'വിജയ് പോരാളി'; മകന്‍ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് വിജയുടെ അച്ഛന്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 03:07 PM  |  

Last Updated: 24th October 2017 03:07 PM  |   A+A-   |  

vijay

ചെന്നൈ: തന്റെ മകന്‍ ഭാവിയില്‍ രാഷ്ട്രീയ നേതാവായേക്കുമെന്ന് തമിഴ് നടന്‍ വിജയുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. വിജയ് നായകനായ മെര്‍സല്‍ വിവാദമായ സാഹചര്യത്തിലാണ് താരം രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കുമെന്ന സൂചന നല്‍കി സംവിധായകനും നിര്‍മാതാവുമായ ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. ബിജെപി നേതാക്കളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ചിത്രത്തിന് പിന്തുണ അറിയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. 

ശക്തമായ ആരോധകരുള്ള നടന്‍മാര്‍ക്ക് അവരുടെ ആരാധകരെ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കി മാറ്റാന്‍ സാധിക്കുമെന്നും ദേശിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ നല്ലതിന് വേണ്ടിയാണ് നിലകൊണ്ടതെന്നും അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ചന്ദ്രശേഖര്‍. 

തന്റെ മകന്റെ മതം അന്വേഷിച്ച ബിജെപി നേതാക്കള്‍ക്ക് തക്കതായ മറുപടിയും അദ്ദേഹം നല്‍കി. സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. ജാതിയും മതവുമില്ലാതെയാണ് മകനെ വളര്‍ത്തിയതെന്നും ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി ദേശീയ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ അധികാരത്തെക്കുറിച്ച് അസ്വസ്ഥരാണന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ ഭരിക്കണമെന്നറിയില്ലെന്നും അത് പഠിക്കണമെന്ന ആഗ്രഹം അവര്‍ക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

വിജയിനെ പോലുള്ള നടന്‍മാരെ പോരാളികള്‍ എന്നാണ് ചന്ദ്രശേഖര്‍ വിശേഷിപ്പിച്ചത്. ഇന്നത്തെ പോരാളികളാണ് നാളത്തെ നേതാക്കള്‍. പോരാളികള്‍ ഒരിക്കലും അവരുടെ ജീവനെക്കുറിച്ച് ചിന്തിക്കാറില്ല. ഒരു നല്ല നടന്‍ ജനങ്ങളെ സേവിക്കണം ഒരിക്കലും അവരുടെ സമ്പത്തിനെക്കുറിച്ച് ചിന്തിക്കരുത്. അത്തരത്തില്‍ ഒരു നേതാവുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുടരാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
 
മെര്‍സലിലെ ചില ഭാഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന് എതിരാണെന്ന് ആരോപിച്ച് സിനിമയ്ക്കതിരേ വലിയ പ്രതിഷേധമാണ് ബിജെപി അഴിച്ചുവിട്ടത്. എന്നാല്‍ വിവാദം കത്തിപ്പടര്‍ന്നതോടെ വമ്പന്‍ വിജയത്തിലേക്ക് നീങ്ങുകയാണ് മെര്‍സല്‍.