വീണ്ടും പുരസ്‌കാരം; സിനിമാ സംഗീതത്തില്‍ ദാസേട്ടനൊപ്പമെത്തില്ല ആരും

ഇന്ന് പ്രഖ്യാപിക്കപ്പെട്ട 65-ാമത് ദേശിയ പുരസ്‌കാരത്തില്‍ മികച്ച ഗായകന്‍ ദാസേട്ടന്‍ തന്നെ. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തുന്നത് ഇത് എട്ടാം തവണയും. 
വീണ്ടും പുരസ്‌കാരം; സിനിമാ സംഗീതത്തില്‍ ദാസേട്ടനൊപ്പമെത്തില്ല ആരും

ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നതും ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നതും ഒരാളെ മാത്രം ഒരു മുഖം മാത്രം. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളിയുടെയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ.ജെ.യോശുദാസ് മാറിയിരിക്കുന്നു. തനിക്കിനി അവാര്‍ഡുകള്‍ വേണ്ട അവ പുതിയ ഗായകര്‍ക്ക് നല്‍കൂ എന്ന് പറഞ്ഞിട്ടുപോലും യോശുദാസിനെ തോടിയെത്തുന്ന അവാര്‍ഡുകള്‍ക്ക് കുറവുണ്ടാകുന്നില്ല. ഇന്ന് പ്രഖ്യാപിക്കപ്പെട്ട 65-ാമത് ദേശിയ പുരസ്‌കാരത്തിലും മികച്ച ഗായകന്‍ ദാസേട്ടന്‍ തന്നെ. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തുന്നത് ഇത് എട്ടാം തവണയും. 

1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും', സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്' എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് യേശുദാസെന്ന ഗായകന്‍ ചലചിത്രലോകത്തേക്കെത്തുന്നത്. വെള്ളിത്തിരയില്‍ പ്രേംനസീര്‍, പിന്നണിയില്‍ വയലാര്‍-ദേവരാജന്‍-യേശുദാസ്, ഇതായിരുന്നു അറുപതുകളിലെ മലയാള സിനിമയുടെ സൂത്രവാക്യം. എഴുപതുകളാകട്ടെ മലയാള സിനിമയില്‍ പാട്ടിന്റെ വസന്തകാലവും. എഴുപതുകള്‍ മുതല്‍ എണ്‍പതിന്റെ പകുതിവരെയായിരുന്നു യേശുദാസ് ഗാനങ്ങളുടെ സുവര്‍ണ്ണകാലം എന്നും പറയാം. ഈ കാലഘട്ടത്തില്‍ യേശുദാസിനെ തേടിയെത്തിയത് അഞ്ച് ദേശീയ അവാര്‍ഡുകളും. വലിയൊരു നിര സംഗീത സംവിധായകരുടെ ഈണങ്ങളും വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചുതിരുമല, ഓ.എന്‍.വി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ അര്‍ത്ഥമുള്ള വരികളും യേശുദാസിന്റെ ശബ്ദത്തിനൊപ്പം ചേര്‍ന്നപ്പോള്‍ നിരവധി ഹിറ്റുപാട്ടുകള്‍ മലയാളിക്കു ലഭിച്ചു. 

1972ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തില്‍ വയലാര്‍ രാമവര്‍മയുടെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് യേശുദാസ് ആദ്യ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്. തൊട്ടടുത്തവര്‍ഷം തന്നെ ഗായത്രി എന്ന ചിത്രത്തിലെ പത്മതീര്‍ത്ഥമേ ഉണരു എന്ന ഗാനം ദേശീയ തലത്തിലെ മികച്ച പിന്നണി ഗായകനായി ദാസേട്ടന്റെ പേര് ഒരിക്കല്‍ കൂടെ അടയാളപ്പെടുത്തി. പിന്നീട് 1976ലും 1982, 1987 എന്നീ വര്‍ഷങ്ങളിലും ദേശീയ പുരസ്‌കാരം യേശുദാസിനെ തേടിയെത്തി. 76ല്‍ ചിറ്റ്‌ചോര്‍ എന്ന ഹിന്ദി ചിത്രത്തിലെ ഗോരി തേരാ ഗാവ് ബഡാ പ്യാരാ എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 82ല്‍ തെലുങ്ക് ചിത്രത്തിലെ ആലാപനത്തിനായിരുന്നു ദേശീയ അവാര്‍ഡ്. മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തില്‍ ആലപിച്ച ആകാശ ദേശാന ആശാഡ മാസാന എന്ന ഗാനമാണ് അക്കുറി ദേശീയ അംഗീകാരം നേടികൊടുത്തത്. 1987ല്‍ വീണ്ടും ഒരു മലയാള ഗാനം ആലപിച്ചുകൊണ്ട് യേശുദാസ് ദേശീയ തലത്തില്‍ അവാര്‍ഡ് നേടിയെടുത്തു. ഉണ്ണികളെ ഒരു കഥപറയാം എന്ന കമല്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഉണ്ണികളെ ഒരു കഥപറയാം എന്ന ഗാനമാണ് പുരസ്‌കാരം നേടിയത്. 

1991ലും 1993ലും ഗാനഗന്ധര്‍വനെ തേടി ദേശീയ അംഗീകാരം എത്തിയിരുന്നു. ഭരതത്തിലെ രാമകഥാ ഗാനലയവും സോപാനത്തിലെ ഗാനങ്ങളുമായിരുന്നു ഈ വര്‍ഷങ്ങളില്‍ പുരസ്‌കാര വിജയത്തിലേക്ക് എത്തിച്ചത്. 25വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ദേശീയ അവാര്‍ഡ് കൂടെ ദാസേട്ടന് ലഭിച്ചിരിക്കുന്നു. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന മലയാള ചിത്രത്തിലെ പോയ് മറഞ്ഞ കാലമാണ് ദേശീയ പുരസ്‌കാര താളുകളില്‍ വീണ്ടും കെ ജെ യേശുദാസ് എന്ന ഗായകന്റെ പേര് എഴുതിച്ചേര്‍ത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com