India vs Ireland x
Sports

അട്ടിമറിച്ച് അയര്‍ലന്‍ഡ്! ടി20 പരമ്പര തൂത്തുവാരി ചരിത്രമെഴുതി; ഇന്ത്യയുടെ 16 തുടര്‍ പരമ്പര നേട്ടങ്ങള്‍ക്ക് വിരാമം

സഞ്ജുവും അഭിഷേകും ഗോള്‍ഡന്‍ ഡക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബെല്‍ഫാസ്റ്റ്: രണ്ടാം പോരാട്ടത്തിലും ത്രില്ലര്‍ വിജയം പിടിച്ച് അയര്‍ലന്‍ഡ് ടി20 പരമ്പര തൂത്തുവാരി ലോക ചാംപ്യന്‍മാരായ ഇന്ത്യയെ അട്ടിമറിച്ചു. ഒറ്റ റണ്ണിനാണ് അവര്‍ വിജയം പിടിച്ചത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിച്ചു.

16 ടി20 പരമ്പരകള്‍ നേടി അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യയെ ഒടുവില്‍ അയര്‍ലന്‍ഡ് പിടിച്ചുകെട്ടി. 2023 മുതലുള്ള ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയങ്ങളുടെ കുതിപ്പിനാണ് ബെൽഫാസ്റ്റിൽ തിരശ്ശീല വീണത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് മറക്കാന്‍ ആഗ്രഹിക്കുന്നതാക്കി മാറ്റാന്‍ ഐറിഷ് സംഘത്തിനു സാധിച്ചു. 2 മത്സരങ്ങളടങ്ങിയ പരമ്പര അവര്‍ 2-0ത്തിനു തൂത്തുവാരി.

ആദ്യ മത്സരത്തിൽ ചരിത്രത്തിലാദ്യമായി അയർലൻഡ് ഇന്ത്യക്കെതിരെ ടി20 മത്സരം വിജയിച്ചു. രണ്ടാം പോരാട്ടം ജയിച്ച് അവർ ചരിത്രത്തിലാദ്യമായി ഒരു പരമ്പരയും ഇന്ത്യക്കെതിരെ നേടി. ഐറിഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഓർമിക്കപ്പെടുന്ന ദിനമായും ജൂൺ 28 മാറി.

155 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ ഞെട്ടിച്ചാണ് അയര്‍ലന്‍ഡ് പന്തെറിഞ്ഞു തുടങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ മലയാളി ബാറ്റര്‍ സഞ്ജു സാംസണെ ജയ് മൂന്ദ്ര ഗോള്‍ഡന്‍ ഡക്കില്‍ മടക്കി. ഇതേ ഓവറിലെ നാലാം പന്തില്‍ സഹ ഓപ്പണര്‍ അഭിഷേക് ശര്‍മയേയും മൂന്ദ്ര ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കി.

പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (10), ഇഷാന്‍ കിഷന്‍ (12) എന്നിവരേയും അയര്‍ലന്‍ഡ് അതിവേഗം കൂടാരം കയറ്റി. 35 റണ്‍സിനിടെ 4 വിക്കറ്റും 74 റണ്‍സിനിടെ 5 വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

തിലക് വര്‍മ അര്‍ധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും ജയത്തിലേക്ക് അതു മതിയായില്ല. താരം 46 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്തു. 21 റണ്‍സെടുത്ത ഹര്‍ഷിത് റാണ, 20 റണ്‍സെടുത്ത ശിവം ദുബെ എന്നിവരും പൊരുതി.

ജയ് മൂന്ദ്ര, മാറ്റ് ഹൊല്ലാര്‍ഡ് എന്നിവര്‍ ഐറിഷ് പടയ്ക്കായി 3 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. ഹാരി ഹെക്ടര്‍, മാത്യു ഹംഫ്രിസ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഇന്ത്യക്കായി പ്രിന്‍സ് യാദവും പ്രിയാംശ് ആര്യയും അരങ്ങേറ്റം കുറിച്ചു. ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ പ്രിന്‍സ് ഇന്ത്യക്കായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. 4 ഓവര്‍ എറിഞ്ഞ താരം 22 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്കാണ് ഒരു വിക്കറ്റ്.

ഹാരി ടെക്ടറുടെ അര്‍ധ സെഞ്ച്വറിയും ബെന്‍ കലിറ്റ്‌സ് നേടിയ 37 റണ്‍സുമാണ് അയര്‍ലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 47 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം ടെക്ടര്‍ 53 റണ്‍സെടുത്തു. കലിറ്റ്‌സ് 23 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 37 റണ്‍സും അടിച്ചെടുത്തു. ജോര്‍ദ് ഡോക്ക്‌റെല്‍ (19), റോസ് അഡയിര്‍ (16), ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Ireland pulled off a famous one-run win to stun the T20 world champions in Belfast. The victory ended India's 16-series unbeaten run and handed them their first bilateral T20I series defeat since 2023

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി

വനിതാ ക്രിക്കറ്റിൽ പുതു ചരിത്രം; 'വിക്കറ്റ് വേട്ടയിൽ' ദീപ്തി ശർമയ്ക്ക് റെക്കോർഡ്

ഓടുന്ന ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്രയുടെ ഞെട്ടിക്കുന്ന വിഡിയോ

'ഞാൻ വിരമിക്കുന്നു, ഇത് അവസാന ടെസ്റ്റ്'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെൻ സ്റ്റോക്സ്!

സൗദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം