നായിക വിജയത്തിന്റെ ഉദാഹരണം

മെയ്ക്കപ്പില്ലാതെ സ്വാഭാവിക അഭിനയത്തിലൂടെ മഞ്ജുവാര്യര്‍ സുജാതയായി ജീവിച്ചു.
നായിക വിജയത്തിന്റെ ഉദാഹരണം

ജീവിതം വിജയിക്കാനുള്ളതാണ്/വിജയത്തിലേക്ക് കുറുക്ക് വഴികളില്ല/കഠിനാദ്ധ്വാനം ഏത് ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനും വിജയിക്കാനുമുള്ള കരുത്ത് നല്‍കും/ലക്ഷ്യം അതാണ് മുഖ്യം. ഇതെല്ലാം ജീവിത വിജയത്തിനുള്ള അടിസ്ഥാന പാഠങ്ങളായി ലേഖനത്തിലൂടെ, കഥയിലൂടെ, സിനിമയിലൂടെ, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസുകളിലൂടെ, ചിലരുടെ ആത്മകഥയിലൂടെയെല്ലാം നാം പല കുറി കേട്ടതാണ്, കണ്ടതാണ്. അഥവാ ഇത്തരം കഥകള്‍ എങ്ങിനെയൊക്കെ അവതരിപ്പിച്ചാലും അതിലെ വൈകാരിതക്കപ്പുറം ഉപദേശത്തിന്റെ മടുപ്പിക്കലുണ്ടാകും. ഉദാഹരണങ്ങള്‍ക്ക് വല്ലാത്ത ആവര്‍ത്തനമുണ്ടാകും. എന്നിട്ടും ഉദാഹരണം സുജാത കഥാപാത്രത്തെ പോലെതന്നെ തിയ്യറ്ററിലും പ്രേക്ഷക മടുപ്പിനെ അതിജീവിക്കുന്നുണ്ട്.

ആ അതിജീവനത്തില്‍ ഒരു ജെന്റെര്‍ പോളിറ്റിക്‌സുണ്ട്. കാരണം നേരത്തെ പറഞ്ഞ വിജയ കഥകളില്‍ ഭൂരിഭാഗവും പുരുഷന്റെതായിരുന്നു. അതിനപ്പുറം ഏതെങ്കിലും വനിതാ മാഗസിന്റെ ഉള്‍പേജിലെവിടെയോ, കൃഷിയിലോ, കോഴി വളര്‍ത്തലിലോ, തയ്യലിലോ വിജയം നേടിയ ചിലര്‍ പ്രത്യക്ഷപ്പെട്ടങ്കിലായി. നായക കേന്ദ്രീകൃതമായ വിജയ ഫോര്‍മുലകളെ വെല്ലുവിളിച്ചാണ് സുജാത ഉദാഹരണമാകുന്നത്. ആ അര്‍ത്ഥത്തില്‍ പുരുഷതാരങ്ങളില്ലാതെ നായകനും/പ്രതിനായകനും ഇല്ലാതെ ഒരു പെണ്‍വിജയത്തിന്റെ ത്യാഗ/ദുരിത പൂര്‍ണമായ വഴികള്‍ പ്രേക്ഷകര്‍ കണ്ടിരിക്കുന്നെങ്കില്‍ അത് മാതൃകയാണ്. മലയാള സിനിമയിലെ അപൂര്‍വ്വതയും വിജയവുമാണ്.

നടന്റെയോ നടിയുടേയോ വ്യക്തി ജീവിതാനുഭവങ്ങളോട് അവരുടെ കഥാ പാത്രങ്ങളെ താദാത്മ്യം ചെയ്യിപ്പിക്കുക എന്നത് മലയാള സിനിമ യുടെ സമീപകാല അനുഭവമാണ്. അതാകട്ടെ മഞ്ജുവാര്യരുടെ രണ്ടാം വരവിന് ശേഷം സംഭവിച്ചതുമാണ്. പെണ്‍ വിജയ കഥകള്‍ കുറഞ്ഞ കാലം കൊണ്ട് വിവിധ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച മറ്റൊരു നടി സിനിമാലോകത്ത്തന്നെ അപൂര്‍വ്വമായിരിക്കും.ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയുള്ള രണ്ടാം വരവില്‍ വീട്ടമ്മയായ സര്‍ക്കാര്‍ ജീവനക്കാരി പരിമിതമായ ഇടത്തില്‍ കൃഷി ചെയ്ത് വിജയം നേടി പ്രായത്തെ അപ്രസക്തമാക്കി. ജൈവ പച്ചക്കറി സ്വന്തം വീട്ടുമുറ്റത്ത് എന്ന കാമ്പയിന് തന്നെ സഹായകമായിരുന്നു മഞ്ജുവിന്റെ കഥാപാത്രം.

വിവാഹിതയായ മകളുള്ള ഒരു സ്ത്രീ നായിക യാവുകയോ എന്ന പാരമ്പര്യ പുരുഷ അതിശയങ്ങളെ ആദ്യ ചിത്രത്തില്‍ തന്നെ മഞ്ചുവാര്യര്‍ വെല്ലുവിളിച്ചു. പിന്നെ അതിന്റെ തുടര്‍ച്ചയായിരുന്നു ഓരോ കഥാപാത്രവും.സൈറാബാനു വില്‍ സ്വന്തമായി കേസ് വാദിച്ചും, ഭര്‍ത്താവിന്റെ കായിക സ്വപ്‌നങ്ങളെ ഒറ്റക്ക് നിന്ന് നേടിയെടുക്കുന്ന നായിക യായി കരിക്കുന്നം ബ്രദേഴ്‌സില്‍,'പെണ്ണ് അടങ്ങിയൊതുങ്ങിയിരിക്കണം' എന്നതിലെ ചതി വെളിപെടുത്തി റാണി പത്മിനിയിലും, അന്വേഷണത്തിന് പെണ്‍കരുത്ത് നല്‍കി വേട്ടയിലും മഞ്ജു നായകനെ വെല്ലുന്ന കരുത്തായി. ഇതിന്റെ തുടര്‍ച്ചയാണ് ഉദാഹരണം സുജാത. ഒരേ സ്വഭാവമുള്ള നായിക പ്രാധാന്യമുള്ള ഇത്രയധികം ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ഉത്തരം മഞ്ജുവാര്യര്‍ തന്നെയാണ്. അതിനേക്കാള്‍ മലയാളത്തില്‍ ഇത് സാധ്യമാണ് എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു എന്നതാണ് മഞ്ജു കഥാപാത്രങ്ങളുടെ രാഷ്ട്രീയ വിജയം.

പ്രവീണ്‍ സി ജോസഫിന്റെ ആദ്യ ചിത്രമാണ് ഉദാഹരണം സുജാത. തമിഴില്‍ ശ്രദ്ദേയമായ 'അമ്മകണക്ക'് എന്ന ചിത്രത്തിന്റെ സ്വതന്ത്രാവിഷ്‌കാരമാണിത്. ആദ്യ ചിത്രം തന്നെ ഒരു സാധാരണ കോളനിയില്‍ ജീവിക്കുന്ന വിധവയുടെ ജീവിതവും സ്വപ്‌നങ്ങളും അവരുടെ കഠിനാദ്ധ്വാനത്തിലൂടെയുള്ള സ്വപ്ന സാക്ഷാത്കാരത്തെയും പ്രമേയമാക്കിയതില്‍ സംവിധായകന്റെ പ്രതിബന്ധത വ്യക്തം. പാലഭിഷേകത്തോടെയുള്ള പ്രവേശനമല്ല തന്റെ നിലപാടെന്നും ഉറപ്പിക്കാനായി. അതേസമയം  കഥ പറച്ചിലില്‍ പരീക്ഷണങ്ങളുടെ പെരുമഴക്കാലമാണിത്. കാഴ്ച ശീലങ്ങള്‍ക്കും മാറ്റമുണ്ട്. പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാം കണ്ട് ശീലിച്ച്, മടുത്തു പോയ ഘടനയുംകഥാപാത്ര നിര്‍മ്മിതിയും സ്വീകരിച്ചത് സുജാതയുടെ പരിമിതിയാകുന്നുണ്ട്. 

മകള്‍ക്കായി കഷ്ടപെടുന്ന വിധവയാണ് സുജാത. ചെങ്കല്‍ ചൂളയിലെ ഒറ്റ മുറി വീട്ടിലാണ് താമസം. ഒരേ സമയം വീട്ടുജോലിക്കാരിയായി, സ്ഥാപനങ്ങളിലെ തൂപ്പുകാരിയായി, അച്ചാറ് കമ്പനിയിലും, നൂല്‍ നൂല്‍പ്പ് കേന്ദ്രത്തിലും ജീവനക്കാരിയായി, ഹോട്ടലിലെ പണിക്കാരിയായി സുജാത വിശ്രമമില്ലാതെ ഓടുന്നത് മകളെ പഠിപ്പിക്കണം എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ്. ഡോക്ടറുടെ മകള്‍ ഡോക്ടറും, എഞ്ചിനിയറുടെ മക്കള്‍ എഞ്ചിനിയറും ആകുന്ന കാലത്ത് വീട്ടുജോലിക്കാരിയുടെ മകള്‍ വീട്ടുജോലിക്കാരിയെ ആകൂ എന്ന കോപ്ലക്‌സുണ്ട് മകള്‍ ആതിക്ക്. അതവള്‍' പലപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്. ആ നിരാശ അവളെ പഠനത്തില്‍ പുറകോട്ടാക്കുന്നു. ജീവിത പ്രാരാബ്ദങ്ങളെ അതിജീവിക്കുന്നതോടപ്പം മകള്‍ക്ക് കരുത്തേകുകയും വേണം എന്ന ഇരട്ട വെല്ലുവിളിയാണ് സുജാത നേരിടുന്നത്. സുജാത വീട്ടുജോലി ചെയ്യുന്നിടത്തെ തിരക്കഥാകൃത്ത് കൂടിയായ ജോര്‍ജ് പോളിന്റെ ഉപദേശവും ആത്മധൈര്യം നല്‍കുന്നുണ്ട്. തികച്ചും വ്യത്യസ്തമായ വഴിയിലൂടെ മകളെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതാണ്  ചിത്രം.

പാവപ്പെട്ടവന്റെ വിദ്യാഭ്യാസം, ഡോക്ടറും എഞ്ചിനിയറുമായി വിരിയിച്ചെടുക്കാനുളള കോടികളുടെ ചിലവ്, കോച്ചിങ്ങ് സെന്ററുകളില്‍ പാകപെടുത്തിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍(പഠനത്തില്‍ പിന്നോക്കമാകുന്നവര്‍ക്കല്ലെ കോച്ചിങ്ങ് വേണ്ടതെന്ന്? സൂജാത ഒരു ഘട്ടത്തില്‍ ചോദിക്കുന്നുണ്ട്) പഠനത്തിന്റെ ജാതിയും ഹൈറാര്‍ക്കിയും പ്രായവും, തൂപ്പുകാരി/വീട്ടുജോലിക്കാരി എന്ന സ്വത്വത്തെ അതിജീവിക്കാനുള്ള വേവലാതികളും, അന്വേഷണങ്ങളും എല്ലാം ചിത്രത്തെ ആലോചനപരവും സംവാദാത്മകവുമാക്കുന്നുണ്ട്.' എല്ലാം നിക്ഷേപിക്കാനുള്ള ചവറ്റ് കുട്ടയാണോ മക്കള്‍ക്ക് അമ്മ' എന്ന പുതിയ കാലത്തിന്റെ വേവലാതിയും സുജാത വേദനയോടെ പങ്ക് വെക്കുന്നുണ്ട്. 

മെയ്ക്കപ്പില്ലാതെ സ്വാഭാവിക അഭിനയത്തിലൂടെ മഞ്ജുവാര്യര്‍ സുജാതയായി ജീവിച്ചു. മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങള്‍ ചിത്രത്തിലെവിടെയുമില്ല, ആരും സുജാതയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നില്ല, തനിക്കിഷ്ടപ്പെടാത്ത പ്രണയാഭ്യര്‍ഥനയെ പോലും തന്റെടത്തോടെ അവഗണിക്കുന്നതിനും സുജാതക്ക് കഴിയുന്നുണ്ട്. മകള്‍ ആതിര കൃഷ്ണന്‍ എന്ന ആതി മാത്രമാണ് സുജാതയുടെ സ്വപ്‌നം. ആതിയായി പുതുമുഖമായ അനശ്വര രാജന്‍ മികച്ചു നിന്നു. കണക്ക് മാഷായെത്തിയ ജോജുവും, തിരക്കഥാകൃത്തിന്റെ വേഷത്തില്‍ നെടുമുടിയും ചിത്രത്തോട് നീതി പുലര്‍ത്തി.

ജീവിതത്തില്‍ വഴികാട്ടിയാകുന്ന തിരക്കഥാകൃത്ത് ജോര്‍ജ് സാര്‍, കലക്ടര്‍(മമ്താ മോഹന്‍ദാസ്), സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാം കണ്ട് മടുത്ത വാര്‍പ്പ് മാതൃകകളായി പോയി. ക്ലാസില്‍ ഒന്നാമനായി പഠിക്കുന്ന കുട്ടിക്കുപോലുമുണ്ട് ആ ടിപ്പിക്കല്‍ മുഖഭാവം, കണ്ണടവെച്ച് ആരോടും അധികം കൂട്ടുകൂടാത്ത സ്ഥിരം പഠിപ്പിസ്റ്റ്.

ഗോപിസുന്ദറിന്റെ സംഗീതവും, പാട്ടുകളും ശ്രദ്ധേയമായി. സുജാതയിലൂടെ മാത്രമാണ് ക്യാമറ സഞ്ചരിക്കുന്നത്. മറ്റാരുടെയും ജീവിതം സിനിമയില്‍ വിഷയമേയല്ല. എന്നിട്ടും ചുറ്റുമുള്ള ജീവിതം കാഴ്ചയിലൂടെ അനുഭവിപ്പിക്കാന്‍ മധുനീലകണ്ഠന്റെ ക്യാമറക്കും മഹേഷ് നാരായണന്റെ എഡിറ്റിങ്ങിനും കഴിഞ്ഞു. പരിമിതികള്‍ ഏറെയുണ്ടങ്കിലും ഉദാഹരണം സുജാത കാണാവുന്ന ചിത്രമാണ്. കാരണം വിധിയെ പഴിച്ച് ജീവിതം കണ്ണീരിലൂടെ മാത്രം ആശ്വസിച്ച് ജീവിച്ച് തീര്‍ക്കേണ്ടതല്ല,പൊരുതി നേടേണ്ടതാണ് വിജയങ്ങള്‍ എന്ന് പ്രമേയപരമായി സാക്ഷ്യപെടുത്തുന്നുണ്ട്  ഈ സുജാത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com