How Kerala CPM evolved over the first quarter of the 21st century TP Sooraj ,TNIE
News+

സിപിഎമ്മിന്റെ പരിണാമദശ കണ്ട കാൽനൂറ്റാണ്ട്

ജനകീയാസൂത്രണത്തിന്റെയും വികേന്ദ്രീകരണവികസനത്തിന്റെയും പ്രഭാവത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്തുവച്ച കേരളത്തിലെ ഇടതുപക്ഷം ഘടനാപരമായും രാഷ്ട്രീയപരമായും സംഘടനാ തലത്തിലും വലിയ മാറ്റങ്ങൾക്ക് വിധേയമായതിന് സാക്ഷ്യം വഹിച്ചതാണ് കഴിഞ്ഞ കാൽനൂറ്റാണ്ട്.

അനിൽ എസ്

ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തമെഴുതുമ്പോൾ മാർക്സിസം ജനിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ പതിറ്റാണ്ടുകൾക്കപ്പുറം ഭൂമിയുടെ മറ്റേയറ്റത്ത് കേരളത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിക്കുന്ന പരിവർത്തനങ്ങളും ഗതിവിഗതികളും പരിണാമ സിദ്ധാന്തത്തെപ്പോലും അതിശയിപ്പിക്കുമെന്ന് ആ ക്രാന്തദർശി കരുതിയിട്ടുണ്ടായില്ല.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു കേരളത്തിലെ ഇടതുപക്ഷം - പ്രത്യേകിച്ചും സിപിഎം സമൂലമായ പരിവർത്തനങ്ങൾക്ക് വിധേയരാകുകയും ഒരു പക്ഷേ മുമ്പൊന്നുമില്ലാത്ത വിധം സ്വയം നവീകരിക്കാൻ ശ്രമിക്കുകയും ചെയ്ത കാൽനൂറ്റാണ്ടാണ് കടന്നുപോകുന്നത്. പ്രത്യയശാസ്ത്ര കെട്ടുറപ്പുകളിൽ രൂപം കൊണ്ട് അടിസ്ഥാന വർഗ്ഗത്തിൻറെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറി, ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലൂടെ കടന്നു വന്ന് ഒടുവിൽ വലതു വ്യതിയാനമെന്നു പോലും സംശയിക്കാവുന്ന തരത്തിൽ പ്രായോഗികതയിൽ ഊന്നൽ കൊടുക്കുന്ന നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷം മാറിക്കഴിഞ്ഞു.

ജനകീയാസൂത്രണത്തിന്റെയും വികേന്ദ്രീകരണവികസനത്തിന്റെയും പ്രഭാവത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്തുവച്ച കേരളത്തിലെ ഇടതുപക്ഷം ഘടനാപരമായും രാഷ്ട്രീയപരമായും സംഘടനാ തലത്തിലും വലിയ മാറ്റങ്ങൾക്ക് വിധേയമായതിന് സാക്ഷ്യം വഹിച്ചതാണ് കഴിഞ്ഞ കാൽനൂറ്റാണ്ട്.

ചരിത്രം കുറിച്ച ഭൂപരിഷ്കരണ നിയമത്തിലൂടെയും വിദ്യാഭ്യാസ ബില്ലിലൂടെയും ആധുനിക കേരളത്തിനെ പുതിയൊരു നവോത്ഥാന തലത്തിലേക്ക് ഉയർത്തിയ ഇടതുപക്ഷം ഗതി മാറിയൊഴുകുന്നതും പുത്തൻ വഴികൾ വെട്ടുന്നതും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിൽ കണ്ടു.

തൊഴിലാളിവർഗ പാർട്ടി എന്ന ലേബലിൽ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്ന ഇടതുപക്ഷം - പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിപിഎം) - അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് മധ്യവർഗ്ഗത്തിന്റെ പാർട്ടിയായി മാറുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മാറ്റം.

സിപിഎം പുതുതായി നിർമ്മിച്ച എകെജി സെ​ന്റ‍ർ

ക്ഷേമരാഷ്ട്ര സങ്കൽപ്പം, വികാസനോന്മുഖമായ മുദ്രാവാക്യങ്ങൾ, ഒരു മധ്യവർത്തി സമൂഹത്തിന് ആവശ്യമായ വികസന പരിപ്രേക്ഷ്യം, മികച്ച അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പുത്തൻ ആശയങ്ങളിലൂടെ ലോകത്തെ ഏത് ക്ഷേമരാഷ്ട്രത്തോടും കിടപിടിക്കുന്ന രീതിയിൽ കേരളം വളരുന്നത് ഈ കാലയളവിലാണ്.

എന്നാൽ, അതിനൊപ്പം തന്നെ ഒരു വിഭാഗം അടിസ്ഥാന വർഗം അവഗണിക്കപ്പെടുന്നതും പാർശ്വവൽക്കരിക്കപ്പെട്ടവർ ഇടതു ഭൂമികയിൽ നിന്നകന്നതും ഇക്കഴിഞ്ഞ ഇക്കാലത്തെ സവിശേഷതയാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജയ്യ ശക്തി

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നാൽ നൂറ്റാണ്ടിലെ ആദ്യ തെരഞ്ഞെടുപ്പ് ഇടതുപക്ഷ മുന്നണിക്ക് (എൽഡിഎഫ്) ഒട്ടും ശുഭകരമായിരുന്നില്ല. കോൺഗ്രസ് നയിക്കുന്ന വലതുപക്ഷ ജനാധിപത്യമുന്നണി (യുഡിഎഫ്) 100 സീറ്റ് നേടി അധികാരത്തിൽ വന്ന 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേടാനായത് വെറും 23 സീറ്റാണ്.

ഇടതുപക്ഷ മുന്നണി ആകെ 41 സീറ്റ് നേടിയ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തൊട്ടു പിന്നിലായി 43.7 ശതമാനം വോട്ടുകൾ നേടി. 77 സീറ്റിൽ മത്സരിച്ച സിപിഎം വെറും 23 സീറ്റിൽ ഒതുങ്ങിയപ്പോൾ 24 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഏഴ് സീറ്റ് മാത്രമേ നേടാനായുള്ളൂ.

ശ്രദ്ധേയമെന്നു പറയട്ടെ മത്സരിച്ച 88 ൽ 63 സീറ്റ് നേടിയ കോൺഗ്രസ് കേരള നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ അവസാനത്തെ തെരഞ്ഞെടുപ്പായിരുന്നു അത്. അതിനുശേഷം വന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും - യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ഉൾപ്പെടെ - ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎം തന്നെയായിരുന്നു.

എന്നാൽ 2006ൽ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ മത്സരിച്ച ഇടതുപക്ഷ മുന്നണി വമ്പൻ തിരിച്ചുവരവ് നടത്തി. 48.63 ശതമാനം വോട്ട് നേടിയ ഇടതുമുന്നണി 98 സീറ്റിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിൽ വന്നത്. 85 സീറ്റിൽ മത്സരിച്ച് 61 സീറ്റ് വിജയിച്ച സിപിഎം ഒറ്റയ്ക്ക് തന്നെ 30.45% വോട്ട് നേടി.

2011ൽ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമൊഴിയുമ്പോൾ ഒരു പക്ഷേ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് തുടർഭരണം കിട്ടുന്നതിലേക്ക് ഏതാണ്ട് അടുത്തെത്തിയിരുന്നു. 44.94 ശതമാനം വോട്ടും 68 സീറ്റുമായി ഇടതുപക്ഷം ഭൂരിപക്ഷത്തിന് അടുത്തെത്തി ഈ തെരഞ്ഞെടുപ്പിൽ. സിപിഎം ഒറ്റയ്ക്ക് 45 സീറ്റ് നേടി.

പാർട്ടിയിലെ വിഎസ് - പിണറായി യുദ്ധത്തിന്റെ ഭാഗമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട തുടർഭരണം എന്ന് ഇടതു വൃത്തങ്ങളിൽ തന്നെ ചർച്ചയുമുണ്ടായിരുന്നു. എന്നാൽ പാർട്ടി വികസനത്തിന്റെ പാതയെ പിന്തുടരുന്നതിന് ഇതൊന്നും തടസ്സമായില്ലെന്നും ശ്രദ്ധേയമാണ്. 2006-11 കാലഘട്ടത്തിലെ ഇടതുപക്ഷ സർക്കാർ വികസനോന്മുഖമായ ഒട്ടേറെ കാര്യങ്ങൾക്ക് മുൻകൈയെടുത്തു. വല്ലാർപാടം പദ്ധതി, വിഴിഞ്ഞം പ്രാരംഭ നടപടികൾ ഒക്കെ ഈ കാലഘട്ടത്തിലാണ്.

വിഎസ് - പിണറായി ദ്വന്ദ്വം

വിഭാഗീയത പാർട്ടിയെ നോക്കുകുത്തിയായി വളർന്ന ഒരു കാലഘട്ടം ഇതിനിടയിലുണ്ട്. വിഎസ് - പിണറായി തർക്കങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനെ തകർക്കുന്ന നിലയിലേക്ക് വളർന്നു. നേതാക്കളും അണികളും മാത്രമല്ല വർഗ്ഗബഹുജന പ്രസ്ഥാനങ്ങളിലെ അനുഭാവികളും ചേരി തിരിഞ്ഞു ഇരുപക്ഷമായി പരസ്പരം പോരടിച്ചത് സിപിഎമ്മിന്റെ പാർട്ടി അന്തരീക്ഷത്തെ തികച്ചും കലുഷിതമാക്കിയ ഒന്നാം പാദത്തിലാണ് വിഎസ് അച്യുതാനന്ദൻ ജനകീയ നേതാവ് എന്ന പരിവേഷവുമായി ഉയർന്നുവരുന്നത്.

പാർട്ടിയിൽ വിഭാഗീയത ഏറ്റവും കൊടികുത്തി വാണിരുന്ന കാലം. തൊണ്ണൂറുകളുടെ അവസാനത്തിൽ സിപിഎമ്മിലെ ഉൾപാർട്ടി സമരങ്ങളിലൂടെ തുടങ്ങി 90കളുടെ മധ്യത്തോടെ ശക്തി പ്രാപിച്ച വിഭാഗീയത - വിഎസ് നേതൃത്വം കൊടുത്ത വെട്ടി നിരത്തലിലൂടെ പുതിയൊരു മാനം കൈവരിച്ച്‌ - പാർട്ടിയെ തന്നെ ബാധിക്കുന്ന നിലയിലെത്തിയിരുന്നു അക്കാലത്ത്.

അതുവരെ കർക്കശക്കാരനായ മാർക്സിസ്റ്റ് എന്ന പ്രതിച്ഛായ സൂക്ഷിച്ചിരുന്ന വിഎസ് ജനകീയ സമരങ്ങൾ ഏറ്റെടുത്ത് പുതിയ സമരഭൂമികകൾ വെട്ടിപ്പിടിച്ച് കേരളത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി ഉയർന്നുവരുന്ന അഭൂതപൂർവമായ കാഴ്ച കേരളം കണ്ടു. ഒരുപക്ഷേ കേരളം തമസ്ക്കരിച്ചതും കാണാൻ മടിച്ചതുമായ ജനതകൾക്ക് വേണ്ടി വിഎസ് സംസാരിച്ച കാലമായിരുന്നു അത്.

പിണറായി വിജയനും വി എസ് അച്യുതാനന്ദനും (ഫയൽ ചിത്രം)

2001 മുതൽ 2006 വരെയുള്ള കാലം. പ്രതിപക്ഷ നേതാവ് നിലയിൽ ഏറ്റെടുത്ത സമരങ്ങളിലൂടെ, മതികെട്ടാൻ സന്ദർശനത്തിലൂടെ, പരിസ്ഥിതി രാഷ്ട്രീയവും, സ്ത്രീ വിഷയങ്ങളും, സ്വതന്ത്ര സോഫ്റ്റ്‌വെയർ, ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ തുടങ്ങിയവ ഉയർത്തിപ്പിടിക്കുന്നതിലൂടെ ശരിയായ ഇടതുപക്ഷം താനാണ് എന്ന ഒരു പ്രതീതി ജനിപ്പിക്കാൻ വിഎസിന് കഴിഞ്ഞു.

ഒരു പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏട് 2006ലെ വിഎസിന്റെ വിജയമാണ്. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വിഭാഗീയ പ്രശ്നങ്ങൾ - മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേസമയം പാർട്ടി പൊളിറ്റ് ബ്യൂറോയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികൾ - വിഎസ് തുടരെത്തുടരെയുള്ള പാർട്ടി നടപടികൾക്ക് വിധേയനാകാൻ ഒക്കെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരള പാർട്ടിയിൽ കണ്ടതാണ്. എസ്എൻസി ലാവലിൻ കരാർ എന്ന ഒറ്റ വിഷയത്തിന് ചുറ്റും വിഎസ് - പിണറായി ചേരിതിരിഞ്ഞ് പോരടിക്കുന്ന കാഴ്ച. തുടർന്ന് എതിർപക്ഷത്തെ ഏതു വിധേനയും വെട്ടി നിരത്താൻ ഉള്ള വാശിയേറിയ പോരാട്ടം.

അതേസമയം, ഔദ്യോഗിക വിഭാഗം എന്ന നിലയിൽ പാർട്ടിയെ പിണറായി കൈപ്പിടിയിൽ ഒതുക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. 1998ൽ ചടയൻ ഗോവിന്ദന്റെ മരണത്തോടെ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത പിണറായി വിജയൻ എന്ന കണ്ണൂർ നേതാവ് ഇടതുപക്ഷത്തെ ഒറ്റസ്വരമാക്കി മുന്നോട്ടു കൊണ്ടുപോയ കാലഘട്ടമാണിത്. സിപിഎമ്മിനെ കൈപ്പിടിയിൽ ഒതുക്കിയ പിണറായിയുടെ തേരോട്ടമാണ് തുടർന്ന് കേരളം കാണുന്നത്.

ടിപി ചന്ദ്രശേഖരൻ

വിഭാഗീയത ഇരുപക്ഷങ്ങളുടെ പരസ്യ പോരാട്ടം ആകുന്നത് 2005ലെ സിപിഎമ്മിന്റെ മലപ്പുറം സമ്മേളനത്തിൽ ആണെങ്കിലും അതിൻ്റെ വേരുകൾ 2002ൽ തന്നെ പ്രകടമായിരുന്നു. അച്യുതാനന്ദൻ വിഭാഗത്തെ മുച്ചൂടും പരാജയപ്പെടുത്തി പിണറായി പാർട്ടി പിടിച്ചടക്കിയ മലപ്പുറം സമ്മേളനമാണ് വിഭാഗീയതയെ പൂർണ്ണ അർത്ഥത്തിൽ പുറത്തുകൊണ്ടുവന്നത്. പിണറായി പക്ഷം പലതവണ വെട്ടി നിരത്തിയെങ്കിലും വിഎസ് അച്യുതാനന്ദൻ എന്ന ഒറ്റ പോരാളിയുടെ കരുത്തിൽ മറുപക്ഷം പിടിച്ചു നിന്നു.

ഇതിനൊപ്പം വി എസ്സിനെ പിന്തുണച്ചു കൊണ്ട് അന്നത്തെ ദേശാഭിമാനി ആഴ്ചപ്പതിപ്പി​ന്റെ പത്രാധിപരായിരുന്ന പ്രൊഫ. എം എൻ വിജയ​ന്റെ നേതൃത്വത്തിൽ ആശയപരമായ കലാപക്കൊടി ഉയ‍ർത്തി. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വിവാദം. ദേശാഭിമാനി പത്രാധിപരായിരിക്കെ തന്നെ സിപിഎമ്മിനെതിരെ ജനകീയാസൂത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ യുദ്ധമുഖം തുറന്ന പാഠം മാസികയുടെയും പത്രാധിപത്യം എം എൻ വിജയൻ വഹിച്ചു. മലപ്പുറം സമ്മേളനത്തിന് ശേഷം പ്രൊഫ. എം എൻ വിജയൻ ദേശാഭിമാനി പത്രാധിപ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടു.

വിഭാ​ഗീയ കാലത്താണ് തളിക്കുളം, ഷൊർണ്ണൂ‍ർ, ഒഞ്ചിയം എന്നിവിടങ്ങളിൽ പാ‍ർട്ടിയിൽ നിന്ന് അതത് പ്രദേശങ്ങളിൽ വലിയൊരു വിഭാ​ഗം വിട്ടുപോയി. അതിലെ ദാരുണാന്ത്യമായി മാറിയത് ഒഞ്ചിയത്ത് സിപിഎം വിട്ട് വിമത വിഭാ​ഗത്തെ നയിച്ച ടിപി ചന്ദ്രശേഖര​ന്റെ കൊലപാതകമായിരുന്നു. 2012 ൽ ആയിരുന്നു സംഭവം. അതിലെ പ്രതിസ്ഥാനത്ത് വന്നത് സി പി എമ്മും.

പാർട്ടിയിൽ ഏതാണ്ട് രണ്ട് ദശകം നീണ്ടുനിന്ന വിഭാഗീയത അതിന്റെ പരമോന്നതിയിൽ എത്തുന്നത് 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ്. വിഎസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധ മനോഭാവമുള്ളയാൾ എന്ന് പിണറായി തന്നെ പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിലാണ്. പാർട്ടിയിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച, താൻ കൂടി ജന്മം കൊടുത്ത പാർട്ടി തന്നെ തള്ളിപ്പറയുന്നതിൽ ക്ഷുഭിതനായ വിഎസ് ഇറങ്ങിപ്പോക്കു നടത്തുന്നത് ഈ സമ്മേളനത്തിലാണ്.

ഇതേ കാലഘട്ടത്തിൽ തന്നെ ഉമ്മൻചാണ്ടി സർക്കാരിനെതിരായി ഒരു പിടി ജനകീയ സമരങ്ങൾ നയിക്കുന്നതിലും സോളാർ, ബാർകോഴ വിഷയങ്ങളിലുൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിലും നിയമസഭയിൽ അന്നോളം കണ്ടിട്ടില്ലാത്ത പ്രതിഷേധം ആവിഷ്കരിക്കുന്നതിലും ഇടതുപക്ഷം വിജയിച്ചു എന്നതും കാണേണ്ടതുണ്ട്. പാർട്ടിയിൽ ഇരുവിഭാഗമായി നിൽക്കുമ്പോഴും വിഎസ്, പിണറായി പക്ഷങ്ങൾ ഭരണപക്ഷത്തിനെതിരെ ഒന്നിച്ച് മുന്നോട്ടു നീങ്ങി എന്നത് ശ്രദ്ധേയമാണ്. സോളാർ സമരത്തിലൊഴികെ ഇത് പ്രകടവുമായിരുന്നു.

പിണറായി വിജയൻ ( ഫയൽ ചിത്രം)

ചരിത്രം സൃഷ്ടിച്ച ഇടതു ദശകം. ക്യാപ്റ്റൻ പിണറായിയുടെ ഉദയം

2016 കേരളത്തിലെ ഇടതു ചരിത്രത്തിൽ പുതിയൊരു ദശകത്തിന് തുടക്കം കുറിച്ചു. 91 സീറ്റും 43.48 ശതമാനം വോട്ടുമായി അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷത്തിന് പുതിയ ഒരു അധ്യായം തുറന്നു. സിപിഎം ഒറ്റയ്ക്ക് 58 സീറ്റ് നേടിയ ഈ തെരഞ്ഞെടുപ്പിൽ പിണറായിയും വിഎസും മത്സരരംഗത്തുണ്ടായിരുന്നു.

അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ ഭരണതലത്തിൽ ശ്രദ്ധേയമായ പല മാറ്റങ്ങളും കൊണ്ടുവന്നു. ഹരിത കേരളം, ആർദ്രം, ലൈഫ്, വിദ്യാഭ്യാസ മിഷൻ ഇവയിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനും മുൻകൈയെടുത്ത സർക്കാർ വൻകിട പദ്ധതികളായ ഗെയിൽ പൈപ്പ് ലൈൻ,വിഴിഞ്ഞം, ദേശീയപാത തുടങ്ങിയവ നടപ്പിലാക്കുന്ന കാര്യത്തിൽ കർശനമായ നിലപാടെടുത്തു.

സാമൂഹിക രംഗങ്ങളിലും ഈ കാലയളവിൽ ശ്രദ്ധേയമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നത് പ്രധാനമാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം രാഷ്ട്രീയപരമായും സാമൂഹികമായും പല രീതിയിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്.ചരിത്രപരമായ തീരുമാനമായി ഒരു വിഭാഗം കാണുമ്പോൾ വിശ്വാസത്തിൽ ഇടപെട്ടതിലൂടെ ഇടതുപക്ഷം അനാവശ്യ വിവാദത്തിൽ തലയിട്ടു എന്ന കരുതുന്നവരുമുണ്ട്.

എന്തായാലും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് തുടർന്നുവന്ന 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകി.

മതവിശ്വാസികളെയും ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെയും വിശ്വാസത്തിലെടുക്കാനും അതനുസരിച്ച് നയതന്ത്രങ്ങൾ ആവിഷ്കരിക്കാനുമുള്ള ഇടതുപക്ഷത്തിന്റെ ബലഹീനതയായി ഒരു വിഭാഗം ഈ തീരുമാനത്തെ വിലയിരുത്തുന്നുണ്ട്. എന്നാൽ ഇടതു മൂല്യങ്ങൾ ഏതു സാഹചര്യത്തിലും ഉയർത്തിപ്പിടിക്കാനുള്ള ചരിത്രപരമായ ദൗത്യമായാണ് പാർട്ടി ഇതിനെ അന്ന് വിലയിരുത്തിയത്.

ഇതേ കാലഘട്ടത്തിൽ തന്നെ കേരളം ഇന്നുവരെ കാണാത്ത തുടർച്ചയായ വെല്ലുവിളികൾ നേരിടേണ്ടിയും വന്നു പിണറായി സർക്കാരിന്. ആദ്യം ഓഖി ചുഴലിക്കാറ്റ്. തുടർന്ന് 2018ലെ മഹാ പ്രളയം. 2019ൽ വീണ്ടും പ്രളയം. നിപ വ്യാധി. തുടർന്നുവന്ന കോവിഡ് കാലഘട്ടം. ഇവയെല്ലാം ഫലപ്രദമായി നേരിടാനും സർക്കാരിനെയും സംസ്ഥാനത്തെയും മുന്നിൽ നിന്ന് നയിക്കാനും പിണറായിക്ക് സാധിച്ചു.

പാർട്ടിയിലെ ഉരുക്കു മുഷ്ടി സർക്കാരിലും പ്രതിഫലിച്ചതോടെ കേരളം കണ്ട ഏറ്റവും മികച്ച ക്രൈസിസ് മാനേജർ എന്ന് പിണറായി വിലയിരുത്തപ്പെട്ടു. കോവിഡ്, നിപ വ്യാധികളെ പ്രതിരോധിച്ചതിലൂടെ കേരളം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല ഈ നേട്ടങ്ങളുടെ പേരിൽ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സസെ അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്തു.

കോവിഡ് പോരാട്ടങ്ങളുടെയും ക്ഷേമ പെൻഷൻ പദ്ധതികളുടെയും കരുത്തിൽ രണ്ടാം പിണറായി സർക്കാർ ഒരു സാധ്യതയായി മുന്നിൽ തെളിഞ്ഞ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം പുതിയൊരു നയതന്ത്രപരമായ അടവ് പരീക്ഷിച്ചു.

രണ്ടുവട്ടം നിയമസഭ സാമാജികരായവരെ പുറത്തിരുത്തിയതായിരുന്നു തിരഞ്ഞെടുപ്പ് നേരിട്ടത്. അത് അതിശകരമായ വിധം ലക്ഷ്യം കാണുകയും ചെയ്തു. തുടർഭരണം ലഭിച്ചപ്പോൾ, ഒന്നാം സർക്കാരിലെ പ്രമുഖരുൾപ്പെടെയുള്ള മന്ത്രിമാരെ ക്യാബിനറ്റിൽ നിന്ന് മാറ്റിനിർത്തിയതും ഒരുപക്ഷേ, പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉൾപ്പാർട്ടി പരീക്ഷണങ്ങൾ ആയിരുന്നു ഇവ.

കെകെ ശൈലജ, പിണറായി വിജയൻ (ഫയൽ ചിത്രം)

കോവിഡ്,പ്രളയ കാലങ്ങളിൽ മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ എന്ന വിളിപ്പേര് നേടിയ പിണറായി വലതുപക്ഷത്തെ തൂത്തെറിഞ്ഞ് 99 സീറ്റ് നേടി അധികാരത്തിൽ വന്നു. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിക്ക് തുടർഭരണം. ഇടതുപക്ഷം 45.43 % വോട്ട് നേടിയ ഈ തെരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്ക് 62 സീറ്റ് നേടി.

പാർട്ടിയിലും ഭരണത്തിലും നടത്തിയ പരീക്ഷണങ്ങൾക്ക് ഉള്ള അംഗീകാരം കൂടിയായിരുന്നു അത്. ഇതോടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന പദവി പിണറായി ഒന്നു കൂടി ഉറപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഇടയ്ക്കിടെ ഉയർത്തിയ ചില വിമർശനങ്ങളും ഇക്കഴിഞ്ഞ ആഴ്ച പിഎം ശ്രീ വിഷയത്തിൽ സിപിഐ നടത്തിയ ഇടപെടലും ഒഴിച്ചാൽ പാർട്ടിക്കോ മുന്നണിക്കോ ഉള്ളിൽ നിന്ന് പിണറായി ഒരിക്കലും കടുത്ത വെല്ലുവിളി നേരിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പിണറായി എന്ന കർക്കശക്കാരനായ മുഖ്യമന്ത്രി കഴിഞ്ഞ ഒരു ദശകമായി കേരളത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് പലതരം വെല്ലുവിളികൾ നേരിട്ടാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ നിരന്തരമായ ഉലച്ചിൽ ഭരണത്തെ പലപ്പോഴും നൂൽപാലത്തിലൂടെയുള്ള ഒരു യാത്രയാക്കുന്നു.

അവയ്ക്കിടയിൽ ശരിയായ ഇടതുപക്ഷം എന്ന അവകാശപ്പെടുന്നവരുടെ പരിഹാസം. വല്ലപ്പോഴുമെങ്കിലും ഉയർന്നുവരുന്ന ഭിന്നതകൾ. ദുർബലമെങ്കിലും പ്രതിപക്ഷം ഉയർത്തുന്ന തലവേദനകൾ. ഹിന്ദുത്വ, ന്യൂനപക്ഷ ശക്തികളുടെ ആക്രമണങ്ങൾ. ചിലപ്പോൾ സമരസപ്പെട്ടും ചിലപ്പോൾ പ്രതിരോധിച്ചും മറ്റു ചിലപ്പോൾ ആക്രമിച്ചും പിണറായി മുന്നോട്ടുപോകുന്നു. സിപിഎമ്മിന് വ്യക്തമായ മേൽകൈയുള്ള മൂന്നാം പിണറായി സർക്കാർ എന്നത് പ്രതീക്ഷയായി നിലനിർത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സോഷ്യൽ എൻജിനീയറിങ്ങോ വോട്ട് രാഷ്ട്രീയമോ?

കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ഇടതുപക്ഷത്തിന്റെ സാമൂഹിക സാംസ്കാരിക തലങ്ങളിലെ ഇടപെടലുകളിലും ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇടതു മനസ്സിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രായോഗിക രാഷ്ട്രീയത്തിലേക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ സാധ്യതകളിലേക്കും സമുദായ സമവാക്യങ്ങളിലേക്കും തിരിയുന്നതും ഈ നൂറ്റാണ്ടിലെ കാഴ്ചകളാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ ഒരിക്കൽ മുന്നിട്ടുനിന്ന ഇടതുപക്ഷം ചിലപ്പോഴെങ്കിലും മൃദു ഹിന്ദുത്വം പിന്തുടരുന്നുണ്ടോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ ശബരിമല വിഷയത്തിലെ കർശനമായ തിരിച്ചടി അത്തരമൊരു പാതയിലേക്ക് വഴിവെട്ടാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

മറുവശത്ത് മതതീവ്രവാദശക്തികളോട് ഒരുതരത്തിലുള്ള രാഷ്ട്രീയ നീക്കവും ഇല്ല എന്ന് പലതവണ പ്രഖ്യാപിച്ച ശേഷവും ചിലപ്പോഴെങ്കിലും അത്തരം ഗ്രൂപ്പുകളുമായി ഇടപെടുന്നുവെന്നും പരസ്യമായല്ലെങ്കിലും സന്ധി ചെയ്യുന്നുവെന്നും ഇടതുപക്ഷം ആരോപണം നേരിടുന്നുണ്ട്. സമുദായങ്ങളെ പ്രീണിപ്പിക്കാനില്ല എന്ന് ആവർത്തിച്ചു പറയുമ്പോഴും സമുദായ നേതാക്കളെയും മത മേലധികാരികളെയും കാണാനും അവരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കാനും അവരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാനും ഇടതു നേതാക്കൾ മത്സരിക്കുന്നുവെന്ന് പറയാതെ വയ്യ. ഇടതു കുപ്പായത്തിനുള്ളിലെ വലതു പാർട്ടി ആയിപ്പോയോ സിപിഎം എന്ന് ഇടതു നേതാക്കൾ തന്നെ വിലപിക്കുന്നുമുണ്ട്.

ദേശീയ രാഷ്ട്രീയവും ഇടതു കേരളവും

രണ്ടായിരത്തിന്റെ തുടക്കത്തിലേക്ക് എത്തുമ്പോഴേക്കും നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും കേരളത്തിന്റെ സവിശേഷ സാമൂഹിക യാഥാർത്ഥ്യങ്ങളും തിരിച്ചറിഞ്ഞു കൂടുതൽ യാഥാർത്ഥ്യബോധമുള്ള ഒരു പാർട്ടിയായി സി പിഎം മാറി. ജ്യോതി ബസുവിന് തളികയിൽ വച്ച് നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച തീരുമാനത്തിന് ശേഷം ഇടതു പക്ഷം ഏറ്റെടുത്ത വളരെ പ്രധാനപ്പെട്ട ചുമതലയായിരുന്നു കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിനെ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പുറത്തു നിന്ന് പിന്തുണക്കാനുള്ള ആശയം.

ഇതോടെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി ഒട്ടൊരു യാഥാർത്ഥ്യബോധത്തോടെ സിപിഎം ദേശീയ രാഷ്ട്രീയത്തിൽ പങ്കാളിയാകുകയാണ്.എന്നാൽ, പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിന് മേൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതോടെ പ്രായോഗികതലത്തിൽ ഇന്ത്യൻ സാഹചര്യങ്ങളോട് പാർട്ടി മുഖം തിരിക്കുന്നുവെന്ന വിമർശനം ഉയർന്നു വന്നു.

നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ദേശീയ രാഷ്ട്രീയത്തിലെ സിപിഎമ്മിന്റെ പ്രഭാവം പലതരത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിച്ചിട്ടുണ്ട്. 2004ൽ യുപിഎ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള സിപിഎമ്മിന്റെ ചരിത്രപരമായ തീരുമാനവും തൊട്ടടുത്ത വർഷം ജനറൽ സെക്രട്ടറിയായി വന്ന മലയാളിയായ പ്രകാശ് കാരാട്ട് എന്ന കണിശക്കാരനായ കമ്മ്യൂണിസ്റ്റിന്റെ തീരുമാനങ്ങളും തുടർന്ന് 2008 ൽ ആണവ കരാറിന്റെ പേരിൽ യുപിഎ സർക്കാരിന് പിന്തുണ പിൻവലിച്ചതും ദേശീയതലത്തിൽ മാത്രമല്ല സംസ്ഥാനത്തും സിപിഎമ്മിന്റെ വളർച്ചയിലും തളർച്ചയിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഒരു പൊതു മിനിമം പരിപാടിയുടെ പുറത്ത് യുപിഎ സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷമായിരുന്നു വികസനോന്മുഖവും പുരോഗമനാത്മകവുമായ ഒരു കൂട്ടം മികച്ച നിയമങ്ങൾക്ക് - വിവരാവകാശ നിയമം, വനാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ - ചുക്കാൻ പിടിച്ചത് എന്നത് ശ്രദ്ധേയമാണ്. യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള ഇടത് തീരുമാനം കാലക്രമത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദേശീയതലത്തിൽ ഇടതിന്റെ പ്രസക്തി ഇല്ലാതാക്കിയത് കേരളത്തിലെ ഇടതുപക്ഷത്തിനെ എങ്ങനെ ബാധിച്ചു എന്നത് സൂക്ഷ്മതലത്തിൽ വ്യക്തമാണ്.

2016 ലെ വിജയത്തെ തുടർന്ന് ആഹ്ളാദം പ്രകടിപ്പിക്കുന്ന സിപി എം പ്രവർത്തകർ (ഫയൽ)

2004ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ ദേശീയതലത്തിൽ 43 എംപിമാർ ഉണ്ടായിരുന്ന ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ഒരു രാഷ്ട്രീയ ശക്തിയായിരുന്നു. എന്നാൽ, കാലക്രമേണ ഇടതുപക്ഷത്തിന് ലോക്സഭയിലെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞു. 2009ൽ 16ലേക്ക്; 2014ലിൽ ഒമ്പത് സീറ്റിലേക്ക്. 2019 ആയപ്പോൾ മൂന്നു സീറ്റുകളിലേക്കും ഒതുങ്ങിയ സിപിഎമ്മിന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടാനായത് നാലു സീറ്റ് മാത്രമാണ്.

അവശേഷിക്കുന്ന ഒരേ ഒരു ചുവപ്പു കോട്ട

ദേശീയ രാഷ്ട്രീയത്തിലെ തളർച്ച സംസ്ഥാനങ്ങളിലേക്കും ബാധിച്ചതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി. തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ഇന്ത്യയിലെ ആദ്യ സർക്കാർ എന്ന ഖ്യാതി മാത്രമല്ല വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിലെ വലത്, ഹിന്ദുത്വ, മുതലാളിത്ത വെല്ലുവിളികളെ പ്രതിരോധിച്ച ഏക ഇടത് സർക്കാരും കേരളത്തിന് സ്വന്തം. പശ്ചിമ ബംഗാളും ത്രിപുരയും കൈവിട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏക ചുവപ്പ് കോട്ടയായി കേരളം മാറി.

എന്നാൽ,ഈ സ്ഥാനം നൽകുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളും ചെറുതല്ല. പിണറായി വിജയൻ എന്ന ഒറ്റ കമ്മ്യൂണിസ്റ്റ് നേതാവിന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചില്ലറയല്ല. ഏതു വികസന രാഷ്ട്രത്തോടും കിടപിടിക്കുന്ന രീതിയിൽ സംസ്ഥാനവികസനം മുന്നോട്ടു കൊണ്ട് പോകുന്ന ചുമതല ഒരു വശത്ത്. ക്ഷേമ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു നീക്കുന്നത് മറ്റൊരു ചുമതല. വലത് വ്യതിയാനമെന്ന ആക്ഷേപം മറുവശത്ത്. വികസന വിരോധികളെന്ന സ്ഥിരം വിമർശനം മറികടക്കാൻ പിണറായിക്ക് കഴിഞ്ഞുവെന്ന് മാത്രമല്ല, വിഭവശോഷണത്തിനിടയിലും വികസന കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതുമില്ല.

കേന്ദ്ര പദ്ധതികളിലെ വിഹിതം നൽകാതെയും വെട്ടിക്കുറച്ചും പിടിച്ചുവെച്ചും വായ്പകൾ എടുക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയും പദ്ധതികളുടെ കാര്യത്തിൽ പിടിവാശി കാണിച്ചു കേന്ദ്രസർക്കാർ കേരളത്തെ വലിഞ്ഞുമുറുക്കുമ്പോളാണ് സംസ്ഥാനം ഈ വികസന നേട്ടങ്ങൾ കൈവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേന്ദ്രസഹായം ആവശ്യമുള്ള ഘട്ടങ്ങളിലൊന്നും സംസ്ഥാനത്തിനൊപ്പം കേന്ദ്രം കനിവ് കാട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ സമാനമനസ്കരായ മറ്റ് സംസ്ഥാന സർക്കാരുകളെ ഒപ്പം കൂട്ടി കേന്ദ്രത്തിനെതിരെ തുറന്ന് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് കേരളം. രാഷ്ട്രീയപരമായും നിയമപരമായും ഒരു ഫെഡറൽ സംവിധാനത്തിനുള്ളിൽ ഒരു സംസ്ഥാനത്തിന് ചെയ്യാനാകുന്നത് എല്ലാം ചെയ്യുന്നുണ്ട് കേരളം.

വലത് വ്യതിയാനമുണ്ടോ?

ഇഗാലിറ്റേറിയൻ സൊസൈറ്റി എന്ന ആശയത്തിൽ തുടങ്ങി ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലൂടെ പുരോഗമിച്ച് വലതുപക്ഷ വ്യതിയാനം സംഭവിച്ച സർക്കാരാണ് കേരളത്തിലേത് എന്ന് കരുതുന്നവരും ഉണ്ട്. എൺപതുകളുടെയും തൊണ്ണൂറുകളുടെയും കാലത്തിലാണ് ഇടതുപക്ഷം ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിലേക്ക് പോയതെന്നും കഴിഞ്ഞ ഒരു ദശകമായി കേരളം കാണുന്ന ഇടതുപക്ഷം വലതുപക്ഷ വ്യതിയാനം സംഭവിച്ച പാർട്ടിയാണെന്നും ഇടത് രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫസർ ജെ പ്രഭാഷ് പറയുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളർച്ചയെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാൽ - പ്രത്യയശാസ്ത്രത്തിൽ ഊന്നിയ ആദ്യപാദം പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികതയിലേക്ക് ചുവടുറപ്പിച്ച രണ്ടാം ഘട്ടം ഒടുവിൽ പ്രായോഗിക രാഷ്ട്രീയത്തിന് ഊന്നൽ നൽകിയ കഴിഞ്ഞ ഒരു ദശകം - എന്നിങ്ങനെ വിലയിരുത്താം എന്നാണ് അദ്ദേഹത്തിന്റെ വാദം. ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെയും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിലൂടെയും പൊതു സ്വകാര്യ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന വികസന പരീക്ഷണങ്ങളിലൂടെയും കഴിഞ്ഞ ഒരു ദശകമായി കേരളം കാണുന്നത് വലതുപക്ഷ വ്യതിയാനം സംഭവിച്ച ഇടത് പാർട്ടിയെയാണെന്ന് പ്രഭാഷ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കാലാനുസൃതമായ മാറ്റങ്ങൾ തിരിച്ചറിഞ്ഞു സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിളിലും തൊഴിലിടങ്ങളിലും സംഭവിക്കുന്ന പരിവർത്തനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പുതിയ മാർക്സിസ്റ്റ് പതിപ്പ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് ഇടത് ചിന്തകനായ എൻ എം പിയേഴ്സൺ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ സിപിഎം ഏറ്റെടുത്ത് ഇടതുപക്ഷം നടത്തിയ പല സമരങ്ങളുടെയും ഭാഗമായി അടിസ്ഥാന വർഗ്ഗം കുറച്ചുകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് എത്തിയിട്ടുണ്ട്. മിച്ചഭൂമി സമരം പോലുള്ള വിപ്ലവങ്ങളിലൂടെ ഭൂമി ഇല്ലാത്തവരെ ഭൂ ഉടമകളാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാൽ, അതിനടുത്ത ഘട്ടത്തിൽ അവരെ എങ്ങനെ കൂടുതൽ ശാക്തീകരിക്കണമെന്നും അതിനുവേണ്ടി എന്തുതരം പരിവർത്തനമാണ് ആവശ്യമെന്നത്തിലും ഇടതുപക്ഷത്തിന് വ്യക്തതയില്ലായ്മയുണ്ട് എന്ന് അദ്ദേഹം കരുതുന്നു.

ഇടതു പക്ഷത്തിന്റെ ആശയങ്ങളും നയങ്ങളും പിന്തുടർന്നും ഇടത് സമരങ്ങൾ ഏറ്റെടുത്തും തൊഴിലാളി വർഗത്തിൽ നിന്ന് മധ്യവർഗത്തിലേക്ക് എത്തിപ്പെട്ട ഒരു ജനതയുണ്ട്. അവരെ കൃത്യമായി അഭിസംബോധന ചെയ്യുന്നതിൽ ഇടതുപക്ഷം ഒരളവുവരെ പരാജയപ്പെട്ടിട്ടുണ്ട്. മാത്രമല്ല മധ്യവർഗത്തിൽ എത്താതെ മാറിനിൽക്കുന്ന തൊഴിലാളി വർഗത്തെ ഒപ്പം കൂട്ടുന്നതിൽ ഇടതുപക്ഷം ഒട്ടൊന്ന് പിന്നോക്കം പോയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഈ രാഷ്ട്രീയ നിരീക്ഷകൻ ചൂണ്ടിക്കാട്ടുന്നത്.

കേരള രാഷ്ട്രീയത്തിൽ പുത്തൻ ഇടതു ഭൂമികകൾ ഉയർന്നു വരുമ്പോൾ

ശ്രദ്ധേയമായ മറ്റൊരു സംഗതി ഇടതുപക്ഷം ഒരുകാലത്ത് കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ഇടതു ഭൂമിക സ്വന്തമാക്കിയ മറ്റൊരു അടിസ്ഥാന വിഭാഗം വളർന്നുവരുന്നു എന്നതാണ്. ചുരുക്കത്തിൽ ശരിയായ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന പുതിയൊരു വിഭാഗം. അവർ കുടിയിറക്കപ്പെട്ടവരുടെ സമരങ്ങളിലും പരിസ്ഥിതി സംഘർഷങ്ങളിലും ഇടപെടുന്നുണ്ട്. ആദിവാസികളുടെയും ദളിതരുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുന്നുണ്ട്.

നിയതമായ ഒരു ഘടന ഇല്ലെങ്കിലും പലയിടത്തും ഉയർന്നു വരികയും ഇടത് ഭൂമികയിലെ യഥാർത്ഥ സ്വത്വം തങ്ങളാണ് എന്ന പരിവേഷം ജനിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഇത് നിലവിലെ ഇടതുപക്ഷത്തിന് ഉൾക്കൊള്ളാനാകുന്നില്ല. എന്ന് മാത്രമല്ല ഇവരെ ഒപ്പം കൂട്ടാനോ തള്ളിപ്പറയാനോ പലപ്പോഴും സിപിഎം അശക്തരുമാണ്. വയൽക്കിളികൾ പോലെയുള്ള കൂട്ടങ്ങളാകട്ടെ, കെ-റയിൽ വിരുദ്ധ സമരസമിതികൾ ആകട്ടെ, അരിപ്പയിലും ചെങ്ങറയിലും മുത്തങ്ങയിലുമുള്ള ഭൂസമരങ്ങളിൽ ഏർപ്പെട്ട ദളിതരും ആദിവാസികളുമാകട്ടെ ഇവരുടെ കാര്യത്തിൽ സിപി എമ്മും വ്യവസ്ഥാപിത ഇടതുപക്ഷവും എവിടെയാണ് നിൽക്കുന്നതെന്ന് പലപ്പോഴും വ്യക്തതയില്ല.

ഓരങ്ങളിൽ കാത്തുനിൽക്കുന്ന, ഇടതുമനസ്സുള്ള ഈ കൂട്ടം പലപ്പോഴും തീവ്ര ഇടതുപക്ഷത്തെയും പൊതുധാരയിൽ നിന്ന് മാറി നിൽക്കുന്ന കമ്മ്യൂണിസ്റ്റുകാരെയും ഓർമ്മിപ്പിക്കുന്നു. എന്നാൽ വസന്തത്തിന്റെ ഇടിമുഴക്കം കണ്ട നക്സലിസവും മാവോയിസവും പലതവണ പരീക്ഷിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്ത കേരളത്തിൽ പുത്തൻ ഇടതു ഭൂമികയ്ക്ക് എത്രത്തോളം പ്രസക്തിയുണ്ട് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

How Kerala CPM evolved over the years. A journey through the Communist Marxist Party's paradigm shift in its developmental perspective, political preferences, socio-cultural developments in the first quarter of the 21st century.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT