അവതാരികയായി പ്രേക്ഷകഹൃദയം കീഴടക്കിയ പേളി മാണിയും സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് പേർളിഷ് ആരാധകർ. എന്നാലിതാ വിവാഹവാർത്ത പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ഇരുവരും ചേർന്ന് മറ്റൊരു സർപ്രൈസ് നൽകിയിരിക്കുകയാണ്. പേളിയും ശ്രീനിഷും ഒന്നിക്കുന്ന മ്യൂസിക്കൽ ആൽബമാണ് ആ സർപ്രൈസ്.
ഡിസംബർ 22ന് പേളിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന ആൽബത്തിന് പേര് നൽകിയിരിക്കുന്നതും പേർളിഷ് എന്നുതന്നെയാണ്. ശരത് ഡേവിസാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെസിൽ ജോർജ് സംഗീതവും ക്ലിന്റ് സോമൻ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ആൽബത്തിന്റെ എഡിറ്റിങ് അജയ് ദേവലോകയാണ്.
ആൽബം റിലീസ് ചെയ്യാൻ ഡിസംബർ 22 എന്ന തിയതി തിരഞ്ഞെടുക്കാനും കാരണമുണ്ട്. ആൽബത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പിൽ പേളി ഈ കാരണവും തുറന്നുപറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പേളിയും ശ്രീനിഷും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത് ഓഗസ്റ്റ് 22നാണ്. തിയതികളിലെ സമാനതയാണ് ഒരു കാരണം. മറ്റൊരു കാരണമാകട്ടെ അന്നൊരു പൂർണ്ണചന്ദ്ര ദിനമാണെന്നതും.
എന്റെ ചുരുളമ്മയ്ക്കൊപ്പം സ്ക്രീനിൽ ഒന്നിക്കുന്നു എന്ന് കുറിച്ചാണ് ശ്രീനിഷ് ആൽബത്തെക്കുറിച്ച് പങ്കുവച്ചത്. ആരാധകർക്കായി ഒരു വാർത്താ താൻ കരുതിവച്ചിട്ടുണ്ടെന്ന് പേളി കഴിഞ്ഞദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിവാഹനിശ്ചയം സംബന്ധിക്കുന്ന വിവരമായിരിക്കും താരം പുറത്തുവിടുക എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നിരുന്നാലും പേർളിഷ് ആൽബം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ഇരുവരുടെയും പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണം ആരാധകരുടെ ആകാംഷ വെളിപ്പെടുത്തുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ