2020 ഒക്കെ ആയതോടെ കാനഡയുടെ വിദൂരതയിലുള്ള ചെറുകിട/ഇടത്തരം സ്ഥാപനങ്ങളിലേക്കാണ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ലഭിച്ചത്. ഇവയാകട്ടെ ആഴ്ചയിൽ നിശ്ചിതസമയം ജോലി ചെയ്യത് ചെലവിനുള്ള കാശു കണ്ടെത്താം എന്ന അടിസ്ഥാന പ്രതീക്ഷയും തകർക്കാൻ തുടങ്ങി.
പഠിക്കാൻ പോയ പലരുടെയും നിലവാരം മോശമായതിനാൽ പരീക്ഷ ജയിച്ച് കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയും വന്നു. എന്തായാലും അടുത്തിടെ കാനഡയുമായി ഇന്ത്യക്കുണ്ടായ നയതന്ത്രബന്ധത്തിലെ വിള്ളലും, സമീപകാലത്ത് കാനഡയിൽ പഠിക്കാൻ പോയ വിദ്യാർത്ഥികളുടെ ഫീഡ് ബാക്കും കാനഡയിലേക്കുള്ള കുത്തൊഴുക്കു കുറച്ചിട്ടുണ്ട്.
നൂതനകോഴ്സുകൾ എന്ന പേരിൽ പ്രചരിക്കപ്പെട്ട ചില വിഷയങ്ങളിൽ ആകൃഷ്ടരായി കുറേപ്പേർ നടത്തിയ നെട്ടോട്ടമായിരുന്നു 2015-2020 കാലയളവിൽ കേരളത്തിലെ ഉപരിപഠനമേഖലയിൽ നടന്ന ഒരു വലിയ തമാശ. ഫോറൻസിക് സയൻസ്, മറൈൻ കോഴ്സുകൾ എന്നൊക്കെ പറഞ്ഞ് തട്ടിക്കൂട്ടിയ ചില ഏർപ്പാടുകളിൽ തരക്കേടില്ലാത്ത എണ്ണം മലയാളികൾ വീണുപോയി.
ഭയങ്കരമായ സ്കോപ്പാണ് എന്നു പറഞ്ഞാണ് ഇവയൊക്കെ നടത്തിയതെങ്കിലും സ്കോപ്പ് എന്താണെന്നു മാത്രം ആർക്കും മനസിലായില്ല. നാട്ടിൻപുറങ്ങളിലും മലയോരമേഖലകളിലുമാണ് ഇത്തരം കോഴ്സുകളുടെ പേരിൽ ഏജന്റുമാർ തട്ടിപ്പു നടത്തിയത്.
ഇത്തരം കോഴ്സുകൾക്ക് അംഗീകാരമുണ്ടോ, കോഴ്സ് നടത്താൻ ആവശ്യമായ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലാണോ ഇവ നടത്തുന്നത് എന്നൊന്നും നോക്കാതെ കുറേപ്പേർ ഇതിനു പിന്നാലെ പോയി. എന്തായാലും നിലവിൽ ഇത്തരം കോഴ്സുകളെപ്പറ്റി വലിയ സംസാരങ്ങൾ കേൾക്കാനില്ല.
വിരലിലെണ്ണാവുന്ന എൻജിനീയറിങ് കോളേജുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ 2010 ആവുമ്പോഴേക്കും അത് 100 കടന്നു. എൻജിനീയറിങ്ങിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ആർട്സ്/സയൻസ് കോഴ്സുകൾക്ക് ഒപ്പമെത്തുന്ന അവസ്ഥയായി.
ഇതിനിടെ എൻജിനീയറിങ് പഠനമേഖലയുടെ മേൽനോട്ടത്തിനായി ടെക്നിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായതോടെ എൻജിനീയറിങ് കോളേജുകളുടെ ഭരണനിയന്ത്രണം പൊതു യൂണിവേഴ്സിറ്റികളിൽ നിന്നും അടർത്തിമാറ്റപ്പെട്ടു.
വിവിധ എൻജിനീയറിങ് ശാഖകൾക്ക് കാലാകാലങ്ങളിൽ ഡിമാന്റ് കൂടിയും കുറഞ്ഞുമിരുന്നു. അഞ്ചുവർഷം മുമ്പ് മെക്കാനിക്കൽ എൻജിനീയറിങ്ങനുണ്ടായിരുന്ന തള്ളൽ ഇപ്പോഴില്ല. അതിപ്പോൾ കമ്പ്യൂട്ടർ സയൻസിലായി. മെക്കാനിക്കലിന് ഡിമാന്റു കുറഞ്ഞു.
ആഗോളതലത്തിലെ ആവശ്യവും ആവശ്യക്കുറവും കേരളത്തിലെ എൻജിനീയറിങ് പഠനത്തെയും ബാധിക്കാൻ തുടങ്ങി. എന്നാൽ കുടുംബത്തിലൊരു എൻജിനീയർ എന്ന അന്തസ്സിനായിപ്പോയി ഈ മേഖലയിൽ യാതൊരു താൽപ്പര്യവുമില്ലാതിരുന്ന നിരവധി വിദ്യാർത്ഥികൾ കോഴ്സ് പാസ്സാകാതെ പാതിവഴിയിലുമായി. പഠിച്ചിറങ്ങിയവർ തന്നെ, നല്ലൊരു വിഭാഗം, പൊലീസ്, പോസ്റ്റൽ തുടങ്ങി എൻജിനിയറിങ്ങുമായി യാതൊരു ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്നവരുമായി മാറി.
2010 നും 2015 നും ഇടയ്ക്ക് എൻജിനീയറിങ്ങിനുണ്ടായ തള്ളിക്കയറ്റവും ഡിമാന്റും ഇപ്പോഴില്ല എന്നതാണ് വസ്തുത പല എൻജിനീയറിങ് കോളേജുകളും കുട്ടികളില്ലാതെ അടച്ചുപൂട്ടി. മികച്ച പഠനസാഹചര്യങ്ങളും സംവിധാനങ്ങളുമുള്ള കോളേജുകളിൽ പഠിച്ചാലേ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കൂ എന്ന തിരിച്ചറിവും ഈ മേഖലയിൽ നിർണായകമായി.
ഏതു തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകൾ ആർജിച്ചാലും അധികമായ ചില സ്പെഷ്യലൈസേഷൻ യോഗ്യതകൾ കൂടി നേടണം എന്നതാണ് ഇപ്പോഴത്തെ തൊഴിൽ മാർക്കറ്റിന്റെ പ്രത്യേകത.
ഈ സാഹചര്യത്തിലാണ് ഓൺലൈൻ കോഴ്സുകൾ പ്രാധാന്യമർഹിക്കുന്നത്. ദിവസങ്ങളോ ആഴ്ചകളോ ദൈർഘ്യമുള്ളതു മുതൽ മാസങ്ങൾ വരെ നീളമുള്ള ഓൺലൈൻ കോഴ്സുകൾ ഇപ്പോൾ ലഭ്യമാണ്.
ഇവയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നത് കേരളീയരുടെ ഒരു പ്രധാന പഠനപ്രവർത്തനമായി മാറിക്കഴിഞ്ഞു. എന്നാൽ ഇത്തരം കോഴ്സുകളുടെ ആധികാരികതയും, അംഗീകാരവും പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കേണ്ടത് ഏറ്റവും പ്രാധാന്യമുള്ള സംഗതിയാണ്.
അടിസ്ഥാന സൗകര്യങ്ങളിലും, സ്ഥാപനങ്ങളിലുമുള്ള വർദ്ധന മൂലം ഇഷ്ടപ്പെടുന്ന ഏതു പഠനമേഖലയും തെരഞ്ഞെടുക്കാനുള്ള കൂടുതൽ സ്വാതന്ത്ര്യം ഇപ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾക്കുണ്ട്. പഠനസൗകര്യങ്ങളിൽ മുമ്പുണ്ടായിരുന്ന പോലുള്ള തിരുവിതാംകൂർ-മലബാർ വിടവ് ഇപ്പോഴില്ല. എല്ലായിടങ്ങളിലും സ്ഥാപനങ്ങളും അവസരങ്ങളും കൂടി.
രക്ഷിതാക്കളുടെ തലമുറയിലെ കൂടുതൽ പേരും ഇപ്പോഴും പ്രബലമായ ഓൾഡ് ക്ലാസിൽ തുടരുന്നതിനാൽ പഠിച്ച് ഇവിടെ ജോലി കിട്ടുന്ന സംവിധാനത്തിന് ഇപ്പോഴും മുൻഗണന. അതാകട്ടെ സർക്കാർ ജോലിയും. മുൻപൊക്കെ വലിയ ഡിമാന്റുണ്ടായിരുന്ന തസ്തികകളിലേക്ക് ഇപ്പോൾ ഉണ്ടാകുന്ന വിജ്ഞാപനങ്ങളിൽ അപേക്ഷകരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. സർക്കാർ ജോലിയിൽ തൽപ്പരരായ പുതിയ തലമുറയിലെ ആളുകളുടെ എണ്ണവും, കുട്ടികളുടെ എണ്ണവും കുറയുന്നതാണ് ഇതിനു പ്രധാന കാരണം.
ഇന്ത്യക്കു പുറത്തെ മികച്ച സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനു പോകുന്ന കേരളീയ വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. വിദ്യാഭ്യാസ-ഉപരിപഠന മേഖലകളിൽ സമൂലമായ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. ഉപരിപഠനമേഖലയിൽ മേൽക്കൈ നേടിവരുന്ന ഗ്ലോബൽ ഔട്ട്ലുക്കാണ് ഈ മാറ്റത്തിന്റെ മുഖമുദ്ര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates