ഷൂട്ടിങ് തിരക്കെന്ന് അമല പോള്‍; ചോദ്യം ചെയ്യലിനു ഹാജരായില്ല

ഷൂട്ടിങ് തിരക്കെന്ന് അമല പോള്‍; ചോദ്യം ചെയ്യലിനു ഹാജരായില്ല
ഷൂട്ടിങ് തിരക്കെന്ന് അമല പോള്‍; ചോദ്യം ചെയ്യലിനു ഹാജരായില്ല

തിരുവനന്തപുരം : വാഹന നികുതി വെട്ടിപ്പു കേസില്‍ നടി അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല. ഷൂട്ടിങ് തിരക്കുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അമലാ പോള്‍ ചോദ്യം ചെയ്യലിന് എത്താതിരുന്നത്. ഹാജരാവുന്നതിനു കൂടുതല്‍ സമയം വേണമെന്ന് അമലാ പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ഫഹദ്ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ച്നോട്ടീസ് അയച്ചിരുന്നു. ഇരുവരുടെയും വീടുകളിലെത്തിയാണ്ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. തിരുവനന്തപുരത്തെക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. 

അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ ഓഗസ്റ്റ് ഒമ്പതിനാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 14 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പുതുച്ചേരിയിലെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്.കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നു എന്നു തെളിയിക്കുന്ന വ്യാജ വാടകചീട്ട് സംഘടിപ്പിച്ചിരുന്നു എന്ന്ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നരലക്ഷം രൂപ അടച്ചാണ് ഫഹദ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഫഹദ് പുതുച്ചേരി താമസക്കാരനാണെന്ന വ്യാജരേഖ ചമച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ഫഹദ് ആലപ്പുഴ ആര്‍ടി ഓഫീസിലെത്തി നികുതി അടച്ചിരുന്നു. 17.68 ലക്ഷം രൂപയാണ് ഫഹദ് അടച്ചത്.

വാഹന നികുതി തട്ടിപ്പിന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെയും കേസുണ്ട്. പുതുച്ചേരിയില്‍ ആഡംബരകാര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ നികുതി വെട്ടിച്ചുവെന്ന് ആരോപിച്ച്ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. അന്വേഷണത്തില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014 ലെ വാടകചീട്ട് ആണെന്ന് തെളിഞ്ഞിരുന്നു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.ഹര്‍ജി പരിഗണിച്ച കോടതി ചോദ്യം ചെയ്യലിനു ഹാജരാവാന്‍ സുരേഷ് ഗോപിയോടു നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com