മുസ്ലിങ്ങളോട് പ്രത്യേകിച്ച് ഒരു തരത്തിലുള്ള വെറുപ്പും വിദ്വേഷവുമില്ലാത്ത വ്യക്തികളെയും സമൂഹങ്ങളെയും 'നിങ്ങൾ മുസ്ലിം വിരുദ്ധരാണ്' എന്നും 'നിങ്ങൾ ഇസ്‌ലാമോ ഫോബിക് ആണ്' എന്നും നിരന്തരം കുറ്റപ്പെടുത്തി കൊണ്ടിരുന്നാൽ എന്തായിരിക്കും സംഭവിക്കുക?. ഈ ചോദ്യത്തെ പ്രതിയുള്ള ആലോചനകൾ സവിശേഷമായ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ അനിവാര്യമാണ്.
കേരളം പോലെ വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന സ്ഥലത്ത് "ഇസ്ലാമോഫോബിയ" എന്നതിനെ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികൾക്ക് നേരെ ഉപയോഗിക്കാനുള്ള ആയുധമായും കാൻസൽ കൾച്ചറിന് സമാനമായ വ്യവഹാരമായും ഉയർത്തി കൊണ്ടുവരുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഈ രീതി പ്രധാനമായും സ്വീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും അവരോട് ആഭിമുഖ്യമുള്ള മാധ്യമങ്ങളുമാണ്. നിലനിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥയോടോ മതനിരപേക്ഷ സമൂഹത്തോടോ പ്രതിജ്ഞാബദ്ധതയും ഇല്ലാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
പൊതുസമൂഹത്തിൽ മുസ്ലിങ്ങൾക്ക് വേണ്ടി എന്ന രീതിയിൽ ജമാഅത്തും അനുബന്ധ മാധ്യമങ്ങളും നടത്തുന്ന പ്രതിലോമകരമായ വ്യവഹാരങ്ങൾ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്നതിന് വഴിയൊരുക്കുന്നവയാണ്. ഇവർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ദർശനങ്ങളോടും വ്യവഹാരങ്ങളോടും മതപരമായ കാരണങ്ങളാൽ തന്നെ അകലം സൂക്ഷിക്കുന്ന ഭൂരിപക്ഷ മുസ്ലിം സമൂഹത്തെ കൂടി അപകടത്തിലാക്കുന്നതാണ് ഈ രീതി.
നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും കേരളത്തിലടക്കം വളരെ ശക്തമായി സാമൂഹിക പൊതുമണ്ഡലത്തെ സ്വാധീനിച്ചിരുന്ന, ഭരണകൂടത്തെയും നയങ്ങളെയും ജനാധിപത്യവൽക്കരിച്ചിരുന്ന സിവിൽ സമൂഹത്തിൻറെ സാന്നിധ്യം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വളരെ ശോഷിച്ചിട്ടുണ്ട്. 2014 ൽ വലതുപക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ സാമൂഹിക ജനാധിപത്യത്തെ വലിയതോതിൽ ഇല്ലാതാക്കുന്ന ഈയൊരു തകർച്ച സംഭവിച്ചത്.
ഇന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും രാഷ്ട്രീയ ശക്തികളും മുസ്ലിം വിരോധത്തെ സാധാരണ രാഷ്ട്രീയ നിലപാടായി കാണുന്നു. മുസ്ലിം വിദ്വേഷം അഭിമാനമായി കൊണ്ടുനടക്കുന്ന, ഭരണകൂടവും ഭരണവ്യവസ്ഥയും, പാടെ തകർന്ന സിവിൽ സൊസൈറ്റിയുമാണ് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിലവിലുള്ളത്. 'മതേതരം' എന്ന് കരുതിയ സിവിൽ സമൂഹം ഉൾപ്പെടെ തകർന്ന് രണ്ട് പാളികളായാണ് ഇപ്പോൾ നിലനിൽക്കുന്നത്; ഒരു തുറന്ന മുസ്ലിം വിരുദ്ധ സ്റ്റേറ്റും അത് നിസ്സാരമായി കാണുന്ന സാമൂഹിക സംവിധാനവും.
ഏകദേശം മുപ്പത് വർഷം മുൻപ് വരെ ഇങ്ങനെ ആയിരുന്നോ ഇവിടെ എന്ന് ആലോചിക്കുമ്പോഴാണ് ഇതിൻറെ ആഘാതം വ്യക്തമാകുക. ഉദാഹരണത്തിന് ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സന്ദർഭത്തിൽ അതിനോടുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ര- മാധ്യമങ്ങളുടെയും ചാനലുകളുടെയും സിവിൽ സമൂഹങ്ങളുടെയും പ്രതികരണം ഏതു രൂപത്തിൽ ആയിരുന്നു എന്ന് നോക്കിയാൽ കാര്യങ്ങൾ വ്യക്തമാകും. ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ ഒരു മുറിവായും മുസ്ലിങ്ങളുടെ ഭരണഘടനാപരമായ വിശ്വാസപരമായ അവകാശത്തിനു മേലുള്ള കൈകടത്തലായുമാണ് രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളും അതിനെ മനസ്സിലാക്കിയിരുന്നത്.
എന്നാൽ, വർഷങ്ങൾക്കുശേഷം ബാബരി മസ്ജിദ് തകർത്ത അതേ ഭൂമിയിൽ രാമ ക്ഷേത്രം സ്ഥാപിക്കുന്ന ചടങ്ങിലേക്ക് എത്തുന്ന കാലയളവിൽ ഇന്ത്യയിലെ പൊതു മണ്ഡലവും മുഖ്യധാര സമൂഹവും ഒന്നടങ്കം തീവ്ര വർഗീയ ഉള്ളടക്കത്തിലേക്ക് മാറുന്നതാണ് സംഭവിച്ചത്. മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രനിർമ്മാണം ഒരു രാഷ്ട്രോത്സവമായി തന്നെ ആഘോഷിക്കപ്പെടുന്നു. അത് കേവലം ഒരു നിർമാണം മാത്രമല്ല, പൊതു മണ്ഡലത്തിന്റെ ആന്തരിക നാഡീമണ്ഡലമൊക്കെയും മാറിമറിഞ്ഞതിന്റെ ഭയാനകമായ തെളിവ് കൂടിയാണ്.
ഇങ്ങനെ മാറിയ സാഹചര്യത്തിൽ നിന്നാണ് ആദ്യം ഉന്നയിച്ച ചോദ്യത്തിലേക്ക് തിരികെ വരേണ്ടത്. ഒരാൾ അല്ലെങ്കിൽ ഒരു വിഭാഗം മനപ്പൂർവമായ മുസ്ലിം വിദ്വേഷം വെക്കുന്നില്ല എന്നതാണ് സാഹചര്യമെങ്കിൽ ഈ സങ്കീർണ്ണമായ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രത്യേകിച്ചും എന്തായിരിക്കും ഒരു മുസ്ലിം ചെയ്യേണ്ടത്? "അല്ല നിങ്ങൾ മുസ്ലിം വിരുദ്ധനാണ്" എന്ന് വീണ്ടും വീണ്ടും പറയുകയാണോ. അപ്പോൾ എന്തായിരിക്കും സംഭവിക്കുക? ഇവിടെ ഭൂരിഭാഗവും പ്രത്യക്ഷത്തിൽ തന്നെ തീവ്രമായ മുസ്ലിം വിരുദ്ധത പറയുകയും മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യണം എന്ന് പ്രചാരണം നടത്തുകയും ചെയ്യുമ്പോൾ അതിനോടൊപ്പം നിന്ന് ആനുകൂല്യങ്ങൾ പറ്റാതെ അതിനെതിരെ ചെറുവിരൽ എങ്കിലും അനക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിനെ മുസ്ലിങ്ങൾ തന്നെ ചേർന്ന് മുസ്ലിം വിരുദ്ധർ ആക്കിയാൽ പിന്നെ ആരോടാണ് മുസ്ലിങ്ങൾ ഇവിടെ 'മുസ്ലിം വിരുദ്ധത' ഉണ്ട് എന്ന് പറയുന്നത്? ചേർത്ത് നിർത്തേണ്ടവരെ പരമാവധി അകറ്റാൻ ശ്രമിക്കുകയും വൈരാഗ്യം ആരോപിക്കുകയും ചെയ്യുന്നതിന്റെ പരിണിതി എന്തായിരിക്കും?
ഓരോ പുതിയ ദിവസവും പുതിയ ആളുകളെ കണ്ടെത്തി മുസ്ലിം സമുദായത്തിനോട് 'ഇവൻ മുസ്ലിം വിരുദ്ധനാണ്' എന്ന് ചാപ്പ കുത്തി പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധരുടെ എണ്ണം കൂട്ടാൻ മത്സരിക്കുന്ന ആളുകൾ വിശ്വസിക്കുന്ന രാഷ്ട്രീയം എന്തായിരിക്കും? രണ്ടു വിരുദ്ധ സമുദായമായി പൂർണമായ വിഭജിക്കപ്പെട്ട, പരസ്പര ശത്രു സമുദായങ്ങൾ ആയി ദൈനംദിന ജീവിതത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്ന ഒരു നാടായി കേരളത്തെ മാറ്റുക എന്നതാണോ? അത്തരമൊരു സാഹചര്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ നാട്ടിൽ മുസ്ലിങ്ങൾക്ക് സ്വാഭാവിക ജീവിതം തന്നെ സാധ്യമാകുമോ? കാരണം ഇന്ത്യൻ ഭരണകൂട സംവിധാനം ഒന്നാകെ മുസ്ലിം വിരുദ്ധമായി കഴിഞ്ഞ സന്ദർഭത്തിൽ ആർക്കും മുസ്ലിം വിരുദ്ധരാവുന്നതാണ് ഏറ്റവും ലാഭകരമായ സാമൂഹിക സാഹചര്യം എന്നിരിക്കെ ആരോടാണ് മുസ്ലിങ്ങൾ പരാതി പറയുന്നത്? ഇസ്‌ലാമോഫോബിക് ആക്കി ചാപ്പയടിച്ച് മുസ്ലിം സമുദായത്തിന് ലഭിക്കാൻ പോകുന്ന രാഷ്ട്രീയ നേട്ടങ്ങൾ എന്തെങ്കിലും ഉണ്ടോ? എന്ത് കിനാവ് ആയിരിക്കും ഈ ജാഗ്രതാവാദികൾ കാണുന്നതെന്ന് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ.
ദിവസവും കാലത്തെഴുന്നേറ്റ് ഇസ്ലാമോഫോബിയയുടെ വലയുമായി ഇറങ്ങി ഈ നാട്ടിലെ ഓരോ ആളുകളെയും തേടിപ്പിടിച്ചു കുരുക്കി 'മുസ്ലിം വിരുദ്ധ', 'സംഘി' ചാപ്പകളടിച്ചാൽ ഇവിടെ മതേതരത്വം പൂവണിയും എന്ന് വെള്ളിപറമ്പിലെ അന്തി ചർച്ചക്കാരോടും സോഷ്യൽ മീഡിയയിലെ തിളയ്ക്കുന്ന സ്വത്വവാദി സാമ്പാറുകളോടും ആരാണാവോ പറഞ്ഞ് കൊടുത്തത്? എങ്ങനെയായിരിക്കും ഇക്കാലമത്രയും മതേതരമായ സാമുദായിക രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന മുസ്ലിം ലീഗ് പോലും അവിവേക രാഷ്ട്രീയത്തിന്റെ ചതിക്കുഴിയിൽ ആപതിച്ചത്!
ഇപ്പോൾ ഇടത് വിരുദ്ധ രാഷ്ട്രീയ മുന്നണിയുടെ തണലിൽ പച്ചപിടിക്കുന്ന ''ഇസ്‌ലാമോ ഫോബിയ ചാപ്പ ഫാക്റ്ററി" യുടെ ബാക്കിപത്രം ന്യൂനപക്ഷത്തിന്റെ സുരക്ഷയ്ക്ക് യാതൊരു നൈതിക-രാഷ്ട്രീയ അടിത്തറയും ശേഷിക്കാത്ത വിധം അരക്ഷിതമായ സാമൂഹിക സാഹചര്യമായിരിക്കും.
ഇക്കാര്യത്തിൽ ഇസ്ലാം മത പണ്ഡിതന്മാർ ദീർഘവീക്ഷണത്തോടെ നിലപാട് രൂപീകരിച്ചിക്കുകയും സമസ്ത ഉൾപ്പെടെയുള്ള പണ്ഡിത സംഘടനകൾ എല്ലാ കാലവും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തിട്ടുണ്ട്. സൈദ്ധാന്തികമായി ബലഹീനമായ സാമുദായിക രാഷ്ട്രീയ നേതൃത്വത്തിനാണ് പലപ്പോഴും അടിതെറ്റിയത്. തീവ്ര സ്വത്വവാദികളുടെ 'ചാപ്പയടി'യുടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതയാണ് മുസ്ലിം സമുദായിക നേതൃത്വങ്ങൾ സ്വീകരിക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates