നിർമ്മിതബുദ്ധിയും ഡേറ്റാ സെന്ററുകളുമാണിപ്പോൾ മാധ്യമങ്ങളിലും വ്യാവസായിക-രാഷ്ട്രീയ വൃത്തങ്ങളിലും ആവേശം നിറയ്ക്കുന്നത്. വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും ഇന്ത്യയിൽ ഡേറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 32.5 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം ഉറപ്പു നൽകിയതിനെ തുടർന്നു സാങ്കേതികരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടമെന്നും ശുഭോദർക്കമായ തുടക്കമെന്നുമുള്ള സാങ്കേതിക വിദ്യയിൽ വിസ്മയം കൊള്ളുന്ന,വാർത്തകളുടെ കുത്തൊഴുക്കായിരുന്നു.
ഈ വികസന സ്വപ്നങ്ങളുടെ ആഘോഷങ്ങൾക്കിടയിൽ ഡേറ്റാ സെന്ററുകൾ ഉയർത്തുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികൾ ഒരിക്കലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലോ പൊതുവ്യവഹാരങ്ങളിലോ ഇടം പിടിച്ചതുമില്ല.
ഏതാനും ചില വിദേശ മാധ്യമങ്ങളിലും പരിസ്ഥിതികേന്ദ്രീകൃതമായ ചില സ്വതന്ത്ര മാധ്യമങ്ങളിലും മാത്രമാണ് ഡേറ്റാ സെന്ററുകളുയർത്തുന്ന സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നു കണ്ടത്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ ടെക് ജേണലിസ്റ്റ് ആയ കാരൻ ഹാഓ (Karen Hao)യുടെ 'ദി എംപയർ ഓഫ് എഐ: ഇൻസൈഡ് ദ് റെക്ക്ലെസ്സ് റേസ് ഫോർ ടോട്ടൽ ഡോമിനേഷൻ' (Empire of AI: Inside the Reckless Race for Total Domination ) എന്ന പുസ്തകം പ്രസക്തമാവുന്നതും.
നമ്മുടെ സ്‌ക്രീനുകൾക്ക് പുറത്ത് പരിസ്ഥിതിക്കും സാമൂഹിക ക്ഷേമത്തിനും ഭീഷണിയാവുന്ന ഭൗതികരൂപം കൈക്കൊള്ളുന്ന നിർമിതബുദ്ധിയുടെ സംഹാരഭാവം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത വായനയായി മാറുന്നതും.
“സമൃദ്ധിയുടെ പേരിൽ തങ്ങളുടെ ഇടങ്ങളിൽ നിന്നും കുടിയിറക്കപ്പെടാൻ വിസമ്മതിക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസ്ഥാനങ്ങൾക്ക്“ ആണ് ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. സ്വന്തം വേരുകളിൽ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന ജനതയോടുള്ള ഐക്യദാർഢ്യം ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാം.
2015 ൽ ലാഭേച്ഛയില്ലാതെ (nonprofit) പ്രവർത്തനം തുടങ്ങുകയും പിന്നീട് ലാഭത്തിനായി (for-profit) പ്രവർത്തിക്കുന്ന എൽ എൽ സി (LLC) രൂപികരിച്ചു കൊണ്ട് ചുവടുമാറ്റുകയും ചെയ്ത ഓപ്പൺ എഐ (OpenAI) എന്ന കമ്പനിയെ കേന്ദ്രീകരിച്ചാണ് കാരൻ ഹാഓ തന്റെ പുസ്തകമെഴുതിയിരിക്കുന്നത്. എന്നാൽ, നിർമിതബുദ്ധിയുടെ സാമ്രാജ്യവൽക്കരണത്തെയും അധികാരവും സാമ്പത്തും നേടാനായി എഐ കമ്പനികൾ നടത്തുന്ന കൗശലങ്ങളെയും കൗടില്യങ്ങളെയും ഈ പുസ്തകം വരച്ചിടുന്നു.
സാമ്രാജ്യം എന്ന രൂപകം ബോധപൂർവ്വവും വസ്തുനിഷ്ഠവുമായ തെരഞ്ഞെടുപ്പായിരുന്നുവെന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ വിശദീകരിക്കുന്ന എഴുത്തുകാരി എഐ കമ്പനികളെ പഴയകാലത്തെ യൂറോപ്യൻ കൊളോണിയലിസ്റ്റുകളുമായാണ് താരതമ്യം ചെയ്യുന്നത്. അധിനിവേശം, ചൂഷണം, മോഷണം, കീഴടക്കൽ എന്നിവയെ ന്യായീകരിക്കാൻ ശ്രേഷ്ഠത, ആധുനികത, വംശീയത എന്നിവയെ എങ്ങനെയാണോ മനുഷ്യത്വരഹിതമായി കോളോണിയലിസ്റ്റുകൾ ഉപയോഗിച്ചത്, അതുപോലെയാണ് കല, സാഹിത്യം, ഗവേഷണം എന്നിങ്ങനെ ഓൺലൈൻ ഇടങ്ങളിൽ സാന്നിധ്യമുള്ള എല്ലാവരിൽ നിന്നും അദ്ധ്വാനം ചൂഷണം ചെയ്യുന്നതിനും, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനും, അവരുടെ സാമ്പത്തിക അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും എ ഐ സാമ്രാജ്യം ആധുനികതയുടെയും പുരോഗതിയുടെയും മറ ഉപയോഗിക്കുന്നത് എന്നും ഈ പുസ്തകം വിശദമാക്കുന്നു.
നിരവധി വൈരുദ്ധ്യങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിൽ നിന്ന് ലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായി ഓപ്പൺ എഐ എന്ന കമ്പനിയുടെ പരിവർത്തനം. അതിന്റെ അമ്പരപ്പിക്കുന്ന വിപണിമൂല്യം, സാം ആൾട്ട്മാന്റെ വ്യക്തിത്വം എന്നിവയൊക്കെ പറയുമ്പോൾ രണ്ട് പ്രധാന വിഷയങ്ങൾ അതിൽ സമർത്ഥമായി സമന്വയിപ്പിച്ചിരിക്കുന്നു: നിർമിതബുദ്ധിയുടെ സാമ്രാജ്യം ആവശ്യപ്പെടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വ്യയങ്ങൾ/ആഘാതങ്ങൾ. അധികാരവും വിഭവശേഷിയും ഉള്ള വരേണ്യവർഗം നിർമ്മിച്ച സാങ്കേതികവിദ്യ അതിന്റെ നിർമ്മാതാക്കളെ സമ്പന്നരാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
മാത്രമല്ല, ഇതിന്റെ ചെലവ് എപ്പോഴും വഹിക്കേണ്ടി വരുന്നത് - നിലവിലെ എഐ (AI) തരംഗം വ്യക്തമാക്കുന്നതുപോലെ - പിന്നാക്കം നിൽക്കുന്നവരായിരിക്കുമെന്നും പ്രത്യേകിച്ചും കൊളോണിയൽ സാമ്രാജ്യ അധിനിവേശത്തിന്റെ അനന്തരഫലങ്ങളുമായി ഇപ്പോഴും മല്ലിടുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ, ഇതിലൂടെ വീണ്ടും ചൂഷണങ്ങളിലൂടെ ദുരിതത്തിലേക്ക് തള്ളിയിടപ്പെടുകയാണ് എന്ന് തികഞ്ഞ ചരിത്രബോധത്തോടെ കാരൻ ഹാഓ വാദിക്കുന്നു.
2030 ആകുമ്പോഴേക്കും, ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉപഭോക്താവായ ഇന്ത്യയെക്കാൾ കൂടുതൽ ഊർജ്ജം ആഗോളതലത്തിൽ എഐ കമ്പ്യൂട്ടിങ് ഉപയോഗിക്കുമെന്നാണ് പ്രവചനം. നിലവിലെ ഡേറ്റാ സെന്ററുകൾ 150 മെഗാവാട്ട് പദ്ധതികളായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിൽ, പുതിയതും വലുതുമായ മെഗാ-കാമ്പസുകൾക്ക് 1000 മുതൽ 2000 മെഗാവാട്ട് വരെ ആവശ്യമായി വരും. കേരളത്തിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനം 3000 മെഗാവാട്ടിൽ താഴെയാണെന്നും കേരളത്തിലെ വെറും മൂന്ന് ജലവൈദ്യുത നിലയങ്ങൾക്ക് മാത്രമേ 150 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ളൂ എന്നുകൂടി അറിയുമ്പോഴാണ് വൈദ്യുതി ഉപഭോഗത്തിന്റെ വ്യാപ്തി മനസ്സിലാവുക.
വൈദ്യുതിയുടെ ആവശ്യകത വർദ്ധിക്കുന്നത് പല രാജ്യങ്ങളിലും ഇപ്പോഴും വൈദ്യുതി ഉൽപ്പാദനത്തിന്റെ പ്രധാനസ്രോതസ്സായ ഫോസിൽ ഇന്ധനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിനും വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഇത് സാമ്പത്തിക ദുർബല വിഭാഗങ്ങൾക്ക് അധികഭാരം ചുമത്തുന്നതിലേക്കാണ് നയിക്കുക. ഈ കാര്യം വ്യക്തമാക്കുന്നതിന്, കാരൻ ഹാഓ ഗോൾഡ്മാൻ സാക്സിന്റെ ഒരു വിശകലനം ഉദ്ധരിച്ചു പറയുന്നത് കഴിഞ്ഞ ഒരു തലമുറക്കാലമായെങ്കിലും കാണാത്തത്രയും ഊർജ്ജ ആവശ്യകതയ്ക്കാണ് (demand) ഡേറ്റാ സെന്ററുകൾ കാരണം വൈദ്യുതമേഖല സാക്ഷ്യം വഹിക്കുന്നത് എന്നാണ്.
ഇവിടെ ഓർമ്മിക്കേണ്ട, ഒരു വിഷയം കഴിഞ്ഞ വർഷം ഡീകമ്മീഷൻ ചെയ്യേണ്ടിയിരുന്ന, മുംബൈയിലെ രണ്ട് കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങൾ(ടാറ്റയും അദാനിയും നടത്തുന്ന)ക്ക് കാലാവധി നീട്ടിനൽകിയതിനെ കുറിച്ച് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്. വർദ്ധിച്ചുവരുന്ന ആവശ്യകത ചൂണ്ടിക്കാട്ടി ടാറ്റ നൽകിയ അപേക്ഷയെ തുടർന്നാണ് ഇവയുടെ കാലാവധി നീട്ടിനൽകിയതെന്നു വാർത്തയിൽ പറയുന്നു. ഇതേ വാർത്തയിൽ പരിസ്ഥിതി പ്രവർത്തകരെ ഉദ്ധരിച്ചു കൊണ്ട് പറയുന്നത് നിരവധി ഡേറ്റാ സെന്ററുകൾ പ്രവർത്തിക്കുന്ന മുംബൈയിൽ ഡേറ്റാ സെന്ററുകൾക്ക് ഏകദേശം 600 മെഗാവാട്ട് ആവശ്യമുണ്ട് ഈ ഡേറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗവും മലിനീകരണമുണ്ടാക്കുന്ന പ്ലാന്റുകളുടെ ഡീകമ്മീഷനിങ് നീട്ടിവെക്കലും തമ്മിൽ ബന്ധമുണ്ടെന്നാണ്.
ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിനും ഇപ്പോഴും ശുദ്ധജലം ലഭ്യമല്ലാത്ത ഇന്ത്യയെയും അതുപോലുള്ള രാജ്യങ്ങളെയും എങ്ങനെയാണ് ഡേറ്റാ സെന്റർ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാകുന്നതിനു ഒരു കാരണം. ഡേറ്റാ സെന്ററുകൾക്ക് ഉപകരണങ്ങൾ ചൂടാകാതിരിക്കാനും അവയെ തണുപ്പിക്കാനുമായി വലിയതോതിൽ ജലഉപഭോഗം വേണ്ടി വരുന്നുണ്ട് എന്നത് കൊണ്ടാണ്. ഡേറ്റാ സെന്ററുകളുടെ ജലഉപഭോഗത്തെ കുറിച്ച് നമ്മുടെ ഇന്നത്തെ അറിവിന്റെ ദൈവമായി മാറിയ ഗൂഗിൾ ചിലിയിലെ സെറില്ലോസിൽ ഒരു ഡേറ്റാസെന്റർ സ്ഥാപിക്കുന്നതിനായി 2019-ൽ ഗൂഗിൾ സമർപ്പിച്ച നോട്ട് പരിശോധിക്കാം. അതു പ്രകാരം അവിടുത്തെ ശീതികരണസംവിധാനത്തിന് ഓരോ സെക്കൻഡിലും 169 ലിറ്റർ വെള്ളം ആവശ്യമാണ്. അതായത്, സെറില്ലോസിലെ ഏകദേശം 88000 വരുന്ന ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 1000 മടങ്ങ് വാർഷിക ഉപഭോഗം.
മൂലധനം ആകർഷിക്കാനുള്ള വ്യഗ്രതയിൽ, പല സർക്കാരുകളും കമ്പനികളെ ഈ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചു വെക്കാൻ സഹായിക്കുന്നു എന്നതും ഈ പ്രശ്‌നം രൂക്ഷമാക്കുന്നു. രാത്രിയുടെ നിശബ്ദതയിൽ കിലോമീറ്ററുകൾ സഞ്ചരിക്കാനും പ്രാദേശിക ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്താനും കഴിയുന്ന തരത്തിൽ ഉപകരണങ്ങളുടെ നിരന്തരമായ മൂളലും മുരൾച്ചയും മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും ഇതിനോടൊപ്പം പരിഗണിക്കേണ്ടതാണ്.
ഡേറ്റാസെന്റർ കുതിച്ചുചാട്ടത്തെ വികസനമെന്നും തദ്ദേശീയ സമൂഹത്തിന് പ്രയോജനകരമെന്നും ചിത്രീകരിക്കാൻ സർക്കാരുകളും രാഷ്ട്രീയക്കാരും ശ്രമിക്കുമ്പോൾ മറച്ചു വെക്കപ്പെടുന്നത് ഇത് കാര്യമായ തൊഴിൽ അവസരങ്ങൾ പ്രാദേശികമായി സൃഷ്ടിക്കുന്നില്ല എന്ന വസ്തുതയാണ്. ഇവ സൃഷ്ടിക്കുന്ന വൻതോതിലുള്ള തൊഴിലവസരമെന്നത് പ്രാരംഭ നിർമ്മാണ ജോലികൾ മാത്രമാണെന്നു മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്. സെന്ററുകൾ പ്രവർത്തനക്ഷമമായിക്കഴി ഞ്ഞാൽ, പ്രക്രിയകൾ കൂടുതലും ഓട്ടോമേറ്റഡ് ആയതിനാൽ അവ പ്രവർത്തിപ്പിക്കാൻ വിരലിലെണ്ണാവുന്നവർ മതിയാകും.
ഡേറ്റാസെന്റർ കുതിച്ചുചാട്ടത്താലുള്ള പാരിസ്ഥിതിക ചൂഷണം ഇവയോടെ അവസാനിക്കുന്നില്ല. ചെമ്പിന്റെയും ലിഥിയത്തിന്റെയും അനിയന്ത്രിതമായ ഖനനം ചിലിയുടെ പല ഭാഗങ്ങളിലും നാശം വിതയ്ക്കുന്നതായി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ വൈദ്യുതിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തോടൊപ്പം എഐ, ഡേറ്റാസെന്റർ കുതിച്ചുചാട്ടവും ഈ ആവശ്യകതയ്ക്ക് വളരെയധികം കാരണമാവുന്നുണ്ട്. നിരവധി പതിറ്റാണ്ടുകളായി അമേരിക്കയുടെയും അവരുടെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തിന്റെയും കൈകളിൽ ദുരിതമനുഭവിച്ച ചിലി, ഇന്ന് എഐ സാമ്രാജ്യത്തിന്റെ ആഘാതം കൂടി പേറേണ്ടി വരുന്നുവെന്നതാണ് ഈ പുസ്തകം വ്യക്തമാക്കുന്നത്.
ചിലിയിൽ നിന്നുള്ള പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചുള്ള കൃത്യതയുള്ള വിവരണം പോലെ തന്നെ, വ്യക്തികളും സംഘടനകളും നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചും കാരൻ ഹാഓ നൽകുന്ന ആഖ്യാനം നമ്മൾ, കാണാത്ത ലോകത്തേക്കുള്ള വെളിച്ചമാണ്. നിർമിതബുദ്ധിയുടെ ഏറ്റവും ജനപ്രിയരൂപമായ ലാർജ് ലാംഗ്വേജ് മോഡലു (എൽ എൽ എം)കളെ പ്രവർത്തിപ്പിക്കുന്ന തൊഴിൽ ശക്തിയെക്കുറിച്ച് ആളുകൾക്കുള്ള വിശ്വാസത്തെ തിരുത്തുന്നതാണ് "ഡിസാസ്റ്റർ ക്യാപിറ്റലിസം" എന്ന അധ്യായം.
വളരെ കുറഞ്ഞ ശമ്പളത്തിന്, ജോലി സുരക്ഷയോ മാനസിക സഹായമോ ഇല്ലാതെ, പലപ്പോഴും ക്രൂരവും ഹിംസാത്മകവുമായ ഉള്ളടക്കങ്ങൾ അവലോകനം ചെയ്യേണ്ടി വരുന്ന കെനിയയിലും വെനിസ്വേലയിലും ജോലി ചെയ്യുന്ന ചില തൊഴിലാളികൾ അനുഭവിച്ച ദുരിതങ്ങൾ നമ്മളെയൊക്കെ അസ്വസ്ഥരാക്കേണ്ടതാണ്. എൽഎൽഎം (LLM) പ്രവർത്തനങ്ങൾ എല്ലാം വൻകിട കമ്പിനി ഓഫിസുകളിൽ ഇരുന്ന് മികച്ച ശമ്പളം വാങ്ങുന്ന സാങ്കേതിക വിദഗ്ധർ ചെയ്യുന്നതാണെന്നു കരുതിയിരുന്നെങ്കിൽ, ആ ധാരണ എത്രത്തോളം തെറ്റാണെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു.
മോഡലുകൾ വികസിപ്പിക്കാനും പരിശീലിപ്പിക്കാനും കമ്പനികൾ ‘ഹ്യൂമൻ-ഇൻ-ദ്-ലൂപ്പ്’ (HITL) എന്ന് വിളിക്കുന്ന മനുഷ്യരുടെ സഹായം വ്യാപകമായി ഉപയോഗിക്കുന്നു. ഇതിൽ ‘റീഇൻഫോഴ്സ്മെന്റ് ലേണിങ് ഫ്രം ഹ്യൂമൻ ഫീഡ്ബാക്ക്’ (RLHF) എന്ന പ്രക്രിയയ്ക്കായി ചെയ്യുന്ന ഡേറ്റാ അനോട്ടേഷൻ ജോലികളും ഇതിൽ ഉൾപ്പെടുന്നു.
തൊഴിലാളികൾക്കും കമ്പനികൾക്കും ഇടയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന നിരവധി സേവന ദാതാക്കളുണ്ട്. പഴയ കാലത്തെ കങ്കാണി സമ്പ്രാദായത്തെയും ചാപ്പ സമ്പ്രദായത്തെയും പുതിയ കാലത്തെ ആവശ്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയിട്ടുള്ളവയാണ് ഇത്. പല കമ്പനികളും അജ്ഞാതരീതിയിലുള്ള ക്രൗഡ് വർക്ക് മാതൃക പിന്തുടരുന്നു. അവിടെ ആളുകൾക്ക് ഓരോ ജോലിക്കും വേതനം നൽകും. എന്നാൽ അവർക്ക് ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. പലപ്പോഴും, രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ "ആദ്യം വരുന്നവർക്ക് ആദ്യം" എന്ന മാതൃകയിൽ ജോലി ലഭിക്കുന്ന ഒരു തൊഴിൽ വിപണിയാണിത്. ഈ മാതൃക മിനിമം വേതനം വാഗ്ദാനം ചെയ്യുന്നില്ല. മാത്രമല്ല ജീവനക്കാരെ നിരന്തരമായ സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്യുന്നു.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളാണ് എ ഐ കമ്പനികളെ, അവരുടെ മോഡലുകളെ പരിശീലിപ്പിക്കാൻ സഹായിച്ചത്. ഉള്ളടക്ക വ്യാഖ്യാനത്തിനപ്പുറം പ്രോംപ്റ്റുകൾ അവലോകനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും മോഡലുകളെ പഠിക്കാൻ സഹായിക്കുന്നതിന് ആ പ്രോംപ്റ്റുകൾക്ക് ഉത്തരങ്ങൾ നൽകുന്നതിനും അവരുടെ സംഭാവനകൾ ഉണ്ടായിരുന്നു. ഒരു സാമ്രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സമ്പത്ത് സമാഹരണത്തെ നിർവചിക്കുന്ന സവിശേഷതകളിലൊന്ന് നിസ്സാര പ്രതിഫലത്തിനോ അല്ലെങ്കിൽ സൗജന്യമായോ മനുഷ്യ അധ്വാനത്തെ ഉപയോഗിക്കാനുള്ള കഴിവാണെന്ന് കാരൻ ഹാഓ ഓർമ്മിപ്പിക്കുന്നു. പഴയ കൊളോണിയൽ സാമ്രാജ്യങ്ങളും എഐ സാമ്രാജ്യങ്ങളും തമ്മിലുള്ള അസാധാരണവും ഘടനാപരവുമായ സമാനതകൾ അവഗണിക്കാനാവില്ലെന്ന് അവർ ഈ പുസ്തകത്തിലടെ വിശദീകരിക്കുന്നു.
വിശദമായ കുറിപ്പുകളും സൂചികയും ഉള്ള ഈ പുസ്തകം, വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ എ ഐ സാമ്രാജ്യത്തിന്റെ പുറംലോകം അറിയാത്ത വശം തുറന്നു കാട്ടുന്നു. മരുന്ന് ഗവേഷണം മുതൽ അക്കാദമിക ഗവേഷണം വരെയുള്ള അദ്ധ്വാനവും അറിവുമെല്ലാം ലാർജ് ലാംഗ്വേജ് മോഡലു (LLM)കൾ, ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI), ചാറ്റ്ബോട്ടുകൾ എന്നിവ വികസിപ്പിക്കുന്നതിനായി എഐ യുടെ ബലിപീഠത്തിൽ എങ്ങനെ അർപ്പിക്കപ്പെട്ടുവെന്നും ഈ പുസ്തകം വായനക്കാരോട് വിശദീകരിക്കുന്നു.
ഇത് എഐ ക്കെതിരായ ഒരു പുസ്തകമോ എഐയെക്കുറിച്ച് നിരാശഭരിതയായ ഒരു വ്യക്തിയുടെ വിവരണമോ അല്ല. ചിലി, ഉറുഗ്വേ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ ഈ പുസ്തകം പറയുന്നു. ചെറുതും വ്യത്യസ്തവുമായ എ ഐ സംവിധാനങ്ങൾ പോലുള്ള ബദലുകളെക്കുറിച്ചും ഈ പുസ്തകം അന്വേഷിക്കുന്നുണ്ട്. ലാഭമോഹിതർ മാത്രമായ കോർപ്പറേറ്റുകളും ദീർഘദൃഷ്ടിയില്ലാത്ത രാഷ്ട്രീയക്കാരും മെനഞ്ഞെടുക്കുന്ന ആഖ്യാനങ്ങളിൽ ജനങ്ങൾ മയങ്ങിവീഴാതിരിക്കാൻ, കാരൻ ഹാഓ നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടുന്ന ജാഗ്രത്തായ സമീപനത്തെ കുറിച്ച് സമൂഹത്തോട് പറയുകയും ചെയ്യുന്നു.
ബ്ലൂംബെർഗ് 2024-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പരാമർശിച്ച അപകടകരമായൊരു സാധ്യതയെക്കുറിച്ച്, "ഈ വിപ്ലവകരമായ സാങ്കേതികവിദ്യ വിശാലമായ സാമ്പത്തിക പരിവർത്തനത്തിന്റെ വാഗ്ദാനം ഒരിക്കലും നിറവേറ്റിയേക്കില്ല; പകരം മുകൾ തട്ടിൽ കൂടുതൽ സമ്പത്ത് കേന്ദ്രീകരിക്കുക മാത്രമാകും ചെയ്യുക" എന്നത് വായനക്കാരെ ഓർമ്മിപ്പിക്കുന്നു ഈ പുസ്തകം. ലോകത്ത് സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് എഐ സാമ്രാജ്യം എന്ന് വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ നമ്മുടെ മുന്നിലില്ല എന്ന് കൂടെ ഇത് അടിവരയിടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates