IPL 2026 x
Sports

ഹാട്രിക്ക് തോല്‍വി! രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍; 5 വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി

തുടരെ 3 തോല്‍വികളോടെ രാജസ്ഥാന്‍ റോയല്‍സ് ആറാം സ്ഥാനത്തേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഹാട്രിക്ക് തോല്‍വിയിലേക്ക് തള്ളിയിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി. തോല്‍വി രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ ത്രിശങ്കുവിലാക്കി. തുടരെ മൂന്നാം മത്സരം തോറ്റ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കും വീണു. 5 വിക്കറ്റ് വിജയമാണ് ഡല്‍ഹി ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഡല്‍ഹി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എടുത്താണ് ജയം സ്വന്തമാക്കിയത്.

194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, അഭിഷേക് പൊരേല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി മികച്ച തുടക്കം നല്‍കി. ഇടയ്‌ക്കൊന്നു വിയര്‍ത്തെങ്കിലും ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും അശുതോഷ് ശര്‍മയും ചേര്‍ന്നു ടീമിനെ ജയത്തിലെത്തിച്ചു.

രാഹുല്‍ 42 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 56 റണ്‍സെടുത്തു. അഭിഷേക് 31 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സും കണ്ടെത്തി.

അക്ഷര്‍ പട്ടേല്‍ 18 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി എത്തിയ അശുതോഷ് വെറും 5 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ ധ്രുവ് ജുറേല്‍, നായകന്‍ റിയാന്‍ പരാഗ് എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് രാജസ്ഥാന്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റ് ചെയ്യാന്‍ അയക്കുക ആയിരുന്നു. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും മികച്ച രീതിയിലാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ഒന്‍പത് പന്തില്‍ 3 ഫോറുകള്‍ ഉള്‍പ്പെടെ 12 റണ്‍സ് എടുത്ത ജയ്സ്വാളിനെ ലുന്‍ഗി എന്‍ഗിഡി പുറത്താക്കി.

പിന്നാലെ കളത്തിലെത്തിയ ധ്രുവ് ജുറേലും സൂര്യവംശിയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ട് കെട്ടാണ് ഉണ്ടാക്കിയത്.

മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 21 പന്തില്‍ 46 റണ്‍സാണ് വൈഭവ് നേടിയത്. നാലാം നമ്പറില്‍ ക്രീസില്‍ എത്തിയ നായകന്‍ റിയാന്‍ പരാഗും ഒട്ടും വിട്ടു കൊടുത്തില്ല. ഡല്‍ഹി ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു അര്‍ധ സെഞ്ച്വറി നേടി. 26 പന്തില്‍ 51 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ എത്തിയ ഡൊണോവന്‍ ഫെരേര പൂജ്യത്തിനും,രവി സിങ് നാല് റണ്‍സും നേടി പുറത്തായി.

അവസാനം വരെ പൊരുതി നിന്ന ധ്രുവ് ജുറേല്‍ 40 പന്തില്‍ 53 റണ്‍സ് നേടി പുറത്തായതോടെ രാജസ്ഥാന്‍ കളി മറന്നു. വാലറ്റക്കാരായി കളത്തിലെത്തിയ ശുഭം ദുബെ അഞ്ച് റണ്‍സും, ദസുന്‍ ഷനക 10 റണ്‍സിനും പുറത്തായി. ഇതോടെ രാജസ്ഥാന്‍ ഇന്നിങ്‌സ് 193 ന് അവസാനിക്കുക ആയിരുന്നു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും, ലുന്‍ഗി എന്‍ഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.

IPL 2026, Rajasthan Royals: Ashutosh Sharma wins it for Delhi Capitals in a nervy chase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം വിഡിഎസ്' അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്

'ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കും'; സത്യപ്രതിജ്ഞയ്ക്ക് മുന്നേ പഴവങ്ങാടിയില്‍ ദര്‍ശനം നടത്തി കെ മുരളീധരന്‍

VD Satheesan Cabinet Live: 'ടീം വിഡിഎസ്'; സത്യപ്രതിജ്ഞ ഇന്ന്

വിവിഐപികളുടെ നിര, 15,000 ഇരിപ്പിടങ്ങൾ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

SCROLL FOR NEXT