കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാര ജേതാക്കളെ നിന്ദിച്ചുവെന്ന് എംഎ ബേബി

കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. കലാകാരന്‍മാരെ ആനാദരിച്ചുവെന്ന് മാത്രമല്ല നിന്ദിക്കുകയാണ് ചെയ്തത്.
കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാര ജേതാക്കളെ നിന്ദിച്ചുവെന്ന് എംഎ ബേബി

തിരുവനന്തപുരം: ദേശീയ ചലചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. കലാകാരന്‍മാരെ ആനാദരിച്ചുവെന്ന് മാത്രമല്ല നിന്ദിക്കുകയാണ് ചെയ്തത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇതുപോലെ നിരുത്തരവാദപരമായും അധിക്ഷേപാര്‍ഹമായ വിധത്തിലും പെരുമാറിക്കൊണ്ടിരുക്കുയാണെന്നും ബേബി പറഞ്ഞു

നേരത്തെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനെ നിശ്ചയിച്ച സന്ദര്‍ഭത്തില്‍ മുതല്‍ ഇത്തരത്തിലുള്ള ഇവരുടെ സമീപനം പ്രകടമായിരുന്നു. സാംസ്‌കാരിക രംഗത്തുള്ള എല്ലാവരും മോദി സര്‍ക്കാരിന്റെ ഈ അപക്വമായ നിലപാടിനെതിരെ രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ബേബി സമകാലിക മലയാളത്തോട് പറഞ്ഞു.

രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മലയാള ചലിചിത്രമേഖലയില്‍ നിന്നും സംവിധായകന്‍ ജയരാജും യേശുദാസും ഒഴികെയുള്ളവര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് പുരസ്‌കാര ജേതാക്കളെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കി. 

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്.എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലില്‍ നല്‍കി.തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും മലയാളത്തില്‍ നിന്നുള്ളവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com