Malayali diaspora history and present samakalika malayaalm
News+

കടൽ കടന്നുപോകുന്ന കുട്ടികൾ എത്തിപ്പെടുന്നത് എവിടെ?

മലയാളിയുടെ പ്രവാസം കൊണ്ടുള്ള എല്ലാ നേട്ടങ്ങളേയും അസാധുവാക്കിക്കൊണ്ട് തട്ടിപ്പുകളുടെ കഥ ഇന്നും ദീർഘായുസ്സോടെ നമുക്കിടയിൽ നില നിൽക്കുന്നതും എന്തു കൊണ്ടായിരിക്കും?, കേരളത്തിലെ പ്രവാസ ചരിത്രത്തെയും ഇന്നും നേരിടുന്ന വെല്ലുവിളകളെയും കുറിച്ച് വി. മുസഫർ അഹമ്മദ് എഴുതുന്നു.

വി. മുസഫര്‍ അഹമ്മദ്

മലയാളിയുടെ തൊഴിൽ പ്രവാസത്തിന് നല്ല പഴക്കമുണ്ട്. പല നാടുകളിൽ കേരളീയർ എത്തി. ഇന്ന് കാണുന്ന കേരളത്തെ നിർമ്മിച്ചതിൽ തൊഴിൽ പ്രവാസികൾക്ക് മുഖ്യ പങ്കുണ്ടെന്ന നിരീക്ഷണം ഇപ്പോൾ പല കോണുകളിൽ നിന്നുമുയരുന്നുമുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ തൊഴിൽ തേടിയുള്ള മലയാളിയുടെ പുറംവാസ ചരിത്രത്തിന് കുറഞ്ഞത് ഒരു നൂറ്റാണ്ട് പ്രായം ഉണ്ടാകും.

20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം പിന്നിടുന്നത് മുതൽ പലയിടങ്ങളിലേക്കായി മലയാളി തൊഴിൽ തേടി പോകാൻ തുടങ്ങുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ ഇത് ശക്തിപ്പെട്ടു. 60പതുകളുടെ ഒടുവിലും 70പതുകളുടെ തുടക്കത്തിലും ഗൾഫ് പ്രവാസം ഒരു സാമൂഹിക പ്രസ്ഥാനം എന്നതിനോട് സമാനമായി വളരാൻ തുടങ്ങിയതോടെയാണ് നമ്മുടെ പുറംവാസത്തിന് ദൃശ്യത കൈവരുന്നത്.

ഈ കുടിയേറ്റ യാത്രകളിൽ ദളിത്-ആദിവാസി പ്രാതിനിധ്യം ഒട്ടും ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. വളരെ വൈകി മാത്രമാണ് എണ്ണത്തിൽ കുറവാണെങ്കിലും ദളിതർ ഈ യാത്രകളുടെ ഭാഗമാകുന്നത്. തൊഴിൽ പ്രവാസത്തിലെ ജാതിയെക്കുറിച്ച് ഇന്നും കാര്യമായ പഠനങ്ങളൊന്നും നടക്കുന്നില്ല എന്നത് കൂടി ഇവിടെ ഓർക്കണം. ദളിത് സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ആഭ്യന്തര യാഥാർഥ്യങ്ങൾക്കൊപ്പം പുറംനാട് യാത്രകളും അവർക്ക് വിലക്കപ്പെട്ടത് എങ്ങിനെ എന്നതിനെക്കുറിച്ച് കേരളീയ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ന് നമ്മുടെ സാഹിത്യത്തിലും സാമൂഹികശാസ്ത്ര അവബോധത്തിലും തൊഴിൽ പ്രവാസത്തിന്റെ പല തരം അലകളും മൂല്യങ്ങളും പ്രവർത്തിക്കുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. മലയാളി പ്രവാസത്തിന് വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റമെന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. മുൻകാലങ്ങളിൽ തൊഴിൽ തേടിയായിരുന്നു മലയാളിയുടെ യാത്ര. എന്നാൽ, ഇന്നത് പഠനത്തിനും കൂടിയായിരിക്കുന്നു. പഠനവും തൊഴിലും ഒന്നിച്ചു കൊണ്ടു പോകാവുന്ന നാടുകൾ തേടുന്നു എന്നതാണ് ഇന്ന് മലയാളി പുറംവാസത്തിന് വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ മാറ്റം.

ഇത് കേരളീയ മനോഭാവത്തിൽ വന്നിരിക്കുന്ന സമീപകാലത്തുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ്. കേരള ജീവിതത്തിൽ സ്വാതന്ത്ര്യമില്ലാത്തതാണ് ഇതിനു കാരണമായി പുതു തലമുറ പറയുന്നതെങ്കിലും പഴയ തൊഴിൽ പ്രവാസത്തിന്റെ തുടർച്ചയിൽ പുതുകാല യാഥാർഥ്യമായി ഇതിനെ കാണുകയാണ് കൂടുതൽ ശരിയെന്ന് തോന്നുന്നു. മൈഗ്രേഷനൊപ്പം റിട്ടേൺ മൈഗ്രേഷന്റെ പല തരം സങ്കീർണ്ണതകളും കൂടി അനുഭവിക്കുന്നുണ്ട് ഇന്നത്തെ മലയാളി സമൂഹം.

തൊഴിൽ പ്രവാസം എല്ലാ കാലത്തും നിർമ്മിക്കപ്പെട്ടത് വിവേചനങ്ങൾ കൊണ്ടായിരുന്നു എന്നതാണ് സത്യം. മതവും വംശവും ജാതിയും നിറവുമെല്ലാം തൊഴിൽ പ്രവാസ മേഖലയിൽ എല്ലാ കാലത്തും ദൃശ്യവും അദൃശ്യവുമായി പ്രവർത്തിച്ചു പോന്നു. ഏറ്റവും പുതിയ ജെൻസി ഇത്തരം പ്രശ്നങ്ങൾ എങ്ങിനെ നേരിടുന്നുവെന്ന് യുകെയിലെ ജീവിത-തൊഴിൽ-പഠന അനുഭവങ്ങളെ മുൻനിർത്തി "ട്രൂകോപ്പി തിങ്ക് വെബ് സീനിൽ" നയൻ സുബ്രഹ്മണ്യം എഴുതുന്ന ലേഖന പരമ്പര വ്യക്തമാക്കുന്നു.

malayali diaspora

യുകെയിലെ വംശീയതയുടെ പല അടരുകൾ നയൻ തുറന്ന് കാണിക്കുന്നുണ്ട്. ഇന്ന് കേരളത്തിൽ ജീവിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളി സമൂഹത്തിന്റെ ഉള്ളിലേക്ക് ചെന്നവർ പുറം ലോകത്ത് എത്തിക്കുന്നതും പല തരം വിവേചനങ്ങളുടെ നേർക്കഥകൾ തന്നെയാണ്.

കുടിയേറ്റവും തൊഴിൽ പ്രവാസവും തുടരുന്നതിനൊപ്പം നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകാടിസ്ഥാനത്തിൽ മാറാതെ നിൽക്കുന്നത് പല തരം വിവേചനങ്ങൾ തന്നെയാണ്. അത് വംശീയ മുൻവിധികളെ ആശ്രയിച്ചാണ് മിക്കപ്പോഴും പ്രവർത്തിക്കുന്നത്. ബ്ലാക്ക് മാറ്റേഴ്സ് പ്രക്ഷോഭ കാലത്ത് അമേരിക്കയുടെ തെരുവുകൾ പറഞ്ഞ വിവേചന ഹിംസയുടെ കഥകൾ കുടിയേറ്റത്തിന്റെ സമകാലികതയിലേക്കുള്ള കണ്ണാടി തന്നെയാണ്. കേരളത്തിൽ പട്ടിക്കൂട് ഇതര സംസ്ഥാനത്തൊഴിലാളിക്ക് താമസിക്കാൻ വാടകക്ക് നൽകിയത് വിവേചന ഹിംസയുടെ പൊള്ളുന്ന ഉദാഹരണമായി മാത്രമേ കാണാനാകൂ.

തൊഴിൽ പ്രവാസം പലപ്പോഴും സമൃദ്ധിയുടെ ചിത്രം മുന്നോട്ടുവെക്കുന്നു. അത് സത്യവുമാണ്. എന്നാൽ അതോടൊപ്പം അത്തരം കുടിയേറ്റ-തൊഴിൽ പ്രവാസ സമൂഹങ്ങളിലെ മുറിവുകൾ കാണാതിരിക്കുകയോ മറച്ചുവെക്കപ്പെടുകയോ ചെയ്യുന്ന പ്രവണതയിൽ കാര്യമായ മാറ്റങ്ങൾ ഇനിയും വന്നിട്ടില്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നു. ഈ യാഥാർഥ്യത്തെ അഭിസംബോധന ചെയ്യുന്നത് എങ്ങിനെയാണ്? ഇതിനെല്ലാം പരിഹാരങ്ങളുണ്ടോ?

സർക്കാർ തലത്തിലും എൻജിഒ തലത്തിലും ഇന്ന് തൊഴിൽ പ്രവാസി സമൂഹങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസികളും സംഘടനകളുമുണ്ട്. തീർച്ചയായും ഇവയുടെ ഇടപെടലുകൾ പലപ്പോഴും പ്രശ്ന പരിഹാരങ്ങളുണ്ടാക്കുകയോ സങ്കീർണ്ണാവസ്ഥകൾക്ക് ലാഘവത്തം പകരാൻ സഹായിക്കുകയോ ചെയ്യുന്നുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ മലയാളിയുടെ പുറംവാസ യാത്രകൾക്ക് സമ്പൂർണ്ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യാൻ ഒരു ഏജൻസിക്കും സംഘടനയ്ക്കും സാധിക്കുന്നില്ല എന്ന യാഥാർഥ്യം നമ്മുടെ മുന്നിൽ നിലനിൽക്കുക തന്നെയാണ്.

അപ്പോഴാണ് തൊഴിൽ പ്രവാസത്തിൽ ഒരു നൂറ്റാണ്ടായി മാറാതെ നിൽക്കുന്നത് എന്ത് എന്ന ചോദ്യമുയരുന്നത്. വിസ-റിക്രൂട്ട്മെന്റ് തട്ടിപ്പുകളാണ് ഒരു മാറ്റവും സംഭവിക്കാതെ ഇന്നും തുടരുന്ന പ്രവാസ പ്രതിഭാസം എന്ന് മനസ്സിലാക്കാൻ മാധ്യമങ്ങൾ നമ്മെ സഹായിക്കുന്നു. പഴയ കൊളമ്പ് (ശ്രീലങ്ക) തൊഴിൽ യാത്ര കാലത്ത് ചായത്തോട്ടത്തിൽ റൈറ്ററാക്കാം എന്ന് വാഗ്ദാനം ചെയ്യപ്പെട്ടവരിൽ പലരും വഞ്ചിക്കപ്പെട്ട കഥകൾ ശ്രീലങ്കൻ തൊഴിൽ യാത്രകളുടെ ഭാഗമായി കുറച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലായി- ബർമ യാത്രകളിലെല്ലാം ഇത്തരം വാഗ്ദാന ലംഘനങ്ങൾ കാണാം.

അക്കാലത്ത് വിസ നിയമങ്ങൾ ഇത്രയും ശക്തമായിരുന്നില്ല എന്നതു കൊണ്ടാണ് വഞ്ചിക്കപ്പെട്ട പല മലയാളികളും തങ്ങൾ എത്തപ്പെട്ട നാടുകളിൽ എന്തെങ്കിലും ജോലി ചെയ്താണ് അതിജീവിച്ചത്. റഷ്യയിലേക്ക് എന്നു പറഞ്ഞ് യുക്രൈൻ യുദ്ധ മുന്നണിയിലേക്ക് മലയാളികളെ കൊണ്ടു പോയത് സമീപകാലത്താണ്. യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റത്തിന്റെ "കഴുതപ്പാത"കളിലൂടെ മലയാളികൾ നടത്തിയ യാത്രയുടെ പല വിധ അനുഭവങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.

Malayali diaspora prefers international migration

ഗൾഫ് ബൂമിന്റെ കാലത്ത് മലയാള ദിനപത്രങ്ങളിലെ നിത്യവാർത്തയായിരുന്നു വിസ തട്ടിപ്പ്. വിസ തട്ടിപ്പ് നടത്തിയയാളുടെ വീട് വിസക്കായി പണം നൽകിയവർ ഉപരോധിക്കുന്നത് കൗമാര കാലത്ത് മൂന്ന് തവണ നേരിൽ കണ്ടതിന്റെ ഓർമ്മകൾ എനിക്കുണ്ട്. ഗൾഫും വിസ തട്ടിപ്പും ഒന്നിച്ചു പോവുകയായിരുന്നുവോ എന്നു പോലും ഇന്ന് ആ പഴയ പത്രവാർത്തകൾ വായിച്ചാൽ തോന്നിപ്പോകും.

കുടിയേറ്റം-തൊഴിൽ-പഠന പ്രവാസം-മൈഗ്രേഷൻ എന്നിങ്ങനെ പല പേരിൽ വിളിക്കപ്പെടുന്ന, കേരളത്തിന്റെ യഥാർഥ ഓക്സിജനായ ഈ പ്രതിഭാസത്തിന്റെ ഭാഗമാകാൻ പോകുന്നവർ ഇന്നും ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നത് തടയാൻ സർക്കാരിനോ മറ്റ് ഏജൻസികൾക്കോ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കോ സാധിക്കാത്തത് എന്തുകൊണ്ടാണ്?

foreign education

പഠിക്കാൻ വിദേശ നാടുകളിൽ പോകുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം എത്തിപ്പെടുന്നത് വിദ്യാഭ്യാസ നിലവാരം തീർത്തും കുറഞ്ഞയിടങ്ങളിലാണ്. കേരളത്തിൽ വെച്ച് അവർക്ക് നൽകുന്ന വാഗ്ദാനങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇത് തടയുമെന്ന് സർക്കാർ ഏജൻസികൾ പറയുന്നുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ല. ഇവർ എത്തിച്ചേരുന്ന പലതും സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളാണ്. പണം വാങ്ങുക എന്നതല്ലാതെ അതിജീവിക്കാൻ കഴിയുന്ന വിദ്യാഭ്യാസം ഇത്തരം സ്ഥാപനങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നുണ്ടോ? കോഴ്സുകൾ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയ ചില വിദ്യാർഥികളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ നിന്നും അറിയാൻ കഴിയുന്നത് പല സ്ഥാപനങ്ങൾക്കും ഒട്ടും അക്കാദമിക നിലവാരമില്ല എന്നാണ്.

മലയാളിയുടെ പ്രവാസത്തിൽ നിന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം തട്ടിപ്പുകളിൽ ചെന്ന് കുടുങ്ങുക എന്നതിന്റെ ജനിതകം മാറാത്തത് എന്തു കൊണ്ടായിരിക്കും? പ്രവാസം കൊണ്ടുള്ള എല്ലാ നേട്ടങ്ങളേയും അസാധുവാക്കിക്കൊണ്ട് തട്ടിപ്പുകളുടെ കഥ ഇന്നും ദീർഘായുസ്സോടെ നമുക്കിടയിൽ നില നിൽക്കുന്നതും എന്തു കൊണ്ടായിരിക്കും?

ഇപ്പോൾ പുറംവാസ ചരിത്രത്തിലേക്ക് നോക്കുമ്പോൾ ഇത്തരം തട്ടിപ്പുകൾ ഇൻബിൽറ്റ് വിഷയമായി എന്നും നമ്മെ പിന്തുടർന്നു കൊണ്ടിരുന്നു. ഇന്നും അതിൽ നിന്ന് സമ്പൂർണ്ണ മോചനമുണ്ടാകുന്നില്ല. അളവുകളിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് മാത്രമേ ഇന്നും നമുക്ക് സംസാരിക്കാനാകൂ. തുടക്കനാൾ മുതലുള്ള ഈ പ്രതിഭാസം ക്ഷീണവും ഉടവും തട്ടാതെ ഇന്നും തുടരുന്നത് എന്തു കൊണ്ട്?

പഴയ തലമുറയിൽ നിന്നും വിഭിന്നമായി പുതു തലമുറ ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നവർ വളരെക്കുറവാണ്. പണ്ടും ഇത് ഇങ്ങിനെയായിരുന്നു. ഹാ, നമ്മുടെ വിധി എന്നാശ്വസിച്ചു കൊണ്ട് ഇതെല്ലാം വ്യക്തി ദുരന്തങ്ങളായി കാണുന്ന രീതിയാണ് ഉണ്ടായിരുന്നത്.

സമൂഹം പൊതുവിൽ ഇതിനെയെല്ലാം വ്യക്തിയുടെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് അടുത്ത കാലം വരെ നോക്കിക്കണ്ടത്. എന്നാൽ എല്ലാ വീടുകളിലും (അടച്ചിട്ട വീടുകൾ അവിടെ നിൽക്കട്ടെ!) പുറംവാസികളുണ്ടെന്നിരിക്കെ ഇതൊരു വ്യക്തി പ്രശ്നമല്ല തന്നെ. അത്തരം കാഴ്ച്ചപ്പാടോടെ കേരളീയ സമൂഹം എങ്ങിനെ മുന്നോട്ടു നീങ്ങും എന്നത് പുറംവാസ ചർച്ചകളിലെ കേന്ദ്ര പ്രമേയമാകേണ്ടതുണ്ട്. സത്യത്തിൽ അതിജീവനത്തിന്റെ ഒന്നാം പാഠം വിസ/റിക്രൂട്ട്മെന്റ് തട്ടിപ്പ് ഉന്മൂലനമായിരിക്കണം. അത് എങ്ങിനെ സാധ്യമാക്കാം എന്നതിനേക്കുറിച്ചായിരിക്കണം 21-ാം നൂറ്റാണ്ടിലെ രണ്ടാം പാദം ആരംഭിക്കുന്ന ഇക്കാലത്ത് മലയാളി സമൂഹം ഒന്നടങ്കം ആലോചിക്കേണ്ടത്.

ഇതോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും എമിഗ്രന്റ് വിരുദ്ധ പ്രസ്ഥാനങ്ങൾ ശക്തിയാർജിക്കുന്നതും കാണേണ്ടതുണ്ട്. അയർലൻഡിൽ സമീപകാലത്ത് നടന്ന കൂറ്റൻ തൊഴിൽ കുടിയേറ്റ വിരുദ്ധ പ്രകടനം ഓർക്കുക. നേരത്തെ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വദേശി വൽക്കരണം എങ്ങിനെ കേരളത്തെ ബാധിച്ചു എന്നതോർത്താൽ (ഗൾഫ് സ്വദേശിവൽക്കരണവും കോവിഡും ചേർന്നുണ്ടാക്കിയ ആഘാതത്തിൽ നിന്നും കേരള സമ്പദ്ഘടന ഇപ്പോഴും മുക്തരായിട്ടില്ല എന്നതാണ് സത്യം) ഇപ്പറഞ്ഞ പ്രശ്നത്തിന്റെ സങ്കീർണ്ണത മനസ്സിലാക്കാൻ കഴിയും.

പക്ഷെ, മലയാളിയുടെ ഏറ്റവും വലിയ കണ്ടുപിടുത്തം തൊഴിൽ പ്രവാസം തന്നെയാണ്. അതിനുള്ള കാരണം കേരളത്തിൽ വേണ്ട വിധം ജോലി അവസരങ്ങൾ ഇല്ല എന്നതുമാണ്. പ്രവാസത്തെ പ്രകീർത്തിക്കുന്നവർ മറച്ചുപിടിക്കുന്ന ഒരു കാര്യമാണിത്. എന്നാൽ ഈ സത്യം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.

ബെംഗളുരൂ ഇപ്പോൾ കേരളം തന്നെയായി മാറിയിരിക്കുന്ന തൊഴിൽശാലയാണ്. അത്തരമൊരു ഉദാഹരണം നമ്മുടെ തൊഴിലില്ലായ്മയുടെ സാമൂഹിക ചരിത്രത്തിലെ അടയാളക്കല്ലായി മാത്രമേ കാണാനാകൂ. മലയാളി എല്ലായ്പ്പോഴും തങ്ങളുടെ ഏറ്റവും വലിയ കണ്ടുപിടുത്തമായി തൊഴിൽ പ്രവാസവുമായി തന്നെ മുന്നേറുകയും അതിജീവിക്കുകയും ചെയ്യും. എന്നാൽ അതിലെ ചതിക്കുഴികൾ, യാഥാർഥ്യങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശാൻ തൊഴിൽ സാധ്യതകൾ കുറഞ്ഞ ഒരിടമെന്ന നിലയിൽ പൊതു കേരളീയ സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്.

സമീപകാലത്ത് "റിവേഴ്സ് മൈഗ്രേഷ"ന്റെ ഒരടയാളപ്പെടുത്തൽ മാധ്യമം പത്രത്തിന്റെ ക്ലാസിഫൈഡ് പരസ്യക്കോളത്തിൽ കണ്ടു. അതിങ്ങിനെയായിരുന്നു: റിയാദിൽ ജോലി ചെയ്യുന്ന ഒരു മലബാരി സൗദിയുടെ വീട്ടിലേക്ക് കേരള ബിരിയാണികൾ, കേരള അച്ചാറുകൾ ഇവ ഉണ്ടാക്കാനറിയുന്ന നല്ല എക്സ്പെർട്ട് ആയ സ്ത്രീയോ പുരുഷനോ ആയ കുക്കിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക: ശേഷം ഒരു കേരള മൊബൈൽ നമ്പറും സൗദി ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും തുടർന്നും മലബാറിൽ നിന്നും സൗദി അറേബ്യയിലേക്ക് പോവുകയും പിന്നീട് സൗദി പൗരത്വം സ്വീകരിക്കുകയും ചെയ്തവരാണ്

മലബാരി സൗദികൾ. അവരുടെ പല തലമുറകൾ പിന്നീട് അവിടെയുണ്ടായി. തങ്ങളുടെ വേരുകളിൽ കിടക്കുന്ന ഭക്ഷണ രുചികൾ തിരിച്ചു പിടിച്ച് ഭൗതികമായല്ലാത്ത " റിവേഴ്സ് മൈഗ്രേഷൻ" സാധ്യമാക്കാൻ ശ്രമിക്കുന്ന ഒരു മലബാരി സൗദിയെയാണ് ഈ പരസ്യത്തിൽ കാണാനാവുക.

അതിനർഥം നമ്മുടെ പുറംവാസ കഥകൾ എത്രയോ കാലമായി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു എന്നു തന്നെയാണ്. അത് തുടരും എന്നുറപ്പ്. നാം, ഈ പ്രതിഭാസത്തിൽ നിന്നും മുക്തരാകാൻ ഒരു കാലത്തും ആഗ്രഹിക്കുന്നുമില്ല.

Muzaffar Ahmed writes about the Malayali diaspora and the challenges they face.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്‌ഫോടനം: യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതീവ ജാഗ്രത, സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം കോർപറേഷൻ; സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരൻ ബിജെപി സ്ഥാനാർത്ഥി

എസ് എൻ യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ; അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാല: എം എഡ് പ്രവേശനത്തിന്റെ അപേക്ഷാ തീയതി നീട്ടി

തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

SCROLL FOR NEXT