'സിനിമയില്‍ എന്നെ ഒതുക്കാനുള്ള ശ്രമം നടന്നു, നിര്‍മാതാക്കള്‍ക്ക് എന്നെ തേടി വരാന്‍ മടിയായി; തുറന്നു പറഞ്ഞ് ഗോകുല്‍ സുരേഷ്

ചിത്രീകരണം പൂര്‍ത്തിയാകാറായ ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടുണ്ടെന്നും ഗോകുല്‍ വ്യക്തമാക്കി
'സിനിമയില്‍ എന്നെ ഒതുക്കാനുള്ള ശ്രമം നടന്നു, നിര്‍മാതാക്കള്‍ക്ക് എന്നെ തേടി വരാന്‍ മടിയായി; തുറന്നു പറഞ്ഞ് ഗോകുല്‍ സുരേഷ്

സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന അവഗണനയെക്കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങളുണ്ടായെന്നാണ് ഗോകുല്‍ പറഞ്ഞത്. ഇതോടെ പ്രൊഡ്യൂസര്‍മാര്‍ക്കൊക്കെ എന്നെത്തേടി വരാന്‍ മടിയായെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

എന്നാല്‍ തനിക്ക് അതൊന്നും കുഴപ്പമില്ലെന്നും ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ചിത്രീകരണം പൂര്‍ത്തിയാകാറായ ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടുണ്ടെന്നും ഗോകുല്‍ വ്യക്തമാക്കി. 

'പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ട്. എന്നാല്‍ താന്‍ വിചാരിച്ചതു പോലെ വരുന്നില്ലെന്ന് കണ്ടതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത്. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോള്‍ത്തന്നെ ആ പടം ചെയ്യുന്നതു നിര്‍ത്തി.' എന്നാല്‍ സിനിമയുടെ പേര് പറയാന്‍ ഗോകുല്‍ തയാറായില്ല. 

സ്വന്തം വഴിയിലൂടെ സിനിമയില്‍ നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്റെയോ പ്രമോഷന്റെയോ കാര്യത്തില്‍ അച്ഛന്‍ അങ്ങനെ ഇടപെടാറില്ലെന്നും താരം പറഞ്ഞു. ആദ്യ ചിത്രം കഴിഞ്ഞ മാസമാണ് അച്ഛന്‍ കണ്ടത്. ഇനിയും നന്നാകാനുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. കൂടാതെ കുറെ മാറ്റങ്ങള്‍ പറഞ്ഞുതന്നു. ഇര ഇതുവരെ കണ്ടിട്ടില്ല. സിനിമയെക്കുറിച്ച് നല്ലതുകേള്‍ക്കുന്നത് അച്ഛന് സന്തോഷമുണ്ടായിക്കാണുമെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ഗോകുല്‍ അഭിനയിച്ച ഇര പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com