ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടമാണ് 'ഫെമിനിച്ചി ഫാത്തിമ' 
News+

മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!

ബാബു പി രമേഷ്

ഈ അടുത്ത കാലത്ത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചതും വളരെയധികം വേദനിപ്പിച്ചതും 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയും അതിന്റെ സംവിധായകനായ ഫാസില്‍ മുഹമ്മദുമാണ്!

ആദ്യം സന്തോഷകാര്യങ്ങള്‍ തന്നെ പറഞ്ഞു തുടങ്ങാം.

2025 മെയ് മാസത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍ 'ഫെമിനിച്ചി ഫാത്തിമ' പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികളിലൊരാളായി ഞാനുമുണ്ടായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലായിരുന്നെങ്കിലും എന്തായാലും കാണേണ്ട ഒരു സിനിമയാണതെന്ന് പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ കണ്ട ചിലരൊക്കെ അറിയിച്ചിരുന്നതിനാലും ഐഎഫ്എഫ്‌കെ - 2024 ല്‍ നിറയെ അവാര്‍ഡുകള്‍ നേടിയ സിനിമയായിരുന്നു അത് എന്നതിനാലും ഞാനും നീതയും കണ്ണുണ്ണിയുമൊക്കെ ഡല്‍ഹിയില്‍ 'ഫാത്തിമ' വരുന്നതും കാത്തിരിക്കുന്ന സമയമായിരുന്നു അത്. പക്ഷെ, ഹാബിറ്റാറ്റ് ഫെസ്റ്റിവലില്‍ 'ഫെമിനിച്ചി ഫാത്തിമ'യുടെ പ്രദര്‍ശന ദിവസമെത്തിയപ്പോള്‍ നീത ഒരു ഔദ്യോഗിക യാത്രയിലായിരുന്നു; കണ്ണുണ്ണി അടുത്ത ദിവസത്തെ സ്‌കൂള്‍ പരീക്ഷയുടെ ചൂടിലും! ആകയാല്‍, പതിവിനു വിപരീതമായി തനിച്ചായിരുന്നു സിനിമയ്ക്കു പോയതെങ്കിലും ഒന്നു രണ്ട് സുഹൃത്തുക്കളുടെ കൂട്ട് ഓഡിറ്റോറിയത്തില്‍ വെച്ച് കിട്ടിയതിനാല്‍ തീര്‍ത്തും ഒറ്റയ്ക്കല്ല ഞാന്‍ 'ഫാത്തിമ'യെ ആദ്യം കണ്ടത്!

പ്രദര്‍ശനത്തിന്റെ മുമ്പ് സംഘാടകരിലൊരാള്‍ വളരെ ഹ്രസ്വമായി സംവിധായകനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയപ്പോഴാണ് ഇരുപതുകളുടെ ചെറുപ്പത്തില്‍ നില്‍ക്കുന്ന ഒരാളാണ് അതിനകം തന്നെ എടുത്തു പറയാവുന്ന പല നേട്ടങ്ങളും (ഹാബിറ്റാറ് ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമടക്കം) കൈയെത്തിപ്പിടിച്ച ഫാസില്‍ മുഹമ്മദ് എന്ന യുവ സംവിധായകന്‍ എന്ന് മനസ്സിലാക്കുന്നത്.

ഫാസില്‍ മുഹമ്മദ് ദേശീയ പുരസ്‌കാര വേദിയില്‍

തുടര്‍ന്ന് അടുത്ത ഒന്നരമണിക്കൂറോളം, സ്‌റ്റൈന്‍ ഓഡിറ്റോറിയത്തിന്റെ തണുപ്പില്‍ 'ഫെമിനിച്ചി ഫാത്തിമ' ഒറ്റയിരിപ്പിന് കണ്ടപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും, ഷാജി എന്‍ കരുണിന്റേയും സലിം അഹമ്മദിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെമൊക്കെ കൂടെ; ഒരു പക്ഷെ, സത്യജിത് റേയ്ക്കൊപ്പം തന്നെ ചേര്‍ത്തു വെയ്‌ക്കേണ്ട മറ്റൊരു പേരാണ് ഇനിയങ്ങോട്ടയ്ക്ക് ഫാസില്‍ മുഹമ്മദ് എന്ന ഈ ഇളമുറക്കാരന്റേത് എന്ന് സംശയലേശമന്യേ ഉറപ്പായിക്കഴിഞ്ഞിരുന്നു. (എന്റെ ഈ വിലയിരുത്തല്‍ കുറച്ച് കൂടിപ്പോയില്ലേ എന്ന് പലര്‍ക്കുമുണ്ടാവുന്ന സംശയത്തിനുത്തരം, നാളിതു വരെ 'ഫെമിനിച്ചി ഫാത്തിമ' വാരിക്കൂട്ടിയ സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ അംഗീകാരങ്ങളുടെ നീണ്ട ലിസ്റ്റിലേക്ക് വെറുതെയൊന്നു കണ്ണോടിച്ചാല്‍ തന്നെ നമുക്ക് കിട്ടും)

മൂത്ത മകന്‍ ഉറക്കത്തില്‍ മൂത്രമൊഴിച്ച് 'വെടക്കാക്കിയ' ഒരു കിടക്ക മൂലം ഫാത്തിമ എന്ന വീട്ടമ്മ നേരിടേണ്ടി വന്ന പൊല്ലാപ്പുകളും, പിന്നീട് പകലന്തിയോളമുള്ള വീട്ടുജോലിയ്ക്ക് ശേഷം രാത്രിയില്‍ ഒന്നു നടുനിവര്‍ത്താനായി മറ്റൊരു കിടക്ക സ്വന്തമാക്കുക എന്ന സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അവര്‍ നടത്തിയ നെട്ടോട്ടവും മൂലതന്തുവാക്കി തയ്യാറാക്കിയ ഏറ്റവും ലളിതമായൊരു സിനിമയിലൂടെ ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക സമൂഹങ്ങളില്‍ വേരുറച്ചു നില്‍ക്കുന്ന ആണ്‍മേല്‍ക്കോയ്മ അടിവരയിട്ട കുടുംബബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെ അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളും സൂക്ഷ്മമായി ഉള്‍ക്കൊള്ളിച്ച് അതീവ ഹൃദ്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഏറ്റവും അനായാസേന ഫാസിലിന് കഴിഞ്ഞു എന്നത് തന്നെയാണ് 'ഫെമിനിച്ചി ഫാത്തിമ'യെ വിശ്വോത്തര തലത്തിലേക്ക് ഉയര്‍ത്തുന്ന കാര്യം. സിനിമയെന്ന മാധ്യമം കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച അസാമാന്യമായ കൈയടക്കത്തെപ്പറ്റിയും അനായാസേന ഏറ്റവും മിതത്വത്തോടെ കഥ പറഞ്ഞവതരിപ്പിക്കാനുള്ള സംവിധായകന്റെ കഴിവിനെപ്പറ്റിയും 'ഫെമിനിച്ചി ഫാത്തിമ' കണ്ട ആരും തല കുലുക്കി സമ്മതിക്കും!

തീര്‍ച്ചയായും അന്നത്തെ ഞങ്ങളെപ്പോലെ ഫാസില്‍ മുഹമ്മദും പൊന്നാനിക്കടപ്പുറത്തും ബിയ്യം കായലോരത്തും ഭാരതപ്പുഴയുടെ തീരത്തുമൊക്കെ സിനിമാ സ്വപ്നങ്ങളുമായി നടന്നിട്ടുണ്ടാവും

പുരുഷാധിപത്യം, ലിംഗ സമത്വം, സാമ്പത്തിക സ്വാശ്രയത്വം, പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ എന്നിങ്ങനെയുള്ള വലിയ വലിയ കാര്യങ്ങള്‍ സ്വന്തം വീടുകളിലും തൊട്ടയല്‍പക്കത്തും നിത്യേന സംഭവിക്കുന്ന സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും കൊച്ചു കൊച്ചു സന്ദര്‍ഭങ്ങളിലൂടെ വരച്ചു കാട്ടിയപ്പോള്‍ കുടുംബ ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനകളെയും അടിച്ചമര്‍ത്തലുകളേയും ഏറ്റവും ശാന്തമായി എന്നാല്‍ അതിശക്തമായി ചോദ്യം ചെയ്യാനും സ്ത്രീപക്ഷത്തേക്ക് ചാഞ്ഞു മുളച്ചു പൊങ്ങാവുന്ന നിരവധി ചിന്താബീജങ്ങള്‍ പ്രേക്ഷകമനസ്സില്‍ വേണ്ടത്ര ആഴത്തില്‍ തന്നെ പാകിയിടാനും 'ഫെമിനിച്ചി ഫാത്തിമയ്ക്ക്' കഴിഞ്ഞു.

സിനിമ തന്നെ നേരിട്ട് പറഞ്ഞു തന്ന ഇക്കാര്യങ്ങള്‍ക്കുപരിയായി കുറച്ചു കൂടി വിവരങ്ങള്‍ 'ഫെമിനിച്ചി ഫാത്തിമ' യെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത് സിനിമാവതരണത്തിനു ശേഷം സംവിധായകനുമായി പ്രേക്ഷകര്‍ നടത്തിയ സംവാദത്തിലൂടെയായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനമോ സിനിമയില്‍ എടുത്തു പറയത്തക്ക അനുഭവസമ്പത്തോ ഒന്നും ഇല്ലാതെ ചലച്ചിത്രലോകത്തേക്ക് 'ഒറ്റയ്ക്ക് വഴിവെട്ടി വന്ന' ഫാസില്‍ മുഹമ്മദ് ഒരു 'പൊന്നാനിക്കാരനാണ്' എന്ന കാര്യം കൂടി അറിഞ്ഞപ്പോള്‍ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ആ വിവരം കൂടിയായപ്പോള്‍ 'ഫെമിനിച്ചി ഫാത്തിമ'യോടുള്ള എന്റെ മതിപ്പ് ശക്തമായ സ്വജനപക്ഷപാതത്തിലേയ്ക്ക് തെന്നി മാറുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

ഫെമിനിച്ചി ഫാത്തിമ

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാമോഹങ്ങളുമായി കൂട്ടുകാര്‍ക്കൊപ്പം പൊന്നാനിക്കടപ്പുറത്തിരുന്ന് സിനിമാക്കഥകള്‍ ചര്‍ച്ച ചെയ്ത് സംവിധായകനാവാന്‍ ആഗ്രഹിച്ചു നടന്ന കാലത്ത് എനിക്ക് പതിനെട്ടു വയസ്സായിരുന്നു പ്രായം. ആ ചര്‍ച്ചകള്‍ക്കൊടുവില്‍ സിനിമയെടുക്കുന്നതിന്റെ ആദ്യപടിയായി, പണം സ്വരൂപിക്കാനായി, പൊന്നാനിയില്‍ ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങിയവരാണ് ഞാനും കെയുവും അനിലും സുരേഷുമൊക്കെ. അക്കാലത്ത് പൊന്നാനിയില്‍ വിജയകരമായി നടത്തി വന്നിരുന്ന 'വിന്നര്‍ കോളജ്' എന്ന ട്യൂഷന്‍ സെന്ററുകാര്‍ 'മഞ്ഞ മന്ദാരങ്ങള്‍' എന്ന ഒരു സിനിമ പിടിച്ചിട്ടുണ്ട് എന്ന മുന്നറിവായിരുന്നു 'ട്യൂഷന്‍ അക്കാദമി' എന്ന സമാനമായ സംരംഭം തുടങ്ങാന്‍ ഞങ്ങള്‍ക്ക് പ്രേരണയായത്. നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിന്നു പോയ ആ ട്യൂഷ്യന്‍ സെന്ററും നാല്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാതെ പോയ 'ഞങ്ങളുടെ സിനിമ'യുമൊക്കെ ഫാസിലെന്ന പൊന്നാനിക്കാരനായ യുവസംവിധായകനെപ്പറ്റി അറിഞ്ഞ ആ നിമിഷത്തില്‍ അഭ്രപാളികളിലെന്ന പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

തീര്‍ച്ചയായും അന്നത്തെ ഞങ്ങളെപ്പോലെ ഫാസില്‍ മുഹമ്മദും പൊന്നാനിക്കടപ്പുറത്തും ബിയ്യം കായലോരത്തും ഭാരതപ്പുഴയുടെ തീരത്തുമൊക്കെ സിനിമാ സ്വപ്നങ്ങളുമായി നടന്നിട്ടുണ്ടാവും എന്ന തിരിച്ചറിവു തന്നെയാണ് 'ഇത് നമ്മടെ സ്വന്തം പയ്യനാണ്' എന്ന മമതാ ബോധം മനസ്സിലുറപ്പിക്കാന്‍ സഹായിച്ചത്.

ഏറ്റവും പരിമിതമായ ബജറ്റില്‍, പൊന്നാനിയിലും പരിസരത്തുമുള്ള പരിചിതരേയും കൂട്ടുകാരെയുമൊക്കെ ഉള്‍പ്പെടുത്തിയാണ് ലോകനിലവാരത്തിലുള്ള തന്റെ സിനിമ ഫാസില്‍ ഒരുക്കിയത് എന്നറിയുമ്പോള്‍ അത് 'ഫാത്തിമയുടെ' മാറ്റ് കുറച്ചു കൂടി കൂട്ടും. ഫാത്തിമയായി അഭിനയിച്ച ഷംല ഹംസ മുന്‍പ് ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നതും അവരുടെ ഭര്‍ത്താവായ അഷ്‌റഫ് ഉസ്താദിന്റെ റോളിലെത്തുന്ന കുമാര്‍ സുനില്‍ സിനിമാ ലോകത്ത് അപരിചിതനല്ല എന്ന കാര്യവും മാറ്റി നിര്‍ത്തിയാല്‍, മറ്റെല്ലാ റോളുകളും അയല്‍പക്കക്കാരും സുഹൃത്തുക്കളും സംവിധായകനും ഒക്കെച്ചേര്‍ന്നാണ് അവതരിപ്പിച്ചത് എന്നറിഞ്ഞപ്പോള്‍ മുമ്പൊരിക്കല്‍ ഇതേ ചലച്ചിത്ര മേളയില്‍ മറ്റൊരു മലയാളി ചെറുപ്പക്കാരനും കൂട്ടുകാരും ഞങ്ങളെയൊക്കെ വിസ്മയിപ്പിച്ച കാര്യവും ഓര്‍മ്മയിലെത്തി. ഏകദേശം ഒരു വ്യാഴവട്ടക്കാലത്തിന് മുമ്പ് ഹാബിറ്റാറ്റ് ഫെസ്റ്റിവലില്‍ 'ക്രൈം നമ്പര്‍: 89' എന്ന സിനിമയുമായി പങ്കെടുത്ത പിപി സുദേവന്‍ എന്ന പെരിങ്ങോടുകാരന്‍ സംവിധായകനും കൂട്ടരും ലളിതമെങ്കിലും ആര്‍ക്കും തഴയാന്‍ പറ്റാത്തത്ര കാമ്പുള്ള

'മലയാളിയുടെ മനസ്സില്‍ ചതിയുടെ പര്യായമായി പതിഞ്ഞു കിടന്ന ചന്തുവിനെ 'ഒരു വടക്കന്‍ വീരഗാഥ' എന്ന ഒരൊറ്റ സിനിമയിലൂടെ നന്മയുടെ ആള്‍രൂപമാക്കി മാറ്റിയെടുത്ത ചരിത്രമുണ്ട്, മലയാള സിനിമയ്ക്ക്. ആ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഒരു സിനിമയാണ് ഫാസിലിന്റേത്.

ആ സിനിമ തയ്യാറാക്കിയത് ഏറ്റവും പരിമിതമായ പണച്ചെലവോടെയും ചുറ്റുവട്ടത്തുള്ള കൂട്ടുകാരേയും ചേച്ചിയേയും പരിചയക്കാരെയുമൊക്കെ അഭിനേതാക്കളാക്കി മാറ്റിക്കൊണ്ടുമാണ് എന്നറിഞ്ഞപ്പോള്‍ മലയാളത്തിലെ പുതിയൊരു യുവപ്രതിഭയെ കണ്ടെത്തിയ സന്തോഷമായിരുന്നു, ഞങ്ങള്‍ക്കെല്ലാം. അതില്‍ പിന്നെ, 'പ്ലാനിംഗ്', 'തട്ടിന്‍ പുറത്തപ്പന്‍', 'വരൂ', 'രണ്ട്' തുടങ്ങിയ സുദേവന്റെ ഹ്രസ്വചിത്രങ്ങളെല്ലാം ഒന്നൊന്നായി യൂട്യൂബില്‍ തേടിപ്പിടിച്ച് കണ്ട് സുദേവനറിയാതെ തന്നെ അയാളുടെ ആരാധകരായി മാറിയ ഡല്‍ഹി മലയാളികളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് 'ക്രൈം നമ്പറിന്' ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ സ്വന്തം പടത്തിന് അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നു, ഞങ്ങളില്‍ പലര്‍ക്കും!

'ഫാത്തിമ'യുടെ പ്രദര്‍ശനത്തിനു ശേഷമുള്ള ചര്‍ച്ചയില്‍ കുറച്ചു നേരം കൂടി പങ്കെടുക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലും രാത്രി ഏറെ വൈകിയതിനാലും കണ്ണുണ്ണി വീട്ടില്‍ ഒറ്റയ്ക്കാണെന്നതിനാലും പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങിയ ഞാന്‍, സുഹൃത്തായ സതീശന്‍ തെക്കുംപാട്ട് ഷെയര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ പിറ്റേ ദിവസം ഫാസിലിനെ കോണ്‍ടാക്ട് ചെയ്താണ് ഞങ്ങളെ ബന്ധിപ്പിക്കുന്ന 'പൊന്നാനി കണക്ഷനെ'പ്പറ്റി സംസാരിക്കുന്നതും ഫാസിലിന്റെ സിനിമാ ജീവിതത്തിന്റെ നാള്‍വഴികള്‍ ചോദിച്ചറിയുന്നതും, പിന്നെ 'ഫെമിനിച്ചി ഫാത്തിമ'യെപ്പറ്റി ഒരു ലേഖനം ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം ഫാസിലിനെ അറിയിക്കുന്നതും. ശേഷം, പല വട്ടം ഫോണ്‍ വിളികളിലൂടെയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഫാസില്‍ പങ്കുവെച്ച വിവരങ്ങളും സിനിമ നല്‍കിയ ഉള്‍ക്കാഴ്ച്ചകളും ചേര്‍ത്തു വെച്ച് പെട്ടെന്നൊരു ലേഖനം തയ്യാറാക്കി, ഫാസിലിനു തന്നെ ആദ്യം വായിക്കാനായി അയച്ചു കൊടുത്തു. ആ കുറിപ്പില്‍ 'ഫെമിനിച്ചി ഫാത്തിമ'യെയും 'ഒരു വടക്കന്‍ വീരഗാഥ'യേയും ബന്ധിപ്പിച്ച് ഞാന്‍ എഴുതിയ ഏതാനും വരികള്‍ വായിച്ച ഫാസില്‍ എന്നോട് ഫോണില്‍ പറഞ്ഞത് 'ചേട്ടാ, ആ 'വടക്കന്‍ വീരഗാഥ'യുടെ വരികള്‍ വായിച്ചപ്പോള്‍ കണ്ണ്ന്ന് വെള്ളം വന്നൂട്ടാ' എന്നായിരുന്നു. സംവിധായകന്റെ കണ്ണിനെ ഈറനണിയച്ച ആ വരികള്‍ ഇപ്രകാരമായിരുന്നു.

'മലയാളിയുടെ മനസ്സില്‍ ചതിയുടെ പര്യായമായി പതിഞ്ഞു കിടന്ന ചന്തുവിനെ 'ഒരു വടക്കന്‍ വീരഗാഥ' എന്ന ഒരൊറ്റ സിനിമയിലൂടെ നന്മയുടെ ആള്‍രൂപമാക്കി മാറ്റിയെടുത്ത ചരിത്രമുണ്ട്, മലയാള സിനിമയ്ക്ക്. ആ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഒരു സിനിമയാണ് ഫാസിലിന്റേത്.

ഫാസില്‍ മുഹമ്മദ്

കുറച്ച് തന്റേടത്തോടെ വേറിട്ട് കാര്യങ്ങളെ സമീപിക്കുന്ന സ്ത്രീകളെ അവമതിക്കാനായി ഉപയോഗിച്ചു വരുന്ന 'ഫെമിനിച്ചി' എന്ന വാക്കിനെ ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ പലരും സന്തോഷത്തോടെ ഏറ്റെടുക്കും.

പക്ഷെ, ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കി മാറ്റണമെങ്കില്‍ കൂടുതല്‍ കൂടുതല്‍ പേരിലേക്ക് ഈ സിനിമ എത്തേണ്ടതുണ്ട്.താമസിയാതെ തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന 'ഫാത്തിമ'യെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' പോലുള്ള സിനിമകള്‍ ആവേശത്തോടെ ഏറ്റെടുത്തു വിജയപ്പിച്ച മലയാളി സമൂഹം എന്തായാലും കൈവിടില്ല എന്ന് പ്രത്യാശിക്കാം'

എന്തായാലും സംവിധായകന് ലേഖനം ഇഷ്ടമായി എന്നറിഞ്ഞറിന്റെ ബലത്തില്‍ ചില ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് അത് അയച്ചു കൊടുക്കുകയും, കുറച്ച് ശ്രമങ്ങള്‍ക്കു ശേഷം അത് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ വേര്‍ഷനില്‍ 'അഭിമാനപൂര്‍വ്വം ഫെമിനിച്ചി ഫാത്തിമ!' എന്ന പേരില്‍ പ്രസിദ്ധീകൃതമാവുകയും ചെയ്തു. സിനിമാ സംബന്ധിയായ എന്റെ ആദ്യത്തെ പ്രസിദ്ധീകരണമായിരുന്നു അത്. കുറച്ചാഴ്ചകള്‍ക്ക് ശേഷം ആ ലേഖനം വായിച്ച സമകാലിക മലയാളം എഡിറ്റോറിയല്‍ ടീമിലെ ഒരു സുഹൃത്താണ് സ്ഥിരമായി സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റിയും സിനിമയേയും സാഹിത്യത്തെയും പറ്റിയുമൊക്കെ ഒരു കോളം എഴുതിക്കൂടെ എന്ന ആശയവുമായി എന്നെ സമീപിക്കുന്നതും അതനുസരിച്ച് 'സാമൂഹ്യപാഠം' എന്ന പംക്തി ഈ വര്‍ഷം ജനുവരി മുതല്‍ ഞാന്‍ എഴുതിത്തുടങ്ങുന്നതും!

2024 ഡിസംബറില്‍ ഐഎഫ്എഫ്‌കെയില്‍ തുടങ്ങിയ വെച്ച 'ഫെമിനിച്ചി ഫാത്തിമ'യുടെ അശ്വമേധവും അവാര്‍ഡ് വേട്ടയും പിന്നെയും അനുസ്യൂതം തുടര്‍ന്നു പോന്നു. ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ഫാത്തിമ' ദുല്‍ഖര്‍ സല്‍മാന്റെ 'വേഫെയറര്‍ ഫിലിംസ്' എന്ന ബാനറിലൂടെ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടതു തന്നെ വളരെ വലിയൊരു നേട്ടമായിരുന്നു. അതോടൊപ്പം തന്നെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും, നിരവധി രാജ്യന്തര മേളകളിലേക്കുള്ള ക്ഷണങ്ങളുമൊക്കെ നേടിയ ശേഷം ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കൂടി 'ഫാത്തിമ'യെ തേടിയെത്തിയപ്പോള്‍, ഒരു പക്ഷെ, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം അംഗീകാരങ്ങള്‍ നേടിയ കന്നിച്ചിത്രങ്ങളുടെ ലിസ്റ്റില്‍ തുടക്കത്തില്‍ തന്നെ 'ഫെമിനിച്ചി ഫാത്തിമ'യ്ക്ക് ഇടം കിട്ടും എന്ന കാര്യത്തില്‍ സംശയമില്ല തന്നെ.

'ഇത്തരം സിനിമകള്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാവൂ. മലയാളികള്‍ക്കു മാത്രമേ ഇങ്ങനെയുള്ള സിനിമ ചിന്തിക്കാനും ഉള്‍ക്കൊള്ളാനും കഴിയൂ!'

ഈ അടുത്ത ദിവസം, ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഡല്‍ഹിക്ക് പുറത്ത് നടന്നപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാനായി, മമ്മൂട്ടിയടക്കമുള്ള പ്രതിഭാശാലികള്‍ക്കൊപ്പം ഗുജറാത്തിലെ കെവാഡിയയിലെ ചടങ്ങില്‍ പങ്കെടുത്ത ഫാസിലിന്റെ ഫോട്ടോകള്‍ കണ്ടത് വീണ്ടുമൊരിക്കല്‍ കൂടി 'ഫെമിനിച്ചി ഫാത്തിമ'യുടെ വീരഗാഥയിലേക്ക് ഓര്‍മ്മകളെയെത്തിച്ചു.

അങ്ങനെ, എന്തു കൊണ്ടും ഏറ്റവും വളരെ സന്തോഷം നല്‍കിയ ഒരു സിനിമയായിരുന്നു 'ഫാത്തിമ' എന്നു പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ 'സാമൂഹ്യ പാഠത്തിന്റെ' കണ്ണില്‍ നിന്നു നോക്കുമ്പോള്‍ ഫാത്തിമ ബാക്കിവെച്ചു പോകുന്ന ദുഃഖകരമായ ഒരു സത്യം കൂടി വായനക്കാരുടെ സമക്ഷം അവതരിപ്പിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു.

'ഇത്തരം സിനിമകള്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാവൂ. മലയാളികള്‍ക്കു മാത്രമേ ഇങ്ങനെയുള്ള സിനിമ ചിന്തിക്കാനും ഉള്‍ക്കൊള്ളാനും കഴിയൂ!'

സംസ്ഥാന അവാര്‍ഡ് വിതരണ വേളയില്‍, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ മുറി നിറയെ 'ഫാത്തിമ' നേടിയ അവാര്‍ഡുകളുമായി നിറപുഞ്ചിരിയോടെയിരിക്കുന്ന സ്വന്തം ചിത്രത്തിന് മമ്മൂട്ടിയുടെ മേല്‍ പറഞ്ഞ ഡയലോഗുകള്‍ വോയ്സ് ഓവര്‍ ചെയ്തുവെച്ച് ഫാസില്‍ ഈയിടെ ഷെയര്‍ ചെയ്തപ്പോള്‍, യേശുദാസിന്റെ ശബ്ദം പോലും പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഞാന്‍ ഫാസിലിനോട് എഴുതിച്ചോദിച്ചു?

'ഇതാരുടെ ശബ്ദമാണ്?'

'മമ്മൂക്ക'

ഫാസിലിന്റെ മറുപടി പെട്ടെന്നു തന്നെ വന്നു.

മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയില്‍ നിന്നുള്ള ഈ പ്രോത്സാഹന വാക്കുകള്‍ എത്രയും വിലയേറിയതും ആഹ്ലാദജനകവുമാണെങ്കിലും, മലയാള പ്രേക്ഷകരും മലയാളി സമൂഹവും എത്രത്തോളം 'ഫെമിനിച്ചി ഫാത്തിമ' എന്ന ലോകോത്തര സിനിമയെ 'കണ്ടറിഞ്ഞ്' പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന കാര്യം നമ്മള്‍ ഒരിക്കല്‍ കൂടി പുനഃപരിശോധിക്കേണ്ടതുണ്ട്.

'ലോകഃ' എന്ന ചിത്രത്തിന്റെ അതിഗംഭീരമായ ബോക്‌സോഫീസ് വിജയത്തിനു തൊട്ടു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ 'വേഫെയറര്‍ ഫിലിംസാ'ണ് 'ഫെമിനിച്ചി ഫാത്തിമ'യെ തിയറ്ററുകളിലെത്തിച്ചത് എന്ന് മുന്‍പ് സൂചിപ്പിച്ചല്ലൊ. നല്ല സിനിമയെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും 'കുഞ്ഞിക്ക' കാട്ടിയ സന്മനസ്സ് എടുത്തു പറയേണ്ടതു തന്നെ. അങ്ങനെ മികച്ച ഒരു ബാനറിലൂടെ വിതരണം ചെയ്തിട്ടുപോലും ഈ നല്ല സിനിമയെ പ്രബുദ്ധരെന്നു സ്വയം വിശേഷിച്ചഭിമാനിക്കുന്ന മലയാളി പ്രേക്ഷകര്‍ തിയറ്റേറില്‍ കൈയൊഴിഞ്ഞു എന്ന് പറയുന്നത് ഏറ്റവും സങ്കടകരമായ ഒരു കാര്യമാണ്.

ഹാബിറ്റാറ്റ് ഫെസ്റ്റിവലില്‍ 'ഫെമിനിച്ചി' കാണാന്‍ കഴിയാതിരുന്ന നീതയ്ക്കും കണ്ണുണ്ണിക്കും പിന്നെ ആ സിനിമ കാണാന്‍ ഒരവസരം ഒത്തു കിട്ടിയത് ഞങ്ങളെല്ലാവരും കൂടി നാട്ടില്‍ പോയ ഒരു സന്ദര്‍ഭത്തിലായിരുന്നു. പൊന്നാനി 'ഐശ്വര്യ' തിയറ്റേറില്‍ ഫാത്തിമ കളിക്കുന്നുണ്ടെന്നറിഞ്ഞ്, ഞങ്ങള്‍ മൂവരും, പിന്നെ ബിന്ദു ഏട്‌ത്ത്യേമയുമടങ്ങുന്ന നാല്‍വര്‍ സംഘം 'ഐശ്വര്യ'യില്‍ ചെന്നെങ്കിലും 'മിനിമം പത്തു പേരെങ്കിലും' ഉണ്ടെങ്കില്‍ മാത്രമേ സിനിമ സ്‌ക്രീന്‍ ചെയ്യുന്നുള്ളൂ എന്ന തിയറ്റേര്‍ അധികൃതരുടെ നിലപാടു പ്രകാരം അന്ന് ഫാത്തിമയുടെ പ്രദര്‍ശനമുണ്ടായില്ല. കലാ സാഹിത്യ രംഗങ്ങളില്‍ എന്നും ഒരു പടി മുന്നോട്ട് നില്‍ക്കുന്ന പാരമ്പര്യമുണ്ടെന്ന് ഞങ്ങളൊക്കെ അഹങ്കരിക്കുന്ന എന്റെ നാടായ പൊന്നാനിയില്‍ പത്തു പേര്‍ തികച്ച് ഈ ലോകോത്തര സിനിമ കാണാന്‍ വന്നില്ല എന്ന കാര്യം എനിക്കുണ്ടാക്കിയ മാനസിക വിഷമം വളരെയേറെയായിരുന്നു. അപ്പോള്‍ പിന്നെ, സ്വന്തം നാട്ടില്‍ തന്റെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതില്‍ ഫാസിലിനുണ്ടായിരിക്കാവുന്ന മനഃക്ലേശം എത്രയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതേ തിയറ്ററില്‍ അതേസമയം മറ്റൊരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു അടിയിടി മസാല പടത്തിന് ഇഷ്ടം പോലെ കാണികളുണ്ടായിരുന്നു എന്നതും ഇവിടെ എടുത്തു പറയേണ്ടതുണ്ട്.

ഫാസില്‍ മുഹമ്മദ് സംസ്ഥാന പുരസ്‌കാരം സ്വീകരിച്ച ശേഷം

മുറ്റത്തെ മുല്ലയ്ക്ക് അത്യധികം മണമുണ്ടെന്ന സത്യം തിരിച്ചറിയാതെ പോയ എന്റെ നാട്ടുകാരും സമകാലിക സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ ഒരു മാസ്റ്റര്‍പീസ് സിനിമയെ 'കാണാതെ പോയ' മലയാള പ്രേക്ഷകര്‍ ഒന്നടങ്കവും മനഃപൂര്‍വ്വമല്ലെങ്കില്‍ കൂടി വലിയൊരു തെറ്റ് തന്നെയാണ്, സിനിമാ രംഗത്തെ അസംഖ്യം ഗോലിയാത്തുകളെ നിലംപരിശാക്കിക്കൊണ്ട് ഒരു കന്നിക്കാരന്‍ ദാവീദ് കൈയെത്തിപ്പിടിച്ച നേട്ടത്തെ അംഗീകരിക്കായ്ക വഴി ചെയ്തത് എന്നാണ് എന്റെ അഭിപ്രായം.

പിന്നീട് ഏതാനും മാസങ്ങള്‍ക്കു ശേഷം ഡല്‍ഹിയിലെ അലൈന്‍സ് ഫ്രാന്‍സേസില്‍ 'ഫെമിനിച്ചി ഫാത്തിമ'യുടെ പ്രത്യേക പ്രദര്‍ശനമുണ്ടായപ്പോള്‍ ഞാനും നീതയും കാണികളായി അവിടെ ഉണ്ടായിരുന്നു. പ്രദര്‍ശനത്തിനു ശേഷം പൊന്നാനിയിലെ തിയേറ്ററിലെ അനുഭവം ഞങ്ങള്‍ വിവരിച്ചപ്പോള്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ/ വാരിക്കൂട്ടിക്കൊണ്ടേയിരിക്കുന്ന ഫാസിലിന്റെ മുഖത്ത് പെട്ടൊന്നൊരു നിരാശയുടെ കാര്‍മേഘം മൂടിക്കെട്ടിയത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.

ബോക്‌സോഫീസിലെ പരാജയം കാര്യമാക്കരുതെന്നും വേണ്ടി വന്നാല്‍ ഇനിയുമൊരിക്കല്‍ കൂടി ഈ ചിത്രം റീ-റിലീസ് ചെയ്യുന്നതിന്റെ സാധ്യത നോക്കണമെന്നുമൊക്കെ ഫാസിലിനോട് പറയുമ്പോള്‍ ഉദാഹരണമായി ഞാന്‍ എടുത്തു കാട്ടിയത്, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹില്‍ തന്റെ ക്ലാസിക് ചിത്രമായ 'സിനിമാ പാരഡൈസോ' പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം കാണികളോട് സംവദിച്ച വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ഗ്യൂസെപ്പെ ടോര്‍ണറ്റോറെയുടെ അനുഭവസാക്ഷ്യമാണ്. ലോകസിനിമാ ചരിത്രത്തിലെ തന്നെ എണ്ണം പറഞ്ഞ സിനിമകളിലൊന്നായ, 1990ല്‍ ഓസ്‌കര്‍ പുരസ്‌കാരം വരെ നേടിയ, 'സിനിമാ പാരഡൈഡോ' മൂന്ന് തവണ റിലീസ് ചെയ്ത പടമാണെന്നും, ആദ്യത്തെ രണ്ടു തവണയും ബോക്‌സാഫീസില്‍ വിജയം കാണാത്ത ആ സിനിമ, അതിന്റെ മൂന്നാം വരവിലൂടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത് എന്നും അദ്ദേഹം പറഞ്ഞത്, തിടുക്കത്തിലാണെങ്കിലും ഫാസിലിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ആ സമയത്ത് മറ്റ് പലരോടും തുടര്‍ച്ചയായി സംസാരിച്ചു നിന്നിരുന്ന ഫാസിലിന്റെ മനസ്സില്‍ അക്കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ടോ; അല്ലെങ്കില്‍ ഇത്തരം ഒരു റി-റീലീസ് മലയാള സിനിമാ ലോകത്ത് സാധ്യമാണോ എന്നൊന്നും ഓര്‍ക്കാന്‍ മെനക്കെടാതെയാണ് 'ഫെമിനിച്ചി'യോടുള്ള ആരാധനയാലും ഫാസിലിനോടുള്ള ഇഷ്ടം കൊണ്ടും ഞാന്‍ ഇക്കാര്യം ധൃതിയില്‍ അയാളെ അറിയിച്ചത്.

തിയറ്ററില്‍ കണ്ടിട്ടില്ലെങ്കിലും ഓടിടി പ്ലാറ്റ്‌ഫോമിലൂടെയെങ്കിലും ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടമാണ് 'ഫെമിനിച്ചി ഫാത്തിമ'. സ്ത്രീപക്ഷ ചിന്തകള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറുകളിലും വനിതാ മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പൊതു ചര്‍ച്ചകളിലും വനിതാദിനാഘോഷ വേദികളിലും വിദ്യാലയങ്ങളിലും കലാലയങ്ങളിലും വായനശാലകളിലും ക്ലബ്ബുകളിലുമൊക്കെ വീണ്ടും വീണ്ടും പ്രദര്‍ശിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് ഈ ചിത്രം. ഇത്തരം 'പരിഹാര നടപടികള്‍ക്കൊപ്പം' ഒഡേസയുടെ 'അമ്മ അറിയാന്‍' ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ച രീതിയില്‍ കൂടുതല്‍ കൂടുതല്‍ കാണികള്‍ക്കിടയിലേക്ക് ജനകീയ പങ്കാളിത്തത്തോടെ ഈ സിനിമയ്ക്കും സംവിധായകനും കടന്നു ചെല്ലാന്‍ വഴിയൊരുക്കുക കൂടി ചെയ്യുക എന്നതായിരിക്കും ഇതുവരെ നമ്മള്‍ 'ഫാത്തിമ'യോടു ചെയ്ത അക്ഷന്തവ്യമായ അപരാധത്തിന് ഏറ്റവും ഉചിതമായ പ്രായശ്ചിത്തം!

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Babu P Ramesh writes about the relevance of the movie Feminichi Fatima and states that it is regrettable that Malayalis did not accept the film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ