മലയാള താരം ടൊവിനോ തോമസ് മാസ് ലുക്കില്‍ എത്തുന്ന മാരി 2വിന് വേണ്ടി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ധനുഷ് ചിത്രത്തിലെ പ്രധാന കഥാപാത്രമാണെന്നുള്ളത് കാത്തിരിപ്പിന് ആക്കം കൂട്ടുന്നു. ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ നായകന് ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ടോവിനോ തോമസ് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് 'മാരി 2'. താരം തന്നെയാണ് ഡബ്ബിങ്ങും നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനിടയില്‍ ടൊവിനോയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ധനുഷിന് പരുക്ക് പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില്‍ തിരിച്ചെത്തുകയും ചെയ്തു.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്, കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2015ല്‍ ഇറങ്ങിയ 'മാരി'യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന് ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് 'മാരി 2'. ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നതും ധനുഷ് തന്നെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ