മയാമി: ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ കളിക്കാനൊരുങ്ങുന്ന അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി പരിശീലകൻ ലയണൽ സ്കലോനി. നോക്കൗട്ടിൽ കാബോ വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. കരുത്തരായ എതിരാളികളെ ഗോളടിക്കാൻ സമ്മതിക്കാതെ കെട്ടിപ്പൂട്ടിയ പ്രതിരോധ തന്ത്രമാണ് കാബോ വെർദെ പുറത്തെടുക്കുന്നത്. ഈ പ്രതിരോധ മതിലിനൊപ്പം തന്നെ തഞ്ചം കിട്ടുമ്പോൾ കൗണ്ടർ അറ്റാക്കുകളും അവർ പുറത്തെടുക്കുന്നുണ്ട്. ഇക്കാര്യങ്ങളടക്കം വ്യക്തമാക്കിയാണ് സ്കലോനിയുടെ ടീമിനുള്ള വാണിങ്.
അർജന്റീന ഗ്രൂപ്പ് ജെയിൽ നിന്നു എല്ലാ മത്സരങ്ങളും ജയിച്ചാണ് നോക്കൗട്ടിലെത്തിയത്. കാബോ വെർദെ ആകട്ടെ സ്പെയിൻ, ഉറുഗ്വെ, സൗദി അറേബ്യ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എച്ചിൽ നിന്നാണ് റൗണ്ട് ഓഫ് 32ൽ എത്തിയത്. മൂന്ന് കരുത്തരേയും സമനിലയിൽ കുരുക്കി പരാജയം അറിയാതെയാണ് ഈ ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ കാബോ വെർദെ ചരിത്രമെഴുതി നോക്കൗട്ടിലെത്തിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയാണ് അവർ ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനവുമായി കളം വാണത്.
'കാബോ വെർദെ യോഗ്യത നേടിയതിൽ എനിക്ക് അതിശയം തോന്നുന്നില്ല. നേരിട്ട എല്ലാ എതിരാളികൾക്കും അവർ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ശക്തരായ ടീമാണ് അവർ. അർജന്റീനയ്ക്കും കാര്യങ്ങൾ എളുപ്പമാകില്ലെന്ന് എനിക്കറിയാം. അവർ ഞങ്ങളെ ബുദ്ധിമുട്ടിലാക്കും. ടൂർണമെന്റിലെ പ്രിയപ്പെട്ട ടീമുകളിലൊന്നായ സ്പെയിനിനെ അവർ തളച്ചു. ഉറുഗ്വെയ്ക്കോ സൗദി അറേബ്യയ്ക്കോ അവരെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.'
ഫുട്ബോൾ പാരമ്പര്യത്തിന്റെ കാര്യത്തിൽ അജ ഗജാന്തരം വ്യത്യാസമുണ്ട് ഇരു രാജ്യങ്ങളും തമ്മിൽ. കൊച്ചു ദ്വീപ് രാഷ്ട്രത്തെ നിസാരമായി കാണാൻ സ്കലോനി പക്ഷേ തയ്യാറല്ല.
'ഈ ലോകകപ്പിൽ കണ്ട കാര്യങ്ങൾ വച്ച് വളരെ ശ്രദ്ധാലുക്കളായിരിക്കണം. അവർ മികച്ച ഫുട്ബോൾ കളിക്കുന്നു. അവർക്ക് ക്വാളിറ്റിയുണ്ട്. മികച്ച വേഗതയുണ്ട്. ഇത് ഏകപക്ഷീയ മത്സരമാകുമെന്നു ചിലർ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ അങ്ങനെയല്ല. അവർ ഒരു മികച്ച ടീമാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.'
മെസി സ്വയം തീരുമാനിച്ചു
'ജോർദാനെതിരെ ലയണൽ മെസിക്ക് 90 മിനിറ്റും കളിക്കാമായിരുന്നു. എന്നാൽ തന്റെ സഹ താരങ്ങൾക്ക് കൂടുതൽ സമയം കളിക്കാൻ അവസരം ലഭിക്കുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. വരാനിരിക്കുന്ന വലിയ മത്സരങ്ങളെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. ആളുകൾ സംസാരിക്കുന്ന ആ നമ്പറുകളെക്കുറിച്ചല്ല അദ്ദേഹം ചിന്തിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ മഹത്വമാണ് കാണിക്കുന്നത്.'
മത്സരത്തിന്റെ 60ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെസി, വെറും 20 മിനിറ്റിനുള്ളിൽ വിഖ്യാതമായ ഫ്രീ കിക്ക് ഗോളിലൂടെ ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 19 ആയി ഉയർത്തി. ടീമിലെ ഒത്തൊരുമയുടെ ഫലമായാണ് ഈ നേട്ടമെന്ന് സ്കലോനി വിലയിരുത്തുന്നു.
'അദ്ദേഹം ആ തീരുമാനമെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ സംസാരിച്ചപ്പോൾ ഇതാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അത് സമ്മതിച്ചു. അർജന്റീന ദേശീയ ടീമും അദ്ദേഹത്തിന്റെ സഹ താരങ്ങളും മെസിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു ഇത് കാണിക്കുന്നു'- സ്കലോനി വാചാലനായി.
അർജന്റീനയുടെ മുന്നേറ്റം
പ്രായം തളർത്താത്ത മാന്ത്രികതയുമായി ലയണൽ മെസി തന്നെയാണ് ഇപ്പോഴും ടീമിന്റെ പ്രധാന കരുത്ത്. ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകൾ നേടുകയും ഒരു ഗോൾ മാത്രം വഴങ്ങുകയും ചെയ്ത അർജന്റീന മികച്ച ഫോമിലാണ്. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസിയാണ് മുന്നിൽ. സ്കലോനി നോക്കൗട്ട് മത്സരത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. 2022 ലോകകപ്പിൽ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ ഏറ്റ പരാജയം പോലെ ഒന്ന് സംഭവിക്കാതിരിക്കാനുള്ള കരുതൽ അർജന്റൈൻ പരിശീലകൻ എടുക്കും. കാരണം തിരുത്താൻ നോക്കൗട്ട് റൗണ്ടുകളിൽ രണ്ടാമതൊരു അവസരം ലഭിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.
തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന കാബോ വെർദെ കരുത്തരായ സ്പെയിൻ, ഉറുഗ്വെ, സൗദി അറേബ്യ എന്നിവരടങ്ങുന്ന കഠിനമായ ഗ്രൂപ്പ് എച്ചിൽ നിന്നാണ് രണ്ടാം റൗണ്ടിലേക്ക് കയറിയത്. ഭൂരിഭാഗം വിദഗ്ദ്ധരും കുഞ്ഞൻ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമെന്നാണ് പ്രവചിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സ്പെയിനിനെതിരെ 0-0, ഉറുഗ്വെയ്ക്കെതിരെ 2-2, സൗദിക്കെതിരെ 0-0 ഉൾപ്പെടെ തുടർച്ചയായ മൂന്ന് സമനിലകൾ നേടി അവർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates