ആ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്; കുറ്റബോധം ഒട്ടുമില്ലാതെ ആര്യ പറയുന്നു

എന്തേ ഇന്നയാളെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അതിന് പുറകില്‍ വേറെയും ഒരുപാടു കഥകളുണ്ട്
ആ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്; കുറ്റബോധം ഒട്ടുമില്ലാതെ ആര്യ പറയുന്നു

തെന്നിന്ത്യന്‍ താരം ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ട് മാപ്പിളൈ വലിയ വിവാദമാണ് സൃഷ്ടിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു റിയാലിറ്റി ഷോ മുന്നോട്ടു പോയത്. തന്റെ പങ്കാളി ഈ 16 പേരില്‍ ഒരാളാണെന്ന് പറഞ്ഞ് തുടങ്ങിയ പരിപാടി വിജയിയെ നിശ്ചയിക്കാതെയാണ് അവസാനിച്ചത്. തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും പരിപാടിയിലെ മത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. 

എങ്ക വീട്ടു മാപ്പിളൈയുടെ അണിയറയിലെ കാര്യങ്ങളും അവര്‍ തുറന്നു പറഞ്ഞു. അപ്പോഴൊക്കെ ആര്യ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൗനം വെടിഞ്ഞിരിക്കുകയാണ് താരം. റിയാലിറ്റി ഷോയെക്കുറിച്ചും എന്തുകൊണ്ടാണ് ഫൈനലില്‍ ആരെയും തെരഞ്ഞെടുക്കാതിരുന്നതെന്നും തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ പറഞ്ഞത്. 

തനിക്ക് ഒരു കുറ്റബോധമില്ലെന്നും താനൊരു റിസ്‌ക് ഏറ്റെടുക്കുകയായിരുന്നുമെന്നാണ് താരം പറയുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും റിയാലിറ്റി ഷോയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും താരം പറഞ്ഞു. 'ആ പതിനാറ് പേരെ മാറ്റാരേക്കാളും നന്നായി എനിക്കറിയാം. അവരുടെ വികാരങ്ങള്‍, മൂല്യങ്ങള്‍, കുടുംബം ഇതെല്ലം എനിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. എന്തേ ഇന്നയാളെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അതിന് പുറകില്‍ വേറെയും ഒരുപാടു കഥകളുണ്ട്. അവരുടെ കുടുംബങ്ങള്‍ ഇതില്‍ ഭാഗമായിട്ടുണ്ട്. അതെല്ലാം എക്‌സ്പീരിയന്‍സ് ചെയ്യുന്നത് ഞാനാണ്. ഇതിങ്ങനെ ഒക്കെ ആയി തീരുമെന്ന് പ്ലാന്‍ ചെയ്തല്ല മുന്നോട്ട് പോയത്. അത് വന്നു ചേരുകയാണുണ്ടായത്. '
 
'എന്ത് തീരുമാനമെടുത്താലും അത് കുറച്ചാളുകളെയെങ്കിലും തൃപ്തിപ്പെടുത്തുന്നത് തന്നെയാകണം. അല്ലാതെ എന്നെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരാ. എനിക്ക് മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം. അങ്ങനെ എല്ലാം ചിന്തിച്ചു കൊണ്ടുള്ള ഒരു തീരുമാനമാണ് ഞാന്‍ എടുത്തത്. പക്ഷെ അതറിയാതെ എന്തിന് ഇയാള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു ആരെയെങ്കിലും തിരഞ്ഞെടുത്തുകൂടായിരുന്നോ എന്നൊക്കെ ചിന്തിക്കാന്‍ തോന്നും. പക്ഷേ, എനിക്ക് ഇത് അതിനെല്ലാം അപ്പുറമാണ്. ആ വ്യക്തികളുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പമാണ് എന്റെ തീരുമാനത്തേക്കാള്‍ വലുത്.'

ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഒരു ജീവിതമുണ്ടെന്നും തനിക്ക് മാത്രമല്ല അവര്‍ക്കും എന്തെങ്കിലുമൊക്കെ ലഭിക്കണമെന്നാണാണ് ആര്യ പറയുന്നത്. അവര്‍ ഷോയിലേക്ക് വന്നതു തന്നെ വലിയ തീരുമാനമാണ്, അതിനെ ബഹുമാനിക്കണമെന്നും അവര്‍ക്ക് മോശമായൊന്നും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതും തന്റെ കടമയാണെന്നും ആര്യ വ്യക്തമാക്കി. ഈ ചിന്തയിലാണ് താന്‍ ഓരോ കാര്യവും ചെയ്തത്. ഇപ്പോള്‍ അവര്‍ തിരിച്ചറിയപ്പെടുന്നതിലും അവരുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളിലും സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് അത് വെറും ഷോ ആയിരുന്നെങ്കിലും അതിന് പിറകെ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ആര്യയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com