എനിക്ക് വലിയ താത്പര്യം ഇല്ല, മോഹന്‍ലാലിന് വേണമെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം; ലാലിന് മറുപടിയുമായി ഡോ.ബിജു

എന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര വേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെ അറിയില്ല, മമ്മൂട്ടിയേയും അറിയില്ല
എനിക്ക് വലിയ താത്പര്യം ഇല്ല, മോഹന്‍ലാലിന് വേണമെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം; ലാലിന് മറുപടിയുമായി ഡോ.ബിജു

എനിക്ക് വലിയ താത്പര്യം ഒന്നുമില്ല, എങ്കിലും മോഹന്‍ലാലിന് താത്പര്യം ഉണ്ടെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാമെന്ന് സംവിധായകന്‍ ഡോ.ബിജു. ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം മോഹന്‍ലാല്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ ഡോ.ബിജുവിന്റെ പരാമര്‍ശം. 

തന്റെ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി തുടക്ക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിരുന്നത്. മറ്റ് പ്രോജക്ടുകളുടെ തിരക്കിലായിരുന്നത് കൊണ്ട് വിശദമായി ചര്‍ച്ചകള്‍ നടന്നിരുന്നില്ല. മാത്രമല്ല, തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര വേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെ അറിയില്ല, മമ്മൂട്ടിയേയും അറിയില്ല. എന്റെ സിനിമ കാണുന്നത് യൂറോപ്പിലും, അമേരിക്കയും ഉള്ളവരാണ്. അതുകൊണ്ട് ആര് അഭിനയിക്കുന്നു എന്നത് പ്രശ്‌നമുള്ള കാര്യമല്ലെന്നും ഡോ.ബിജു പറയുന്നു. 

അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ സിനിമയുടെ ക്വാളിറ്റി മാത്രമാണ് വിഷയമാകുന്നത്. നമ്മളോട് സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ സഹകരിക്കുന്നു. മോഹന്‍ലാല്‍ അഭിനയിച്ചത് കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാക്കാന്‍ സാധിച്ചേക്കാം.  എന്നാല്‍ മറ്റൊന്നും അതിലൂടെ നേടാനാവില്ലെന്നും അദ്ദേഹം പറയുന്നു. 

വനിതാ മാഗസിനായ കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോ. ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണത്തെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. കഥ കേള്‍ക്കുമ്പോള്‍ തനിക്ക് തന്റേതായ ചില ചോദ്യങ്ങള്‍ ഉണ്ടാകും. അതിന് ഉത്തരം നല്‍കാന്‍ ഡോ.ബിജുവിന് സാധിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നു. 

''അദ്ദഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അത് സത്യം. ഞാന്‍ പറഞ്ഞതു പോലെ കഥ കേള്‍ക്കുമ്പോള്‍ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നുവെച്ച് എനിക്കൊന്നും വരാന്‍ പോകുന്നില്ല. അതിലഭിനയിച്ചു എന്ന് വെച്ചും ഒന്നും സംഭവിക്കില്ല. അങ്ങിനെയൊരു സിനിമയായിരുന്നു അത്. എനിക്കതില്‍ ത്രില്ലിങ്ങായി ഒന്നും തോന്നിയില്ല. അത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സിനിമയാണ്. അത്തരം സിനിമകള്‍ നമുക്ക് ചെയ്യാം. മുന്‍പും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. പക്ഷേ അത്രയ്ക്ക് ബ്രില്ല്യന്റ് ആയിരിക്കണം. ഒരു വാസ്തുഹാര്യയോ, വാനപ്രസ്ഥമോ...അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവെച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല'' എന്നായിരുന്നു അഭിമുഖത്തിലെ മോഹന്‍ലാലിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com