കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയില്‍. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട നിലയില്‍ കളി അവസാനിപ്പിച്ചത്. യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവരും പൊരുതി.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 7 റണ്‍സുമായി ധ്രുവ് ജുറേലും 4 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ സാരാംശ് ജയ്‌നുമാണ് ക്രീസില്‍. രണ്ടാം ദിനത്തില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള തന്ത്രമായിരിക്കും ഇന്ത്യ പുറത്തെടുക്കുക.
തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ നിന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും കിടിലന്‍ ശതകവുമായി കളം വാണ താരം രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ കന്നി ടെസ്റ്റ് ശതകമായിരുന്നെങ്കില്‍ കരിയറിലെ നാലാം ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
168 പന്തില്‍ 10 ഫോറുകള്‍ സഹിതം പടിക്കല്‍ 100 റണ്‍സുമായാണ് സെഞ്ച്വറിയില്‍ എത്തിയത്. സ്‌കോര്‍ 91ല്‍ നില്‍ക്കെ തുടരെ രണ്ട് ഫോറുകള്‍ പറത്തി പടിക്കല്‍ 99ല്‍ എത്തി. പിന്നാലെ സിംഗിള്‍ എടുത്ത് ശതകവും തൊട്ടു. ഒടുവില്‍ താരം 193 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു പുറത്തായി.
ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു മടങ്ങി. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു.
പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് സഖ്യം അധികം ക്രീസില്‍ നിന്നില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കി.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി. സ്‌കോര്‍ 66ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്.
പിന്നീടാണ് ഗില്‍- പടിക്കല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടെസ്റ്റ് കരിയറിലെ 9ാം അര്‍ധ സെഞ്ച്വറി നേടിയാണ് ഗില്‍ ഔട്ടായത്. അതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരം 3 റണ്‍സില്‍ നില്‍ക്കെയാണ് മടങ്ങിയത്.
ലങ്കന്‍ നിരയില്‍ 3 വിക്കറ്റെടുത്ത പേസര്‍ അസിത ഫെര്‍ണാണ്ടോയാണ് ബൗളിങില്‍ തിളങ്ങിയത്. ലഹിരു കുമാര, കേശര നുവന്ത എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates