'മോഹന്‍ലാല്‍ കാരണമാണ് എന്റെ മകളുടെ വിവാഹം നടന്നത്'; സൂപ്പര്‍സ്റ്റാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിക്കിടെയാണ് താരത്തിന്റെ നല്ലമനസിനേക്കുറിച്ച് നടി വാചാലയായത്
'മോഹന്‍ലാല്‍ കാരണമാണ് എന്റെ മകളുടെ വിവാഹം നടന്നത്'; സൂപ്പര്‍സ്റ്റാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

മോഹന്‍ലാല്‍ കാരണമാണ് തന്റെ മകളുടെ വിവാഹം നടന്നതെന്ന തുറന്നു പറച്ചിലുമായി നടി ശാന്തകുമാരി. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിക്കിടെയാണ് താരത്തിന്റെ നല്ലമനസിനേക്കുറിച്ച് നടി വാചാലയായത്. തന്റെ മകളുടെ വിവാഹം നടക്കാതെപോകുമായിരുന്നെന്നും മോഹന്‍ലാല്‍ കാരണമാണ് വിവാഹം നടന്നതെന്നും അവര്‍ പറഞ്ഞു. 

സിദ്ധിക് ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ വിയറ്റ്‌നാം കോളനിയുടെ ഓര്‍മ്മകളുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു ശാന്തകുമാരിയുടെ വെളിപ്പെടുത്തല്‍. 

'രണ്ടാമത്തെ മകളുടെ കല്യാണം ഭംഗിയായി നടന്നതിന് പിന്നില്‍ മോഹന്‍ലാലാണ്. നടക്കാതെ പോവുമെന്ന അവസ്ഥയില്‍ പിന്തുണയുമായി അദ്ദേഹം ഒപ്പം നില്‍ക്കുകയായിരുന്നു. വളരെ മനോഹരമായാണ് വിവാഹം നടത്തിയത്.'- അവര്‍ പറഞ്ഞു. അതുപോലെ ഇപ്പോള്‍ താമസിക്കുന്ന വീട് ലാലിന്റെ സന്മനസ്സുകൊണ്ട് എല്ലാവരും ചേര്‍ന്ന് നിര്‍മിച്ചതാണെന്ന് ശാന്തകുമാരി വ്യക്തമാക്കി. 

വിയറ്റ് നാം കോളനിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിനോട് ഏറെ ഇഷ്ടം തോന്നാന്‍ കാരണമായൊരു സംഭവവും അവര്‍ വിശദീകരിച്ചു. ഷൂട്ടിംഗ് നടക്കുമ്പോള്‍ ഫിലോമിനയുടെ കാല്‍ മുറിഞ്ഞ് പഴുത്തിരിക്കുകയായിരുന്നു. കണ്ടാല്‍ അറപ്പുളവാക്കുന്ന തരത്തിലായിരുന്നു കാല്‍. എന്നാല്‍ യാതൊരു മടിയുമില്ലാതെയാണ് സിനിമയിലെ ഒരു രംഗത്തിന് വേണ്ടി മോഹന്‍ലാല്‍ ഫിമോമിനയെ പൊക്കിയെടുത്തതെന്നും ഇത് കണ്ടപ്പോള്‍ ലാലിനോടുള്ള ഇഷ്ടം കൂടിയെന്നും ശാന്തകുമാരി പറഞ്ഞു. 

അമൃതയില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയില്‍ വിയറ്റ്‌നാം കോളനിയുടെ വിശേഷങ്ങളുമായി ലാല്‍, ഭീമന്‍ രഘു, പ്രധാന വില്ലനെ അവതരിപ്പിച്ച വിജയ രംഗരാജു എന്നിവരും പങ്കെടുത്തു. മോഹന്‍ലാലിനെക്കുറിച്ചുള്ള ശാന്തകുമാരിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com