മുംബൈ: ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ 300 മത്സരങ്ങളെന്ന റെക്കോര്‍ഡ് നേട്ടം മുംബൈക്ക് ജയത്തോടെ ആഘോഷിക്കാനും സാധിച്ചു. ആദ്യ മത്സരങ്ങൾ തോറ്റ് തുടങ്ങുന്നുവെന്ന പതിവ് രീതിക്കും ഇത്തവണ മുംബൈ വിരാമമിട്ടു.
ആവേശപ്പോരാട്ടത്തില്‍ 6 വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സടിച്ചു. മുംബൈ ഇന്ത്യന്‍സ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. അവര്‍ 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചെടുത്താണ് മറുപടി നല്‍കി വിജയം പിടിച്ചത്.
റിയാന്‍ റിക്കല്‍ടനും രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ആദ്യ പോരില്‍ തന്നെ ക്ലിക്കായി. ഇരുവരും ചേര്‍ന്നു അതിവേഗമാണ് ചെയ്‌സിങ് തുടങ്ങിയത്. മുംബൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കെകെആര്‍ 148 റണ്‍സ് വരെ കാക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിന്നീട് അനായാസം അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
റിക്കല്‍ടനാണ് ടോപ് സ്‌കോറര്‍. താരം 43 പന്തില്‍ 8 സിക്‌സും 4 ഫോറും സഹിതം 81 റണ്‍സെടുത്തു. രോഹിത് ശര്‍മ 23 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. 38 പന്തില്‍ 6 വീതം സിക്‌സും ഫോറും സഹിതം രോഹിത് 78 റണ്‍സ് തൂക്കി.
ഇംപാക്ട് പ്ലെയറായി ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവ് 8 പന്തില്‍ 16 റണ്‍സുമായി മടങ്ങി. തിലക് വര്‍മ 14 പന്തില്‍ 20 റണ്‍സെടുത്തും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 2 പന്തില്‍ 5 റണ്‍സുമായി നമാന്‍ ധിറും ക്യാപ്റ്റനൊപ്പം ക്രീസില്‍ നിന്നു.
കൊല്‍ക്കത്തയുടെ ബൗളിങ് പോരായ്മ ആദ്യ മത്സരത്തില്‍ തന്നെ തെളിഞ്ഞു നിന്നു. പന്തെറിഞ്ഞവരെല്ലാം നല്ല തല്ല് വാങ്ങി. എല്ലാവരും 10ല്‍ കൂടുതല്‍ റണ്‍സ് ഓവറില്‍ വിട്ടു നല്‍കി. വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, നാലാമനായി ക്രീസിലെത്തിയ അംഗ്കൃഷ് രഘുവംശി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് കെകെആര്‍ മികച്ച സ്‌കോറിലെത്തിയത്. കൊല്‍ക്കത്തയ്ക്കായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട രീതിയില്‍ പൊരുതി.
രഹാനെയാണ് ടോപ് സ്‌കോറര്‍. താരം 5 സിക്‌സും 4 ഫോറും സഹിതം 40 പന്തില്‍ 67 റണ്‍സടിച്ചു. രഹാനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അലന്‍ ടി20 ലോകകപ്പിലെ ഫോം തുടര്‍ന്നു. താരം 17 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. രഹാനെ- അലന്‍ സഖ്യം 5.2 ഓവറില്‍ 69 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 10 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 18 റണ്‍സുമായി പുറത്തായി. ഗ്രീന്‍ പുറത്താകുമ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ 8.5 ഓവറില്‍ 109 റണ്‍സിലെത്തി.
പിന്നീട് അംഗ്കൃഷ് രഘുവംശിയും രഹാനെയും ചേര്‍ന്നു വീണ്ടും ഇന്നിങ്‌സ് ട്രാക്കിലാക്കി. അതിനിടെ 145ല്‍ സ്‌കോര്‍ എത്തിയപ്പോള്‍ രഹാനെ മടങ്ങി. അപ്പോഴും അംഗ്കൃഷ് പോരാട്ടം തുടര്‍ന്നു. സ്‌കോര്‍ 200 കടത്തിയാണ് താരം മടങ്ങിയത്. 29 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം അംഗ്കൃഷ് 51 റണ്‍സടിച്ചാണ് പുറത്തായത്.
പിന്നീട് റിങ്കു സിങാണ് സ്‌കോര്‍ 220ല്‍ എത്തിച്ചത്. താരം 21 പന്തില്‍ 4 ഫോറുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു.
മുംബൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. കെകെആറിനു നഷ്ടമായ 4 വിക്കറ്റില്‍ ഒരെണ്ണം മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates