നിര്‍മാതാക്കള്‍ വംശീയ വിവേചനം കാണിച്ചു; നല്‍കിയത് തുച്ഛമായ പ്രതിഫലം, വാക്ക് പാലിച്ചില്ലെന്നും സാമുവല്‍ റോബിന്‍സന്‍

സിനിമയില്‍ അഭിനയിച്ച പ്രശസ്തരല്ലാത്ത, പരിചയ സമ്പത്തില്ലാത്ത താരങ്ങള്‍ക്ക പോലും എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചു
നിര്‍മാതാക്കള്‍ വംശീയ വിവേചനം കാണിച്ചു; നല്‍കിയത് തുച്ഛമായ പ്രതിഫലം, വാക്ക് പാലിച്ചില്ലെന്നും സാമുവല്‍ റോബിന്‍സന്‍

സുഡാനി ഫ്രം നൈജീരിയ  നിറഞ്ഞ കയ്യടികളോടെ തീയറ്ററുകളില്‍ മുന്നേറുന്നതിനൊപ്പം പ്രേക്ഷകരുടെ സ്‌നേഹം കൂടി നേടുന്നുണ്ടായിരുന്നു സുഡു. എന്റെ ആത്മാവിന്റെ ഒരംശം കേരളത്തില്‍ വിട്ടിട്ടാണ് പോകുന്നതെന്നായിരുന്നു മലയാളികളോടുള്ള സ്‌നേഹം വ്യക്തമാക്കി സുഡു പറഞ്ഞതും. എന്നാല്‍ നാട്ടിലെത്തിയതിന് ശേഷം സുഡുവിന് പറയാനുള്ളത് പരാതികളാണ്. അതും വംശീയ വിവേചനം കാണിച്ചുവെന്ന പരാതി. 

സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ച മറ്റ് താരങ്ങളേക്കാള്‍ തനിക്ക് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്ന് സാമുവല്‍ റോബിന്‍സന്‍ പറയുന്നു. താന്‍ കറുത്ത വര്‍ഗക്കാരനായതിനാലാണ് സിനിമയുടെ നിര്‍മാതാക്കള്‍ ഇങ്ങനെ ചെയ്തതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമുവല്‍ പറയുന്നു. 

ക്ഷമ പാലിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തെ പറയാതിരുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ സംസാരിക്കാന്‍ തയ്യാറായിരിക്കുന്നു. മറ്റൊരു കറുത്ത വര്‍ഗക്കാരന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് എന്നുള്ളത് കൊണ്ടാണ് ഞാനിത് പറയുന്നത്. കേരളത്തില്‍ വംശീയ വിവേചനത്തിന് ഇരയായ ഒരു വ്യക്തിയാണ് ഞാന്‍. 

സിനിമയില്‍ അഭിനയിച്ച പ്രശസ്തരല്ലാത്ത, പരിചയ സമ്പത്തില്ലാത്ത താരങ്ങള്‍ക്ക പോലും എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചു. പരിചയ സമ്പത്തുള്ള എനിക്ക് സാധാരണ ലഭിക്കാറുള്ള പ്രതിഫലം നല്‍കാന്‍ പോലും നിര്‍മാതാക്കള്‍ തയ്യാറായില്ല. ചില യുവ താരങ്ങളുമായി സംസാരിക്കവെയാണ് പ്രതിഫലത്തിലെ ഈ വ്യത്യാസത്തെ കുറിച്ച് എനിക്ക് അറിയാന്‍ സാധിച്ചത്. 

എന്റെ നിറം കറുപ്പായതിനാലാണ് കുറഞ്ഞ പ്രതിഫലം ലഭിച്ചത്. കറുത്ത ആഫ്രിക്കക്കാര്‍ക്ക് പണത്തിന്റെ മൂല്യം അറിയില്ല എന്ന ചിന്തയും അവര്‍ക്കുണ്ടായിട്ടുണ്ടാകും. സക്കറിയ എന്റെ പ്രതിഫലത്തിലെ വര്‍ധനവിന് വേണ്ടി ആവുന്ന വിധം പ്രയത്‌നിച്ചു. എന്നാല്‍ സിനിമയുടെ നിര്‍മാനം അദ്ദേഹം അല്ല എന്നത് കൊണ്ട്  പരിമിതികള്‍ ഉണ്ടായിരുന്നു. 

സിനിമ വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കാം എന്നായിരുന്നു സിനിമ ഷൂട്ട് ചെയ്യുന്ന സമയം നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത് എന്നാല്‍ ഞാന്‍ ഇപ്പോള്‍ തിരിച്ച് നൈജീരിയയില്‍ എത്തിയിരിക്കുന്നു. പ്രൊമോഷന് വേണ്ടി ഉള്‍പ്പെടെ 5 മാസം തന്നെ കേരളത്തില്‍ നിര്‍ത്തുന്നതിന് വേണ്ടി പ്രതിഫലം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് കള്ളം പറയുകയായിരുന്നു നിര്‍മാതാക്കള്‍. 

മലയാളികളുടെ സ്‌നേഹവും സംസ്‌കാരവുമെല്ലാം ഞാന്‍ ഒരുപാ് ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തോട് മിണ്ടാതിരിക്കാന്‍ എനിക്കാവില്ലെന്നും സാമുവല്‍ റോബിന്‍സന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com