

ഇന്ത്യയിലെ ഏകദേശം 8,000 സ്കൂളുകളിൽ 2024-25 അധ്യയന വർഷത്തിൽ ഒരു വിദ്യാർത്ഥി പോലും ചേർന്നിട്ടില്ല എന്ന് കേന്ദ്ര സർക്കാർ കണക്കുകൾ, അതേസമയം ഇവിടെ അദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-25 അധ്യയന വർഷത്തിൽ ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടിയില്ലെങ്കിലും (സീറോ എൻറോൾമെന്റ്). ഈ സ്കൂളുകളിൽ മൊത്തത്തിൽ 20,817 അദ്ധ്യാപകരുണ്ട്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ സീറോ എൻറോൾമെന്റ് സ്കൂളുകൾ റിപ്പോർട്ട് ചെയ്തത്, 3,812 സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ ചേർന്നില്ല. എന്നാൽ ഈ സ്കൂളുകളിലായി 17,965 അദ്ധ്യാപകരുണ്ട്.
തെലങ്കാനയിൽ 2,245 സ്കൂളുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയില്ലെങ്കിലും 1,016 അദ്ധ്യാപകർ ജോലി ചെയ്യുന്നു. മധ്യപ്രദേശിൽ 463 സ്കൂളുകളിൽ കുട്ടികൾ ചേർന്നിട്ടില്ല. എന്നാൽ, 223 അദ്ധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്, ഉത്തർപ്രദേശിൽ 81 സ്കൂളുകളിൽ വിദ്യാർത്ഥികൾ ചേർന്നിട്ടില്ല.
മുൻ വർഷത്തെ അപേക്ഷിച്ച്, സീറോ എൻറോൾമെന്റ് സ്കൂളുകളുടെ ആകെ എണ്ണം 2023-24 ൽ 12,954 ൽ നിന്ന് 2024-25 ൽ 7,993 ആയി കുത്തനെ കുറഞ്ഞു, ഏകദേശം 38 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സീറോ എൻറോൾമെന്റ് സ്കൂളുകൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര, നാഗർ ഹവേലി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാമൻ, ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും സീറോ എൻറോൾമെന്റ് സ്കൂളുകൾ ഇല്ല.
ഇങ്ങനെ വിദ്യാർത്ഥികൾ ഇല്ലാത്ത സ്കൂളുകൾ ഉള്ളത് പോലെ തന്നെ അദ്ധ്യാപകക്ഷാമം അനുഭവിക്കുന്ന സ്കൂളുകളും ഉണ്ട്.
ഇന്ത്യയിൽ ഒരു അദ്ധ്യാപകൻ/ അദ്ധ്യാപിക മാത്രമുള്ള ഒരു ലക്ഷത്തോളം സ്കൂളുകൾ ഉണ്ട്. ഈ സ്കൂളുകളിലായി 33 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2024-25 അധ്യയന വർഷത്തിൽ, ഇന്ത്യയിൽ 1,04,125 സ്കൂളുകളിൽ ഒരു അദ്ധ്യാപകൻ/ അദ്ധ്യാപിക മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ സ്കൂളുകളിലെല്ലാമായി 33,76,769 വിദ്യാർത്ഥികൾ പഠിക്കുന്നു. അതായത് ഒരു സ്കൂളിന് ശരാശരി 34 വിദ്യാർത്ഥികൾ വീതം.
ഒറ്റ അദ്ധ്യാപക സ്കൂളുകളുടെ എണ്ണത്തിൽ ആന്ധ്രാപ്രദേശ് ആണ് മുന്നിൽയ തൊട്ടുപിന്നാലെ ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ലക്ഷദ്വീപ് എന്നിവയുണ്ട്.
ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക മാത്രമുള്ള സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തിൽ, ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തും, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവ തൊട്ടുപിന്നിലുമായി നിൽക്കുന്നു.
2022–23 ൽ 1,18,190 ആയിരുന്ന ഒറ്റ അദ്ധ്യാപക സ്കൂളുകളുടെ എണ്ണം 2023–24 ൽ 1,10,971 ആയി കുറഞ്ഞു. ഇത് മുൻ വർഷത്തേക്കാൾ ഏകദേശം ആറ് ശതമാനം കുറവ് ആണ് രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
