പൂമരം റിവ്യൂ കലക്കി; ഇറങ്ങാത്ത ചിത്രത്തിന്റെ റിവ്യൂവിന് നന്ദി പറഞ്ഞ് കാളിദാസന്‍

ട്രോളുകളുടെ രൂപത്തിലും തമാശ രൂപേനയുമായിരുന്നു പലരും പൂമരത്തിന് റിവ്യൂ എഴുതിയത്.
പൂമരം റിവ്യൂ കലക്കി; ഇറങ്ങാത്ത ചിത്രത്തിന്റെ റിവ്യൂവിന് നന്ദി പറഞ്ഞ് കാളിദാസന്‍

കാളിദാസ് ജയറാം ആദ്യമായി അഭിനയിക്കുന്ന പൂമരം എന്ന ചിത്രത്തിനു വേണ്ടി പ്രേഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞിട്ട് ചിത്രം ഇതുവരെയും റിലീസ് ആകാതായപ്പോള്‍ പ്രേഷകര്‍ തന്നെയങ്ങ് ചിത്രത്തിന്റെ റിലീസ് നടത്തുകയും തകര്‍പ്പന്‍ റിവ്യൂകള്‍ എഴുതുകയും ചെയ്തിരിക്കുകയാണ്.

ഇത്തവണ ക്രിസ്തുമസ് സിനിമകളുടെ പട്ടികയില്‍ പൂമരവും ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ റിലീസ് പിന്നെയും മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ പൂമരത്തിനെ കുറിച്ച് ട്രോളുകള്‍ വീണ്ടും എത്തിയിട്ടുണ്ട്. 

ട്രോളുകളുടെ രൂപത്തിലും തമാശ രൂപേനയുമായിരുന്നു പലരും പൂമരത്തിന് റിവ്യൂ എഴുതിയത്. കഥയിലെ ക്ലൈമാക്‌സില്‍ വില്ലന്‍ നായികയെ കൊല്ലുന്നത് മോശമായിപ്പോയെന്നും ഈ സിനിമ കണ്ടിട്ട് ഇതുപോലെ ആരെങ്കിലും ചെയ്താലോ എന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതെല്ലാം കണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. അതേസമയം റിലീസിന് മുമ്പ് തന്റെ സിനിമയ്ക്ക് മനോഹരമായി റിവ്യൂ എഴുതിയവര്‍ക്ക് നന്ദി അറിയിച്ച് കാളിദാസും രംഗത്തെത്തി. 'പൂമരം റിവ്യൂ കലക്കി, നന്ദി' എന്നാണ് കാളിദാസ് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. 

'ക്ലാസ്സ്‌മേറ്റ്‌സിനും ബോഡി ഗാര്‍ഡിനും ശേഷം ഇത്രക്ക് അടിപൊളി ക്യാംപസ് മൂവി എനിക്ക് കാണാനേ പറ്റിയിട്ടില്ല... അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരമേ ഉളളൂ...കാളിദാസ് ജയറാം'...ഇങ്ങനെ രസകരമായ ഒരുപാട് ട്രോള്‍ പോസ്റ്റുകളും കുറിപ്പുകളും സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്. 
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായ രണ്ട് പൂമരം റിവ്യൂകള്‍ വായിക്കാം...

1.പൂമരം
(Spoiler Alert)
പ്രതീക്ഷകളോട് നീതി പുലർത്തിയ പൂമരം എന്ന് ഒറ്റ വാക്കിൽ പറയാം. ക്ലാസ്സ്‌മേറ്റ്സിനു ശേഷം മികച്ച ഒരു ക്യാമ്പസ് മൂവി. കലാലയ ജീവിതത്തെ ഇത്രമേൽ ഒപ്പിയെടുത്ത ഒരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് നിസംശയം പറയാം. റിയലിസ്റ്റിക് സിനിമ അനുഭവം നൽകികൊണ്ട് എബ്രിഡ് ചേട്ടന്റെ മികച്ച സംവിധാനവും, കാളിയുടെ മികവുറ്റ അഭിനയ മുഹർത്തങ്ങളുമാണ് എടുത്തു പറയേണ്ടത്.ഒരു ക്യാമ്പസ് ട്രാവൽ മൂവിയാണ് ഇത്.
നഷ്ടപ്പെട്ടുപോയ കാമുകിയുടെ ഓർമകളാൽ ജീവിക്കുന്ന നായകൻ. അങ്ങനെയിരിക്കെ കോളേജിലെ ജൂനിയർ സ്റ്റുഡന്റസ് വരുന്നു. അതിൽ മലയാളം ഡിപ്പാർട്മെന്റിലെ അഞ്ജലിയെ നായകൻ ഇഷ്ടപെടുന്നു. എന്നാൽ തന്റെ ഇഷ്ടം തുറന്നു പറയാൻ സാധിക്കാതെ നിൽകുമ്പോൾ കോളേജിൽ ആർട്സ് ഡേ വരുന്നു, അന്ന് ഗായകനായ നായകൻ "ഞാനും ഞാനുമെന്റാളും" എന്ന ഗാനം പാടുകയും, അത് കേട്ട് ഇഷ്ടപെട്ട നായിക കാളിയോട് തനിക്കും ഒരു കപ്പൽ വേണം എന്ന് ആവശ്യപെടുന്നു. പിന്നീട് അങ്ങോട്ട് പൂമരം കൊണ്ട് ഉള്ള കപ്പൽ തേടിയുള്ള നായകന്റെ യാത്രയാണ്. യാത്രക്ക് പോകുന്നതിനു മുൻപ് തന്റെ വസ്ത്രധാരണത്തിൽ തന്നെ നായകൻ മാറ്റം വരുത്തുന്നു. മുണ്ട് എടുത്തിരുന്ന നായകൻ ജീൻസും ജാക്കറ്റും തൊപ്പിയും ട്രാവൽ ബാഗുമായി നിൽകുമ്പോൾ ഇന്റർവെൽ ബ്ലോക്ക്.
കപ്പൽ അന്വേഷിച്ചുള്ള ലോകം മുഴുവനുമുള്ള യാത്രയോട് കൂടിയാണ് 2ആം പകുതി ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് തുടങ്ങി ബ്രസീലിൽ എത്തുമ്പോൾ നായകൻ ആ വാർത്ത കേൾക്കുന്നു , നായികക്ക് കാൻസർ ആണ്, ഇന്നോ നാളെയോ എന്ന് അറിയാതെ ജീവിതം തള്ളി നീക്കുകയാണ് ആ കുട്ടിയെന്നു. അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി നായകൻ യാത്ര തുടരുന്നു. അങ്ങനെ ആഫ്രിക്കൻ കാടുകളിൽ എത്തിയ നായകൻ അവിടെയുള്ള ഗീത്രോ തോഗറോ വംശത്തിൽ നിന്നും പൂമര കപ്പൽ സ്വന്തമാക്കുകയും, അതുംകൊണ്ട് കൊച്ചി തുറമുഖത്തേക്ക് വരുകയും ചെയുന്നു. കപ്പൽ ഇറങ്ങിയതും അവൻ ആ വാർത്ത കേൾക്കുന്നു. നായികയെ ചികിൽസിക്കാൻ വന്ന ഡോക്ടറുമായി അവൾ പ്രണയത്തിൽ ആയെന്നു. ദേഷ്യവും വിഷമവും ഉള്ളിൽ ഒതുക്കി കൊണ്ട് അവരെ തന്റെ പൂമര കപ്പലിൽ ഹണിമൂണിനായി അയക്കുന്നു. ത്യാഗങ്ങൾ ഏറ്റുവാങ്ങുന്ന നായകൻ വീണ്ടും മുണ്ട് എടുത്തു നടന്നു വരുമ്പോൾ ചിത്രം അവസാനിക്കുന്നു.
നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവൽ മൂവിയാണ് പൂമരം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. എന്തുകൊണ്ടും കുടുംബവുമായി കാണാവുന്ന നല്ല ചിത്രം തന്നെയാണ് ഇത്.


2.പ്രതീഷിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തം ആയ ഒരു ചിത്രം ... ചിത്രത്തിലെ പാട്ടുകൾ സൂചിപ്പിച്ചത് പോലെ തീരദേശ വാസികളുടെ കഥ ആണ് ചിത്രം നായകൻ ഒരു മുക്കുവന്റെ മകൻ ആണ് പഠിക്കാൻ മിടുക്കൻ തുറയിലെ ആൾക്കാരുടെ കണ്ണിലുണ്ണി.. തുറയിലെ എന്തു കാര്യത്തിലും മുൻപന്തിയിൽ പഠിക്കാൻ മിടുക്കൻ ആയ നായകന് നഗരത്തിലെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടുന്നു ക്യാമ്പസിൽ എത്തിയ നായകൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയകരൻ ആവുന്നു കോളേജിലെ ആർട്‌സ് ഡേയിൽ നായകൻ പാടിയ പാട്ടു ഹിറ്റ് ആകുന്നതോട് കൂടി പെണ്കുട്ടികളുടെ ആരാധന പാത്രം ആകുന്നു ക്യാമ്പ്‌സിലേ ഒരു പെണ്കുട്ടിയും ആയി പ്രണയത്തിൽ ആകുന്നു പ്രണയവും ക്യാമ്പ്‌സിലേ തമാശകളും അടിപിടിയും ഒക്കെ ആയി ഇന്റർവെൽ വരെ ബോര് അടിയില്ലതെ ചിത്രം മുന്നോട്ടു പോകുന്നു..
ഇന്റർവെല്ലിന് ശേഷം ചിത്രത്തിന്റെ കഥാഗതി മാറുന്നു തുറയിൽ അപ്രതീക്ഷിതം ആയി ഒരു ചുഴലി കാറ്റു വീശുന്നു.. നായകന്റെ അച്ഛനും സഹോദരനും കടലിൽ പോയ വള്ളം കാണാതെ ആകുന്നു വിവരം അറിഞ്ഞ നായകനും കോളേജ് സുഹൃത്തുക്കളും അവരെ തിരഞ്ഞു കടലിൽ പോകുന്നതോടെ ചിത്രം ത്രില്ലിംഗ് മൂടിലേക്ക് മാറുന്നു പുറം കടലിൽ ഷൂട്ട് ചെയ്തിരിക്കുന്ന രംഗങ്ങൾ ശരിക്കും ത്രിൽ അടിപ്പിക്കും ചിത്രത്തിന്റെ ക്യാമറാ ഗംഭീരം ആണ്.. ക്ലൈമാക്സിൽ അമ്പരപ്പിക്കുന്ന രണ്ട് ട്വിസ്റ്റുകൾ ഉണ്ട്.. ഒരിക്കലും ഒരു ക്യാംപസ് ചിത്രം പ്രതീക്ഷിച്ചു പോകരുത് എന്നാൽ മലയാള സിനിമയിലെ ഏറ്റവും മികച്ച adventure movies ഇൽ ഒന്നാണ് പൂമരം

തീയേറ്ററിൽ തന്നെ ആസ്വദിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com