സോഷ്യല്‍ മീഡിയ എന്തു പറയും എന്നു നോക്കി സിനിമയെടുക്കാനാവില്ല : കമല്‍

സോഷ്യല്‍ മീഡിയ എന്തു പറയും എന്നു നോക്കി സിനിമയെടുക്കാനാവില്ല : കമല്‍

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നെഗറ്റിവിറ്റിയെ താന്‍ ഒട്ടും കാര്യമാക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ മുന്‍നിര്‍ത്തി  സിനിമ നിര്‍മിക്കാന്‍ കഴിയില്ലെന്നും സംവിധായകന്‍ കമല്‍

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നെഗറ്റിവിറ്റിയെ താന്‍ ഒട്ടും കാര്യമാക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ മുന്‍നിര്‍ത്തി  സിനിമ നിര്‍മിക്കാന്‍ കഴിയില്ലെന്നും സംവിധായകന്‍ കമല്‍. ആമിയെകുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ എങ്ങനെ നോക്കികാണുന്നെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പലപ്പോഴും ഒരു യഥാര്‍ത്ഥ കലാരൂപമെന്ന രീതിയില്‍ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടെന്നും കമല്‍ പറഞ്ഞു. 

1970കളിലെയും 80കളിലെയും സാഹചര്യം മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഇന്ന് ആളുകള്‍ക്ക് തങ്ങളുടെ അഭിപ്രായം തുറന്ന് പറയാനുള്ള അവസരം ധാരാളമായുണ്ടെന്നും അതിന് സോഷ്യമീഡിയയോട് നന്ദിപറയണമെന്നും കമല്‍ പറഞ്ഞു. പക്ഷെ പലപ്പോഴും പലരും സിനിമ ആവശ്യപ്പെടുന്ന ആഴത്തില്‍ അതിനെ മനസിലാക്കാതെ അതിനെ വിമര്‍ശിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നു കമല്‍ അഭിപ്രായപ്പെട്ടു. വളരെ അസഹിഷ്ണുത നിറഞ്ഞ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആമി ഒരു ഡോക്യുമെന്ററിയല്ല മറിച്ച് ഒരു ബയോപിക്കാണെന്നും അതുകൊണ്ടുതന്നെ ആമിയില്‍ ഫിക്ഷണല്‍ ഘടകങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ പറഞ്ഞു. ചിത്രത്തിനായി മാധവികുട്ടിയുടെ സഹോദരിയില്‍ നിന്നും മക്കളില്‍ നിന്നുമൊക്കെ് അവരുടെ അനുഭവങ്ങള്‍ മനസിലാക്കിയിരുന്നെന്നും മാധവിക്കുട്ടിയോട് അടുത്ത ആളുകള്‍ തിരകഥ കണ്ടിരുന്നെന്നും അവരതില്‍ തൃപ്തരാണെന്നും കമല്‍ പറഞ്ഞു. 

ആമിയുടെ തിരകഥ രചിക്കുമ്പോഴും ആമി ചിത്രീകരിക്കുമ്പോഴുമൊക്കെ താന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും അതേ എക്‌സൈറ്റ്‌മെന്റ് തന്നെയാണ് ചിത്രം റിലീസിനെത്തുമ്പോഴും ഉള്ളതെന്നും കമല്‍ പറഞ്ഞു. 'ആമിയില്‍ എനിക്ക് 100 ശതമാനം വിശ്വാസമുണ്ട്', കമല്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com