ഓൺലൈൻ ഗെയിമുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊബൈൽ ഫോണുകളിലും കംപ്യുട്ടറുകളിലും ഗെയിമുകൾ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഗെയിമിൽ പുതിയ റിവാർഡുകൾ, സൗജന്യ കോയിനുകൾ, വിലകൂടിയ സ്കിന്നുകൾ, പ്രത്യേക ആയുധങ്ങൾ എന്നിവ വാഗ്ദാനം ചെയ്താണ് പലപ്പോഴും തട്ടിപ്പുകാർ കുട്ടികളെ ആകർഷിക്കുന്നത്.
കുട്ടികൾ കളിക്കുന്ന ഗെയിമിൽ കൂടുതൽ പോയിന്റുകളും സമ്മാനങ്ങളും നേടാമെന്ന് വിശ്വസിച്ച് അവർ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാറുണ്ട്. എന്നാൽ ഇത്തരം ലിങ്കുകൾ ചിലപ്പോൾ വ്യാജ വെബ്സൈറ്റുകളിലേക്കായിരിക്കും ചെന്നെത്തുക.
അതിലൂടെ ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് തുടങ്ങിയവ തട്ടിപ്പുകാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഈ വിവരങ്ങൾ തട്ടിപ്പുകാർക്ക് ദുരുപയോഗം ചെയ്യാൻ കഴിയും. സൗജന്യ കോയിനുകളും പ്രത്യേക റിവാർഡുകളും ലഭിക്കുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളും ഉണ്ടാകാം. സമ്മാനം ലഭിക്കാനായി പണം അടച്ചാൽ പിന്നീട് അത് തിരികെ ലഭിക്കണമെന്നില്ല.
ചില ഓൺലൈൻ ഗെയിമുകളിൽ മറ്റ് കളിക്കാരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അപരിചിതർ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചേക്കാം. പിന്നീട് അവരുടെ ഫോൺ നമ്പർ, വിലാസം, വ്യക്തിഗത ചിത്രങ്ങൾ തുടങ്ങിയവ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാം.
അതുപോലെ, ഗെയിമിൽ പുതിയ സാധനങ്ങളോ പ്രത്യേക സൗകര്യങ്ങളോ വാങ്ങാനായി കുട്ടികൾ മാതാപിതാക്കളുടെ അനുമതിയില്ലാതെ പണം ചെലവാക്കിയേക്കാം. ചിലപ്പോൾ ബാങ്ക് കാർഡിന്റെ വിവരങ്ങൾ ഉപയോഗിച്ചും പണമിടപാടുകൾ നടക്കാം. അതിനാൽ ഓൺലൈൻ ഗെയിമുകൾ കളിക്കുമ്പോൾ അപരിചിതരുമായി വ്യക്തിവിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
കുട്ടികൾ കളിക്കുന്ന ഗെയിമുകളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. വിശ്വസനീയമായ ഔദ്യോഗിക ആപ്പുകളിൽനിന്ന് മാത്രം ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. സൗജന്യ റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും OTP, പാസ്‌വേഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുതെന്നും കുട്ടികളെ പഠിപ്പിക്കണം.
ഗെയിമുകളിലെ പണമിടപാടുകൾക്ക് പാരന്റൽ കൺട്രോൾ ഉപയോഗിക്കാം. കുട്ടികൾ ഓൺലൈനിൽ നേരിടുന്ന പ്രശ്നങ്ങൾ മാതാപിതാക്കളോട് തുറന്നുപറയാൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates