'നല്ലതല്ലാത്ത പലതും എന്നെക്കുറിച്ച് കേട്ടിട്ടുണ്ട്, പത്ത് സിനിമ പരാജയപ്പെട്ടാലും അഭിനയം തുടരും';ഫാത്തിമ സന ഷേയ്ഖ്

'പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍ അവര്‍ വിചാരിച്ചത് നല്‍കാനായില്ല'
'നല്ലതല്ലാത്ത പലതും എന്നെക്കുറിച്ച് കേട്ടിട്ടുണ്ട്, പത്ത് സിനിമ പരാജയപ്പെട്ടാലും അഭിനയം തുടരും';ഫാത്തിമ സന ഷേയ്ഖ്

ദംഗല്‍ എന്ന സിനിമയിലൂടെ സിനിമ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഫാത്തിമ സന ഷേയ്ഖ്. എന്നാല്‍ താരം അഭിനയിച്ച രണ്ടാമത്തെ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ബാക്‌സ്ഓഫീസില്‍ തകര്‍ന്ന് അടിഞ്ഞു. അങ്ങനെ കുറഞ്ഞ നാള്‍ കൊണ്ട് വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും നുകരാന്‍ ഫാത്തിമയ്ക്ക് സാധിച്ചു. എന്നാല്‍ ഇനിയും പത്ത് സിനിമകള്‍ പരാജയപ്പെട്ടാലും താന്‍ അഭിനയം തുടരും എന്നാണ് താരം പറയുന്നത്. 

തിരക്കഥ മികച്ചതാണെങ്കില്‍ പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുക്കും എന്നാണ് ഫാത്തിമ സന പറയുന്നത്. 'സിനിമ നിര്‍മാണത്തിലെ ബിസിനസിനെ ഞാന്‍ പിന്തുടരാറില്ല. ഇന്ന് നിരവധി പുത്തന്‍ കണ്ടെന്റ് ഉണ്ട് എന്നത് തന്നെ ഭാഗ്യമാണ്. കഴിവുറ്റവരെ പിന്തുണയ്ക്കാന്‍ നിര്‍മാതാക്കളും തയാറാവുന്നു. ഇത് നിരവധി അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. കണ്ടെന്റാണ് ശ്രദ്ധിക്കേണ്ടത്. സ്‌ക്രിപ്റ്റ് മികച്ചതാണെങ്കില്‍ സിനിമ വിജയിക്കും.' താരം പറഞ്ഞു. 

വളരെ പ്രതീക്ഷയോടെയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തീയെറ്ററില്‍ എത്തുന്നത്. അമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിങ്ങനെ മികച്ച താരനിരയുണ്ടായിരുന്നിട്ടും ചിത്രം വലിയ പരാജയമാവുകയായിരുന്നു. ഫാത്തിമയുടെ ആദ്യത്തെ പരാജയം കൂടിയായിരുന്നു ഇത്. ഇത് തന്നെ വളരെ അധികം തകര്‍ത്തെന്നാണ് താരം പറയുന്നത്. ബോളിവുഡിലെ വമ്പന്‍മാര്‍ക്കൊപ്പമുള്ള ഷൂട്ടിങ് മികച്ചതായിരുന്നെന്നും എന്നാല്‍ ചിത്രത്തെ ആരാധകര്‍ക്ക് കണക്റ്റ് ചെയ്യാന്‍ പറ്റാതിരുന്നത് വേദനിപ്പിച്ചെന്നും സന കൂട്ടിച്ചേര്‍ത്തു. 

പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍ അവര്‍ വിചാരിച്ചത് നല്‍കാനായില്ല. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയം കയ്‌പേറിയതും മനോഹരവുമായ യാത്രയായാണ് കാണുന്നതെന്ന് സന വ്യക്തമാക്കി. പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ സിനിമ എടുക്കുന്നത്. ചിത്രം ഏങ്ങനെയെന്ന് ആത്മാര്‍ത്ഥമായി പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ അതിനെ ചോദ്യം ചെയ്യാതെ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും സന പറഞ്ഞു.

ഇപ്പോഴത്തെ നിലയില്‍ എത്താന്‍ താന്‍ വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ തന്റെ 100 ശതമാനം നല്‍കി അഭിനയിക്കുക തന്നെ ചെയ്യുമെന്നും സന വ്യക്തമാക്കി. ഒരുപാട് റിജക്ഷന്‍ ഏറ്റവാങ്ങിയിട്ടുണ്ട്. തന്നെക്കുറിച്ച് അത്ര നല്ലതല്ലാത്ത ഒരുപാട് കേട്ടിട്ടുണ്ട്. ഇവിടെ വരെ എത്താന്‍ ഒരുപാട് സമയമെടുത്തു. അതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഓരോന്നും ഓരോ അനുഭവങ്ങളാണ്. എന്തുസംഭവിച്ചാലും മുന്നോട്ടുപോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പത്ത് സിനിമകള്‍ പൊട്ടിയാലും ഞാന്‍ അഭിനയം തുടരും.' സന വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com