Alex Lanier PTI
Sports

'അലക്സ് ലാനിയർ'... ഇതാ ഫ്രാൻസിന്റെ ആദ്യ ബാഡ്മിന്റൺ ലോക ചാംപ്യൻ!

ചരിത്രത്തിലാദ്യമായി ഫ്രാൻസിന് ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്സിൽ സ്വർണം, നേട്ടം പുരുഷ സിം​ഗിൾസിലും മിക്സഡ് ഡബിൾസിലും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ്സിൽ സ്വർണത്തിളക്കം. പുരുഷ സിം​ഗിൾസിൽ ഫ്രാൻസ് ആദ്യമായി ലോക ചാംപ്യൻമാരായി. ഫ്രാൻസിന്റെ യുവ ബാഡ്മിന്റൺ സെൻസേഷൻ അലക്സ് ലാനിയറാണ് സിം​ഗിൾസിൽ സ്വർണം സ്വന്തമാക്കിയത്. നേരത്തെ മിക്സഡ് ഡബിൾസിലും ഫ്രാൻസ് ചരിത്രത്തിലാദ്യമായി സ്വർണം സ്വന്തമാക്കിയിരുന്നു. തോം ​ഗിക്കൽ- ഡെൽഫിൻ ഡെൽറു സഖ്യമാണ് സുവർണ നേട്ടം സമ്മാനിച്ചത്. പിന്നാലെയാണ് അലക്സിന്റെ മുന്നേറ്റം. ഫ്രാൻസിന്റെ കായിക ചരിത്രത്തിൽ ഒരിക്കലും മായാത്ത രീതിയിൽ തന്റെ പേര് എഴുതി വച്ചാണ് അലക്സ് ലാനിയർ ഇന്ത്യൻ മണ്ണിൽ നിന്നു മടങ്ങുന്നത്.

ഞായറാഴ്ച അരങ്ങേറിയ പുരുഷ സിം​ഗിൾസ് പോരാട്ടത്തിൽ ജപ്പാന്റെ മുൻ വെള്ളി മെഡൽ ജേതാവായ കൊ‍ഡായ് നാരോകയെ നേരിട്ടാണ് 21കാരൻ അലക്സ് ലാനിയർ ഫ്രാൻസ് ബാഡ്മിന്റൺ ചരിത്രത്തിൽ പുതു അധ്യായം എഴുതി ചേർത്തത്. ടൂർണമെന്റിലുടനീളം താരം പ്രകടിപ്പിച്ച മികവും കായിക ക്ഷമതയും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത് കൂടിയായിരുന്നു.

ഫൈനലിൽ അനായാസ വിജയമാണ് അലക്സ് സ്വന്തമാക്കിയത്. മാരത്തൺ പോര് പ്രതീക്ഷിച്ച ഇടത്ത് വെറും രണ്ട് സെറ്റിൽ അലക്സ് കളി അവസാനിപ്പിച്ചു. വെറും 50 മിനിറ്റിൽ താരം സ്വർണം കൈപ്പിടിയിലാക്കി. സ്കോർ: 21-11, 21-11.

ഒന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടക്കത്തിൽ കണ്ടു. 12-9 എന്ന നിലയിലാണ് മത്സരം പുരോ​ഗമിച്ചത്. എന്നാൽ പിന്നീട് അലക്സ് ലാനിയർ കളി മെച്ചപ്പെടുത്തി മത്സരം വരുതിയിൽ വച്ചു. പിന്നീട് 11 പോയിന്റുകൾ താരം അതിവേ​ഗം സ്വന്തമാക്കിയപ്പോൾ നാരോകയ്ക്ക് 2 പോയിന്റുകൾ മാത്രമാണ് അതിനിടെ ചേർക്കാനായത്.

ന്യൂഡൽഹി ഇന്ദിര ​ഗാന്ധി സ്റ്റേഡിയത്തിൽ കാറ്റിന്റെ ​ഗതിയെ സമർഥമായി അതിജീവിച്ചാണ് താരം പൊരുതിയത്. ക്രോസ് കോർട്ട് സ്മാഷുകളും ഡൗൺ ദി ലൈൻ സ്മാഷുകളും കൃത്യമായി മിക്സ് ചെയ്താണ് അലക്സ് ലാനിയർ കളം വാണത്. ബാക്ക്കോർട്ടിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഷോട്ടുകളും മത്സരത്തിലെ നിയന്ത്രണവും എതിരാളിക്കു മേൽ വ്യക്തമായ ആധിപത്യം നൽകി.

മത്സരത്തിലുടനീളം നാരോകയ്ക്ക് ലാനിയറുടെ വേ​ഗതയ്ക്കും ശാരീരിക മികവിനും മുന്നിൽ പിടിച്ചുനിൽക്കാനേ സാധിച്ചില്ല. രണ്ടാം ​ഗെയിമിലും വ്യക്തമായ അധിപത്യം ഫ്രഞ്ച് യുവതാരത്തിനു തന്നെയായിരുന്നു. ഇടയ്ക്ക് 8-3 എന്ന നിലയിൽ നിന്നു പോയിന്റ് 8-7ലേക്ക് എത്തിച്ച് തിരിച്ചെത്താൻ നാരോകെ ശ്രമിച്ചെങ്കിലും അലക്സ് ലാനിയർ സെറ്റ് വിട്ടുകൊടുക്കാതെ പൊരുതി.

മുൻ യൂറോപ്യൻ ചാംപ്യനാണ് അലക്സ് ലാനിയർ. 2024ൽ ഷി യുഖി ഉൾപ്പെടെയുള്ള മുൻനിര താരങ്ങളെ അട്ടിമറിച്ച് ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കിയാണ് താരം എലൈറ്റ് സർക്യൂട്ടിൽ ചരിത്രമെഴുതി തന്റെ വരവറിയിച്ചത്. 2025ലും പിന്നാലെ ഈ സീസണിലും സ്ഥിരതയുള്ള മുന്നേറ്റമാണ് അലക്സ് ലാനിയർ നടത്തിയത്. ഇത്തവണ സിം​ഗപ്പുർ ഓപ്പൺ സൂപ്പർ 750 കിരീടം നേടിയ താരം ഫ്രാൻസിനെ തോമസ് കപ്പ് ഫൈനൽ വരെ എത്തിക്കുന്നതിലും നിർണായകമായി.

Alex Lanier stunned Kodai Naraoka to become France's first men's singles World champion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി

പ്രവാസികള്‍ക്ക് നേട്ടം; പകുതി ടിക്കറ്റ് തുകയില്‍ യാത്ര ചെയ്യാം, വമ്പന്‍ ഓഫറുമായി സൗദിയ

'കൊച്ചുണ്ടാപ്രി അല്ലേ അത്! വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും മമ്മൂക്ക ചോദിച്ചു'; യഷ് മാളവ്യ പറയുന്നു

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഭയമുണ്ടോ?; ഇതാ ഒരു ടിപ്പ്, വിശദാംശങ്ങള്‍

കൈയില്‍ എമര്‍ജന്‍സി ഫണ്ട് ഉണ്ടോ? ജോലി അനുസരിച്ച് എത്ര തുക വേണം? വിശദാംശങ്ങള്‍