ഐവി ശശി അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 11:44 AM  |  

Last Updated: 24th October 2017 12:49 PM  |   A+A-   |  

IV-SASI

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സിയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ സായിഗ്രാമിലെ വസതിയില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു അന്ത്യം. 

മലയാള സിനിമയില്‍ ഒരു കാലഘട്ടത്തെത്തന്നെ അടയാളപ്പെടുത്തിയ  ഐവി ശശി നൂറ്റി അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു പേരില്‍ ഒരാളാണ് ഐവി ശശി. ഐവി ശശി, ടി ദാമോദരന്‍ കൂട്ടുകെട്ട് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ജോഡികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

1982ല്‍ ആരൂഢം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരം എന്നിവ നേടി. 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെസി ദാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് ഭാര്യ. മക്കള്‍ അനു, അനി.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐവി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എബി രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 

ഉത്സവം ആണ് സ്വന്തം പേരില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് വന്ന അവളുടെ രാവുകള്‍ മലയാളചലച്ചിത്ര ചരിത്രത്തിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിമാറി. അവളുടെ രാവുകളിലെ നായികയായിരുന്ന സീമയാണ് പിന്നീട് ശശിയുടെ ജീവിത സഖിയായത്. 

പദ്മരാജന്റെ വാടകയ്ക്ക് ഒരു ഹൃദയം, എംടിയുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, അടിയൊഴുക്കുകള്‍ തുടങ്ങിയവ സംവിധാനം ചെയ്തത് ഐവി ശശിയാണ്. ഈറ്റ, അങ്ങാടി, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയവ ഐവി ശശിയുടെ ഹിറ്റ് ചിത്രങ്ങളാണ്. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം.