ദുബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ഫൈനലിലെ സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫൈനൽ അവസാനിച്ച രാത്രിയിൽ അത്യന്തം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. അതെക്കുറിച്ചെല്ലാം ഇന്ത്യൻ നായകൻ മാധ്യമങ്ങളോടു പ്രതികരിച്ചു. പാകിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനുമായ മുഹ്സിൻ നഖ്‍വിയിൽ നിന്നു ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു.
എന്നാൽ ഒരു മണിക്കൂറോളം ചടങ്ങിനായി ഗ്രൗണ്ടിൽ കാത്തു നിന്നതായും അദ്ദേഹം പറയുന്നു. നഖ്‍വിയിൽ നിന്നു ട്രോഫി സ്വീകരിക്കരുതെന്നു കേന്ദ്ര സർക്കാർ, ബിസിസിഐ അടക്കമുള്ളവർ ടീമിനു നിർദ്ദേശം നൽകിയെന്ന വാർത്തകളും സൂര്യകുമാർ തള്ളി. ടീം ഗ്രൗണ്ടിൽ വച്ചെടുത്ത തീരുമാനമാണ് തങ്ങൾ നടപ്പാക്കിയതെന്നു അദ്ദേഹം വിശദീകരിച്ചു.
'ഡ്രസിങ് റൂമിൽ പോയി വാതിലടച്ച് ഇരിക്കുകയായിരുന്നില്ല ഞങ്ങൾ. സമ്മാനദാന ചടങ്ങ് ആരംഭിക്കാൻ ഞങ്ങൾ ആരെയും കാത്തു നിർത്തിയിട്ടില്ല. അവർ ട്രോഫിയുമായി ഓടി പോയി. അതാണ് ഞാൻ കണ്ടത്. മറ്റൊന്നും എനിക്കറിയില്ല. ചിലർ ഞങ്ങളുടെ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ ഗ്രൗണ്ടിൽ തന്നെയുണ്ടായിരുന്നു. ഡ്രസിങ് റൂമിലേക്ക് പോയില്ല.'
'ആരെങ്കിലും വന്ന് ട്രോഫി നൽകിയാൽ സ്വീകരിക്കരുത് എന്ന് ടൂർണമെന്റിലുടനീളം സർക്കാരോ, ബിസിസിഐയോ ഞങ്ങളോടു പറഞ്ഞിട്ടില്ല. ഞങ്ങൾ സ്വയമെടുത്ത തീരുമാനമാണ്. എസിസി പ്രതിനിധികൾ വേദിയിൽ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ താഴെ നിൽക്കുകയായിരുന്നു. അവർ വേദിയിൽ നിന്നു സംസാരിക്കുന്നുണ്ടായിരുന്നു. എന്താണെന്നു വ്യക്തമായില്ല. ആൾക്കുട്ടത്തിൽ നിന്നു ചിലർ കൂക്കിവിളി തുടങ്ങി. പെട്ടെന്നു അവരുടെ പ്രതിനിധികളിൽ ഒരാൾ ട്രോഫി എടുത്തു ഓടി പോകുന്നതാണ് കണ്ടത്.'
മത്സരം കഴിഞ്ഞയുടൻ താരങ്ങളാരും ഡ്രസിങ് റൂമിലേക്ക് പോയില്ല. കൈയിലുണ്ടായിരുന്ന ഫോണുകളെല്ലാം സപ്പോർട്ടിങ് സ്റ്റാഫ് റൂമിൽ പോയി എടുത്തു കൊണ്ടു വരികയായിരുന്നുവെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.
'എല്ലാവരും ഗ്രൗണ്ടിലെ ആ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. അഭിഷേക് ശർമ, കുൽദീപ് യാദവ്, ശിവം ദുബെ, തിലക് വർമ എന്നിവർ പുരസ്കാരങ്ങൾ വാങ്ങുമ്പോൾ ടീം മുഴുവൻ ആഘോഷിക്കുകയായിരുന്നു. ഞങ്ങളെല്ലാം അവർക്കു വേണ്ടി എവുന്നേറ്റ് നിന്നു കൈയടിച്ചു. വിസിലടിച്ചു. അതാണു ഞങ്ങളുടെ ടീമിന്റെ സംസ്കാരം'- സൂര്യ പറഞ്ഞു.
ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനു പിന്നാലെ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ഐക്യദാർഢ്യവും വിജയം സൈന്യത്തിനും സൂര്യകുമാർ സമർപ്പിച്ചിരുന്നു. കിരീട ജയത്തിനു ശേഷം മാച്ച് ഫീയായി കിട്ടിയ മുഴുവൻ തുകയും ഇന്ത്യൻ സായുധ സൈനികർക്കു സമ്മാനിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. താൻ രാജ്യത്തെ സ്നേഹിക്കുന്നതായും ഒരു ചെറിയ കാര്യമെങ്കിലും ചെയ്യാൻ താനിക്കു സാധിച്ചാൽ അതു ചെയ്യേണ്ടതല്ലേയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates