കാര്‍ത്തിക്കു വെള്ളിത്തിരയില്‍ പത്ത്

ചേട്ടന്‍ സൂര്യ സിനിമാലോകത്തുണ്ട് എന്നു കരുതി പഠനം നോക്കാതെ സിനിമാമേഖലയിലേക്ക് കയറാമെന്ന് വിചാരിക്കേണ്ട. ഇതായിരുന്നു കാര്‍ത്തിയ്ക്ക് കിട്ടിയ ആദ്യ ഉപദേശം.
കാര്‍ത്തിക്കു വെള്ളിത്തിരയില്‍ പത്ത്

''ഒരാള്‍ക്ക് ഏതു പ്രായത്തില്‍ വേണമെങ്കിലും സംവിധായകനാവാം. പക്ഷെ, എല്ലാ സമയത്തും ഒരു നല്ല നായകവേഷം ചെയ്യാന്‍ പറ്റിയെന്നു വരില്ല.'' നടനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് ഒരു മകനോട് അച്ഛന്‍ പറഞ്ഞ വാക്കുകളാണിത്. ശിവകുമാറാണ് ആ അച്ഛന്‍.
അച്ഛന്റെ വാക്കുകളെത്തുടര്‍ന്ന് അഭിനയത്തിലേക്ക് കാലെടുത്തുവെച്ച മകന്‍ തമിഴ്‌സിനിമയില്‍ വിജയകരമായ പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ നായകനായെത്തിയ കാര്‍ത്തിയാണ് ആ മകന്‍.
അച്ഛന്‍ ശിവകുമാര്‍ കാര്‍ത്തിയ്ക്കുമുന്നില്‍ ആദ്യമേ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ചേട്ടന്‍ സൂര്യ സിനിമാലോകത്തുണ്ട് എന്നു കരുതി പഠനം നോക്കാതെ സിനിമാമേഖലയിലേക്ക് കയറാമെന്ന് വിചാരിക്കേണ്ട. ഇതായിരുന്നു കാര്‍ത്തിയ്ക്ക് കിട്ടിയ ആദ്യ ഉപദേശം.
ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായ ചെന്നൈ പത്മശേഷാദ്രി ബാലഭവനിലായിരുന്നു കാര്‍ത്തിയുടെ സ്‌കൂള്‍ കാലഘട്ടം. സെന്റ് ബേഡ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പഠനത്തിനുശേഷം ക്രസന്റ് എഞ്ചിനീയറിംഗ് കോളേജില്‍നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. പിന്നീട് സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി കൂടുതല്‍ പഠിക്കണം എന്ന് മനസ്സിലുറപ്പിച്ച് കാര്‍ത്തി എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. കാര്‍ത്തിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ആഗ്രഹം വഴങ്ങിക്കൊടുത്തു. ന്യൂയോര്‍ക്കിലെ ബിംഗാംറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു. ഇന്റസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദത്തിനായി പഠിച്ചുകൊണ്ടിരിക്കെത്തന്നെ സിനിമയെക്കുറിച്ചും പഠിച്ചു.
പഠനത്തിനൊപ്പം പാര്‍ട്ട് ടൈമായി ഗ്രാഫിക് ഡിസൈനര്‍ ജോലി ചെയ്തു. ഇതെല്ലാം തന്റെ പേരില്‍ ഇറങ്ങാന്‍ പോകുന്ന ആദ്യ സിനിമയ്ക്കുള്ള ഒരുക്കമായിരുന്നു. 'സംവിധാനം: കാര്‍ത്തിക്' എന്നതായിരുന്നു കാര്‍ത്തിയുടെ സ്വപ്നം. പഠനം കഴിഞ്ഞിട്ടേ സിനിമയിലേക്കുള്ളൂ എന്ന് അച്ഛന് കൊടുത്ത വാക്കു പാലിക്കാനായി കാര്‍ത്തി പരിശ്രമിച്ചു.

വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതും കാര്‍ത്തി ചെന്നൈയിലേക്ക് എത്തി ആദ്യം പോയത് മണിരത്‌നത്തിന്റെ അടുത്തേക്ക്. കാര്‍ത്തി തന്റെ ആവശ്യം അറിയിച്ചു. മണിരത്‌നം ചിരിയോടെ കാര്‍ത്തിയ്ക്കു മുന്നില്‍ ഒരു ഓഫര്‍ വച്ചു. ആയുധ എഴുത്ത് എന്ന ചിത്രത്തിലെ ഒരു കഥാപാത്രം ചെയ്‌തോളു എന്ന്. പക്ഷെ, കാര്‍ത്തിയ്ക്ക് അതത്ര സന്തോഷം തോന്നിയില്ല. മനസ്സില്‍ സംവിധായകനാണ് കിടക്കുന്നത്. മണിരത്‌നത്തിന്റെ ഓഫര്‍ സൗഹാര്‍ദ്ദപൂര്‍വ്വം കാര്‍ത്തി നിരസിച്ച് തന്റെ ആഗ്രഹത്തില്‍ ഉറച്ചുനിന്നു. മണിരത്‌നം കാര്‍ത്തിയെ തന്റെ അസിസ്റ്റന്റ് ഡയറക്ടറാക്കി. ഒപ്പം ഒരു കുഞ്ഞു റോളും. സ്വന്തം ചേട്ടന്‍ സൂര്യ അവതരിപ്പിച്ച മിഖായേലിന്റെ സുഹൃത്തായിട്ടായിരുന്നു അഭിനയ തുടക്കം. ആയുധം എഴുത്തില്‍ സിദ്ദാര്‍ത്ഥ് ചെയ്ത അര്‍ജ്ജുന്‍ എന്ന കഥാപാത്രമായിരുന്നു കാര്‍ത്തിയ്ക്ക് മണിരത്‌നം ആദ്യം നീട്ടിയിരുന്നത്.
ഈ കാലത്താണ് അച്ഛന്റെ വാക്കുകളില്‍നിന്നും സംവിധായക മോഹത്തില്‍നിന്നും അഭിനേതാവിലേക്ക് കാര്‍ത്തി മാറുന്നത്.
അമീര്‍ സുല്‍ത്താന്‍ കാര്‍ത്തിയെ നല്ലൊരു വേഷവുമായി കാത്തിരിക്കുകയായിരുന്നു. അമീര്‍ കഥ പറഞ്ഞപ്പോള്‍. ''ഈ കഥാപാത്രം ചെയ്യാതിരിക്കാന്‍ പറ്റില്ല'' എന്നു തോന്നിയെന്നാണ് കാര്‍ത്തി പിന്നീട് പറഞ്ഞിട്ടുള്ളത്. പരുത്തിവീരന്റെ കഥയായിരുന്നു അത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സിനിമ ഇറങ്ങാന്‍ കുറച്ചു കാലമെടുത്തു. രണ്ടു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നെങ്കിലും പരുത്തിവീരന്‍ പുറത്തിറങ്ങി പ്രേക്ഷകശ്രദ്ധ വേണ്ടുവോളം ലഭിച്ചു. നല്ല നടനുള്ള തമിഴ്‌നാട് ഫിലിം ഫെയര്‍ അവാര്‍ഡുള്‍പ്പെടെ കാര്‍ത്തിയെ തേടിയെത്തി.
തുടര്‍ന്ന് പതിനാല് ചിത്രങ്ങളില്‍ നായകനായി കാര്‍ത്തിയെത്തി. തൊഴ എന്ന ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയെടുത്തതോടെ തെലുങ്കിലും കാര്‍ത്തി സാന്നിധ്യമറിയിച്ചു.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കാട്രു വെളിയിടൈ' എന്ന ചിത്രമാണ് കാര്‍ത്തിയുടെ ഈ വര്‍ഷം ആദ്യം ഇറങ്ങാനിരിക്കുന്ന ചിത്രം. ഈ വര്‍ഷം അവസാനത്തോടെ 'ധീരന്‍ അധികാരം ഒണ്‍ട്ര്' എന്ന ചിത്രംകൂടി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാഭിനയത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന കാര്‍ത്തിയുടെ നാല്‍പതാം പിറന്നാള്‍കൂടിയാണ് ഈ വര്‍ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com