ഐവി ശശി മലയാള സിനിമയോട് ചില കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്!

 പ്രമുഖ ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് 2013 മെയ് 31 ലക്കം സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനം
ഐവി ശശി മോഹന്‍ ലാലിനൊപ്പം
ഐവി ശശി മോഹന്‍ ലാലിനൊപ്പം

 
(പ്രമുഖ ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് 2013 മെയ് 31 ലക്കം സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനം)

 
ത് സിനിമയ്ക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമേ പറയുന്നില്ലെന്ന് നടിക്കുമ്പോഴും മൗനങ്ങളിലൂടെ അത് താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയം അറിയാതെ പുറത്തുവരും. നിലനില്‍ക്കുന്ന അധികാര വ്യവസ്ഥ ഇറക്കുന്ന പണത്തിന്റെയും മൂല്യത്തിന്റെയും സുരക്ഷയെ കരുതിയെടുക്കുന്ന മുന്‍കരുതലാണത്. ഭീരുത്വം എന്നും പറയാം. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍നിന്നും ചരിത്രത്തില്‍ നിന്നുമൊക്കെ സൂരക്ഷിതമായൊരു അകലം പാലിക്കാന്‍ അതെന്നും മലയാള സിനിമയെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചരിത്രഭീതിയോളമെത്തും അകല്‍ച്ചയുടെ ഈ രാഷ്ട്രീയം വിസ്മൃതിയുടെ ദൃശ്യ പ്രളയം അത് നമ്മുടെ വെള്ളിത്തിരയില്‍ സൃഷ്ടിച്ചു. ഓര്‍മകളുടെ ശേഷിക്കുറവിനെ അതിവിടെ അരക്കിട്ടുറപ്പിച്ചു.

വളരെയെളുപ്പത്തില്‍ വെള്ളിത്തിര സൃഷ്ടിക്കുന്ന മതിഭ്രമങ്ങളിലും ദൃശ്യ പ്രളയത്തിലും മുങ്ങിരസിക്കാന്‍ പാകത്തില്‍ തയാറായി നില്‍ക്കുന്ന ഒരു കാണിക്കൂട്ടത്തെ സിനിമ ഈ നാട്ടില്‍ നിര്‍മിച്ചത് പതുക്കെപ്പതുക്കെ മറവിയുടെ ആഹ്ലാദങ്ങള്‍ നുകരാന്‍ നമ്മെ പഠിപ്പിച്ചുകൊണ്ടുതന്നെയാണ്. എല്ലാ അടിയന്തരാവസ്ഥകളെയും അതെളുപ്പം സ്വീകാര്യമാക്കി. ഒരു നാടിന്റേതുമല്ലാത്ത ഒരു വെള്ളിത്തിര അത് നമുക്കുമേല്‍ കെട്ടിവച്ചു. അധിനിവേശകാലത്ത് പിറവിയെടുത്ത നമ്മുടെ സിനിമയുടെ സാമൂഹ്യപാഠങ്ങള്‍ കാണിയുടെ അബോധത്തില്‍ നിക്ഷേപിച്ചുകൊ ണ്ടേയിരുന്നതും പ്രാഥമികമായും അത് മതിമറക്കാനുള്ള ഒരു കലാ സംവിധാനമായാണ്. നേരംപോക്ക് എന്നത് സിനിമയുടെ പര്യായം പോലെയായിരുന്നു. ഇവിടെ നേരത്തില്‍ കൊത്തിവച്ച നേരിന്റെ ശില്‍പങ്ങളാകാന്‍ അതെന്നും ഭയപ്പെട്ടിരുന്നു. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു ജനത തീര്‍ത്തും അരാഷ്ട്രീയവത്കരിക്കപ്പെട്ട മട്ടില്‍ സിനിമയില്‍ പെരുമാറിപ്പോന്നു. മലയാളി സമൂഹം ഇന്നെത്തിച്ചേര്‍ന്ന കേരളാ മാതൃകയുടെ വിള്ളലുകളാണ് ഇതില്‍ കാണാനാവുക.

നമ്മുടെ എണ്‍പതുവര്‍ഷത്തെ സിനിമയുടെ ചരിത്രമെടുത്താല്‍ അത് ഏര്‍പ്പെട്ടിരിക്കുന്ന നിഗൂഢമായ മൗനങ്ങള്‍ ഏത് ചരിത്രവിദ്യാര്‍ത്ഥിയെയും നാണിപ്പിക്കും. ഈ രാഷ്ട്രീയമൗനങ്ങളെ ഹ്രസ്വകാലത്തെങ്കിലും എന്നെന്നേക്കുമായി ലംഘിച്ചുകൊണ്ട് അധികാര പ്രമത്തതകള്‍ക്കെതിരെയുള്ള ഒരു ജനകീയ അജണ്ട സിനിമയില്‍ നിര്‍മിച്ചു എന്നതാണ് ഐ.വി. ശശി എന്ന സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രത്തോട് ചെയ്ത കുറ്റം. എഴുപതുകള്‍' എന്നെഴുതുമ്പോള്‍ അതിനെ ഭരതന്‍, പദ്മരാജന്‍ജോര്‍ജുമാരിലേക്കും ചുരുക്കിക്കെട്ടുന്ന നമ്മുടെ ചലച്ചിത്ര ചരിത്രകാരന്മാര്‍ എന്നും ഓര്‍ക്കാന്‍ വിസമ്മതിക്കുന്ന പേരായി ഐ.വി. ശശി മാറിയതും ആ സിനിമ രാഷ്ട്രീയം സംസാരിച്ചു എന്ന കുറ്റംകൊണ്ടായിരുന്നു. എന്നാല്‍, ഐ.വി. ശശിയെ ചരിത്രത്തില്‍ പ്രസക്തനാക്കുന്നതും ഈ രാഷ്ട്രീയം തന്നെയാണ്.

ചരിത്രത്തെ ഭയപ്പെടുന്ന ജനത

സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും അനീതികള്‍ പെരുമഴപോലെ പെയ്തുപോന്ന കാലത്തെല്ലാം അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഭയം ജനിപ്പിക്കും മട്ടില്‍ അസംബന്ധജഡിലമായ അച്ചടിസാഹിത്യം സംസാരിക്കുകയായിരുന്നു നമ്മുടെ സിനിമ. ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയുള്ള ജെ.സി. ഡാനിയലിന്റെ വിഗതകുമാരന്‍' മുതല്‍ ആ പാരമ്പര്യം നാം പിന്‍തുടരുന്നുണ്ട്. സിനിമയില്‍ ഇന്നും നാടുവാഴുന്നത് വിഗതകുമാരന്മാര്‍ തന്നെ. കൊടിയ ജാതി വിവേ ചനങ്ങള്‍ക്കെതിരെയുള്ള മേല് പൊള്ളിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പുകളോ സ്വാതന്ത്ര്യസമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമൊക്കെ രക്തപങ്കിലമായ അധ്യായങ്ങളോ ഇന്നും വേട്ടയാടുന്ന വാഗണ്‍ട്രാജഡികള്‍ പുറത്തെടുത്തിട്ട മലബാര്‍ കലാപമോ വിഭജനംകൊത്തിപ്പിളര്‍ത്തിയ മതമനസ്സോ ഒന്നും മലയാള സിനിമയിലേക്ക് കയറിവരാതിരുന്നത് യാദൃശ്ചികമല്ല. നമ്മള്‍ മൗനവും മറവിയും അഭ്യസിച്ച സാമൂഹ്യപാഠങ്ങളായിരുന്നു നമ്മുടെ സിനിമകള്‍.എന്തിന്, ആധുനിക കേരളചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായ അടിയന്തരാവസ്ഥയെ മലയാള സിനിമ എങ്ങനെ ഭാവിക്കായി വെള്ളിത്തിരയില്‍ രേഖപ്പെടുത്തി വച്ചു എന്നന്വേഷിച്ചാല്‍ മാത്രം മതി നാമെത്രമാത്രം ചരിത്രത്തെ ഭയപ്പെടുന്ന ജനതയായിരുന്നു എന്നു തിരിച്ചറിയാന്‍.

അടിയന്തരാവസ്ഥക്കാലത്താണ് കേരളത്തിലെ ചലച്ചിത്ര വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിന് വിധേയമായത്. സിനിമകളുടെ എണ്ണം പ്രതിവര്‍ഷം 100 കവിഞ്ഞു. കാണേണ്ടത് കാണാതിരിക്കാനും പറയേണ്ടത് പറയാതിരിക്കാനുമുള്ള മൗനത്തിന്റെ സംസ്‌കാരം പൊതുസമൂഹത്തിലെന്ന പോലെ സിനിമയിലും തഴച്ചുവ ളര്‍ന്നു. സിനിമയില്‍ പണമിറക്കുന്ന മുതലാളിമാരുടെ രാഷ്ട്രീയം സിനിമ യില്‍ പ്രതിഫലിച്ചത് രാഷ്ട്രീയുക്തമെന്നു തോന്നിപ്പിക്കുന്ന മായ്ക്കാഴ്ചകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു.

രാഷ്ട്രീയത്തില്‍ സിനിമ ഇടപെടുന്ന വിധംതന്നെ വര്‍ത്തമാനകാലം സിനിമയിലേക്ക് കടന്നുവരുന്നതില്‍നിന്നും പിന്തിരിഞ്ഞു നില്‍ക്കുക എന്ന നയത്തിലൂടെയായിരുന്നു. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍ ഒക്കെ ഒറ്റപ്പെട്ട ഒളിച്ചുകടത്തലുകള്‍ മാത്രം. കൃത്യമായ രാഷ്ട്രീയം സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന രാഷ്ട്രീയഅധികാര താല്പര്യം എന്നും സിനിമയിലേക്ക് കടന്നുവന്ന മൂലധനത്തിനുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സെന്‍സര്‍ഷിപ്പ് വ്യവസ്ഥകളോടുള്ള വിധേയത്വമോ ഭയമോ മാത്രമായിരുന്നില്ല കാര്യം. ചരിത്രത്തിലെ ഏറ്റവും വലിയ സെന്‍സര്‍ എന്നും പണമായിരുന്നു.

മറ്റൊരു കലപോലെയുമല്ല സിനിമ. അത് വന്‍മൂലധനംകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ്. അതു കൊണ്ടുതന്നെയാണ് സിനിമയിലെ മുടക്കുമുതലിനെ താങ്ങിനിര്‍ത്തുന്ന അധികാര വ്യവസ്ഥകളോടുള്ള വി ധേയത്വം എന്നും നമ്മുടെ സിനിമയുടെ ഉള്ളടക്കത്തെ നിര്‍ണയിച്ചു പോന്നത്. അത് പടം പിടിക്കുന്ന മുതലാളിയുടെ രൂപത്തിലായാലും പടം പിടിപ്പിക്കുന്ന താരത്തിന്റെ രൂപത്തിലായാലും.

എണ്‍പതുകളിലെ ജനകീയ തരംഗം

ചെറിയൊരു ഇടവേളയില്‍ മാത്രമാണ് മലയാള സിനിമയ്ക്ക് അതി നെ എന്നും നിയന്ത്രിച്ചുപോന്നിട്ടുള്ള മൂലധനത്തിന്റെയും അധികാര വ്യവസ്ഥയുടെയും പിടിയില്‍നിന്നും ആപേക്ഷികമായൊരു സ്വാതന്ത്ര്യം നേടിയെടുക്കാനായത്. അത് എണ്‍പതുകളില്‍ മാത്രമാണ്. എട്ടുപതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ കാണാവുന്ന വിസ്മയദശകമായ എണ്‍പതുകളെ സൃഷ്ടിച്ചത് അടിയന്തരാവസ്ഥയാണെന്നു പറയാം. 197577 കാലഘട്ടത്തിലെ ഇരുട്ട് എന്തായിരുന്നു എന്നുപോലും മലയാളികള്‍ വളരെ വൈകിയാണ് ഉണര്‍ന്ന് തിരിച്ചറിയു ന്നത്. മൂന്നു വര്‍ഷമെങ്കിലുമെടുത്തു ഈ ഉണരലിന്. ഇങ്ങനെ ഉണരാന്‍ വൈകിയതുകൊണ്ടാണ് അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെ കേരളത്തില്‍ അധികാരത്തിലേറിയത് അടിയന്തരാവസ്ഥയുടെ പിന്‍തുടര്‍ച്ചാവകാശികള്‍ തന്നെയായത്.

കേരളത്തിലെ അടിയന്തരാവസ്ഥയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. അതൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് കീഴില്‍ അരങ്ങേറിയ ചുമന്ന അടിയന്തരാവസ്ഥയായിരുന്നു. മലയാളികള്‍ ഉണരാന്‍ വൈകിയതിന്റെ കാരണവും ഈ ചുമപ്പിന്റെ ഉള്ളില്‍ ഊറിക്കൂടിയ കറുപ്പിന്റെ ആലസ്യത്തിന്റെ മന്ദതയുമായിരുന്നു. ഒരേസമയം ചുമന്ന വേഷമിട്ട കമ്മ്യൂണിസ്റ്റ് അപചയങ്ങളോടും ത്രിവര്‍ണപതാക ചുറ്റിയ കോണ്‍ഗ്രസ്സ് അധികാരാചാരങ്ങളോടും പൊരുതിക്കൊണ്ടല്ലാതെ മലയാളിക്ക് ഉണര്‍നെണീക്കാനാകില്ലായിരുന്നു. ഈ ഉണര്‍വിന് ദിശാബോധം നല്‍കിയത് നക്‌സലൈറ്റ് രാഷ്ടീയത്തിന്റെ പഴയ ഭാരങ്ങള്‍ കൈയൊഴിഞ്ഞ് ജനകീയ രാഷ്ട്രീയത്തിന്റെ പുതിയ ഭാവുകത്വം നമ്മുടെ നാട്ടില്‍ പണിയാന്‍ ശ്രമിച്ച ജനകീയ സാംസ്‌കാരിക വേദിയെന്ന നവീന ഇടതുപക്ഷ രാഷ്ടീയ ശക്തി യായിരുന്നു. കഷ്ടിച്ച് രണ്ടുവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന ഒരു പ്രസ്ഥാനമായിരുന്നു അത്. (1980-82).

അടിയന്തരാവസ്ഥയുടെ തുറന്നു കാട്ടലിലൂടെ അത് ശക്തിയാര്‍ജിച്ചു വരികയും നമ്മുടെ കവിതകളെയും നാടകത്തെയും രാഷ്ട്രീയബോധത്തെയും പുതുക്കിപ്പണിയുകയും ചെയ്തു. കടമ്മനിട്ടയും സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മധുമാസ്റ്ററും കെ.ജി. ശങ്കരപ്പിള്ളയും ബി. രാജീവനും ഒക്കെ മലയാളിയുടെ ബോധത്തിലും അബോധത്തിലും പണിയെടുത്ത കാലം. ജനകീയ വിചാരണയെന്ന സമരരൂപം ചിന്തകളെ ഇളക്കിമറിച്ച കാലം. ഒടുവില്‍ സുബ്രഹ്മണ്യദാസിന്റെ ആത്മബലിയിലൂടെ ആ വേനല്‍മഴ പെയ്‌തൊടുങ്ങിയിട്ടും മരങ്ങള്‍ പിന്നെയും പെയ്തുകൊണ്ടേയിരുന്ന കാലം.
എണ്‍പതുകളുടെ തുടക്കത്തിലുണ്ടായ ഈ നവീന മുന്നേറ്റങ്ങളു ടെ രാഷ്ട്രീയത്തോട് രാഷ്ട്രീയമായിത്തന്നെ സംവദിക്കാന്‍ സാധിച്ച ഒരുകൂട്ടം സിനിമകളിലൂടെ മലയാള സിനിമയെ രാഷ്ട്രീയവത്കരിച്ചു എന്നതാണ് ഐ.വി. ശശിയെ ചരിത്രത്തില്‍ പ്രസക്തനാക്കുന്നത്. അന്ധമായ ഏകസ്വരധാരകള്‍ വെടിഞ്ഞ് ബഹുസ്വരമായ ഈ ലോകത്തിന്റെ കാഴ്ചകളിലേക്ക് ഐ.വി. ശശി സിനിമകള്‍ ധീരമായി കണ്ണുതുറ ക്കുകയാണ്. അത് ഒറ്റനായകനെ തകര്‍ത്തു. മലയാള സിനിമയെ ഗ്രസിച്ചിരുന്ന ചരിത്രഭീതികള്‍ കൂടഞ്ഞ് അതിനെക്കൊണ്ട് രാഷ്ട്രീയം തുറന്ന് സംസാരിക്കാന്‍ പഠിപ്പിച്ചത്.ഐ.വി. ശശി സിനിമകളായിരുന്നു. ഈ നാടിന്റെ രാഷ്ട്രീയമുഖം ശശി സ്വന്തം സിനിമകളില്‍ കെട്ടഴിച്ചുവിടുകയാ യിരുന്നു. ജനപ്രിയമായ തന്ത്രങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു അത്.

ഒരു നഗരത്തിന്റെ അങ്ങാടിക്കാഴ്ചകളിലൂടെ തെരുവിലെ ചുമട്ടുതൊഴിലാളിയുടെ ജീവിതത്തിലേക്ക് വെള്ളിത്തിരയുടെ മുഖം തിരിച്ചുവച്ച 'അങ്ങാടി' (1980) യിലൂടെയായിരുന്നു ഐ.വി. ശശി ജനകീയ തരംഗത്തിന് സിനിമയില്‍ തുടക്കം കുറിച്ചത്. ഈ നാടിന്റെ ആദിരൂപമായിരുന്നു 'അങ്ങാടി'. അതിനിടയില്‍ 'അഹിംസ'(1981)യു ണ്ടായിരുന്നു. തുടര്‍ച്ചയായി 'ഈ നാട് (1982) വന്നു. വിശുദ്ധമെന്നു കേള്‍വികേട്ട കേരളമാതൃകയുടെ ജനകീയ വിചാരണയ്ക്ക് സിനിമയില്‍ തുടക്കമിടുകയായിരുന്നു. 'ഈ നാട്.
സിനിമയിലെ വിശുദ്ധ പശുക്കള്‍ ചരിത്രത്തിലുടനീളം പാലിച്ചുപോന്ന രാഷ്ട്രീയ മൗനത്തിന്റെ സംസ്‌കാരമാണ്.ശശി 'ഈ നാടി'ല്‍ ലംഘിച്ചത്. അത് രാഷ്ട്രീയത്തിലെ വലതുപക്ഷത്തെ മാത്രമല്ല അപചയപ്പെട്ട ഇടതുപ ക്ഷത്തെയും തുറന്നുകാട്ടി. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ജനവി കാരങ്ങളുടെ ഉണര്‍ച്ചകളെ സിനിമ പിടിച്ചെടുക്കുകയായിരുന്നു അവിടെ. 'ഗള്‍ഫി'ല്‍ നിന്നുള്ള പിന്മടക്കം മലയാള സിനിമ ആദ്യമായി ചര്‍ച്ച ചെയ്തതും അധികാര രാഷ്ട്രീയത്തെ തെരുവില്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കുന്നതും ഐ.വി. ശശി യുടെ 'ഈ നാടാ'ണ് ഈ നാടിനും രണ്ടു പതിറ്റാണ്ടിനുശേഷം മാത്രം ഇടതുപക്ഷം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ പല പ്രമേയങ്ങളും കേരളത്തിന്റെ മുഖ്യധാരയില്‍ ആദ്യമായി വെള്ളിത്തിരയില്‍ ജനകീയ രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റുന്നത് ഐ.വി. ശശിയുടെ സിനിമകളിലൂടെയാണ് ഇടതുപക്ഷത്തിന്റെ അപചയവും ട്രേഡ് യൂണിയന്‍ മുതലാളിത്തവും മുതലാളിത്തവുമായുള്ള കൂട്ടുകച്ചവടവും പണം ദൈവമായി മാറുന്ന രാഷ്ട്രീയം എങ്ങനെ പൊതുസമൂഹത്തിന്റെ നാശത്തിന് വളം വയ്ക്കുന്നുവെന്നതിന്റെ ദുരന്തചിത്രവുമെല്ലാം ആ സിനിമകളിലൂടെ ജനവികാരങ്ങള്‍ കൂടിയായി മാറി ഇന്നല്ലെങ്കില്‍ നാളെ (82) ഇനിയെങ്കിലും (83) വാര്‍ത്ത(86)ആവനാഴി(86)അടിമകള്‍ ഉടമകള്‍ (87)അബ്കാരി(88)അര്‍ഹത(90) വരെ നീണ്ടുനിന്നു. ഈ ബഹുസ്വരധാര.

സിനിമയിലെ അധികാരം

സിനിമയില്‍ പണമിറക്കുന്ന മൂലധനം അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ഒരു ചെറിയ ഇടവേളയില്‍ താരതമ്യേന ഉദാരമായതാണ് ഐ.വി.ശശിയുടെ രാഷ്ട്രീയ സിനിമകളെ സാധ്യമാക്കിയ ഒരു പ്രധാന ഘടകം. 1985 മുതല്‍ മമ്മൂട്ടിമോഹന്‍ലാല്‍ താരോദയത്തോടെ സ്ഥിതിഗതികള്‍ പതുക്കെ മാറിവരുന്നതും സിനിമയിലെ ബഹുസ്വരധാരകളെ അട്ടിമറിച്ച് ഏകസ്വരധാരകള്‍ വീണ്ടും ആധിപത്യത്തിലേക്ക് വരുന്നതുമായ പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നതും കാണാനാകും. ആഗോളതലത്തില്‍ സോവിയറ്റ് യൂണിയനടക്കമുള്ള രാഷ്ട്രങ്ങളില്‍ ഉദാരവല്‍ക്കരണ യത്‌നങ്ങള്‍ക്ക് തുടക്കമാകുന്നതും എണ്‍പതുകളുടെ മധ്യം മുതല്‍ക്കാണ്. 198590 കാലത്തെ സാമ്പത്തിക രാഷ്ട്രീയമാറ്റങ്ങളാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനും ആഗോളവത്കരണത്തിന്റെ ഉദ്ഘാടനത്തിനും വഴിയൊരുക്കുന്നത്. സിനിമയ്ക്കുമേല്‍ മൂലധനം വീണ്ടും പിടിമുറുക്കിത്തുടങ്ങുന്ന കാലവും തൊണ്ണൂറുകളാണ്. ജനകീയ രാഷ്ടിയം സംസാരിക്കുന്ന രാഷ്ട്രീയ സിനിമകള്‍ അതോടെ മിക്കവാറും അസാധ്യവുമായി.

സിനിമയിലെ മുതലാളിത്തത്തിന് മലയാളത്തില്‍ ഒരിക്കലും ഒരു ബദല്‍ വെല്ലുവിളി ഉണ്ടായതേയില്ല എന്നതാണ് സിനിമയ്‌ക്കൊരിക്കലും പിന്നീട് രാഷ്ട്രീയം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സംസാരിക്കാനാവാതെ പോയതിന്റെ പ്രധാന കാരണം. കലര്‍പ്പില്ലാത്ത നല്ലഭക്ഷണം കിട്ടാന്‍ നമ്മുടെ നാട്ടില്‍ കോഫി ഹൗസ് ശ്യംഖലകള്‍ പണിയാന്‍ നേതൃത്വം നല്‍കാന്‍ ഒരു എകെജി ഉണ്ടായിരുന്നതുപോലെ സിനിമയ്ക്ക് ഒരിക്കലും ഒരു എ.കെ.ജി. ഉണ്ടായതേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പലതും നമ്മുടെ നാട്ടില്‍ സ്യഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു കാഴ്ചസംസ്‌ക്കാരത്തിന് അടിസ്ഥാനമാകേണ്ടിയിരുന്ന ഒരു ചലച്ചിത്ര ബദല്‍ അവര്‍ക്ക് സ്യഷ്ടിക്കാനായില്ല. കൈരളി ചാനല്‍ വന്നപ്പോഴും സിനിമയുടെ മാറിയ കാലാവസ്ഥയില്‍ സാറ്റലൈറ്റ് മാര്‍ക്കറ്റ് നിര്‍ണായകമായിട്ടുപോലും അവര്‍ക്ക് ഒരു ബദല്‍ ചലച്ചിത്ര സംസ്‌കാരം ഇവിടെ നെയ്‌തെടുക്കാനായില്ല. അത് കമ്പോളത്തിന്റെ അനുബന്ധം മാത്രമായി.

സിനിമയിലെ മുതലാളിത്തത്തോട് കലഹിച്ച നമ്മുടെ സമാന്തര ചലച്ചിത്രധാര വിധേയപ്പെട്ടത് സര്‍ക്കാര്‍ മൂലധനത്തോടായിരുന്നു. സര്‍ക്കാര്‍ സബ്‌സിഡി കൊണ്ടാണിവിടെ സമാന്തരധാര നിലനിന്നതുതന്നെ. പുരസ്‌കാരങ്ങള്‍ ആ ധാരയ്ക്ക് സാഹിത്യത്തറവാട്ടിനു പുറത്ത് സി നിമയ്ക്കക്കാരു വരേണ്യഗോപുരം പണിതുകൊടുത്തു എന്നു മാത്രം. നമ്മുടെ ചലച്ചിത്ര നിരൂപണ ശാഖയ്ക്ക് തുടക്കമിട്ടതും അതിനെ വളര്‍ത്തിപ്പോന്നതും സാഹിത്യവാരികകളും സാഹിത്യത്തിന്റെ അപ്ര മാദിത്വത്തില്‍ വിശ്വസിക്കുന്നതില്‍ മതിഭ്രമം പൂണ്ടവരുമായിരുന്നു.

ഇത്തരം വരേണ്യതകള്‍കൊണ്ട് സംഭവിച്ചത് സാഹിത്യകൃതികളുടെ സിനിമയാകലിന് മാത്രം നിരൂപണ ത്തിന്റെ തഴുകലും പിന്തുണയും കി ട്ടുക മറ്റുള്ളവയ്‌ക്കെല്ലാം ഇത്തിരി തരംതാണ പരിഗണന കൊടുക്കുക എന്ന തരംതിരിവായിരുന്നു. ഈ അവസ്ഥയ്ക്ക് എന്തെങ്കിലുമൊരു മാറ്റമുണ്ടാകാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സമാന്തര സിനിമയുടെയും കൊടിയടയാളങ്ങളുള്ളതരം സിനിമകള്‍ ആര്‍ട്ട് സിനിമയുടെ പേരില്‍ പുറത്തെത്തുന്നതു വരെ മലയാള സിനിമയ്ക്ക് കാത്തിരിക്കേണ്ടിവന്നു. ആദ്യകാല ചലച്ചിത്രകാരന്മാരില്‍ പി.ഭാസ്‌കരന്‍, രാമുകാര്യാട്ട്, എ. വിന്‍ സന്റ്, കെ.എസ്. സേതുമാധവന്‍ തുടങ്ങിയവര്‍ ഈ തരംതിരിവില്‍ പെട്ട ഒരിക്കലും പഠിക്കപ്പെടാതെ പോയി.

ആര്‍ട്ടിന്റെ തുടക്കം 1970ലെ പി.എന്‍. മേനോന്റെ ഓളവും തീരവുമാണോ അതോ 1971ലെ അടൂരിന്റെ കൊടിയേറ്റമാണോ എന്നൊരു തര്‍ക്കും ഏറെക്കാലം ഇവിടെ നിലനിന്നത് ഈ വരേണ്യതയുടെ തുടര്‍ച്ചയായിരുന്നു. ഒടുവില്‍ പാട്ടുള്ളതുകൊണ്ട് 'ഓളവും തീരവും' പിന്നോട്ടുപോവുകയാണുണ്ടായത്. അറുപതുകളില്‍ മാതൃഭൂമി ആഴ്ച പ്പതിപ്പില്‍ സിനിക്‌നാദിര്‍ഷകോഴിക്കോടന്‍ ത്രിമൂര്‍ത്തികള്‍ അടി ത്തറയൊരുക്കിയ മലയാളത്തിലെ ചലച്ചിത്ര നിരൂപണധാരയില്‍ ജാ തിവരേണ്യതകൂടി ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. എം.ടിയുടെ തിരക്കഥയുണ്ടെ ങ്കില്‍ ഏത് കുറ്റിച്ചൂലിനും ഇവിടെ സംവിധായകനാകാമെന്ന നാദിര്‍ഷ യുടെ ധാര്‍ഷ്ട്യത്തില്‍ സിനിമയുടെ ചരിത്രത്തോടുതന്നെയുള്ള അവഹേ ളനമാണുള്ളത്.

സിനിമകളെ ആര്‍ട്ടെന്നും കമേഷ്യലെന്നും തരംതിരിച്ചു വായിച്ചു കൊണ്ടിരുന്ന നിരൂപണത്തെയാണ് അത് ആധിപത്യത്തിലേക്ക് കൊണ്ടുവന്നത്. ആര്‍ട്ട് സിനിമകള്‍ പുരസ്‌കാരങ്ങളിലും നിരൂപണങ്ങളിലും പക്ഷപാതിത്വങ്ങളിലും തഴുകപ്പെട്ടപ്പോള്‍ കച്ചവടസിനിമ യായി മുദ്രകുത്തപ്പെട്ടവ ജനങ്ങളുടെ കോടതിയില്‍ മാത്രം വിചാരണ ചെയ്യപ്പെട്ടു. അത് ചെയ്തതെന്തെന്ന് പോലും പഠിക്കപ്പെട്ടില്ല. ചരിത്രമായ ഈ ദുരന്തത്തിന്റെ അനന്തര ഫലമായാണ് അവളുടെ രാവുകള്‍(1978) എന്ന സിനിമയുടെ പേരില്‍ മൃദുലൈംഗികതയുടെ വക്താവായി മുദ്രകുത്തപ്പെട്ട ചരിത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട ഐ.വി. ശശി സി നിമയുടെ ചരിത്രത്തില്‍ ചെയ്തതെതെന്ന് വൈകിമാത്രം വായിക്കപ്പെ ാനിടയായത്.

പ്രേംനസീര്‍ യുഗത്തെ റദ്ദുചെയ്ത അംഗം

അവളുടെ രാവുകളുടെ കാലത്ത് ഒരു എം. ഗോവിന്ദന്‍ മാത്രമാണ് ഐ.വി. ശശിക്ക് പിന്തുണയുമായെത്തിയത്. ഗോവിന്ദനാകട്ടെ ചരിത്രത്തില്‍ ഇടതുമല്ല വലതുമല്ലരണ്ടിനും എതിരുമായിരുന്നു. അച്ചടി സാഹിത്യത്തില്‍ ഒരു വരേണ്യതയുടെയും പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത ഷെരീഫായിരുന്നു അവളുടെ രാവുകളുടെ രചയിതാവ്. പറഞ്ഞത് ലൈംഗിക തൊഴിലാളിയുടെ കഥയും, 1978ല്‍ അടിയന്തരാവസ്ഥയുടെ കാളരാത്രിക്കുശേഷമുള്ള നിദ്രയില്‍ നിന്നും നമ്മുടെ ബൗദ്ധികലോകം ഉണര്‍ന്നു തുടങ്ങുന്നതേ ഉണ്ടായിരു ന്നുള്ളൂ. കാലത്തിനു മുന്‍പായിരുന്നു ഐ.വി. ശശിയുടെ വിപ്ലവം.

ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് 2008ലെ ന്യൂ ജനറേഷന്‍ വിപ്ലവ ത്തേക്കാള്‍ സിനിമയുടെ ചരിത്രത്തെ അടിമുടി തിരുത്തിയ വിപ്ലവമാണ് 197580 കാലത്ത് പ്രേംനസീര്‍ യുഗത്തെ റദ്ദ് ചെയ്തുകൊണ്ട് മലയാള സിനിമയില്‍ ഐ.വി. ശശി സ്യഷ്ടിച്ച തരംഗം. കുടിവെള്ളപ്രശ്‌നം കരക്കാര്‍ തമ്മിലുള്ള യുദ്ധത്തോളമെത്തുന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ട് 1975ല്‍ ഉത്സവമാണ് ഇതിന് തുടക്കമിട്ടത്. പകയുടെയും രതിയുടെയും ആസുരഭാവം വെളിവാക്കിയ 'ഇതാ ഇവിടെവരെ'യിലൂടെ ശശി പദ്മരാജനെ മുഖ്യധാരയുടെ സൗന്ദര്യമാക്കി മാറ്റി. രാഷ്ട്രീയമായിരുന്നു ഐ.വി. ശശിയുടെ രണ്ടാമത്തെ വിപ്ലവം. 'അങ്ങാടി(1980) സൃഷ്ടിച്ച ജനകീയ തരംഗം മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു സംവിധാ യകനും അതിനു മുന്‍പോ പിന്‍പോ കിട്ടാത്തത്ര വലിയ താരപദവിയിലേക്കാണ് ഐ.വി. ശശിയെ ഉയര്‍ത്തിയത്.

നിര്‍മാതാവിനെയും താരത്തെയും സ്യഷ്ടിക്കുന്ന സംവിധായകനായി സിനിമയില്‍ ഇറക്കുന്ന മൂലധനത്തിനുമേല്‍ ഒരു നിശ്ചിതകാലഘട്ടം വരെയും തന്റേതായ സര്‍ഗാത്മകതയുടെ അധികാരം കയ്യാളാനുള്ള അവ സരമാണ് അത് ഐ.വി.ശശിക്ക് കൊടുത്തത്. എണ്‍പതുകളുടെ തു ടക്കത്തില്‍ അടിയന്തരാവസ്ഥയുടെ തുറന്നുകാട്ടലിലൂടെ മൊത്തത്തില്‍ പൊതുസമൂഹം ആര്‍ജിച്ച അധികാരങ്ങള്‍ക്ക് സമാന്തരമായിരുന്നു. ഈ മാറ്റം അഹിംസ(1981), ഈ നാട് (1982) തുടങ്ങിയ സിനിമകളിലൂടെ 'ഈ നാടിന്റെ രാഷ്ട്രീയ മുഖം തുറന്നുകാട്ടാന്‍ ഈ ഇടവേള ബുദ്ധിപൂര്‍വം ഉപയോഗിക്കുകയായിരുന്നു ശശി. വമ്പിച്ച ജനപിന്തുണ ഈ സിനിമകള്‍ക്ക് കിട്ടിയതുകൊണ്ടുണ്ടായ ലൈസന്‍സ് ഉപയോഗിച്ച് സിനിമയുടെ വിശുദ്ധപശുക്കള്‍ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിത്രത്തില്‍ പാലിച്ചുപോന്ന മൗനത്തിന്റെ സംസ്‌കാരം ലംഘിച്ചുകൊണ്ട് ഐ.വി. ശശി സിനിമകള്‍ കേരള രാഷ്ട്രീയത്തില്‍ ഇടപെട്ടത്.

അത് വലതുപക്ഷത്തെ മാത്രമല്ല അപചയപ്പെട്ട ഇടതുപക്ഷത്തെയും തുറന്നുകാട്ടുകയും പരിക്കേല്‍പിക്കുകയും ചെയ്തു.അതിനു കൊടുക്കേ ണ്ടിവന്ന വിലയായാണ് സിനിമയുടെ മിക്കവാറും എഴുതപ്പെട്ട ചരിത്രങ്ങ ളില്‍നിന്നും ഐ.വി. ശശി എന്ന പേര് ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെടാന്‍ കാരണം. രാഷ്ട്രീയത്തിലും ലൈംഗികതയിലും അത് തകര്‍ത്ത വരേണ്യതകളും പരുക്കേല്‍പിച്ച ഇടത്‌വലത്മധ്യ രാഷ്ട്രീയപക്ഷങ്ങളും ചേര്‍ന്നു നല്‍കിയ തിരിച്ചടിയായിരുന്നു അത്. തിരിച്ചടിക്കാതിരുന്നത് തെരുവിലെ മനുഷ്യര്‍ മാത്രമായിരുന്നു. സംവിധാനം ചെയ്ത നൂറ്റന്‍പത് സിനിമകളില്‍ നൂറ് എണ്ണത്തെയും നൂറ് ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ കളിപ്പിച്ച ജനപ്രീതിയുടെ റെക്കോര്‍ഡ് ഐ.വി. ശശിക്ക് സ്യഷ്ടിക്കാനായത് ആ സിനിമകള്‍ക്ക് ജനഹൃദയങ്ങളെ തൊടാനായതു കൊണ്ടും അവ ഈ നാടിനെ ഇവിടെ അടയാളപ്പെടുത്തിയതുകൊണ്ടും മാത്രമാണ്.

എണ്‍പതുകളില്‍ രാഷ്ട്രീയ സിനിമയുടെ ബ്രാന്റ് തന്നെയായി മാറിയിരുന്നു ഐ.വി.ശശി. കോഴിക്കോടന്‍ രാഷ്ട്രീയത്തിന്റെ ചൂളയില്‍നിന്നാണ് ആ സിനിമകള്‍ പിറവികൊണ്ടത്. വിശുദ്ധ നദിയായി സാഹിത്യത്തില്‍ കൊണ്ടാടപ്പെടുന്ന നിളയായിരുന്നില്ല അതിന്റെ പിന്‍ബലം. സകല മാലിന്യങ്ങളും അടിഞ്ഞുകിടന്നിട്ടും അതിന്റെ കരയില്‍ തന്നെ ജീവിതം വച്ചുപിടിപ്പിക്കാന്‍ നിര്‍ബന്ധിതരായ ചാലിയാറിന്റെയും അത് അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന കല്ലായിപ്പുഴയുടെയും കരയിലെ കോഴിക്കോട്ടങ്ങാടിയുടെ ജീവിതമായിരുന്നു അത്. അത് അച്ചടി ഭാഷയല്ല സംസാരിച്ചത്. കുതിരവട്ടം പപ്പുവിന്റെയും ബാലന്‍ കെ.നായരുടെയും കോഴിക്കോടന്‍ ഭാഷയായിരുന്നു. അതില്‍ സംസാരിച്ച് പിച്ചവച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കോഴിക്കോടന്‍ രാഷ്ട്രീയംകൊണ്ട് വെള്ളിത്തിരയിലെ വലിയ ബിംബങ്ങളായത്.

ഈ മാജിക്‌സ് 1988ല്‍ '1921' എന്ന ചിത്രത്തോടെ അവസാനിച്ചു. ഭൂപടത്തില്‍ മാത്രമല്ല സോവിയറ്റ് യൂണിയന്‍ ഇല്ലാതാവാന്‍ തുടങ്ങിയത്. 1985ല്‍ തുടക്കമിട്ട പെരിസ്‌ട്രോയിക്ക തകര്‍ത്തെറിയാന്‍ തുടങ്ങിയത് ലോകത്തിലെ ഓരോ കോണുകളിലെയും ജനകീയ സംവിധാനങ്ങളെക്കൂടിയായിരുന്നു. 1991 മുതല്‍ സിനിമയും ആ പുതിയ ചരിത്രമെഴുതി. രാഷ്ട്രീയ മൗനങ്ങള്‍ വീണ്ടും തിരിച്ചെത്തി. വളര്‍ന്നുപോയ താരാധികാരങ്ങളെ വച്ച് രാഷ്ട്രീയം സംസാരിക്കാനാവാതായി. പണത്തിന്റെ അധികാരം അതിനു വിലക്കേര്‍പ്പെടുത്തുകകൂടി ചെയ്തതോടെ ഐ.വി. ശശി മൗനങ്ങളിലേക്ക് പിന്‍വലിഞ്ഞു. എങ്കിലും എഴുതപ്പെട്ട ചരിത്രത്തിനെതിരെ അവരിവിടെ സൃഷ്ടിച്ചത് ചരിത്രം തന്നെയായിരുന്നു. ജനം നേരത്തെ തിരിച്ചറിഞ്ഞത് നമ്മുടെ ബുദ്ധിജീവികള്‍ വൈകി തിരിച്ചറിയുന്നു എന്നു മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com