ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്ക് ജോനാസും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. പ്രിയങ്ക കരാര്‍ ഒപ്പിട്ട ബോളിവുഡ് ചിത്രം ഭാരതില്‍ നിന്ന് പിന്മാറിയതോടെയാണ് വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഭാരത് സിനിമയുടെ സംവിധായകന് അലി അബ്ബാസ് സഫറിന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ചിത്രത്തില്‍ നിന്ന് പ്രിയങ്ക പിന്മാറുന്ന വാര്‍ത്തയും ഇതിന്റെ കാരണവും പുറത്തുവന്നത്. പ്രിയങ്ക ഭാരത് സിനിമയില്‍ ഭാഗമാകില്ലെന്നും അതിന്റെ കാരണം വളരെ സ്പെഷ്യല്‍ ആയ ഒന്നാണെന്നും അദ്ദേഹം ട്വിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കയുടെ തീരുമാനത്തില്‍ തങ്ങളെല്ലാം സന്തുഷ്ടരാണെന്നും മുന്നോട്ടുള്ള ജീവിതത്തില്‍ പ്രിയങ്കയ്ക്ക് എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നും അലി അബ്ബാസ് ട്വീറ്റില്‍ ആശംസിക്കുന്നു.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞയാഴ്ച ലണ്ടനില്‍ വച്ച് നടന്നെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. പ്രിയങ്കയ്ക്കയ്ക്കുള്ള വിവാഹനിശ്ചയ മോതിരം വാങ്ങാനായി നിക്ക് ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ജ്വല്ലറി അടച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിക്കിനെ ഇതിനുമുമ്പൊരിക്കലും ഇത്ര സന്തോഷവാനായി കണ്ടിട്ടില്ലെന്നാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീടാണ് ഇരുവരുടെയും പ്രണയം വാര്‍ത്തയാകുന്നതും. ഇരുവരെയും തുടര്‍ച്ചയായി യാത്രകളിലും പല വേദികളിലും ഒന്നിച്ചുകണ്ടതോടെ ഇരുവരുടെയും പ്രണയം സ്ഥിരീകരിക്കപ്പെട്ടു. നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ