കർക്കിടകമാസ രാമായണവായന കുടുംബത്തിലെ മുതിർന്നവരിൽ നിന്ന്, (അമ്മൂമ്മ, അപ്പൂപ്പൻ) ശീലിച്ച ഒരാളാണു ഞാൻ. ഏകദേശം 14 വയസ്സുമുതൽ 2015 വരെ വീട്ടിൽ ഉള്ളപ്പോഴൊക്കെ ഒരുമാസ വായന. അതു ഒട്ടും ഭക്തിപൂർവം അല്ല. പദസമ്പത്തു കൂടാൻ. ഉറക്കെ. എഴുത്തച്ഛൻ്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. കടമയ്ക്ക് മാത്രം പ്രാധാന്യം നൽകുന്ന രാമൻ, എനിക്ക് അന്നുമിന്നും ഒരു താൽപ്പര്യവും തോന്നാത്ത ഒരു കഥാപാത്രമാണ്.
ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം ആഘോഷിക്കുകയായിരുന്നു 2019 ൽ, കേരളം. അന്ന് കുമാരനാശാനെ, ആശാൻ്റെ സ്ത്രീപക്ഷചിന്തകളെ വീണ്ടും ചർച്ചയാക്കി. സീതയുടെ പക്ഷത്തുനിന്നുള്ള രാമായണവായന. സീതയെക്കൊണ്ട് ആശാനെന്തെല്ലാമാണ് പറയിപ്പിക്കുന്നത്! സ്നേഹമുണ്ടായിരുന്നെങ്കിൽ രാജ്യാധികാരമുപേക്ഷിച്ച് തന്നോടൊപ്പം കുട്ടികളും കുടുംബവുമായി വനത്തിൽ വന്ന് പാർത്താൽ മതിയായിരുന്നല്ലോ, അപവാദത്തെ ഭയക്കേണ്ട കാര്യമില്ലായിരുന്നല്ലോ എന്നും സീത പറയുന്നു.
"അതിപാവനമാം വിവാഹമേ!,
ശ്രുതി മന്ദാരമനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകിനിന്ന നിൻ
ഗതികാൺകെയെത്രയധഃപതിച്ചു നീ."
അന്ന് ഞാനും കൂട്ടുകാരും ചേർന്ന് "സംഘടിത" മാസികയുടെ ഒരു ലക്കം വിവാഹത്തെക്കുറിച്ച് ആക്കി. പുരുഷാധിപത്യം വിവാഹത്തെ എങ്ങനെയാണ് കമ്പോളവൽക്കരിച്ചിരിക്കുന്നത്, എന്തായിരുന്നു 1950 നു മുൻപുള്ള കേരളീയ വിവാഹങ്ങൾ, ഇങ്ങനെ. " സീതാ കല്യാണ വൈഭോഗമേ.. "എന്നാണ് ഹിന്ദു വിവാഹച്ചടങ്ങുകളിൽ കീർത്തനം പാടുക. സീതയ്ക്ക് എന്തു സന്തോഷമാണ് ഈ വിവാഹത്തിൽ നിന്നും കിട്ടിയത്? ഇന്ത്യൻ സ്തീക്ക് എന്താണു വിവാഹം നൽകുന്നത് ഇങ്ങനെയുള്ള ചിന്തകൾ സ്വാനുഭവ പശ്ചാത്തലത്തിൽ നിന്നും ഉണ്ടായി.
" നെടുനാൾ വിപിനത്തിൽ വാഴുവാൻ
ഇടയായ് ഞങ്ങളിതെൻ്റെ കുറ്റമോ?
പടുരാക്ഷസ ചക്രവർത്തിയെൻ
ഉടൽ മോഹിച്ചതു ഞാൻ പിഴച്ചതോ?"
ഇങ്ങനെ സീത ചോദിച്ചത് സുനിൽ പി. ഇളയിടവും ശാരദക്കുട്ടിയും ഒക്കെ ചർച്ചയിൽ കൊണ്ടുവന്നു. തൻ്റെ കുറ്റം കൊണ്ടല്ലാതെ പുരുഷാധികാരം വീടിനു പുറത്താക്കുകയോ തല വെട്ടുകയോ ചെയ്യപ്പെടുന്ന സ്തീകൾ. രാമ രാവണയുദ്ധത്തിനുശേഷം സീതയോട് രാമൻ പറയുന്ന പരുഷവാക്കുകൾ വാൽമീകി രാമായണത്തിലും അധ്യാത്മരാമായണത്തിലും ഉണ്ട്. ഇത്തരം പരുഷവാക്കുകൾ കേട്ടാണ് ഇന്ത്യൻ സ്ത്രീയുടെ നിത്യജീവിതം പുലരുന്നത്. അവർ എങ്ങനെയാണ് സന്തോഷിക്കുക? അപ്പോഴാണ് സീതാപക്ഷത്തുനിന്ന് പാടുന്ന രാമായണങ്ങളും ഉണ്ടെന്ന് അറിവ് കിട്ടുന്നത്. എ.കെ. രാമാനുജൻ്റെ "മുന്നൂറ് രാമായണങ്ങൾ"( "Three Hundred Ramayanas") വായിക്കാനിട വന്നു. ( അതിനു മുൻപ് ഡൽഹി യൂണിവേഴ്സിറ്റി അതിനെ സിലബസ്സിൽ നിന്നും നീക്കം ചെയ്തിരുന്നു.) റവറൻ്റ് ഫാദർ കാമിൽ ബുൽകേ എഴുതിയ " രാമകഥ ഉൽപ്പത്തിയും വികാസവും" എന്ന പഠന പുസ്തകവും പിന്നീടു കണ്ടു.
2021 ൽ കൊൽക്കത്തയിൽ പോയ അവസരത്തിൽ ഒരു ബംഗാളി സുഹൃത്തിൽ നിന്നാണ് ചന്ദ്രബതിയെക്കുറിച്ച് കേൾക്കുന്നത്. ചന്ദ്രബതിയുടെ കഥ ഒരു സിനിമയായി. " ചന്ദ്രബൊതി കൊഥ" . അത് കൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ 2021ൽ പ്രദർശിപ്പിച്ചു. എൻ. റാഷിദ് ചൗധുരിയാണ് സംവിധായകൻ. ബംഗ്ലാദേശി സിനിമയായതിനാൽ ഇന്ത്യയിൽ അതു വരില്ല. ആ സിനിമ കാണാനെന്താണു വഴി? റാഷിദ് ചൗദുരിയോടുതന്നെ ഇ-മെയിൽ അയച്ചു ചോദിച്ചു. അദ്ദേഹം സിനിമ കാണാൻ വിമിയോ വഴി സൗകര്യം ചെയ്തു തന്നു. അതോടെ ഒരു വലിയ തുറസ്സിൽ ഞാൻ എത്തപ്പെട്ടു.
ചന്ദ്രബതി, സീത രണ്ട് സ്ത്രീകളുടെ ഉപേക്ഷിക്കപ്പെടലുകൾ സിനിമയിൽ. രണ്ട് മുറിപ്പാടുകൾ. ഇന്ത്യയിൽ നിന്ന് ബുദ്ധമതം അടിച്ചോടിക്കപ്പെട്ട കാലഘട്ടമാണ് സിനിമയിൽ. ഈ കാലഘട്ടത്തിൽ തന്നെയാണ് ബൗദ്ധതാന്ത്രിക കലയായ ‘പോട്ടുവാസനൈ’ (ചുരുൾ ചിത്രകല) കലാകാരന്മാരെ കിഴക്കൻ ബിക്രാംപൂർ ഭാഗത്തുനിന്നും ബ്രാഹ്മണർ ഓടിച്ചു വിട്ടത്. ഈ കാലഘട്ടത്തിൽ തന്നെയാണ് ഇവരൊക്കെ അസമിലുള്ള കാമരൂപിലേക്ക് കുടിയേറിയത് . കാണാൻ ആഗ്രഹിച്ച ബംഗ്ളാദേശിലെ പത്മാ-മേഘനാ നദികളെ സിനിമയിൽ കണ്ടു. ചന്ദ്രബതിയുടെ ഈ വരികൾ സിനിമയിൽ ആവർത്തിച്ചു വരുന്നുണ്ട്.
“എന്താണു നീ ചെയ്തത് രഘുപതിരാമാ?
വിഡ്ഡികളായ മനുഷ്യരുടെ ഇംഗിതത്തിനു വഴങ്ങി
നിനക്കു നിൻ്റെ സീതയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.“
പതിനാറാം നൂറ്റാണ്ടിലെ മധ്യകാല ബംഗാളി സാഹിത്യ ചരിത്രത്തിലെ ആദ്യത്തെ ബംഗാളി കവയിത്രിയായിരുന്നു ചന്ദ്രബതി. ഈ പണ്ഡിതയായ സ്ത്രീ, മറ്റ് കവിതകൾക്കൊപ്പം, പിതാവിന്റെ നിർദ്ദേശപ്രകാരം ബംഗാളിയിൽ രാമായണവും രചിച്ചു. പിന്നീട്, മൈമെൻസിങ് ഗാനരചനയിലെ കവിയായ നയൻചന്ദ്ര ഘോഷ്, ചന്ദ്രബതിയുടെ ജീവചരിത്രം എഴുതി.
ചന്ദ്രബതിയുടെ വിവാഹം നടക്കാനിരുന്ന ദിവസത്തിൻ്റെ തലേദിവസം എന്തോ കാരണത്തിൽ ആ വിവാഹം മുടങ്ങി എന്നും, അതിൻ്റെ പ്രതിഷേധ സൂചകമായി അവർ ഏകാകിയായി ജീവിക്കാൻ തീരുമാനിച്ചു എന്നും, ഒരു ശിവക്ഷേത്രത്തിൽ അഭയം തേടി ഒരെഴുത്തുകാരിയായി ഒതുങ്ങിക്കൂടി എന്നും ഉള്ള ഒരു കഥ നാട്ടിലൊക്കെ പറയുന്നുണ്ട്. അവർ അവിടെയിരുന്ന് രാമായണം രചിച്ചുവെന്നും, സ്വന്തം ജീവിത ദുരന്തങ്ങൾ അന്യോപദേശ രൂപത്തിൽ സീതയിലൂടെ പ്രതിപാദിച്ചു എന്നും പറയുന്നു. മരിക്കുന്നതു വരെ ആ ക്ഷേത്രത്തിൽ തന്നെയാണ് അവർ കഴിഞ്ഞിരുന്നതും. ഈ ഇതിഹാസം വിശാലമേമൻസിങ്ങിലെ നാടൻ ബംഗാളി ഭാഷയിൽ തന്നെയാണ് രചിച്ചിട്ടുള്ളത്.
. 'മാനസ മംഗൾ' കവിതയുടെ രചയിതാക്കളിൽ ഒരാളായ ദിജാബൻഷിദാസ് ഭട്ടാചാര്യയുടെയും അഞ്ജനയുടെയും മകളായി
ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ1550-ലാണ് കവി ചന്ദ്രബതി ജനിച്ചത്. ബംഗ്ലാദേശിലെ ധാക്ക ഡിവിഷനിലെ കിഷോർഗഞ്ച് ജില്ലയിലെ പടുവാർ അല്ലെങ്കിൽ പട്വാരി ഗ്രാമത്തിലായിരുന്നു ജനനം. തന്റെ ബംഗാളി രാമായണത്തിന്റെ ആമുഖത്തിൽ ചന്ദ്രബതി സ്വയം പരിചയപ്പെടുത്തി. മേമെൻസിങ് ഗീതികയിലും, സ്വന്തം ഭാവഗീതമായ 'സുന്ദരി മാലുയ'യിലും, അവരുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി കവി നയൻചന്ദ്ര ഘോഷ് എഴുതിയ 'ചന്ദ്രബതി' എന്ന കവിതയിലും അവരുടെ വാക്കുകൾ കാണാം.
അവരുടെ ജീവിതത്തിലെ ദുരന്തത്തെക്കുറിച്ച് എഴുതിയ നാടോടിക്കഥകൾ നൂറ്റാണ്ടുകളായി അവിഭക്ത മൈമെൻസിങ് ജില്ലയിലെയും മുഴുവൻ കിഴക്കൻ ബംഗാളിലെയും ആളുകൾ പാടി ആവർത്തിച്ചുവരുന്നു. അവർ എഴുതിയ രാമായണം കുറച്ചുകാലം മുമ്പ് പോലും മൈമെൻസിങ്ങിലേയും പടിഞ്ഞാറൻ ബംഗാളിലെയും പെൺകുട്ടികൾ വിവാഹവേളകളിൽ ആലപിച്ചിരുന്നു. സ്വന്തം കവിതയ്ക്ക് പുറമേ, ചന്ദ്രബതി തന്റെ പിതാവ് ദിജാബൻഷിദാസിന്റെ "മാനസമംഗൾ" കവിതയുടെ ചില ഭാഗങ്ങളും രചിച്ചു.
കൗമാരം മുതൽ പലഭാഷാ സാഹിത്യം വായനയുള്ള ആളാണു ഞാൻ. ഒരു ശരാശരി ബംഗാളിയെക്കാൾ ബംഗാളി സാഹിത്യവും അവിടത്തെ എഴുത്തുകാരും പരിചിതർ ആയിരുന്നു. കുഞ്ഞുനാളിൽ ജനയുഗം, മാതൃഭൂമി എന്നീ വാരികകളിൽ അച്ചടിച്ചുവന്നിരുന്ന നോവലുകൾ വീട്ടിൽ ചർച്ചയാവാറുണ്ടായിരുന്നു. അവ എം. എൻ. സത്യാർഥി, രവിവർമ, ലീലാ സർക്കാർ എന്നിവരാണ് വിവർത്തനം ചെയ്തിരുന്നത്. പഥേർ പാഞ്ചാലി (സത്യജിത്ത് റായ്) സിനിമ കണ്ടിട്ടില്ലാത്തവർ എൻ്റെ തലമുറയിൽ ചുരുക്കമായിരിക്കും. അതുപോലെ ആരോഗ്യനികേതനം (താരാശങ്കർ ബാനർജി) വായിച്ചിട്ടില്ലാത്തവരും ചുരുക്കമായിരിക്കും.
അതിനെക്കുറിച്ചെഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് ലീലാ സർക്കാരിലേക്ക് എത്തിച്ചത്. നൂറോളം ബംഗാളി പുസ്തകങ്ങൾ വിവർത്തനം ചെയ്ത, കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ മഹതി. ലീലാ സർക്കാരിനെ ഇൻ്റർവ്യൂ ചെയ്യാൻ മാതൃഭൂമി ആഴ്ചപതിപ്പ് എന്നെ നിയോഗിച്ചു. നവിബോംബെയിൽ ചെന്ന് ലീലാ സർക്കാരിനെ ഇൻ്റർവ്യൂ നടത്തി.
ആ സമയത്ത്, ബംഗാളി രാമായണ വിവർത്തനതാൽപ്പര്യത്തെ പ്പറ്റിയും ഞാൻ ബംഗാളിയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്യാൻ തീരുമാനിച്ചതിനെപ്പറ്റിയും സംസാരിച്ചു.അന്ന് ലീലാ സർക്കാർ സ്വയം ചെയ്ത ബംഗാളി-മലയാളം ഡിക്ഷ്ണറി എനിക്കു നൽകി. അതോടെ ബംഗാളി പരിഭാഷ എളുപ്പമായി.
പഠനത്തിനിടെ മലയാളത്തിനും ബംഗാളി ഭാഷയ്ക്കും പൊതു വാക്കുകൾ അനേകമുണ്ടെന്ന് കണ്ടു. പൊതു സംസ്ക്കാരവും. മുഖ്യ ഭക്ഷണം, ചോറും മീനും. ജനാലയ്ക്ക് ജനാലയെന്നും, വാതിലിനു ദ്വാരമെന്നും പുരയ്ക്ക് ബാരിയെന്നും സന്ധ്യാവേളയ്ക്ക് സന്ധ്യാബേളയെന്നും ഒക്കെ ഉള്ള ബംഗാളി ഭാഷ. ഹിന്ദി അറിയാമെങ്കിൽ, സംസ്കൃതവാക്കുകൾ പിടിയുണ്ടെങ്കിൽ ബംഗാളിയും വഴങ്ങും.
എന്നാൽ വ്യാകരണം ഹിന്ദി പോലെ അല്ല. മലയാളം പോലെ നേർക്കു നേർ. "ഗീതേടെ വീട് "ബംഗാളിയിൽ " ഗീതാർ ബാരി". പ്രാദേശികമായി മലയാളത്തിലും "ഗീതേരെ" എന്നുപയോഗിക്കാറുണ്ട്. গগনে গরজে মেঘ, ঘন বরষা। ഗഗനേ ഗർജ്ജേ മേഘ്, ഘന ബർഷാ... ടാഗോർ കവിതയാണ് (സോണാർ തൊരി) . "ഗഗനേ ഗർജ്ജിപ്പൂ മേഘം, ഘനമായ് പെയ്യുന്നു വർഷം" എന്ന് പരിഭാഷചെയ്യാൻ നിഘണ്ടു പോലും വേണ്ടാ. Amidst dense clouds and heavy downpour എന്ന് ഇതേ വരികൾ ഇംഗ്ളീഷിൽ. ആ 'മേഘ ഗർജ്ജനം' അവിടെ ഇല്ല. അതുകൊണ്ട് ഇംഗ്ളീഷിൽ നിന്ന് ഒരു ഇന്ത്യൻ പരിഭാഷ വേണ്ട എന്ന് തീരുമാനിച്ചു. (പഠനം ഇൻ്റർനെറ്റിലൂടെ ആയിരുന്നു. )
മലയാളത്തിലെ പക്ഷി ബംഗാളിയിൽ പാക്കി ആണ്. സമയം, സമയം തന്നെ. 'കാട്ടോ ലതാ', കാട്ടു വള്ളികൾ. 'ഗോളാ ബാരി' , കള പ്പുര , 'ബനം', വനം തന്നെ. ക്രിയകളും അവയുടെ കാലവും (ഭൂതം, വർത്തമാനം, ഭാവി) ഒരല്പം പ്രയാസമായിരുന്നു. അതിനു പുസ്തകങ്ങളെ ആശ്രയിക്കേണ്ടി വന്നു. സമാനതയ്ക്ക് കൂടുതൽ ഉദാഹരണങ്ങൾ ഇതാ ;
ദിക്ക് : ദിക്ക്
ഭയ് : ഭയം
അനേക ക്ഷൺ : അനേക സമയം, (ഒരുപാട് നേരം)
ദിൻ : ദിനം
കൊഥ : സംസാരം, വർത്തമാനം
പള്ളി : ഗ്രാമം
നാനാ : പല പല, നാനാ
പ്രാൺ : പ്രാണൻ, ജീവൻ
ബുദ്ധകാലഘട്ടത്തിലുപയോച്ചിരുന്ന പാലി ഭാഷയിലെ വാക്കുകൾ ഇപ്പോഴും ഉള്ള ഭാഷകളാണ് മലയാളം, ബംഗാളി, സിംഹളം എന്നിവ. ഭാഷകൾ വാക്കുകൾ മറ്റു ഭാഷകളിൽ നിന്ന് സ്വീകരിക്കും. എന്നാൽ വ്യാകരണം സ്വീകരിക്കയില്ല. അതിനാൽ ബംഗാളിക്ക് ഹിന്ദി വാക്കുകൾ ഉണ്ടെങ്കിലും ഹിന്ദി വ്യാകരണമല്ല. മലയാളത്തിനു സംസ്കൃതവാക്കുകൾ ഉണ്ടെങ്കിലും സംസ്കൃതവ്യാകരണം അല്ല. ഇതും ഞാനെത്തപ്പെട്ട ഒരു വലിയ തുറസ്സാണ്.
കാനഡയിൽ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ മന്ദാക്രാന്താ ബോസും ശാരികാ പ്രിയദർശിനി ബോസും ചേർന്ന് Woman's Ramayana: Candravati's Bengali Epic എന്നൊരു പുസ്തകം 2013 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വങ്ങാൻ സാധിക്കാത്ത അത്രയ്ക്ക് വില. മാത്രമല്ല കോപ്പി റൈറ്റ് പ്രശ്നങ്ങളും ഉണ്ടാവും. അപ്പോഴാണ് വിഖ്യാത ബംഗാളി എഴുത്തുകാരി നബനീതാ ദേബ് സെൻ ചന്ദ്രബതീ രാമായണം ഇംഗ്ളീഷിലാക്കി എന്നറിഞ്ഞത്. 2019ൽ ആയിരുന്നു അത്. (Zuban books, Delhi). വാങ്ങി, വായിച്ചു. അവർ (അമർത്യാ സെന്നിൻ്റെ പത്നിയും ജാദവപൂർ യൂണിവേഴ്സിറ്റിയിലെ താരതമ്യ സാഹിത്യ പഠന പ്രൊഫസറും ആയിരുന്നു (1938-2019 ). നബനീതാ ദേബ് സെൻ കൊളംബിയാ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു ഗവേഷണപ്രബന്ധവും ലഭിച്ചു. അതോടെ ചന്ദ്രബതി എൻ്റെയും സഖിയായി.
2022 മുതൽ ബംഗാളി ഭാഷ പഠിച്ചു. (ഞാൻ പഠിച്ച കോട്ടൺ ഹിൽ സ്കൂളിൽ പണ്ടു് (1976-1980) ശാന്തിനികേതനിൽ നിന്നും വന്ന ഒരു ബംഗാളി ടീച്ചർ ഉണ്ടായിരുന്നു, വിജയമ്മ ടീച്ചർ. അവർ സ്കൂളിലെ ഹിന്ദി ടീച്ചറായിരുന്നു. സ്കൂൾ സമയം കഴിഞ്ഞ് അവർ ബംഗാളി പഠിപ്പിച്ചിരുന്നു. കുറേ കുട്ടികൾ പഠിച്ചു. ഞാൻ പത്താം ക്ലാസിൽ ആയിരുന്നതിനാലാവാം, ചേർന്നില്ല. അന്ന് ബംഗാളി പഠിച്ചവരെയെല്ലെം ടീച്ചർ പശ്ചിമബംഗാളിലെ ശാന്തിനികേതനിൽ കൊണ്ടുപോയി. അവർ വന്നുപറഞ്ഞ വിശേഷങ്ങൾ കേട്ടപ്പോൾ കൂടുതൽ പേർ ചേർന്നു. ) പഠിത്തം പ്രയാസമുള്ളാതായില്ല. അക്ഷരമാല പഠിച്ച് വായന തുടങ്ങി. സിനിമകൾ കണ്ടു. കൂടുതലും ഋത്വിക് ഘട്ടക്, സത്യജിത് റായ്, ഋതുപർണ ഘോഷ് ഇവരൊക്കെയായിരുന്നു ഇഷ്ടം. പുതിയ സിനിമകൾ കുറച്ചേ കണ്ടുള്ളു. സിനിമ കാണുന്നതും ന്യൂസു കേൾക്കുന്നതും ആണ് ഒരു ഭാഷ പഠിക്കാൻ എളുപ്പം.
ചന്ദ്രബതീ രാമായണത്തിൻ്റെ പിഡിഎഫ് രൂപം ഇൻ്റർനെറ്റിൽ നിന്ന് എടുത്തതാണ്. കോയൽ ചക്രവർത്തി എഡിറ്റു ചെയ്തത്. റാഷിദ് ചൗധുരി അതുപയോഗിക്കാനാണു എന്നോടു പറഞ്ഞത്. ബംഗാളിയിൽ നിന്നു നേരിട്ടുള്ള വിവർത്തനം ഇംഗ്ളീഷിലെ കവിതയെക്കാൾ വഴങ്ങി. ചന്ദ്രബതീ രാമായണത്തിൻ്റെ ബംഗാളി പുസ്തകങ്ങൾ ബംഗ്ളാദേശിൽ പ്രസിദ്ധീകരിച്ചവയാണ്. "ടാക്ക", ബംഗ്ളാദേശി നാണയം കൊടുത്തു വാങ്ങാൻ മിനക്കെട്ടില്ല.
" സാഗരേർ പാരെ ആച്ചേ കനക ഭുവൻ
താഹാതേ രാജത്വി കരെ ലങ്കാർ രാവൺ.
ബിശ്വകർമ്മാ നിർമഹേൽ രാബണേർ പുരി
ബിചിത്ര ബർണനാ താഹാർ കഹീതേ നാ പാരി"
ഇങ്ങനെയാണ് ചന്ദ്രബതീ രാമായണത്തിൻ്റെ തുടക്കം.
"ലങ്കയെ കണ്ടീലയോ നീ,
നീലക്കടലിന്മേലെ നീന്തിത്തുടിക്കുന്ന
ഹരിതകംബളം, കനകമയമാം ദേശം,
അസുര രാജാവായ രാവണപ്രഭു വാഴും
സ്വര്‍ഗ്ഗതുല്യമാം രാജ്യം.
പറഞ്ഞാല്‍ തീരില്ലതു, കണ്ടാലും തീരില്ലതു,
മോഹനമതിന്‍ പുകള്‍ കേട്ടാലും മതിവരാ.
ചിത്രവിചിത്രമാം കൊട്ടാരക്കെട്ടുകള്‍,
നിര്‍മിച്ചതു സാക്ഷാല്‍ വിശ്വകര്‍മ്മാവു താൻ."
ഓരോ വരിയും ബംഗാളി വായിച്ച് മലയാള അക്ഷരങ്ങളിൽ എഴുതി, ഡിക്ഷണറി നോക്കി അർഥം മനസ്സിലാക്കി ഗദ്യമായി എഴുതിയിട്ട് പദ്യമാക്കി. ചില സ്ഥലങ്ങളിൽ ഗദ്യ കവിതയായും ചില സ്ഥലങ്ങളിൽ താളമോടെയും. വൃത്തമോ പ്രാസമോ നോക്കിയില്ല. ആശയ വിവർത്തനമാണ്.
പതിനാറാം നൂറ്റാണ്ടിൽ കിഴക്കൻ ബംഗാളിലെ ഫൂലേശ്വരി നദീതീരത്ത് ഉള്ള മൈമൻസിങ്, ധാക്കയ്ക്ക് വടക്കുമാറി ഇപ്പോൾ ബംഗ്ലാദേശിൽ ഉള്ള സ്ഥലത്തിരുന്ന് ചന്ദ്രബതി എഴുതിയ വരികൾ ഒഴുകി ഒഴുകി ഇങ്ങ് കേരളത്തിൽ എൻ്റെ പേനത്തുമ്പിൽ എത്തിയെങ്കിൽ അത് അക്ഷരങ്ങളുടെ കരുത്തല്ലാതെ മറ്റെന്തണ്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates