Malayalis Focus on Physical Health, but Is Mental Health Getting Enough Attention? Samakalika Malayalam
News+

റീലുകൾ കാണുന്ന മനസ്സ്, ചികിത്സ തേടാത്ത സമൂഹം

ശാരീരികാരോ​ഗ്യം സംരക്ഷിക്കുന്നതിനായി വളരെയധികം ശ്രദ്ധിക്കുന്ന മലയാളികൾ, തങ്ങളുടെ മാനസികാരോ​ഗ്യത്തി​ന്റെ കാര്യത്തിൽ എത്രത്തോളം ശ്രദ്ധ പുല‍ർത്തുന്നുണ്ട്

ഉണ്ണികൃഷ്ണൻ എസ്

കേരളത്തിലെ നഗരങ്ങളും ഇന്ന് ഉണരുന്നത് ജിമ്മുകളുടെ ശബ്ദത്തിലാണ്. ട്രെഡ്മില്ലുകൾ ചലിക്കുന്നു, ഫിറ്റ്നസ് ട്രാക്കറുകൾ ഓരോ ചുവടും എണ്ണുന്നു, ഡയറ്റ് ചാർട്ടുകൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കൈമാറപ്പെടുന്നു. വെള്ളം കുടിക്കാൻ പോലും ഓർമ്മിപ്പിക്കുന്ന ആപ്പുകളുള്ള കാലമാണ് ഇത്. ശാരീരികാരോഗ്യം ഇന്ന് ഒരു ലക്ഷ്യമല്ല, ശീലമാണ്.

ജിമ്മിൽ വ്യായാമം ചെയ്യുന്നവരെ കാണുന്നത് വളരെ സർവ്വസാധാരമായിരിക്കുകയാണ്. അത്രയധികം ജിമ്മുകളാണ് എവിടെയും. കോവിഡ് മഹാമാരിക്ക് ശേഷം മലയാളി ഒരു വാശിയോടെയാണ് ജിമ്മിൽ പോകുന്നത്. ഇത് സൂചിപ്പിക്കുന്നത് ശാരീരികാരോഗ്യത്തിൽ നമ്മളുടെ ശ്രദ്ധയും മുൻഗണനയുമാണ്.

പക്ഷേ ഈ ആരോഗ്യശീലങ്ങളുടെ നടുവിൽ, മിക്കവരും ശ്രദ്ധിക്കാതെ പോകുന്നത് മനസ്സിന്റെ അവസ്ഥയാണ്. ശരീരത്തെക്കുറിച്ച് നാം ഇന്ന് മുൻകാലങ്ങളേക്കാൾ ബോധവാന്മാരാണ്. സമയം കണ്ടെത്തി ജിമ്മിൽ പോകുന്നു, ഭക്ഷണക്രമം നിയന്ത്രിക്കുന്നു, ഫിറ്റ്നസിനായി പണം ചെലവഴിക്കാൻ മടിയില്ല. എന്നാൽ അതേ അളവുകോലുകൾ മനസ്സിന്റെ കാര്യത്തിൽ കാണാറില്ല.

പുറമേ സജീവവും ഉത്സാഹഭരിതവുമായി തോന്നുന്ന ജീവിതങ്ങൾക്കുള്ളിൽ, ക്ഷീണവും ആശങ്കയും ദീർഘകാല സമ്മർദ്ദവും പതുക്കെ അടിഞ്ഞുകൂടുന്നു. “ഇത് ഒരു ഘട്ടം മാത്രമാണ്” എന്ന് പറഞ്ഞ് പലരും അത് അവഗണിക്കുന്നു. എന്നാൽ അവഗണിക്കപ്പെടുന്ന ഈ മനസ്സിന്റെ പ്രശ്നങ്ങൾ പലപ്പോഴും ഒരു ആരോഗ്യപ്രശ്നമായി പോലും പരിഗണിക്കപ്പെടുന്നില്ല.

തീർച്ചയായും മാനസികാരോഗ്യം ഇന്ന് സംസാരവിഷയമാണ്. സോഷ്യൽ മീഡിയയിലും പൊതുവേദികളിലും മാനസികാരോഗ്യം ഏറെ ചർച്ച ചെയ്യപ്പെടുന്നു. പ്രചോദനാത്മക റീലുകളും പോഡ്കാസ്റ്റുകളും പ്രസംഗങ്ങളും ആളുകളെ “പോസിറ്റീവായി ചിന്തിക്കാൻ” പ്രേരിപ്പിക്കുന്നു. ഈ ഉള്ളടക്കങ്ങൾ ചിലപ്പോൾ ആശ്വാസം നൽകുകയും, തനിച്ചല്ലെന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊക്കെ തുടങ്ങിയിടത്തു തന്നെ നിൽക്കുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. മനസ്സിനെ ശക്തമാക്കാൻ ആവശ്യമായ ആഴമുള്ള പ്രവർത്തനങ്ങളിലേക്ക് പലരും കടക്കുന്നില്ല.

ഈ വൈരുധ്യത്തെക്കുറിച്ചു മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ പറയുന്നത് ഇങ്ങനെയാണ്: ശരീരാരോഗ്യം ഉറപ്പാക്കാൻ നാം സ്വീകരിക്കുന്ന രീതികൾ പോലെ തന്നെ, മാനസിക ആരോ​ഗ്യത്തിന്റെയും ബോധവൽക്കരണം വർദ്ധിച്ചിട്ടുണ്ട്. പക്ഷേ ആ ബോധം സ്ഥിരവും ആത്മാർത്ഥവുമായ പ്രയോഗമായി മാറുന്നില്ല. അറിവിനും പ്രവർത്തനത്തിനുമിടയിലെ ഈ വിടവാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഒരു പക്ഷെ ഒരു സമൂഹം - കുട്ടികൾ മുതൽ പ്രായമായവർ വരെ - ഏറ്റവും കൂടുതൽ മാനസിക സംഘർഷത്തിലൂടെയും പിരിമുറുക്കത്തിലൂടെയും കടന്നു പോകുന്ന നാളുകളാണിത്.

പഠനസമ്മർദ്ദം, ജോലിയും ജീവിതവുമായുള്ള സമതുലനം, സാമ്പത്തിക പ്രതിസന്ധികൾ, ഓഹരി വിപണിയിലെ തിരിച്ചടികൾ, ജോലിയിലെ അനിശ്ചിതത്വം, വ്യക്തിഗത തിരിച്ചടികൾ—ഇവയൊക്കെ മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു. എന്നാൽ പലരും ഇതിനെ ജീവിതത്തിലെ താൽക്കാലിക തടസ്സങ്ങളായി മാത്രം കാണുന്നു. സമയം എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയിൽ, പ്രശ്നങ്ങൾ ബന്ധങ്ങളെയും ഉറക്കത്തെയും ജോലിയെയും ബാധിക്കുന്നതുവരെ സഹായം തേടുന്നത് വൈകിക്കുന്നു. ഇതിനിടയിൽ, മനസ്സ് പതുക്കെ തളരുന്നു. എന്നാൽ ഇതൊന്നും പലപ്പോഴും കൂടെയുള്ളവർപോലും അറിയുന്നില്ല.

ഇവിടെ ഒരു തെറ്റിദ്ധാരണയും പ്രവർത്തിക്കുന്നുണ്ട്: രോഗമില്ലെങ്കിൽ സുഖമാണെന്ന ധാരണ. നാഷണൽ മെന്റൽ ഹെൽത്ത് സർവേ പറയുന്നത് കേരളത്തിൽ മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഏകദേശം 12 ശതമാനമാണ് എന്നാണ് (കേരളത്തിലെ ഓരോ എട്ട് പേരിൽ ഒരാൾക്ക് സജീവമായ ഇടപെടൽ ആവശ്യമുള്ള മാനസിക ആരോ​ഗ്യ പ്രശ്നമുണ്ട് എന്നാണ്). ഇതിനർത്ഥം ബാക്കിയുള്ളവർക്കെല്ലാം മാനസിക സൗഖ്യം ഉള്ളവർ ആണെന്നാണോ ?

അല്ലേയല്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രോഗനിർണയ പരിധിക്ക് പുറത്തുള്ള നിരവധി ആളുകൾക്കും മാനസിക സുഖം ഇല്ലായ്മ അനുഭവപ്പെടുന്നുണ്ടെന്ന് അവർ പറയുന്നു. മാനസിക സുഖം രോഗം ഇല്ലാതിരിക്കുന്നതിലപ്പുറമുള്ള ഒരു സ്ഥിതി വിശേഷമാണ്. സമ്മർദ്ദങ്ങളെ നേരിടാനുള്ള കഴിവും, തിരിച്ചടികളോട് പൊരുത്തപ്പെടാനുള്ള മനസ്സും, ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള ശേഷിയുമാണ് അതിന്റെ അടിസ്ഥാനം.

“മാനസികാരോഗ്യമില്ലാതെ ആരോഗ്യവുമില്ല,” ഡോ. ജോൺ ഓർമ്മിപ്പിക്കുന്നു. മനസ്സിന്റെ അവസ്ഥ ശരീരത്തെയും പെരുമാറ്റത്തെയും ഒരുപോലെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ, മാനസിക സുഖത്തെ ഒരു പ്രതിസന്ധി വന്നാൽ മാത്രം ശ്രദ്ധിക്കേണ്ട വിഷയമായി കാണുന്നത് അപകടകരമാണ്.

ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അതിജീവിക്കുക മാത്രമല്ല, സാധാരണ ദിവസങ്ങൾ പോലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതാണ് യഥാർത്ഥ മാനസിക സുഖം.

“മാനസിക സൗഖ്യം എന്നത് പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. സന്തോഷത്തോടെ ജീവിക്കുന്നതും അതിന്റെ ഭാഗമാണ്. ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയുന്നതാണ് മാനസിക സൗഖ്യത്തിന്റെ യഥാർത്ഥ സൂചിക,” ഡോ. ജോൺ പറയുന്നു.

മാനസിക സുഖം വളർത്തിയെടുക്കേണ്ടത് ചെറുപ്പത്തിലേ തുടങ്ങിയാൽ മാത്രമാണ് ദീർഘകാല മാറ്റങ്ങൾ സാധ്യമാകുന്നത്. സമ്മർദ്ദം കൈകാര്യം ചെയ്യാനും വികാരങ്ങളെ മനസ്സിലാക്കാനും സന്തുലിതമായ ജീവിതത്തിന് മൂല്യം നൽകാനും കുട്ടികളെയും യുവതലമുറയെയും പരിശീലിപ്പിക്കേണ്ടതുണ്ട്.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് കൂടുതൽ സജീവമാവുകയാണ്. എന്നാൽ ആ ചർച്ചകൾ യഥാർത്ഥ മാറ്റങ്ങളിലേക്ക് നയിക്കുന്നുണ്ടോ എന്നതാണ് നിർണായകം. ശരീരാരോഗ്യത്തെ പോലെ തന്നെ മനസ്സിന്റെ ആരോഗ്യത്തെയും ഗൗരവത്തോടെ കാണുന്ന ഒരു സംസ്കാരം രൂപപ്പെടാതെ പോകുന്നുവെങ്കിൽ, നമ്മുടെ ‘വെൽനെസ്’ ആശയം അപൂർണ്ണമായിത്തന്നെയിരിക്കും—അത് നടന്ന ചുവടുകളുടെ എണ്ണത്തിൽ അളക്കപ്പെടുന്ന ഒന്നായി മാത്രം തുടരുകയും, മനസമാധാനത്തി​ന്റെ അടിസ്ഥാനത്തിൽ അല്ലാതിരിക്കുകയും ചെയ്യും.

മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ

മാനസികാരോഗ്യ വെല്ലുവിളികൾ സാധാരണയായി ജൈവികം, മാനസികം, സാമൂഹികം എന്നീ ഘടകങ്ങളുടെ സംയോജനത്തിലാണ് ഉണ്ടാകുന്നത്.

പഠന സമ്മർദ്ദം, ജോലിസംബന്ധമായ മാനസിക ബുദ്ധിമുട്ടുകൾ, സാമ്പത്തിക നഷ്ടങ്ങൾ, ബന്ധങ്ങളിലെ സംഘർഷങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, ജീവിതത്തിലെ വലിയ മാറ്റങ്ങൾ എന്നിവ സാധാരണമായ പ്രേരക ഘടകങ്ങളാണ്. അപകടങ്ങൾ, പീഡനം, അപ്രതീക്ഷിത രോഗാവസ്ഥകൾ പോലുള്ള ട്രോമാറ്റിക് അനുഭവങ്ങൾ ശക്തമായ മാനസിക വിഷമതയ്ക്ക് വഴിവെക്കാം.

ജോലി–ജീവിത സന്തുലിതാവസ്ഥയുടെ അഭാവം, ഉറക്കക്കുറവ്, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയ ദീർഘകാല സമ്മർദ്ദ ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ചിലർക്കു തിരിച്ചടികൾക്ക് ശേഷം ആശങ്കയോ വിഷാദമോ ഉണ്ടാകാൻ ജനിതക പ്രവണത കാരണമാകുമ്പോൾ, മറ്റുചിലർ അതിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതും ജനിതകപ്രവണത കൊണ്ടാണ്. മാനസിക പിന്തുണയുടെ അഭാവവും വിദഗ്ധ സഹായം തേടുന്നതിലെ താമസവും ഈ പ്രേരകങ്ങളെ ശക്തമാക്കി, താൽക്കാലിക വിഷമതയെ ദീർഘകാല മാനസികാരോഗ്യ പ്രശ്നങ്ങളാക്കി മാറ്റാൻ ഇടയാക്കുന്നു.

ഏതു മാനസികാരോഗ്യ പ്രശ്നത്തിനും ജൈവ–മനഃശാസ്ത്ര–സാമൂഹിക കാരണഘടന (bio-psycho-social etiology) ഉണ്ടാകും. ബിസിനസിൽ നഷ്ടം സംഭവിക്കുന്ന എല്ലാവരും വിഷാദത്തിലേക്കോ ഉൽക്കണ്ഠയിലേക്കോ പോകണമെന്നില്ല. ഇതിനോട് ബന്ധപ്പെട്ട ജനിതക പ്രവണത (genetic predisposition) ഉണ്ടായേക്കാം.

മുന്നറിയിപ്പ് നൽകുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന ഒരു സാമൂഹിക പരിസ്ഥിതി ഉണ്ടെങ്കിൽ, അതിന്റെ തീവ്രത കുറയ്ക്കാൻ കഴിയും. മാനസിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ സമഗ്രത (totality) മനസ്സിലാക്കാതിരിക്കുന്നത് പലപ്പോഴും പ്രൊഫഷണൽ സഹായം തേടുന്നതിൽ താമസം വരുത്തുന്നു. ആത്മഹത്യാശ്രമത്തിന് ശേഷം മാത്രം പ്രൊഫഷണൽ സഹായത്തിനായി എത്തുന്ന നിരവധി സംഭവങ്ങൾ ഉള്ളത്.

ചികിത്സാ മാർഗങ്ങളും പുതിയ തെറപ്പികളും

മാനസികാരോഗ്യ ചികിത്സ ഓരോ വ്യക്തിയുടെയും അവസ്ഥ അനുസരിച്ചാണ് രൂപകൽപ്പന ചെയ്യുന്നത്. മരുന്നുകൾ, മാനസിക ചികിത്സാ രീതികൾ, ആവശ്യമായിടത്ത് സാമൂഹിക സേവന ഇടപെടലുകൾ എന്നിവ സംയോജിപ്പിച്ചാണ് ചികിത്സ നടത്തുന്നത്.

പഴയ തലമുറ മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മരുന്നുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതുവഴി അമിതമായ മയക്കം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതെ, രോഗികൾക്ക് ദൈനംദിന ജീവിതത്തിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കുന്നു. കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി (CBT), ഡയലക്ടിക്കൽ ബിഹേവിയർ തെറപ്പി (DBT), മൈൻഡ്‌ഫുള്‍നെസ് അടിസ്ഥാനമാക്കിയ തെറപ്പികൾ തുടങ്ങിയ മാനസിക ചികിത്സാ രീതികൾ പ്രത്യേക അവസ്ഥകളിൽ ഫലപ്രദമാണെന്നും, OCD പോലുള്ള രോഗങ്ങളിൽ മരുന്നുകളോടൊപ്പം ഉപയോഗിക്കുമ്പോൾ ചികിത്സാഫലം മെച്ചപ്പെടുന്നുവെന്നും വിദഗ്ധർ പറയുന്നു.

ഇലക്ട്രോകൺവൾസീവ് തെറപ്പിക്ക് പകരമായി രോഗിക്ക് സൗഹൃദപരമായ ഒരു ആധുനിക മാർഗമായി ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ പരിഗണിക്കപ്പെടുന്നു. അതിവേഗ വിഷാദാവസ്ഥകളിൽ കെറ്റാമിൻ സഹായത്തോടെ നടത്തുന്ന തെറപ്പി പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കാണിക്കുന്നുണ്ട്.

മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ, ഓൺലൈൻ തെറപ്പിയും ചികിത്സ ലഭ്യത വിപുലീകരിക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ കൃത്യസമയത്തു പ്രൊഫഷണൽ സഹായം തേടുന്നതിന് പകരം പലരും ശാസ്ത്രീയമായ അറിവുകളില്ലാത്തവരെ മാനസികാരോഗ്യം വീണ്ടെടുക്കാൻ സമീപിക്കുന്നത് ഗുണത്തേക്കാൾ അധികം ദോഷമാകും ചെയ്യുക.

Malayalis are increasingly conscious about physical fitness and healthy living, but awareness and care for mental health still remain a serious concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

പഞ്ചസാരയ്ക്ക് പകരം തേനോ!, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍; രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി പോള്‍ സ്റ്റിര്‍ലിങ്

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി, സിപിഎം നോതാക്കള്‍ക്ക് നോട്ടീസ്

SCROLL FOR NEXT