'ഷൂട്ടിംഗ് ഉടനീളം അടിച്ചുപൊളിക്കുവായിരുന്നു' : മമ്മൂട്ടിയോടൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പൂനം ബജ്‌വ 

മാസ്റ്റര്‍പീസില്‍ കോളേജ് അദ്ധ്യാപികയായാണ് പൂനം എത്തുന്നത്. ഇത്തരം കഥാപാത്രങ്ങള്‍ തനിക്ക് അധികം ലഭിക്കാറില്ലെന്നും കഥാപാത്രം തന്നെയാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും പൂനം പറയുന്നു.
'ഷൂട്ടിംഗ് ഉടനീളം അടിച്ചുപൊളിക്കുവായിരുന്നു' : മമ്മൂട്ടിയോടൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പൂനം ബജ്‌വ 

മമ്മൂട്ടിയോടൊപ്പമുള്ള പൂനം ബജ്‌വയുടെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍പീസ്. വെനീസിലെ വ്യാപാരിയായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വെനീസിലെ വ്യാപാരിയുടെ ഷൂട്ടിംഗിനായി എത്തിയപ്പോള്‍ മനസ്സിലുണ്ടായിരുന്നതുപോലുള്ള പേടിയൊന്നും ഇത്തവണ മുംബൈയില്‍ നിന്ന് പോരുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് പൂനം പറയുന്നു. 'ഷൂട്ടിംഗ് ഉടനീളം അടിച്ചുപൊളിക്കുവായിരുന്നു. മമ്മൂട്ടി സാറിനൊപ്പമുള്ള അഭിനയം ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു', പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗ് ഓര്‍മകള്‍ പൂനം പങ്കുവയ്ക്കുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസില്‍ കോളേജ് അദ്ധ്യാപികയായാണ് പൂനം എത്തുന്നത്. ഇത്തരം കഥാപാത്രങ്ങള്‍ തനിക്ക് അധികം ലഭിക്കാറില്ലെന്നും കഥാപാത്രം തന്നെയാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും പൂനം പറയുന്നു. 'സാരിയുടുത്ത് അഭിനയിക്കുന്നത് ശരിക്കും നൊസ്റ്റാള്‍ജിക് അനുഭവമായിരുന്നു. എന്റെ കോളേജ് ദിനങ്ങളായിരുന്നു ഓര്‍മ്മയില്‍. ഒരു അദ്ധ്യാപികയായി ഞാന്‍ വരുന്നത് എനിക്ക് തുടക്കത്തില്‍ വളരെ വിചിത്രമായി തോന്നിയെങ്കിലും പിന്നീട് അത് വളരെ രസകരമായ അനുഭവമായി മാറുകയായിരുന്നു', പൂനം പറയുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് പൂനം. മലയാള സിനിമകളില്‍ അഭിനയിക്കുന്നത് വളരെ സന്തോഷം തരുന്നതാണെന്നു പറഞ്ഞ പൂനം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മലയാളം സംസാരിക്കാന്‍ അനായാസമായി തോന്നുന്ന തനിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയാല്‍ ആ കഴിവ് നഷ്ടപ്പെടാറാണ് പതിവെന്നും പറയുന്നു. കേരളത്തോടുള്ള ഇഷ്ടവും പൂനം മറച്ചുവയ്ക്കുന്നില്ല. ഒഴിവ് ലഭിക്കുമ്പോഴൊക്കെ ഓടി മൂന്നാര്‍ എത്തുന്ന ആളാണ് താനെന്നും അതുകൊണ്ട് കേരളം ഒരിക്കലും അന്യമായി തോന്നിയിട്ടില്ലെന്നും പൂനം പറഞ്ഞു. 

ഏകദേശം എല്ലാ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുള്ള പൂനം ഭാഷ ഒരിക്കലും തനിക്ക് പ്രശ്‌നമായി തോന്നിയിട്ടില്ലെന്ന് പറയുന്നു. ' ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ഭയങ്കര അതിമോഹിയാണ്. എനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഒരിക്കലും അത് ചെയ്യുന്നതില്‍ ഭാഷ എന്നെ തടയാറില്ല'.

ചൈന ടൗണ്‍, വെനീസിലെ വ്യാപാരി, മാന്ത്രികന്‍, സക്കറിയാപോത്തന്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ മലയാള സിനിമകളില്‍ വേഷമിട്ട പൂനത്തിന്റെ കാവല്‍മാലാഖ എന്ന ചിത്രവും മാസ്റ്റര്‍പീസിനൊപ്പം റിലീസിന് തയ്യാറായികൊണ്ടിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഇതിനോടകം 25ലധികം ചിത്രങ്ങളില്‍ പൂനം അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com