സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുള്ള പരീക്ഷണം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് സമദൂരം എന്ന സിദ്ധാന്തത്തിലേക്ക് എൻ എസ് എസ് കാലെടുത്ത് വച്ചത്. ആ സമൂദര സിദ്ധാന്തത്തിന് 25 വർഷം പിന്നിടുമ്പോൾ എൻ എസ് എസ് ഓരോ കാലത്തും സമദൂരത്തിനുള്ളിൽ തന്നെ അകലവും അടുപ്പവും ഉണ്ട്. ഇതിനിടയിൽ തന്നെ ചില രാഷ്ട്രീനിലപാട് മാറ്റങ്ങളും ഉണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കാര്യം അവർ കൈയ്യൊഴിഞ്ഞു ഭരണത്തിലിരുന്ന ഇടതുപക്ഷത്തിനെതിരെ തീവ്ര നിലപാടെടുത്തു എൻ എസ് എസ്.
പീന്നീട്, സമദൂരത്തിൽ നിന്ന് ശരിദൂരം എന്ന നിലപാട് പ്രഖ്യാപിച്ച് അയ്യപ്പ സംഗമ കാലത്ത് ഭരണപക്ഷത്തോട് അടുത്തു. ഇപ്പോൾ തദ്ദേശ ഫലം വന്നതിന് പിന്നാലെ സമദൂരത്തിലേക്ക് കളം മാറി സംഘടന. ഐക്യ കേരളം രൂപപ്പെട്ട ആദ്യ തെരഞ്ഞെടുപ്പ് കാലം മുതൽ എൻ എസ് എസ് കേരള രാഷ്ട്രീയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്.
രാഷ്ട്രീയത്തിന് പുറത്ത് നിന്നുകൊണ്ട് രാഷ്ട്രീയത്തിൽ ഇടപെട്ടതു മുതൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയുള്ള ഇടപെടൽ വരെ എൻ എസ് എസ് നടത്തിയിട്ടുണ്ട്.
കേരളത്തിലെ പ്രബല സമുദായ സംഘടനകളിൽ പ്രാദേശികമായി സമുദായ രാഷ്ട്രീയ പാർട്ടി പരീക്ഷണം നടത്തി അധികാരത്തിലെത്തിയ സംഘടനായായിരുന്നു എൻ എസ് എസ്. ഏകദേശം രണ്ടരപ്പതിറ്റണ്ടോളം കാലം ഒപ്പം കൊണ്ടു നടന്ന രാഷ്ട്രീയ പാർട്ടിയെ അവർ ഉപേക്ഷിച്ചു. അതിന് ശേഷം സമദൂരം, ശരിദൂരം വീണ്ടും സമദൂരം തുടങ്ങിയ നിലപാടുകളിൽ നിന്നു.
കേരള രാഷ്ട്രീയത്തിൽ സമുദായ സമവാക്യങ്ങൾ പലപ്പോഴും നിർണ്ണായകമായ തെരഞ്ഞെടുപ്പ് ഫലത്തിന് വഴിയൊരുക്കിയിട്ടുണ്ട്. പലപ്പോഴും സമുദായനേതൃത്വങ്ങളുടെ വഴിയിലാകണമെന്നില്ല സമുദായത്തിന്റെ വോട്ട്. എങ്കിലും പൊതുവിൽ ചില വൈകാരികഘടകങ്ങൾ, പൊതുവിഷയങ്ങൾ എന്നിവ ഈ സമവാക്യങ്ങൾ സംസ്ഥാനത്തിന്റെ ഭരണ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയിട്ടുണ്ട്.
കേരളത്തിൽ സമുദായ പാർട്ടികൾ രൂപം കൊണ്ടതും കെട്ടടങ്ങിയതും വീണ്ടും മുളച്ചു വരുന്നതുമൊക്കെ ഇത്തരം സാഹചര്യങ്ങളിൽ കൂടിയായിരുന്നു. ഇതിന് പിന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ താൽപ്പര്യങ്ങളും ഉണ്ടായിരുന്നു.
കേരള രൂപീകരണം മുതൽ രാഷ്ട്രീയത്തിൽ പരോക്ഷമായും പ്രത്യക്ഷമായും സജീവസാന്നിദ്ധ്യമാണ് എൻ എസ് എസ് എന്ന സമുദായ സംഘടന. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിൽ സമുദായ സമവാക്യങ്ങൾ പ്രധാന പങ്ക് വഹിച്ചിരുന്നു. അതിന് ശേഷം കേരളത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ എൻ എസ് എസ്സും മന്നത്ത് പത്മനാഭനും നിറഞ്ഞു നിന്നു. വിമോചനസമരമാണെങ്കിലും കേരളാ കോൺഗ്രസ് രൂപീകരണമാണെങ്കിലുമൊക്കെ ആ റോൾ ദൃശ്യമായിരുന്നു.
എന്നാൽ,1970 ൽ മന്നത്ത് പത്മനാഭൻ നിര്യാതനായതിനെ തുടർന്ന് എൻ എസ് എസ്സിന് രാഷ്ട്രീയത്തിലുള്ള സ്വാധീനം കുറഞ്ഞു, മന്നത്തിനെ പോലുള്ള സ്വാധീനമുള്ള നേതാവ് ഇല്ലായിരുന്നു എന്നതാണ് ഇതിന് കാരണമെന്ന് . വളരെ വേഗം തിരിച്ചറിയാൻ അന്നത്തെ എൻ എസ് എസ് നേതൃത്വത്തിന് ആയി. അതിന് ഇടയാക്കിയ ചില രാഷ്ട്രീയ സംഭവവികാസങ്ങളും അക്കാലത്ത് ഉണ്ടായി.
കേരളത്തിൽ അധികാരത്തിലെത്തിയ രണ്ടാം ഇ എം എസ് സർക്കാർ സ്വാതന്ത്ര്യ സമര സേനാനിയും എംപിയും പത്രപ്രവർത്തകനുമായിരുന്ന നെട്ടൂർ പി ദാമോദരൻ ചെയർമാനായി പിന്നാക്ക വിഭാഗ സംവരണ കമ്മീഷനെ നിയമിച്ചു. 1970 ൽ പുറത്തുവന്ന കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായിരുന്നു എൻ എസ് എസ്സും സി പി എമ്മും. എന്നാൽ മറ്റ് വിവിധ രാഷ്ട്രീയ കക്ഷികളും എസ് എൻ ഡി പിയും ഇതിന് എതിരെ നിലകൊണ്ടു. ഭരണം മാറുകയും സി അച്യുതമേനോൻ കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാവുകയും ചെയ്തത് ഇതിന് തൊട്ടുപിന്നാലെയാണ്.
അക്കാലത്ത് എൻ എസ് എസ് മുന്നോട്ടുവച്ച പല ആവശ്യങ്ങളോടും സർക്കാർ അനുകൂലമായി പ്രതികരിച്ചില്ല. ഇതിൽ പ്രധാനപ്പെട്ട ഒന്ന് വൈസ് ചാൻസലർ നിയമനങ്ങളിൽ എൻ എസ് എസ്സിന് പ്രാതിനിധ്യം കിട്ടിയില്ല എന്ന പരാതിയായിരുന്നു.
മുഖ്യമന്ത്രി സി അച്യുതമേനോൻ അസുഖബാധിതനായിരിക്കുമ്പോൾ എൻ എസ് എസ് പ്രസിഡന്റ് കളത്തിൽ വേലായുധൻ നായർ അദ്ദേഹത്തെ സന്ദർശിക്കാനെത്തി. സംഭാഷണത്തിനിടയിൽ തങ്ങളുടെ പരാതികളും അദ്ദേഹം അറിയിച്ചു. പ്രധാനമായും വൈസ് ചാൻസലർ വിഷയമായിരുന്നു. എന്നാൽ, ഈ സമയം അച്യുതമേനോൻ നൽകിയ ഉപദേശം എൻ ഡി പിയുടെ പിറവിക്ക് വഴിവച്ചു എന്നാണ് രാഷ്ട്രീയ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ''രാഷ്ട്രീയത്തെ രാഷ്ട്രീയമായി സമീപിക്കണം'' എന്നായിരുന്നത്രേ കളത്തിൽ വേലായുധൻ നായർക്ക് അച്യുതമേനോൻ നൽകിയ ഉപദേശം.
ഇതോടെ എൻ എസ് എസ്സിന് ഒരു കാര്യം വ്യക്തമായി അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കേണ്ടതുണ്ട് എന്ന്. അതേ തുടർന്ന് 1971 ൽ ഇതിനെ കുറിച്ച് പഠിക്കാൻ ഉന്നതാധികാര സമിതിയെ എൻ എസ് എസ് നിയോഗിച്ചു. 1972 ൽ ജനുവരിയിൽ അഖിലകേരള നായർ സമ്മേളനം പെരുന്നയിൽ നടന്നു. മന്നത്ത് പത്മനാഭൻ വിട്ടുപിരിഞ്ഞതിന് ശേഷം സമുദായത്തിന്റെ മൊത്തം അഭിപ്രായം ഇന്ന് ഒരു വ്യക്തിക്കുമില്ല. ഭരണകർത്താക്കൾ, നായർ സമുദായത്തെ അവഗണിക്കുന്നു,സാമുദായിക രാഷ്ട്രീയ കക്ഷിയായ ലീഗിനെ ഒരു കാലത്ത് കോൺഗ്രസ് അംഗീകരിച്ചിരുന്നില്ല, എന്നാൽ ഇന്ന് ദേശീയതലത്തിൽ അവരുമായി സഹകരിക്കുന്നു. സമുദായത്തിന്റെ അവശതാ പരിഹാരർത്ഥം സർവീസ് സൊസൈറ്റി നേരിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒഴിച്ചു കൂടാനാവില്ലെന്നായിരുന്നു യോഗത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് കളത്തിൽ വേലായുധൻ നായർ പ്രസംഗിച്ചതിന്റെ ചുരുക്കം.
എന്‍ എസ് എസ്സിന്റെ 1973ലെ ബജറ്റ് സമ്മേളനത്തിന് ശേഷം എന്‍ എസ് എസ്സിന് ഒരു രാഷ്ട്രീയപ്രസ്ഥാനം ആവശ്യമാണെന്ന് കളത്തില്‍ വേലായുധൻ നായർ പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിനിധികള്‍ അത് അംഗീകരിച്ചു. അങ്ങനെ കളത്തില്‍ വേലായുധൻ നായർ ചെയര്‍മാനും ആറന്മുള കേശവന്‍നായര്‍ ജനറല്‍ സെക്രട്ടറിയും കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള ട്രഷററുമായി നാഷണൽ ഡെമോക്രാറ്റിക് പാർട്ടി എന്ന എന്‍ഡിപി പിറവിയെടുത്തു.
എൻ ഡി പി രൂപീകരിക്കുന്നതിന് മുമ്പ് എൻ എസ് എസ്സിന്റെയും മന്നത്ത് പത്മനാഭന്റെയും അനുഗ്രഹത്തോടെ കേരളത്തിൽ രൂപീകരിച്ച പാർട്ടിയായിരുന്നു കേരളാ കോൺഗ്രസ്. 1964 ഒക്ടോബര്‍ഒമ്പതിന് കെഎം ജോര്‍ജിന്റെയും ആര്‍ ബാലകൃഷണപിള്ളയുടെയും നേതൃത്വത്തില്‍ 15 കോൺഗ്രസ് എം എല്‍ എമാര്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയപ്പോൾ അതിന് പിന്നിൽ ശക്തമായി എൻ എസ് എസ് നിലയുറപ്പിച്ചിരുന്നു. കോട്ടയത്ത് തിരുനക്കര മൈതാനത്ത്‌നടന്ന രൂപീകരണസമ്മേളനത്തില്‍ മന്നത്ത് പത്ഭനാഭന്‍ തിരി കൊളുത്തിയതോടെയാണ് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പിറവിയെടുത്തത്. അതിന് ശേഷം ആറ് വർഷങ്ങൾ പിന്നിട്ട ശേഷമാണ് സ്വന്തം പാർട്ടി വേണമെന്ന തോന്നൽ എൻ എസ് എസ്സിന് ഉണ്ടായത് . കേരളാ കോൺഗ്രസ് രൂപീകരിച്ച് ഏകദേശം പത്ത് വർഷമെത്തുമ്പോൾ എൻ ഡി പി രൂപീകരിക്കപ്പെട്ടു.
1977ല്‍ കോണ്‍ഗ്രസ്സും സി പി ഐ.യും ഉള്‍പ്പെട്ട മുന്നണിയോടൊപ്പംനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. . ഇക്കാലത്ത് തുടർച്ചയായ ഭരണമാറ്റങ്ങൾ സംഭവിച്ചു. കരുണാകരൻ രാജൻ കേസിൽ രാജിവച്ചതിനെ തുടർന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായി. അന്ന് ആന്റണിക്ക് ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് എൻ ഡി പിയുടെ പിന്തുണ ആവശ്യമായിരന്നു. അതിനാൽ എൻ ഡി പി മുന്നോട്ട് വച്ച ആവശ്യങ്ങളൊക്കെ അവർ അംഗീകരിച്ചു. അതിൽ പ്രധാനപ്പെട്ടവ യു ഡി എഫിലെ ലെയ്സൺ കമ്മിറ്റിയിലെ അംഗത്വവും മുന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നവിധത്തിലുള്ള കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന ഉറപ്പുമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടും സംഭവിച്ചു. എന്നാൽ അക്കാലത്തൊന്നും മന്ത്രിമാരുണ്ടായില്ല. പക്ഷേ, സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായപ്പോൾ എൻ ഡി പിയിലെ എൻ. ഭാസകരൻ നായർ മന്ത്രിയായി. കഷ്ടിച്ച് രണ്ട് മാസമേ ഭരിച്ചുള്ളൂവെങ്കിലും ഭാസ്കരൻ നായർക്ക് ലഭിച്ചത് എട്ട് വകുപ്പുകളാണ്.
ഐക്യജനാധിപത്യ മുന്നണിയെന്ന ആശയത്തിന് വിത്തുപാകിയത് എന്‍ ഡി പിയുംകൂടി ചേര്‍ന്നാണ് എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാകില്ല. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടർന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ നേതാവായി മാത്രം മാറിയ കെ. കരുണാകരനെ അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയിക്കണ്ട് പുതിയൊരു രാഷ്ട്രീയ സമവാക്യത്തെ കുറിച്ച് ചര്‍ച്ചചെയ്തത് മൂന്നുപേരാണ്. മുസ്‌ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ്‌കോയ, കേരള കോണ്‍ഗ്രസ് ജെ. ചെയര്‍മാന്‍ പി ജെ. ജോസഫ്, അന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു അവർ.
പിന്നീടുവന്ന യു ഡി എഫ്. മന്ത്രിസഭകളില്‍ പലകാലത്ത് ആര്‍ സുന്ദരേശന്‍ നായര്‍, കെ ജി ആര്‍ കര്‍ത്ത, കെ പി രാമചന്ദ്രന്‍ നായര്‍, ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ മന്ത്രിമാരായി. ഇതിനിടയില്‍ പാർട്ടിയിൽ പലവിധ പടലപ്പിണക്കങ്ങള്‍ ഏറെയുണ്ടായി. എന്‍ എസ് എസ് നേതൃത്വത്തിന് ഹിതകരമല്ലാത്തരീതിയില്‍ പ്രവര്‍ത്തിച്ച മന്ത്രിമാരെ മാറ്റി. ഇടയ്ക്കുണ്ടായ പ്രതിച്ഛായാ ചര്‍ച്ചയില്‍ ഒരു മന്ത്രിയെക്കൊണ്ട് അവധിയെടുപ്പിച്ച ചരിത്രം വരെ എൻ എസ് എസ്സിന് മാത്രം സ്വന്തമായതാണ്.
എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എന്‍ ഡി പി, യു ഡി എഫ് വിട്ടത്. ആ നിയമസഭയില്‍ രണ്ട് എ എല്‍ എ മാരായിരുന്നു പാര്‍ട്ടിക്ക്. കെ പി രാമചന്ദ്രന്‍നായരും ആര്‍ രാമചന്ദ്രന്‍നായരും. ആര്‍ രാമചന്ദ്രന്‍ നായരെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ കെ പി രാമചന്ദ്രന്‍ നായര്‍ പിണങ്ങി. ആര്‍. രാമചന്ദ്രന്‍ നായര്‍ മൂന്നുകൊല്ലം ഭരിച്ചപ്പോള്‍ എന്‍ എസ് എസ് നേതൃത്വവുമായി ഇടഞ്ഞു. അവസാനം സ്വന്തം മന്ത്രിയെ പുറത്താക്കാന്‍ എന്‍ ഡി പിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു. അതിന്റെ ഫലമായി ആര്‍ രാമചന്ദ്രന്‍ നായരും കെ പി രാമചന്ദ്രന്‍ നായരോടുകൂടി. രണ്ടുപേരും പാര്‍ട്ടിക്ക് പുറത്തുമായി.
യു ഡി എഫിൽ നിന്നും 1996 ൽ മുന്നണി വിട്ടു പുറത്തിറങ്ങുമ്പോൾ എൻ ഡി പിക്ക് മന്ത്രിയും എം എൽ എയും ഒന്നുമില്ലായിരുന്നു. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചങ്ങനാശ്ശേരി സന്ദര്‍ശനത്തില്‍ മന്നം സമാധിയോട് അനാദരവ് കാട്ടിയെന്നതായിരുന്നു അതിന് കാരണമായി പറഞ്ഞത്.
2001 ൽ എൻ എസ് എസ് സമദൂര സിദ്ധാന്തം പ്രഖ്യാപിച്ചു. പെരുന്നയിൽ നടന്ന പത്രസമ്മേളനത്തിലാണ് അന്നത്തെ ജനറൽ സെക്രട്ടറി പി കെ നാരായണപ്പണിക്കർ ഈ സിദ്ധാന്തം മുന്നോട്ടു വച്ചത്. അന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഭരിക്കുന്ന എൽ ഡി എഫിന് എതിരായിരുന്നു. ഭരണവിരുദ്ധവികാരം അലയടിച്ച ആ സമയത്താണ് എൻ എസ് എസ് ഈ നിലപാട് പ്രഖ്യാപിക്കുന്നത്. 2001 ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ എത്തി. അക്കാര്യത്തിൽ തങ്ങളുടെ നിലപാടാണ് യു ഡി എഫിന് അനുകൂലമായത് എന്ന് എൻ എസ് എസ് അവകാശപ്പെടുകയും ചെയ്തു. .
എന്‍ ഡി പി പ്രയോജനമില്ലാത്ത പരീക്ഷണമായിരുന്നു എന്നും അതിനാലാണ് പാര്‍ട്ടി പിരിച്ചുവിട്ടതെന്നും പിരിച്ചുവിടുന്ന കാലത്ത് എൻ ഡി പിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന ഇന്നത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. എസ് ആർ പി പരീക്ഷണത്തിന് ശേഷം എസ് എൻ ഡി പിയുടെ കാർമികത്വത്തിൽ ബി ഡി ജെ എസ് രൂപീകരിക്കുമ്പോൾ എൻ എസ് എസ് ഇനി പാർട്ടി ഉണ്ടാക്കാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
സമദൂരസിദ്ധാന്തത്തിന് ശേഷം കേരള രാഷ്ട്രീയത്തിലെ ജയപരാജയങ്ങളുടെ അവകാശ വാദം ബഷീർ കഥാപാത്രത്തെ പോലെ എൻ എസ് എസ് ഏറ്റെടുക്കുന്ന കാഴ്ച ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കാണാമായിരുന്നു. സമദൂര സിദ്ധാന്തം 2014 വരെ പൊതുവിൽ യു ഡി എഫിനും പ്രത്യേകിച്ച് കോൺഗ്രസിനുമാണ് ഗുണം ചെയ്തിരുന്നത് എന്നാണ് തെരഞ്ഞെടുപ്പ് പഠനം നടത്തുന്നവരുടെ പൊതുവിലയിരുത്തൽ. എന്നാൽ, അതിന് ശേഷം നായർ സമുദായ വോട്ടുകളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചതായും പറയുന്നു.
സമദൂര സിദ്ധാന്തത്തിന്റെ അവകാശവാദത്തിൽ നിന്ന് ഒരു മാറ്റം നടത്തിയപ്പോൾ എൻ എസ് എസ്സിന് തിരിച്ചടിയേൽക്കുകയും ചെയ്തു. 2021 ലായിരുന്നു അത്. തെരഞ്ഞെടുപ്പ് കാറ്റ് വീശുന്നത് മനസ്സിലാക്കാതെ ഭരണത്തിലിരുന്ന ഇടതുപക്ഷത്തിനെതിരെ തീവ്ര നിലപാട് സ്വീകരിച്ചു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്വാഭാവികമായും അഞ്ച് വർഷം കൂടുമ്പോൾ സംഭവിക്കുന്ന ഭരണമാറ്റം സംഭവിക്കുമെന്ന വിശ്വാസമായിരിക്കണം അതിന് കാരണം.
അതിനൊപ്പം ശബരിമല സംബന്ധിച്ച സുപ്രിം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമവും അതിനെതിരെ എൻ എസ് എസ്സും കോൺഗ്രസും ബി ജെപിയും ഹിന്ദുത്വസംഘടനകളുമൊക്കെ രംഗത്തിറങ്ങിയതിന് ശേഷമുള്ള നിയമസഭാ തെരഞ്ഞടുപ്പുമായിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഏറ്റ കനത്ത തിരിച്ചടിയായിരിക്കാം ഒരു പക്ഷേ അങ്ങനെ നിലപാട് സ്വീകരിക്കാൻ എൻ എസ് എസ്സിനെ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ എൻ എസ് എസ് സ്വാഭാവികമായും എൽ ഡി എഫിന്റെ പരാജയം പ്രതീക്ഷിച്ചു.
എന്നാൽ, വിധി മറിച്ചായിരുന്നു, ഇടതുപക്ഷം തിരികെ വന്ന തുടർഭരണമായിരുന്നു ഫലം. ഇതോടെ പ്രഭാവം മങ്ങിയ സുകുമാരൻ നായരും എൻ എസ് എസ്സും, പൊടിക്കൊന്ന് അടങ്ങി.
അതിന് ശേഷം ഇടതുപക്ഷത്തോടുണ്ടായിരുന്ന അകൽച്ച കുറച്ചു കൊണ്ടവന്നു എൻ എസ് എസ്. സർക്കാർ നടത്തിയ ശബരിമല സംഗമത്തോട് സഹകരിക്കുകയും ശരിദൂരമാണ് എൻ എസ് എസ്സിന് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു
എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ തെരഞ്ഞടുപ്പ് ഫലം വന്നപ്പോൾ അത് ഇടതുപക്ഷത്തിന് അനുകൂലമല്ലായിരുന്നു. അതുമാത്രമല്ല, കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ യു ഡി എഫിൽ നിന്ന് ചോർന്നുപോയ നായർ സമുദായത്തിൽ നിന്നുള്ള വോട്ടുകളുടെ തുടർ ചോർച്ച തടയാൻ യു ഡി എഫിന് പ്രത്യേകിച്ച് കോൺഗ്രസിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല, മുൻകാലങ്ങളിൽ തങ്ങളിൽ നിന്നകന്ന് പോയ നായർ വോട്ടുകളിൽ ചെറിയൊരു പങ്ക് എങ്കിലും തിരിച്ചുവന്നതായും കോൺഗ്രസ് കണക്ക് കൂട്ടുന്നു.
ഇതോടുകൂടി ശരിദൂരം ശരിയാകില്ലെന്ന് എൻ എസ് എസ് തിരിച്ചറിഞ്ഞു. ഇതിനിടയിൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം എൻ എസ് എസ് നിലപാടിനെതിരെ ചെറുതെങ്കിലും പ്രതിഷേധം ഉയർന്നതും ഈ ശരിദൂര കാലത്താണ്. അയ്യപ്പസംഗമത്തോടുള്ള എൻ എസ് എസ് നിലപാടിൽ പ്രതിഷേധിച്ച് ചില എൻ എസ് എസ്സുകാർ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് എൻ എസ് എസ് വീണ്ടും സമദൂരത്തിലേക്ക് പിന്മാറുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates