'ഉള്ളില്‍ ഒരല്‍പം പ്രണയവും സഹൃദയത്വവും ഉള്ളവര്‍ക്ക് പൂമരം നല്‍കുന്നത്'

കലയും സാഹിത്യവും ചേര്‍ന്ന ആഘോഷവും കലാകാരനും കാഴ്ചക്കാരനും ചേര്‍ന്ന സംവേദനങ്ങളും അല്പം വൈകാരികതയും ശുന്യതയുമൊക്കെ നിറഞ്ഞ ഒരു മികച്ച ചിത്രമാണ് പൂമരം
'ഉള്ളില്‍ ഒരല്‍പം പ്രണയവും സഹൃദയത്വവും ഉള്ളവര്‍ക്ക് പൂമരം നല്‍കുന്നത്'

അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും സംതൃപ്തി തോന്നിയ സിനിമയാണ് പൂമരം.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ എബ്രിഡ് ഷൈന്‍ മലയാളിക്ക് സമ്മാനിച്ചത് എടുത്തു പറയത്തക്ക സവിശേഷതകളുള്ള ഒന്നു തന്നെയാണ്..മലയാള സിനിമയുടെ നവ ഭാവുകത്വങ്ങളില്‍ ഒന്നിന്റെ  ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി പൂമരത്തെ കാണാം..റിയലിസ്റ്റിക്ക് സിനിമയുടെ ഏറ്റവും തെളിച്ചമുള്ള ചിത്രങ്ങളിലൊന്നാണിത്..തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും രക്ഷാധികാരി ബൈജുവിലും മഹേഷിന്റെ പ്രതികാരത്തിലും എബ്രിഡ് ഷൈന്റെ തന്നെ ആക്ഷന്‍ ഹീറോ ബിജുവിലും തുടങ്ങി മുഖ്യധാരാ സിനിമകളില്‍  നാം കണ്ടു പരിചയിച്ചു തുടങ്ങിയ ചലച്ചിത്രാഖ്യാന രീതിയുടെ ഒരു തുടര്‍ച്ചയാണ് പൂമരം എന്ന് പറയാം..പക്ഷെ അവയില്‍ നിന്നെല്ലാം പുമരത്തെ വ്യത്യസ്തവും സവിശേഷവുമാക്കുന്ന ഘടകം അതുള്‍ക്കൊള്ളുന്ന വലിയ ഇടങ്ങളാണ്..ഒരു റിയലിസ്റ്റിക് സിനിമയ്ക്ക് കടന്നു ചെല്ലാവുന്ന പരിധികളുടെ ലംഘനം പലപ്പോഴും ഈ സിനിമയില്‍ കാണാം..
എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും കൈവഴക്കവും പ്രതിഭയും ചിത്രത്തിലുടനീളം നിറഞ്ഞു കാണാം..സംവിധായകനെന്ന നിലയില്‍ എബ്രിഡിന്റെ ഗ്രാഫ് മുകളിലേക്ക് പൊയ്‌ക്കൊണ്ടേ ഇരിക്കുന്നു..വിനോദ ചേരുവകള്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സന്ദര്‍ഭങ്ങളുടെ നിര തന്നെയുണ്ടായിട്ടും സംവിധായകന്‍ അതുമായി ഒരിക്കലും സിനിമയില്‍ സമരസപ്പെടാതെ സിനിമയുടെ ജൈവികമായ അസ്തിത്വത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു..

സര്‍വ്വകലാശാലാ യുവജനോത്സവം എന്ന് ഒറ്റവാക്കില്‍ പ്രമേയത്തെ ചുരുക്കുമ്പോഴും വാക്കുകള്‍ക്കോ വാചങ്ങള്‍ക്കോ ഖണ്ഡികകള്‍ക്കോ ഉള്‍ക്കൊള്ളാനാകാത്ത വിധം ഒരു പടര്‍ച്ച പൂമരത്തിന്റെ കഥയ്ക്കും സന്ദര്‍ഭങ്ങള്‍ക്കും സംഭവങ്ങള്‍ക്കുമുണ്ട്..വളരെ വലിയ ക്യാന്‍വാസില്‍ ദൃശ്യങ്ങളെ പ്രത്യേകമാം വിധത്തില്‍ സംവിധായകന്‍ അടുക്കിയിരിക്കുന്നു..ക്രമാനുഗതമായി വികസിക്കുന്ന കഥാഗതിയോ ആകാംഷ വര്‍ദ്ധിപ്പിക്കുന്ന സങ്കീര്‍ണ്ണതകളോ സിനിമയ്ക്ക് അവകാശപ്പെടാനില്ല..ഇതൊന്നുമില്ലാതെ തന്നെ കാഴ്ച്ചക്കാരനെ അവന്റെ ഓര്‍മ്മകളിലൂടെ നടത്തിക്കുകയും പ്രതീക്ഷകളിലേക്ക് ഉയിര്‍ത്തുകയും ചെയ്യുന്നുണ്ട് സിനിമ..കലയും സാഹിത്യവും സംഗീതവും പ്രണയവും വിപ്ലവവും വൈകാരികതയും തളര്‍ച്ചയും നിരാശയും നഷ്ടബോധവും ഒക്കെ പ്രേക്ഷനില്‍ തോന്നിപ്പിക്കാന്‍ പൂമരത്തിന്റെ ആഖ്യാന ശൈലിക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കാകുന്നുണ്ട്..അഭിനയിച്ചവരെല്ലാവരും അത് പ്രതിഫലിപ്പിക്കുന്നതില്‍ നീതി കാണിച്ചു..

യുവജനോത്സവവും അതിനു തയ്യാറെടുക്കുന്ന മഹാരാജാസ് ,സെന്റ്.തെരേസാസ് കോളജുകളുമാണ് സിനിമയുടെ തുടക്കവും ഒരു പരിധിവരെ ആദ്യപകുതിയും ഭരിക്കുന്നത്..രണ്ടാം പകുതി പൂര്‍ണ്ണമായും കലോത്സവത്തിന്റെ അന്തരീക്ഷത്തിലുടെയും കടന്നു പോകുന്നു..മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാനായ ഗൗതം ആണ് കാളിദാസ്..വര്‍ഷങ്ങളായി സെന്റ്.തെരേസാസ് കുത്തകയാക്കി വെച്ചിരിക്കുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുക്കണം എന്ന നിശ്ചയത്തോടെ പ്രയത്‌നിക്കുന്ന മഹാരാജാസും കലോത്സവ കിരീടം സ്വന്തമെന്നപോലെ നിലനിര്‍ത്താന്‍ പൊരുതുന്ന സെന്റ്.തെരേസാസും ആദ്യപകുതിയേ മുന്നോട്ട് നീക്കുന്നു..തുടര്‍ന്ന് കലോത്സവത്തിലേക്ക് കടക്കുകയും പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത സംഭവങ്ങളിലൂടെ കഥ വളരുകയും ചെയ്യുന്നു..ഇതാണ് പൂമരത്തിന്റെ ഏകദേശ ചിത്രം..ഇതില്‍ കൂടുതല്‍ അതിനെ വിവരിക്കാന്‍ സാധിക്കില്ല..
സിനിമയിലെ സുപ്രധാനമായ മറ്റൊരു ഘടകം പാട്ടുകളാണ്..കൂറേ പാട്ടുകള്‍ പൂമരത്തിന്റെ കഥാ സംവേദനത്തിന് അകമ്പടി സേവിക്കുന്നുണ്ട്..ഒരുപാട് പാട്ടുകള്‍..അനുയോജ്യമായ പാട്ടുകളുടെ പശ്ചാത്തലത്തില്‍ ദൃശ്യങ്ങള്‍ കാണുന്ന രസാനുഭവം പലപ്പോഴും ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്..
കാളിദാസും കൂട്ടുകാരും നന്നായി ജോലിചെയ്തു എങ്കിലും ശ്രദ്ധ അധികം ചെന്നെത്തിയത് ഐറിന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിലാണ്..ഇരു കോളജുകളിലെയും യൂണിയന്‍ ഭാരവാഹികളായി അഭിനയിച്ചവര്‍, കലാ മത്സരങ്ങളില്‍ പങ്കെടുത്തവര്‍,അധ്യാപകര്‍, ആശാന്‍, കാളിദാസിന്റെ പിതാവ് തുടങ്ങി എല്ലാവരുടേയും അഭിനയം മികച്ചു നിന്നു..ഒടുവില്‍ ജോജുവിന്റെയും പോലീസുകാരുടേയും ചില പ്രതികളുടേയും വക ആക്ഷന്‍ ഹീറോ പ്രകടനവും കൂടിയായപ്പോള്‍ സംഭവം കൊഴുത്തു...ഷേക്‌സ്പിയര്‍  കാളിദാസന്‍ താരതമ്യവും കുഞ്ചാക്കോ ബോബന്റെ, നിങ്ങള്‍ ഒരു കഥ വായിച്ചാല്‍ അല്ലെങ്കില്‍ ഒരു നോവല്‍ വായിച്ചാല്‍ എന്നു തുടങ്ങുന്ന സംഭാഷണവും സിനിമയിലെ 'പഞ്ച് ' ഡയലോഗുകളായി എനിക്ക് തോന്നി..ഫസ്റ്റ് ഡിസി റെപ്പായ പെണ്‍കുട്ടിയോട് സ്വാഭാവികമായും തോന്നാവുന്ന അടുപ്പംതോന്നി..സുരേഷേട്ടന്‍ സുരേഷേട്ടനായും ശിഖ ശിഖയായും തന്നെ ചിത്രത്തില്‍ അഭിനയിച്ചത് നന്നായി തോന്നി..

വിയോജിപ്പ് തോന്നിയ പ്രധാനകാര്യം ഡാന്‍സ് മാസ്റ്റര്‍മാരായ ആണുങ്ങളെ കോമാളിവേഷം കെട്ടിക്കുന്ന ഒരു പതിവ് രീതി കുറച്ചൊക്കെ പൂമരത്തിലുമുണ്ട് എന്നുള്ളതാണ്..കോമഡി എലമെന്റ് ആണെങ്കില്‍ തന്നെയും അവയൊക്കെ ഒഴിവാക്കാമായിരുന്നു..മനുഷ്യാവകാശ പ്രവര്‍ത്തകനിട്ട് പണി കൊടുക്കുന്ന പോലീസ് നയം ആക്ഷന്‍ ഹീറോയിലേ പോലെതന്നെ ഇവിടെയും ആവര്‍ത്തിച്ചു..കവിതാ രചനാ മത്സരത്തില്‍ ചിത്രത്തിലെ നായകനും നായികയും ഒന്നാം സമ്മാനം പങ്കുവെയ്ക്കുന്നത് നല്ല ക്ലീഷയായി തോന്നി..
എന്നിരുന്നാല്‍ തന്നെയും ഇവയൊക്കെ മാറ്റി നിര്‍ത്തി ചിത്രത്തിന്റെ ആകെ തുക പരിശോധിച്ചാല്‍ സന്തോഷത്തിന് നല്ല വകയുണ്ട്..

എല്ലാത്തരം പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തില്ല..അത് സിനിമ കണ്ടിരുന്ന സമയം തന്നെ എന്റെ മുമ്പിലിരുന്ന യുവാക്കളില്‍ നിന്നു തന്നെ മനസ്സിലായി..ഉള്ളില്‍ ഒരല്പം കവിതയും കലയും പ്രണയവും സഹൃദയത്വവും ഉള്ളവര്‍ക്ക് പൂമരം നല്‍കുന്നത് മികച്ച അനുഭവം തന്നെ എന്നുറപ്പ്..
പ്രേക്ഷകനെ കഥയിലെത്തിക്കുന്ന മാജിക്കാണ് പൂമരത്തിന്റേത്..കലോത്സവ അന്തരീക്ഷം അവന്‍ അനുഭവിക്കുന്നു..മഹാരാജാസിലെ മരച്ചുവട്ടിലും മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ മുന്നിലുമിരുന്ന് കാഴ്ചകള്‍ കാണുന്നതായി അവന് തോന്നുന്നു..അതാണ് പൂമരത്തിന്റെ വിജയങ്ങളിലൊന്ന്..പലതും മിസ്സ് ചെയ്യുന്നു എന്ന തോന്നല്‍ സിനിമ ഉണ്ടാക്കുന്നു..കലയും സാഹിത്യവും ചേര്‍ന്ന ആഘോഷവും കലാകാരനും കാഴ്ചക്കാരനും ചേര്‍ന്ന സംവേദനങ്ങളും അല്പം വൈകാരികതയും ശുന്യതയുമൊക്കെ നിറഞ്ഞ ഒരു മികച്ച ചിത്രമാണ് പൂമരം.സിനിമാ നിര്‍മ്മാണ ശൈലിയിലെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കരുത്തുറ്റ ഒരു പ്രേരക ശക്തിയാകും പൂമരം എന്നണില്‍ തര്‍ക്കമില്ല..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com